Mathrubhumi Logo
  Shanmughadas

ഒരു ജന്മാന്തരബന്ധത്തിന്റെ കഥ

വി. രാജഗോപാല്‍ (മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍) Posted on: 27 Jun 2013



വര്‍ഷങ്ങളുടേതല്ല, ജന്മാന്തരങ്ങളുടെ ബന്ധമായിരുന്നു എ.സി. ഷണ്‍മുഖദാസുമായി ഉണ്ടായിരുന്നത്. അതൊരു രാഷ്ട്രീയനേതാവും പത്രപ്രവര്‍ത്തകനും തമ്മിലുള്ളതായിരുന്നില്ല. ഒന്നിച്ച് നടന്ന്, ചിന്തിച്ച്, പ്രവര്‍ത്തിച്ച്, പോരാടിയ ബന്ധമായിരുന്നു. അവസാനംവരെ ആ സ്‌നേഹം ഞങ്ങള്‍ പരസ്പരം കാത്തുസൂക്ഷിച്ചു.

1966-ല്‍ ജില്ലാ കോണ്‍ഗ്രസ് സമ്മേളനം പരപ്പനങ്ങാടിയില്‍ നടക്കുമ്പോഴാണ് ഷണ്‍മുഖദാസിനെ ആദ്യമായി കാണുന്നത്. അന്ന് അദ്ദേഹം കോട്ടയ്ക്കല്‍ ആയുര്‍വേദ കോളേജില്‍ വിദ്യാര്‍ഥിയായിരുന്നു. അന്നുതുടങ്ങിയ ബന്ധം പിന്നീട് പല ശാഖകളായി വളര്‍ന്നു, ദൃഢമായി ദീര്‍ഘകാലം തുടര്‍ന്നു.

1971-ല്‍ കാലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കുന്നു. ചെയര്‍മാനായി ഞാന്‍ വരണം എന്നായിരുന്നു കെ.എസ്.യു. നേതൃത്വത്തിന്റെ മുന്‍കാല ധാരണ. വി.എം. സുധീരനും എം.എം. ഹസ്സനുമാണ് സ്ഥാനാര്‍ഥിനിര്‍ണയ പട്ടിക തയ്യാറാക്കാന്‍ വന്നത്. അവസാനനിമിഷംവരെ എന്റെ പേരുതന്നെയായിരുന്നു പരിഗണനയില്‍, എന്നാല്‍ അവസാനനിമിഷം കണ്ണൂരില്‍നിന്നുള്ള സമ്മര്‍ദമേറി. മറ്റൊരാള്‍കൂടി രംഗത്തുവന്നു. ചര്‍ച്ചകള്‍ തീവ്രമായി തുടര്‍ന്നു. ഇതിനിടയിലാണ് ഷണ്‍മുഖദാസിനെ ഈ വിവരം അറിയിക്കുന്നത്. അദ്ദേഹം ആരോടും പറയാതെ തിരുവനന്തപുരത്തേക്ക് ബസ് കയറുന്നു. കെ.പി.സി.സി. പ്രസിഡന്റായിരുന്ന എ.കെ. ആന്റണിയെ കാണുന്നു. അടച്ചിട്ട മുറിയില്‍ അഞ്ചുമിനിറ്റ് ചര്‍ച്ച. അപ്പോഴേക്കും തീരുമാനമായിരുന്നു. എം.എല്‍.എ. ഹോസ്റ്റലില്‍ വന്ന് ഒരു ചായകുടിച്ച് അദ്ദേഹം ആരോടും പറയാതെതന്നെ മടങ്ങി. ഞാന്‍ തന്നെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. ഇത് എന്റെ മഹത്വമല്ല. ഷണ്‍മുഖദാസിന്റെ നന്മയാണ്, കൂടെനില്‍ക്കുന്നവരെ അദ്ദേഹം പ്രാണന്‍പോയാലും കൈവിടില്ലായിരുന്നു.

കോഴിക്കോട് ഗാന്ധിഗൃഹത്തില്‍ വെച്ചായിരുന്നു ഷണ്‍മുഖദാസിന്റെ വിവാഹം. എത്രയും ലളിതമായി! കോണ്‍ഗ്രസ്സുകാര്‍ എങ്ങനെ കല്യാണച്ചടങ്ങുകള്‍ നടത്തണമെന്ന് അദ്ദേഹം പഠിപ്പിച്ചുതരികയായിരുന്നു. അക്കാലംമുതല്‍ അവസാനകാലംവരെ ഷണ്‍മുഖദാസിന്റെ ഏറ്റവും വലിയ ഗുണം സംസ്ഥാനമെങ്ങുമുള്ള പ്രവര്‍ത്തകര്‍ ഓരോരുത്തരെയും പേരെടുത്ത് വിളിക്കാന്‍ സാധിക്കുമെന്നതായിരുന്നു. ഷണ്‍മുഖദാസ് മുഖമില്ലാത്ത ആള്‍ക്കൂട്ടത്തിന്റെ നേതാവായിരുന്നില്ല. അണികളുടെയും പ്രവര്‍ത്തകരുടെയും നേതാവായിരുന്നു.
പാര്‍ട്ടി ലെവിയില്ലാത്ത കോണ്‍ഗ്രസ്സുകാര്‍ ഉപജീവനത്തിന് എന്തെങ്കിലും തൊഴില്‍ ചെയ്യണമെന്ന് വന്നപ്പോള്‍ ഷണ്മുഖദാസ് കയറിവന്നത് 'മാതൃഭൂമി'യിലേക്കാണ്. മാനേജിങ് എഡിറ്റര്‍ ആയിരുന്ന വി.എം. നായരോട് സംസാരിച്ചു. ഒരു റിപ്പോര്‍ട്ടിങ് ലൈനറായി, ആ ബന്ധം അദ്ദേഹം അവസാനംവരെ കാത്തുസൂക്ഷിക്കുകയും ചെയ്തു. ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നവജാത ശിശുക്കള്‍ കൂട്ടത്തോടെ മരിക്കുന്നുവെന്ന് 'മാതൃഭൂമി' റിപ്പോര്‍ട്ട് ചെയ്തു. നിയമസഭയിലടക്കം ഇത് വലിയ ഒച്ചപ്പാടുണ്ടാക്കി. ആദ്യം ഷണ്‍മുഖദാസ് ക്ഷുഭിതനായെങ്കിലും വാര്‍ത്ത സത്യമാണെന്ന് അറിഞ്ഞപ്പോള്‍ അതേറ്റുപറഞ്ഞ് 'മാതൃഭൂമി'യെ അഭിനന്ദിക്കുകയാണ് അദ്ദേഹം ചെയ്തത്.

എ.കെ. ആന്‍റണിയും എ.സി. ഷണ്‍മുഖദാസും കേരളത്തിലെ ആദര്‍ശരാഷ്ട്രീയത്തിന്റെ പരസ്പര പൂരകങ്ങളായ ആള്‍രൂപങ്ങളായിരുന്നു. രണ്ടുപേരിലും കറകളില്ലായിരുന്നു. പരസ്പരം ഇഷ്ടപ്പെട്ട് അവര്‍ എപ്പോഴും ഒന്നിച്ച് സഞ്ചരിച്ചു. ആന്‍റണി കെ.എസ്.യു. പ്രസിഡന്‍റ് ആയിരുന്നപ്പോള്‍ ഷണ്‍മുഖദാസ് ആയിരുന്നു ജനറല്‍ സെക്രട്ടറി. ആന്‍റണി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ആയപ്പോഴും ജനറല്‍ സെക്രട്ടറിയായി ഷണ്‍മുഖദാസ് ഉണ്ടായി രുന്നു. ഒടുവില്‍ ആന്‍റണി കെ.പി.സി.സി. പ്രസിഡന്‍റ് ആയിരുന്നപ്പോഴും ജനറല്‍ സെക്രട്ടറിയായി ഷണ്‍മുഖദാസിനെ കൂടെക്കൂട്ടി.

1969-ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ഊണും ഉറക്കവുമില്ലാതെ നടന്ന അദ്ദേഹം പാര്‍ട്ടിയെ കരുപ്പിടിപ്പിച്ചു. ചെറുപ്പക്കാരെ ഊതിത്തെളിച്ചെടുത്ത് ഊര്‍ജസ്വലരാക്കി, പുതിയ തലമുറയെ വാര്‍ത്തെടുത്തു. പിളര്‍പ്പില്‍ ഡി.സി.സി. ഓഫീസ് പോലും നഷ്ടപ്പെട്ടപ്പോള്‍ കോഴിക്കോട് ഇംപീരിയല്‍ ഹോട്ടലിലെ മൂന്നാം നിലയിലെ പതിന്നാലാം നമ്പര്‍ മുറിയാക്കി ഓഫീസ്, അന്ന് ഓഫീസിന്റെ ചുമതല നിര്‍ബന്ധപൂര്‍വ്വം അദ്ദേഹം എന്നെ ഏല്‍പ്പിക്കുകയായിരുന്നു. എന്‍.പി. മൊയ്തീന്‍, എ. സുജനപാല്‍, സുരേഷ് ബാബു എന്നിവര്‍ക്കായിരുന്നു നേതൃത്വത്തിന്റെ വിവിധ ചുമതലകള്‍.

കോണ്‍ഗ്രസ് കെ. കരുണാകരനെ ഒഴിവാക്കി ഇടതുമുന്നണിയിലായി. ആന്‍റണിയും ഷണ്‍മുഖദാസും അപ്പോഴും തോളോടുതോള്‍ ചേര്‍ന്നുനടന്നു. ഒടുവില്‍ ആന്‍റണി പഴയ ലാവണത്തിലേക്ക് തിരിച്ചുപോയി. അപ്പോള്‍ ഷണ്‍മുഖദാസ് കോണ്‍ഗ്രസ് (എസ്) ആയി ഇടതുപക്ഷത്ത് തുടരുകയായിരുന്നു. കോണ്‍ഗ്രസ്സുമായി മാത്രമല്ല, ആന്‍റണിയുമായും വിടപറയണം. വളരെ ദുഃഖകരമാണത്. കോഴിക്കോട് കിഡ്‌സണ്‍ ടൂറിസ്റ്റ് ഹോമിലെ ഒന്നാംനിലയിലെ അഞ്ചാംനമ്പര്‍ മുറിയിലാണ് ആന്‍റണി താമസിച്ചിരുന്നത്. ഷണ്‍മുഖദാസും കടന്നപ്പള്ളിയും വിരലിലെണ്ണാവുന്ന ചിലരും അവിടേക്കെത്തി. അല്പ നിമിഷങ്ങള്‍ സംസാരിച്ചു. ആദ്യം ആന്‍റണിയുടെ കണ്ണുകള്‍ നിറഞ്ഞു. അടുത്ത നിമിഷം ഷണ്‍മുഖദാസിന്റെയും. ഇരുവരും പരസ്പരം നോക്കിയില്ല. വാക്കുകള്‍ നിലച്ചു. ഷണ്‍മുഖദാസ് പതിവുപോലെ ചോദിച്ചു, ഞാന്‍ ഇറങ്ങട്ടെ. ആന്‍റണി അവര്‍ പോയ വഴിയിലേക്ക് നിര്‍നിമേഷനായി നോക്കിനിന്നു. ഇന്നലെത്തേത് പോലുള്ള ആ ഓര്‍മകളില്‍ ഇന്നും കണ്ണുകള്‍ നനയുന്നു.




ganangal


മറ്റു വാര്‍ത്തകള്‍

   
Discuss