Mathrubhumi Logo
  unionbudget2013

കേരകൃഷി പദ്ധതി വ്യാപിപ്പിക്കും; കൊച്ചി മെട്രോയ്ക്ക് ചോദിച്ചതില്ല

Posted on: 01 Mar 2013

കേരളത്തില്‍ നടപ്പാക്കിയ നാളികേരപദ്ധതിക്ക് കേന്ദ്രബജറ്റില്‍ പ്രശംസയും കൂടുതല്‍ ധനസഹായവും.
തെങ്ങ് പുനഃകൃഷി നടത്തുകയും മാറ്റിനടുകയും ചെയ്യുന്ന പദ്ധതിക്കായി 75 കോടിരൂപ അധികമായി വകയിരുത്തുന്നതായി ധനമന്ത്രി പി.ചിദംബരം പറഞ്ഞു. ഇപ്പോള്‍ ചില ജില്ലകളിലേ ഈ പദ്ധതിയുള്ളൂ. ഇത് സംസ്ഥാനമെങ്ങും വ്യാപിപ്പിക്കാനാണ് കേന്ദ്രസഹായം.
അടുത്ത സാമ്പത്തികവര്‍ഷം സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രനികുതിവിഹിതമായി കേരളത്തിന് 8143.79 കോടിരൂപ കണക്കാക്കി. കോര്‍പ്പറേഷന്‍ നികുതി - 2828.88 കോടിരൂപ, ആദായനികുതി - 1744.84 കോടി, സ്വത്തുനികുതി - 7.05 കോടി, കസ്റ്റംസ് - 1315.97 കോടി, സേവനനികുതി - 1330.51 കോടി രൂപ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് സംസ്ഥാനത്തിനുള്ള വിഹിതം. നടപ്പുസാമ്പത്തികവര്‍ഷം 6840.65 കോടി രൂപയാണ് കേരളത്തിന്റെ വിഹിതം.
കൊച്ചിമെട്രോ റെയിലിന് 130 കോടി രൂപ വകയിരുത്തിയതാണ് കേരളത്തിനുള്ള മറ്റൊരു നേട്ടം. എന്നാല്‍ സംസ്ഥാനം ആവശ്യപ്പെട്ട തുക ലഭിച്ചില്ല. മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് സംസ്ഥാനസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 300 കോടിയോളം രൂപ കേന്ദ്രസഹായം ആവശ്യപ്പെട്ടിരുന്നതായി സംസ്ഥാനസര്‍ക്കാര്‍കേന്ദ്രങ്ങള്‍ പറഞ്ഞു. എന്നാല്‍ ഓഹരിയിനത്തിലുള്ള പദ്ധതിവിഹിതമായി 100 കോടിരൂപയും കുടിവെള്ള-ശുചിത്വപദ്ധതിയിനത്തില്‍ 25 കോടി രൂപയും പുറത്തുനിന്നുള്ള ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് അഞ്ചുകോടി രൂപയുമടക്കം മൊത്തം 130 കോടി രൂപ ഇത്തവണത്തെ ബജറ്റില്‍ പ്രഖ്യാപിച്ചു. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കണമെങ്കില്‍ ഈ വിഹിതം പോരെന്നാണ് വിലയിരുത്തല്‍.
കൊച്ചി പോര്‍ട്ട്ട്രസ്റ്റിലെ പദ്ധതികള്‍ക്ക് 30 കോടി രൂപയും ഓഹരിയിനത്തില്‍ 93.05 കോടി രൂപയും കൊച്ചിന്‍ ഷിപ്പ്‌യാഡിന് 94 കോടി രൂപയും നീക്കിവെച്ചു. റബര്‍ബോര്‍ഡിന് 167 കോടി രൂപയും തേയിലബോര്‍ഡിന് 179 കോടി രൂപയും കോഫിബോര്‍ഡിന് 131 കോടി രൂപയും സുഗന്ധവ്യഞ്ജനബോര്‍ഡിന് 104 കോടി രൂപയും കയര്‍ബോര്‍ഡിന് 75 കോടി രൂപയും വകയിരുത്തിയത് കേരളത്തിന് ഗുണകരമാവും. ഫാക്ടിന് 211.43 കോടിരൂപ, സമുദ്രോത്പന്ന വികസന കയറ്റുമതിക്ക് 120 കോടി രൂപ, വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍നിന്നും കൊച്ചി തുറമുഖത്തേക്ക് റോഡ് നിര്‍മിക്കാന്‍ 30 കോടിരൂപ എന്നിങ്ങനെയാണ് വിഹിതം. ഇടുക്കി, കുട്ടനാട് പാക്കേജില്‍ ക്ഷീരകര്‍ഷകര്‍ക്കായി പത്തുകോടിരൂപ സഹായം പ്രഖ്യാപിച്ചു.
തുമ്പ വി.എസ്.എസ്.സി.ക്ക് അനുവദിച്ചിട്ടുള്ള 431 കോടിരൂപ, വലിയമല എല്‍.എന്‍.സി.പി.ക്കുള്ള 439 കോടിരൂപ, ഐ.ഐ.എസ്.ടിക്കുള്ള 150 കോടി രൂപ എന്നിവ സംസ്ഥാനവിഹിതമായി കണക്കാക്കാന്‍ കഴിയില്ലെങ്കിലും ഇതിന്റെ ഗുണഫലം കേരളത്തിനുമുണ്ടാവും. സംസ്ഥാനത്തെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖപദ്ധതി ബജറ്റില്‍ പരാമര്‍ശിക്കപ്പെട്ടേയില്ല.



ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss