Mathrubhumi Logo
  Shanmughadas

പിളര്‍പ്പുകളെ അതിജീവിച്ച സൗഹൃദച്ചങ്ങല

എം.പി. സൂര്യദാസ്‌ Posted on: 27 Jun 2013

കോഴിക്കോട്:രാഷ്ട്രീയത്തില്‍ സ്ഥിരംശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നാണ് പറയുക. എന്നാല്‍, അഞ്ചുപതിറ്റാണ്ട് നീണ്ട പൊതുജീവിതത്തില്‍ ഒരുശത്രുപോലും ഇല്ലാത്ത ഷണ്‍മുഖദാസ് ഇതിനൊരപവാദമാണ്.ആദര്‍ശ മുറുമുറുപ്പ് പൊട്ടിത്തെറിയായി കോണ്‍ഗ്രസ്സില്‍ പിളര്‍പ്പുകളായി കലാശിച്ചപ്പോള്‍ ഉറ്റ സുഹൃത്തുക്കളെല്ലാം രാഷ്ട്രീയത്തില്‍ ഷണ്‍മുഖദാസിന്റെ എതിരാളികളായി. വിദ്യാര്‍ഥികാലഘട്ടം മുതല്‍ തളിരിട്ട ആഴമേറിയ സൗഹൃദച്ചങ്ങല മുറിച്ചുമാറ്റാന്‍ പക്ഷേ, ഒരു പിളര്‍പ്പുകള്‍ക്കുമായില്ല.

കെ.എസ്.യു.വിന്റെ കുടക്കീഴില്‍ അണിനിരന്ന് എ.കെ. ആന്റണി, വയലാര്‍ രവി, ഉമ്മന്‍ചാണ്ടി, ഷണ്‍മുഖദാസ്, പി.സി. ചാക്കോ, വി.എം. സുധീരന്‍, കടന്നപ്പള്ളി തുടങ്ങിയവര്‍ കോണ്‍ഗ്രസ്സില്‍ വിദ്യാര്‍ഥി- യുവജന രാഷ്ട്രീയത്തിന് ദിശാബോധം പകര്‍ന്ന കാലം. ഭാവനയ്ക്കുമപ്പുറം സംഘടിതശക്തിയായി പ്രസ്ഥാനം വളര്‍ന്നപ്പോള്‍ സ്വന്തം വീട്ടുകാരേക്കാള്‍ വേണ്ടപ്പെട്ടവരായി സൗഹൃദം വളര്‍ന്നു. എങ്കിലും വേദനിപ്പിക്കുന്ന സത്യമായി പെയ്‌തൊഴിയാതെ പിളര്‍പ്പുകള്‍ ആവര്‍ത്തിച്ചു.

വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകള്‍ ഭിന്നിപ്പിലേക്ക് നയിച്ചപ്പോഴോക്കെ ഒരുപക്ഷത്ത് യുദ്ധം നയിക്കാന്‍ മുന്നില്‍ ഷണ്‍മുഖദാസ് ഉണ്ടാവും. എതിര്‍പക്ഷത്ത് അതുവരെ ഒന്നിച്ച് ഉണ്ടും ഉറങ്ങിയും കഴിഞ്ഞ മിത്രങ്ങള്‍. പടനായകനായി പൊരുതിയപ്പോഴൊന്നും ധര്‍മയുദ്ധത്തിന്റെ തത്ത്വങ്ങള്‍ അദ്ദേഹം മറന്നില്ല. എതിരാളികളായ കൂട്ടുകാരെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ വേദനിപ്പിക്കാതെത്തന്നെ അവരുടെ രാഷ്ട്രീയ നിലപാടുകളെ നഖശിഖാന്തം എതിര്‍ത്തു. 1969 മുതല്‍ എണ്ണമറ്റ പിളര്‍പ്പുകളെ അതിജീവിച്ച രാഷ്ട്രീയജീവിതത്തില്‍ ഒരിക്കല്‍പ്പോലും വഴിപിരിഞ്ഞ സുഹൃത്തുക്കളെപ്പറ്റി വ്യക്തിപരമായി മോശമായ ഒരു പരാമര്‍ശവും നടത്തിയില്ല. എതിര്‍ചേരിയിലുള്ളവരുമായുള്ള നല്ലബന്ധം രാഷ്ട്രീയനിലപാടിന് തടസ്സമല്ലെന്ന് ഷണ്‍മുഖദാസ് തെളിയിച്ചു.

1969-ലെ ആദ്യപിളര്‍പ്പില്‍ കെ. ഗോപാലനും എം. കമലവും എതിര്‍പക്ഷത്തായി. ഒരു പാര്‍ട്ടിക്കാരായിരുന്നതിനേക്കാളും ഊഷ്മളമായിരുന്നു ഇവരുമായി തുടര്‍ന്നുള്ള ബന്ധം. ആന്റണി പ്രസിഡന്റായിരിക്കെ നടന്ന കെ.എസ്.യു. സംസ്ഥാന സമ്മേളനത്തില്‍ ഷണ്‍മുഖദാസ് അടുത്ത പ്രസിഡന്റാവണമെന്നായിരുന്നു അന്നത്തെ ഭാരവാഹികളില്‍ പലരുടെയും നിലപാട്. ആന്റണിക്ക് ഒരുവട്ടംകൂടി തുടരാന്‍ താത്പര്യമുണ്ടെന്ന സംശയം എ.കെ. ശശീന്ദ്രനാണ് അന്ന് കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ഷണ്‍മുഖദാസിനെ അറിയിച്ചത്. സംഘടനാ ചര്‍ച്ചയ്ക്ക് മറുപടി പറയുന്നതിനിടെ ഷണ്‍മുഖദാസ് നിലപാട് വ്യക്തമാക്കി. കെ.എസ്.യു.വിന്റെ പര്യായമായാണ് ആന്റണി കേരളത്തില്‍ അറിയപ്പെടുന്നത്. പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ തന്നേക്കാള്‍ എന്തുകൊണ്ടും യോഗ്യന്‍ ആന്റണിയാണെന്ന് പറഞ്ഞ് ഷണ്‍മുഖദാസ് അഭ്യൂഹങ്ങള്‍ക്ക് വിരാമിട്ടു. വ്യക്തിബന്ധത്തേക്കാള്‍ വലുതായി അധികാരസ്ഥാനങ്ങളെ കാണാന്‍ ഷണ്‍മുഖദാസിന് ഒരിക്കലും കഴിഞ്ഞില്ല.

1978-ലെ കോണ്‍ഗ്രസ് പിളര്‍പ്പില്‍ ഇന്ദിരാഗാന്ധിക്കെതിരായി കേരളത്തില്‍ ആദ്യം നിലപാടെടുത്ത് മുന്നോട്ടുവന്നവരിലൊരാളായിരുന്നു ഷണ്‍മുഖദാസ്. കെ. കരുണാകരന്‍, കെ.ജി. അടിയോടി, എം.പി. ഗംഗാധരന്‍ തുടങ്ങിയവര്‍ മറുപക്ഷത്ത്. 1982-ല്‍ എ.കെ. ആന്റണിയും വയലാര്‍ രവിയും ഉമ്മന്‍ചാണ്ടിയും കൂട്ടരും കോണ്‍ഗ്രസ്സിലേക്ക് മടങ്ങിപ്പോവാന്‍ തീരുമാനിച്ചു. വേളി യൂത്ത്‌ഹോസ്റ്റലില്‍ മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദം. കോണ്‍ഗ്രസ്സിലേക്ക് തിരിച്ചുപോവാനുള്ള നിലപാടിനെ ഷണ്‍മുഖദാസ് ശക്തമായി എതിര്‍ത്തു. ഒടുവില്‍ നിറകണ്ണുകളോടെ സുഹൃത്തുക്കള്‍ വിടചൊല്ലി. പിന്നീട് പല ഘട്ടങ്ങളിലായി പി.സി. ചാക്കോ, കെ.പി. ഉണ്ണികൃഷ്ണന്‍, കെ. ശങ്കരനാരായണ പിള്ള, വി.സി. കബീര്‍, പി. സിറിയക്‌ജോണ്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ സുഹൃത്തുക്കള്‍ ഒന്നൊന്നായി പാര്‍ട്ടിവിട്ടു. കൂടെനിന്നവരെല്ലാം പാതിവഴിയില്‍ ഉപേക്ഷിച്ച് പിരിഞ്ഞുപോയപ്പോഴും ഷണ്‍മുഖദാസ് അക്ഷോഭ്യനായി തന്റെ യാത്ര തുടര്‍ന്നു.

കടന്നപ്പള്ളി പാര്‍ട്ടിവിട്ടപ്പോള്‍ കൊച്ചിയിലെ സംസ്ഥാന കമ്മിറ്റി ഓഫീസ് അദ്ദേഹം കൈവശപ്പെടുത്തിയതിനെചൊല്ലി എന്‍.സി.പി.യില്‍ തര്‍ക്കം ഉയര്‍ന്നു. 'നഷ്ടപ്പെട്ട മുത്തിനേക്കാള്‍ വലുതല്ലല്ലോ കൈവിട്ടുപോയ സ്വത്ത്' എന്നായിരുന്നു ചര്‍ച്ചയില്‍ ഷണ്‍മുഖദാസിന്റെ മറുപടി. ഓഫീസിനുവേണ്ടി തര്‍ക്കം വേണ്ടെന്ന ഷണ്‍മുഖദാസിന്റെ നിലപാട് യോഗം അംഗീകരിച്ചു. എന്‍.സി.പി. സംസ്ഥാന പ്രസിഡന്റായിരിക്കെ കോണ്‍ഗ്രസ്സിലേക്ക് മടങ്ങാന്‍ കെ. മുരളീധരന്‍ തീരുമാനിച്ചപ്പോഴും ഷണ്‍മുഖദാസ് പതറിയില്ല. മുരളീധരന്‍ വന്നതും പോയതും പാര്‍ട്ടിക്ക് ഗുണംചെയ്തു എന്നായിരുന്നു മുരളിയുടെ ഒഴിഞ്ഞുപ്പോക്കിനെക്കുറിച്ചുള്ള ഷണ്‍മുഖദാസിന്റെ പ്രതികരണം. 1978-ലെ പിളര്‍പ്പില്‍ രണ്ടുചേരിയിലായെങ്കിലും ലീഡര്‍ കരുണാകരനുമായി അവസാനംവരെ ആത്മബന്ധം തുടര്‍ന്നു.

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ നേരിയ വോട്ടുകള്‍ക്കാണ് ഷണ്‍മുഖദാസ് പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ചേര്‍ന്ന ആദ്യ സംസ്ഥാനകമ്മിറ്റിയോഗത്തില്‍ തിരഞ്ഞെടുപ്പിനുവേണ്ടി പിരിച്ചതില്‍ മിച്ചംവന്ന വലിയൊരു തുക പാര്‍ട്ടിക്ക് കൈമാറി. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ലക്ഷങ്ങള്‍ കടമാണെന്ന് പറഞ്ഞുനടക്കുന്ന രാഷ്ട്രീയ നേതാക്കളിലെ വ്യത്യസ്തനായിരുന്നു ഷണ്‍മുഖദാസ്.

1978-മുതല്‍ ഇതുവരെ ഇടതുമുന്നണിയോടൊപ്പം രാഷ്ട്രീയനിലപാടെടുത്ത ഷണ്‍മുഖദാസിനെ വേദനിപ്പിച്ച സംഭവമായിരുന്നു ചെറിയൊരു ഇടവേളയില്‍ മുന്നണിയില്‍നിന്ന് പുറത്തായ സംഭവം. എട്ടുവര്‍ഷം മുന്‍പ് എന്‍.സി.പി.യെ എല്‍.ഡി.എഫില്‍നിന്ന് മാറ്റിനിര്‍ത്തിയപ്പോള്‍ ഇതില്‍ പാര്‍ട്ടി ശക്തമായി പ്രതികരിക്കേണ്ടേ എന്ന് പഴയ രാഷ്ട്രീയബന്ധംവെച്ച് ചോദിച്ചു. രാഷ്ട്രീയത്തില്‍ പെരുവഴിയിലകപ്പെട്ട സാഹചര്യമായിരുന്നിട്ടും വ്യക്തിബന്ധത്തിന് കോട്ടംതട്ടുന്ന പരസ്യപ്രതികരണത്തിന് ഷണ്‍മുഖദാസ് തയ്യാറായില്ല.

അഞ്ചുമിനിറ്റ് നീണ്ട മൗനത്തിനുശേഷം ഷണ്‍മുഖദാസ് സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു- ''നമ്മള്‍ എടുത്ത രാഷ്ട്രീയ നിലപാടാണ് ശരിയെന്ന് കാലം തെളിയിക്കും. അപ്പോള്‍ ഇടതുമുന്നണിക്ക് നിലപാട് തിരുത്തേണ്ടിവരും'' മൂന്നുവര്‍ഷം നീണ്ടില്ല, ഷണ്‍മുഖദാസും എന്‍.സി.പി.യും വീണ്ടും എല്‍.ഡി.എഫ്. ഘടകകക്ഷിയായി.

താത്കാലിക നേട്ടങ്ങള്‍ക്കുവേണ്ടി രാഷ്ട്രീയനിലപാട് മാറ്റാന്‍ സി.കെ.ജി.യെ രാഷ്ട്രീയ ഗുരുവായി കണ്ട ഷണ്‍മുഖദാസിന് കഴിയുമായിരുന്നില്ല. ഒടുവില്‍ സി.കെ.ജി.യുടെ ചരമദിനത്തില്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയപ്പോഴായിരുന്നു ഷണ്‍മുഖദാസിന്റെ അന്ത്യം.



ganangal


മറ്റു വാര്‍ത്തകള്‍

   
Discuss