Mathrubhumi Logo
  unionbudget2013

ആദായനികുതി സ്ലാബില്‍ മാറ്റമില്ല

പി.എസ്. നിര്‍മല Posted on: 01 Mar 2013

നിലവിലുള്ള ആദായനികുതി സ്ലാബുകളില്‍ മാറ്റം വരുത്തിയില്ലെങ്കിലും ധനികര്‍ക്ക് പുതിയ ബജറ്റില്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി. അഞ്ചുലക്ഷംവരെമാത്രം പ്രതിവര്‍ഷം ആദായമുള്ളവര്‍ക്ക് 2000 രൂപയുടെ നികുതികിഴിവും ധനമന്ത്രി പ്രഖ്യാപിച്ചു.
രാജ്യത്ത് 42,800 പേര്‍ക്ക് പ്രതിവര്‍ഷം ഒരു കോടിയിലധികം രൂപ വരുമാനമുണ്ട്. ഈ വിഭാഗമാണ് 10 ശതമാനം സര്‍ചാര്‍ജ് നല്‍കേണ്ടത്. ഇവര്‍ വിപ്രോ മേധാവി അസീം പ്രേംജിയുടെ 'സ്പിരിറ്റ്' കാണിക്കുമെന്ന് മന്ത്രി ചിദംബരം പ്രതീക്ഷ പ്രകടിപ്പിച്ചു. മൈക്രാസോഫ്റ്റ് മേധാവിയും ലോക കോടീശ്വരനുമായ ബില്‍ ഗേറ്റ്‌സിനെ പോലെ അസീം പ്രേംജിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
പരാധീനതയുള്ള സാമ്പത്തികാവസ്ഥയില്‍ നികുതിനിരക്ക് കൂട്ടാനോ കൂടുതല്‍ ആദായം നികുതിയില്‍ നിന്ന് കണ്ടെത്താനോ നിവൃത്തിയില്ല എന്ന് മന്ത്രി പറഞ്ഞു.
5 ലക്ഷം വരെ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് 2000 രൂപയുടെ നികുതിയിളവ് നല്‍കിയിട്ടുണ്ട്. 1.8 കോടി നികുതിദായകര്‍ക്ക് ഇത് പ്രയോജനപ്പെടും.
ഒരു കോടിയിലേറെ വരുമാനമുള്ളതായി പ്രഖ്യാപിച്ച വ്യക്തികള്‍ക്കു മാത്രമല്ല, അവിഭക്തഹിന്ദുകുടുംബങ്ങള്‍ , സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കും 10 ശതമാനം സര്‍ചാര്‍ജ് നല്‍കേണ്ടിവരും. വര്‍ഷം 10 കോടിരൂപയിലധികം വരുമാനമുള്ളവര്‍ക്ക് നേരത്തേയുള്ള 5 ശതമാനം സര്‍ചാര്‍ജ് 10 ശതമാനമാക്കി. കോര്‍പറേറ്റ് നികുതി നല്‍കുന്ന വിദേശക്കമ്പനികള്‍ നല്‍കേണ്ട സര്‍ചാര്‍ജ് 2 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി ഉയര്‍ത്തി.
ലാഭവിഹിതവിതരണത്തിനുള്ള നികുതിക്ക് ഇപ്പോഴുള്ള സര്‍ചാര്‍ജ് 5 ശതമാനത്തില്‍ നിന്ന് 10 ശതമാനമാക്കി. സര്‍ചാര്‍ജുകള്‍ 2013-14 വര്‍ഷത്തേക്കുമാത്രമെ നിലവിലുണ്ടായിരിക്കുകയുള്ളൂ.
എല്ലാ നികുതിദായകരും നല്‍കേണ്ട വിദ്യാഭ്യാസ സെസ് 3 ശതമാനമായി തുടരും.
കേന്ദ്രസര്‍ക്കാറിന്റെ ആരോഗ്യപദ്ധതിയിലേക്കുള്ള സംഭാവനകള്‍ വരുമാനനികുതി നിയമത്തിന്റെ 80 ഡി. വകുപ്പുപ്രകാരം നികുതികിഴിവിന് അര്‍ഹമാണ്. ഈ ആനുകൂല്യം ഇനി കേന്ദ്രസര്‍ക്കാറിന്റെ മറ്റു പദ്ധതികള്‍ക്കും സംസ്ഥാനസര്‍ക്കാറുകളുടെ പദ്ധതികള്‍ക്കും ലഭ്യമാക്കാന്‍ ബജറ്റില്‍ നിര്‍ദേശമുണ്ട്. ദേശീയ ശിശുനിധിയിലേക്ക് നല്‍കുന്ന തുകയ്ക്ക് ഇനി 100 ശതമാനം കിഴിവ് ലഭിക്കും.
നിര്‍മാണമേഖലക്ക് ഉത്തേജനം പകരാന്‍, 2013 ഏപ്രില്‍ 1 മുതല്‍ 2015 മാര്‍ച്ച് 31 വരെയുള്ള കാലഘട്ടത്തില്‍ ഈ രംഗത്ത് 100 കോടിരൂപയിലധികം നിക്ഷേപിക്കുന്ന ഒരു കമ്പനിക്ക് 15 ശതമാനം നിക്ഷേപഅലവന്‍സ് അനുവദിച്ചു. ഊര്‍ജരംഗത്തെ പദ്ധതികള്‍ക്ക് വരുമാനനികുതി നിയമത്തിന്റെ 80-1എ വകുപ്പ് പ്രകാരം ആനുകൂല്യത്തിന് അര്‍ഹത നേടാനുള്ള കാലയളവ് 2013 മാര്‍ച്ച് 31 എന്നത് 2014 മാര്‍ച്ച് 31 എന്നാക്കി.
ഒരു ഇന്ത്യന്‍ കമ്പനിക്ക് വിദേശശാഖയില്‍ നിന്നും കിട്ടുന്ന ലാഭവിഹിതത്തിന് 15 ശതമാനം നികുതിയെന്ന ഇളവ് തുടരും. ഇന്ത്യയില്‍ താമസക്കാരല്ലാത്ത നിക്ഷേപകര്‍ക്കു നല്‍കുന്ന പലിശയുടെ മേലുള്ള നികുതി നിരക്ക് കഴിഞ്ഞവര്‍ഷം 20 -ല്‍ നിന്ന് 5 ശതമാനമായി കുറച്ചിരുന്നു. വിദേശനാണ്യത്തില്‍, അടിസ്ഥാനസൗകര്യബോണ്ടുകളില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ഇതേ കിഴിവ് ബാങ്ക് അക്കൗണ്ടുവഴിയുള്ള നിക്ഷേപത്തിനും ബാധകമാക്കും.
ധനകാര്യസ്ഥാപനങ്ങള്‍ക്ക് അവരുടെ ആസ്തികള്‍ പ്രത്യേകസംവിധാനം മുഖേന സുരക്ഷിതമാക്കാനുള്ള അവസരത്തിന് പ്രോത്സാഹനമായി , ഇത്തരം ട്രസ്റ്റുകളെ ആദായനികുതിയില്‍ നിന്നൊഴിവാക്കി. ഇത്തരം ട്രസ്റ്റുകളുടെ വരുമാനം വിതരണം ചെയ്യുമ്പോള്‍ നികുതി നല്‍കേണ്ടിവരും. വ്യക്തിയുടെയോ അവിഭക്ത ഹിന്ദുകുടുംബത്തിന്റെയോ കാര്യത്തില്‍ 25 ശതമാനവും കമ്പനികളുടെ കാര്യത്തില്‍ 30 ശതമാനവുമായിരിക്കും നികുതി.
ഉടമസ്ഥരുടെ താത്പര്യം സംരക്ഷിക്കുന്നതിനുവേണ്ടി രൂപവത്കരിക്കപ്പെടുന്ന നിക്ഷേപസംരക്ഷണഫണ്ട് നികുതിയില്‍ നിന്നൊഴിവാക്കി.
വരുമാനം വിതരണംചെയ്യുന്ന ഐ.ഡി.എഫ്.- മ്യൂച്വല്‍ ഫണ്ടും പലിശ നല്‍കുന്ന ഐ.ഡി.എഫ്.-എന്‍.ബി.എഫ്.സി.യും തമ്മില്‍ നികുതികാര്യത്തില്‍ തുല്യതയുണ്ടാക്കാന്‍, രണ്ടിന്റെയും നികുതി 5 ശതമാനമാക്കി.
50 ലക്ഷത്തിലധികം തുകവരുന്ന, സ്ഥാവരസ്വത്തുക്കളുടെ ഇടപാടുകളില്‍ 1 ശതമാനം ടി.ഡി.എസ്. ഏര്‍പ്പെടുത്തി. എന്നാല്‍ കൃഷിഭൂമിയെ ഇതില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
ചില അണ്‍ലിസ്റ്റഡ് കമ്പനികള്‍ ലാഭവിഹിതവിതരണനികുതി ഒഴിവാക്കുന്നത് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഓഹരികള്‍ മടക്കിവാങ്ങുന്നതുള്‍പ്പെടെയുള്ള നടപടികളിലൂടെയാണിത്. ഇത്തരം ഓഹരികളിലൂടെ ഈ കമ്പനികള്‍ ഓഹരിയുടമകള്‍ക്ക് വിതരണം ചെയ്യുന്ന ലാഭത്തിന് 20 ശതമാനം നികുതി ചുമത്താന്‍ നിര്‍ദേശമുണ്ട്. മാതൃകമ്പനി വിദേശിയായ ഒരു ശാഖ റോയല്‍ട്ടി ആയി നടത്തുന്ന ലാഭവിതരണമാണ് മറ്റൊന്ന്. റോയല്‍ട്ടിയുടെ മേലുള്ള വരുമാനനികുതി കുറവാണ്. ഇത് പരിഹരിക്കാന്‍ റോയല്‍ട്ടി ഇനത്തിലോ സാങ്കേതികസേവനത്തിനുള്ള ഫീസ് ഇനത്തിലോ ഇന്ത്യയില്‍ താമസക്കാരല്ലാത്തവര്‍ക്കു നല്‍കുന്ന തുകയുടെ മേലുള്ള നികുതി 10 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി ഉയര്‍ത്തി.
2012-ലോ ഫൈനാന്‍സ് ആക്ട് പ്രകാരം കൊണ്ടുവന്ന 'ഗാര്‍' (നികുതി ഒഴിവാക്കല്‍ തടയാനുള്ള നിയമം) പ്രകാരമുള്ള ചില നിര്‍ദേശങ്ങള്‍ വരുമാനനികുതിനിയമത്തിന്റെ ഭാഗമാക്കുമെന്നും ചിദംബരം അറിയിച്ചു.

