Mathrubhumi Logo
  Shanmughadas

ജനനായകന് വിട

ശ്രീകാന്ത് കോട്ടയ്ക്കല്‍ Posted on: 27 Jun 2013



കോഴിക്കോട്: മാനാഞ്ചിറ മൈതാനത്തിന്റെ ഓരത്തുള്ള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളിലേക്ക് വ്യാഴാഴ്ച വൈകുന്നേരം എ.സി. ഷണ്‍മുഖദാസ് വന്ന കാഴ്ച ആരെയും വിഷമിപ്പിക്കുന്നതായിരുന്നു. എന്‍.സി.പി.യുടെ പ്രവര്‍ത്തകരുടെ സഹായത്തോടെ അദ്ദേഹത്തെ താങ്ങി എത്തിക്കുകയായിരുന്നു. സി.കെ. ഗോവിന്ദന്‍ നായര്‍ അനുസ്മരണം നടക്കുന്ന വേദിയിലേക്ക് അദ്ദേഹത്തെ താങ്ങിയെടുത്ത് കയറ്റുമ്പോള്‍ കേരളത്തിലെ ആ തലമുതിര്‍ന്ന രാഷ്ട്രീയനേതാവ്, മുന്‍മന്ത്രി വല്ലാതെ കിതച്ചുകൊണ്ടിരുന്നു. ഈയൊരവസ്ഥയില്‍ എന്തിനാണ് അദ്ദേഹത്തിനെ കൊണ്ടുവന്നത് എന്ന് തോന്നിപ്പോവുമായിരുന്നു. ആശങ്ക ഒരു പ്രവര്‍ത്തകനോട് പങ്കുവച്ചപ്പോള്‍ അയാള്‍ പറഞ്ഞു: അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു വരണമെന്ന്. കാരണം, ഇത്അദ്ദേഹത്തെ ആദര്‍ശരാഷ്ട്രീയത്തിലേക്ക് പ്രചോദിപ്പിച്ച മനുഷ്യനായ സി.കെ.ജി.യുടെ അനുസ്മരണമാണ്.

ചടങ്ങില്‍ അധ്യക്ഷനായിരുന്നു ഷണ്‍മുഖദാസ്. വേദിയില്‍ ടി. പീതാംബരന്‍ മാസ്റ്റര്‍ ഉണ്ടായിരുന്നു. എ.കെ.ശശീന്ദ്രന്‍ എം.എല്‍.എ. ഉണ്ടായിരുന്നു. ആരോടും അദ്ദേഹം ഒന്നും പറഞ്ഞില്ല. പറയാന്‍ അദ്ദേഹത്തിന്‌സാധിക്കില്ലായിരുന്നു. അത്രയ്ക്ക് വയ്യായിരുന്നു അദ്ദേഹത്തിന്. കണ്ണടച്ച് മുഖം സ്വന്തം നെഞ്ചിലേക്ക് ഇറക്കിവച്ച് അദ്ദേഹം ഇരുന്നു. ചിലപ്പോള്‍ തല പിറകിലേക്ക് മറിയ്ക്കും. ശ്വാസം ആഞ്ഞുവലിക്കും. വീണ്ടും തല മുന്നിലേക്കിടും. ആരൊക്കെയോ വന്ന് അദ്ദേഹത്തിന്റെ കൈപിടിച്ചു, തളര്‍ന്ന കൈ അവര്‍ക്കുനേരേ നീട്ടി അദ്ദേഹം ഇരുന്നു. ആരൊക്കെയോ വന്ന് ചെവിയില്‍ എന്തൊക്കെയോ പറഞ്ഞു, അത്‌കേട്ട് നേരിയരീതിയില്‍ തലയാട്ടി. പിന്നെയും കണ്ണടച്ച് ശ്വാസം ആഞ്ഞുവലിച്ചു. ഇത്രയൊക്കെ അവശനായിട്ടും അടുത്തുവന്ന ആരെയുംഅദ്ദേഹം അവഗണിച്ചില്ല. വയ്യ എന്നുമാത്രം.



ഒരുനേതാവ് തന്റെ അന്ത്യനിമിഷത്തിലും അണികളുടെയും ആള്‍ക്കൂട്ടത്തിന്റേയും നടുവിലായിരിക്കണം എന്ന് അദ്ദേഹത്തിന്റെ മനസ്സ് അബോധമായി അദ്ദേഹത്തോട് മന്ത്രിച്ചിരിക്കുമോ?

ഇരുന്നുകൊണ്ട് മൈക്ക് കൈയില്‍പ്പിടിച്ചാണ് അദ്ദേഹം തന്റെ അധ്യക്ഷപ്രസംഗം നടത്തിയത്. അവ്യക്തമായ വാക്കുകളില്‍ സി.കെ.ജി.യെക്കുറിച്ചുള്ള ഓര്‍മകള്‍. അവ സദസ്സിനുപോലും വ്യക്തമായി കേള്‍ക്കാന്‍ പറ്റാത്തവിധം പതുക്കെയായിരുന്നു. എങ്കിലും ആ വാക്കുകള്‍ക്ക് ശക്തിമാത്രമേ കുറവുണ്ടായിരുന്നുള്ളൂ, അതില്‍ നിറയെ വികാരമായിരുന്നു. തന്നെ വഴിനടത്തിയ വലിയ മനുഷ്യനോടുള്ള സ്‌നേഹാദരങ്ങള്‍ അതില്‍ നിറഞ്ഞുതുളുമ്പി. അഞ്ച് മിനിട്ടെടുത്തില്ല ആ പ്രസംഗം. അപ്പോഴേക്കും അദ്ദേഹം കിതച്ചു. എന്നിട്ടും പാതിവച്ച് മുറിയാതെ, കൃത്യമായി അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു. അസുഖത്തിന്റെ മൂര്‍ധന്യത്തിലെ അബോധത്തിലും ഷണ്‍മുഖദാസിന്റെ ബോധം തെളിഞ്ഞുനിന്നിരുന്നു.

തുടര്‍ന്നുള്ള പ്രസംഗങ്ങള്‍ അദ്ദേഹം കേട്ടുവോ എന്നറിയില്ല. പ്രസംഗങ്ങള്‍ നടക്കുമ്പോഴെല്ലാം തന്റെ അവശതകള്‍ സഹിച്ച് അദ്ദേഹം വേദിയില്‍ ഇരുന്നു. സ്വന്തംപ്രസംഗം കഴിഞ്ഞാല്‍ തിരക്കഭിനയിച്ച് സ്ഥലം വിടുന്നവര്‍ പെരുകുന്ന ഒരു കാലത്തിന് പാഠമാണ് ആ ഇരുത്തം എന്നുതോന്നി.

ഷണ്‍മുഖദാസ് വിടപറയാന്‍ ജൂണ്‍ 27 വ്യാഴാഴ്ച തന്നെ തിരഞ്ഞെടുത്തത് രണ്ട് കാരണങ്ങള്‍ കൊണ്ടാകാം: ഒന്ന് തന്നെ രാഷ്ട്രീയത്തിന്റെ നീതിബോധങ്ങളിലേക്ക് വഴിനടത്തിയ സി.കെ.ജി. മരിച്ച ദിവസംതന്നെയാണ് അത്. രണ്ട്: താന്‍ മുഖ്യാധികാരിയായ ട്രസ്റ്റ് സി.കെ.ജി.യെഅനുസ്മരിക്കുന്ന ദിവസമാണ് അത്. അത് നടത്തിയിട്ടേ തനിക്ക് പോകാന്‍ സാധിക്കൂ. അത് അദ്ദേഹം ഭംഗിയായി നടത്തി. വന്നു, എല്ലാവരേയും കണ്ടു, വിട പറഞ്ഞു, പോയി. ഒരു നല്ല നേതാവിനേപ്പോലെയും ഓര്‍മകള്‍ മരിക്കാത്ത മനുഷ്യനെപ്പോലെയും.



ganangal


മറ്റു വാര്‍ത്തകള്‍

   
Discuss