അഞ്ചുലക്ഷംവരെ വരുമാനമുള്ളവര്‍ക്ക് നികുതി പരിധി 2,20,000


നിലവിലുള്ള വരുമാനനികുതി സ്ലാനബ്ര്പകാരം രണ്ടുലക്ഷംവരെ വാര്‍ഷികവരുമാനമുള്ളവര്‍ നികുതി നല്‍കേണ്ടതില്ല. 2000 രൂപയുടെ നികുതികിഴിവ് പ്രഖ്യാപിച്ചതോടെ സ്ലാബ് യഥാര്‍ഥത്തില്‍ 2,20,000 രൂപയില്‍നിന്നാവും ഇനി തുടങ്ങുക. കാരണം, 2,20,000 രൂപ വരുമാനമുള്ളവര്‍ 10 ശതമാനംനിരക്കില്‍ നല്‍കേണ്ടിവരിക 2000 രൂപയാണ്. പക്ഷേ, കിഴിവ് 2000 ആകയാല്‍ ഇവര്‍ക്ക് ഇത് നല്‍കേണ്ടിവരില്ല. അഞ്ചുലക്ഷംവരെ ഈ പ്രത്യേക കിഴിവ് ലഭ്യമാകും.
നിലവിലുള്ള സ്ലാബും
നിരക്കുകളും
വരുമാനം നികുതിശതമാനം
2,00,000 വരെ നികുതി ഇല്ല
2,00,001 മുതല്‍
5,00,000 വരെ 10 ശതമാനം
5,00,001 മുതല്‍
10,00,000 വരെ 20 ശതമാനം
10,00,000 ത്തിലധികം 30 ശതമാനം
ഇന്ത്യയില്‍ വസിക്കുന്ന
60 വയസ്സിനും 80 വയസ്സിനും
ഇടയില്‍ പ്രായമുള്ളവര്‍:
2,50,000 വരെ നികുതി ഇല്ല
2,50,001 മുതല്‍ 50,00,00 വരെ 10 ശതമാനം
5,00,001 മുതല്‍ 10,00,000 വരെ 20 ശതമാനം
10,00,000 ത്തിലധികം 30 ശതമാനം
80 വയസ്സിനുമേല്‍
5,00,000 വരെ നികുതി ഇല്ല
5,00,000 മുതല്‍ 10,00,000 വരെ 20 ശതമാനം
10,00,000 ത്തിനുമീതെ 30 ശതമാനം
ഒരു കോടിയിലധികം വാര്‍ഷികവരുമാനമുള്ളവര്‍ ഇനി 10 ശതമാനം സര്‍ച്ചാര്‍ജ് നല്‍കണം.




ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss