നിക്ഷേപസൗഹൃദം
എന്‍.അശോകന്‍ Posted on: 01 Mar 2013

കാലാവധി അവസാനിക്കുന്ന 2014 മെയ്‌വരെ അധികാരത്തില്‍ തുടരുമെന്ന ആത്മവിശ്വാസമാണ് വളര്‍ച്ചാ ആഭിമുഖ്യമുള്ള നിക്ഷേപം ലക്ഷ്യമാക്കിയുള്ള ബജറ്റ് അവതരിപ്പിച്ചതിലൂടെ സര്‍ക്കാര്‍ പ്രകടിപ്പിച്ചത്. 2014 മേയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പും ഈ വര്‍ഷം ജൂണിന്നുമുമ്പ് ഏഴ് നിയമസഭാ തിരഞ്ഞെടുപ്പും നേരിടേണ്ട സാഹചര്യത്തില്‍ ഇത്തവണത്തെ ബജറ്റ് ജനപ്രിയമാകും. വലിയ നികുതി ആനുകൂല്യങ്ങളുണ്ടാകും എന്നൊക്കെയാണ് പ്രതീക്ഷിച്ചിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് അടുത്ത ഫിബ്രവരിയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ സര്‍ക്കാറിന് അവസരമുണ്ടാകും. എങ്കിലും തിരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്ന സര്‍ക്കാര്‍ എന്ന നിലയില്‍ സമ്പൂര്‍ണബജറ്റിന്റെ കീഴ്‌വഴക്കമില്ല. വോട്ട് അക്കൗണ്ട്‌സ് മാത്രം പാസ്സാക്കുകയാണ് പതിവ്. തിരഞ്ഞെടുപ്പു കഴിഞ്ഞുവരുന്ന സര്‍ക്കാറാണ് പിന്നെ സമ്പൂര്‍ണബജറ്റ് അവതരിപ്പിക്കുക.
നികുതിയിളവുകളൊന്നും നല്‍കിയില്ലെങ്കിലും കുറഞ്ഞ വരുമാനക്കാര്‍ക്കും ഇടത്തരക്കാര്‍ക്കുംമേല്‍ നികുതിഭാരമുണ്ടാക്കാതിരിക്കാന്‍ ചിദംബരം ശ്രദ്ധിച്ചിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷിതത്വവും ശാക്തീകരണവും ലക്ഷ്യമാക്കി 1000 കോടി വകയിരുത്തിയുള്ള 'നിര്‍ഭയ' ഫണ്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെ സ്ത്രീകള്‍ക്കുമാത്രമായി പൊതുമേഖലാ വനിതാബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തെ വ്യവസായപ്രമുഖര്‍ പലരും ബജറ്റിനെ പുകഴ്ത്തിയിട്ടുണ്ടെങ്കിലും ഓഹരിവിപണികളുടെ പ്രതികരണം നിരാശാജനകമായിരുന്നു. ബജറ്റവതരിപ്പിച്ചശേഷം വ്യാഴാഴ്ച 291 പോയന്റാണ് മുംബൈ സ്റ്റോക്ക്എക്‌സ്‌ചേഞ്ചില്‍ ഓഹരിവില താഴെ പോയത്.
ഭക്ഷ്യസുരക്ഷാപദ്ധതി, തൊഴിലുറപ്പ് തുടങ്ങിയവയ്ക്ക് പണം കാണേണ്ട സാഹചര്യത്തില്‍ വലിയ പണക്കാര്‍ക്കും വലിയ വരുമാനമുള്ള കമ്പനികള്‍ക്കും സര്‍ചാര്‍ജുകള്‍ ചുമത്തിക്കൊണ്ടാണ് ധനമന്ത്രി പുതിയ ധനാഗമമാര്‍ഗങ്ങള്‍ കണ്ടെത്തിയത്. മൊബൈല്‍ഫോണ്‍, ഇറക്കുമതി ചെയ്ത കാറുകള്‍, വിലകൂടിയ കാറുകള്‍ എന്നിവയുടെ തീരുവകള്‍ കൂട്ടിക്കൊണ്ടും 50 ലക്ഷം രൂപയ്ക്കു മുകളിലുള്ള ഭൂമി കച്ചവടത്തിന്മേല്‍ ലെവി ചുമത്തിക്കൊണ്ടുമാണ് വരുമാനം കൂട്ടുന്നതിനുള്ള മാര്‍ഗം കണ്ടെത്തിയത്. 18,000 കോടി രൂപയുടെ അധിക വരുമാനം കണ്ടെത്താന്‍ വളരെ കരുതലോടെയാണ് ചിദംബരം സഞ്ചരിച്ചിരിക്കുന്നത്. ധനക്കമ്മി കുറയ്ക്കാനും സബ്‌സിഡി കുറയ്ക്കാനും ധീരമായ ശ്രമം ധനമന്ത്രി നടത്തിയിട്ടുണ്ട്.
സേവനനികുതി നല്‍കാതിരിക്കുന്ന പത്തുലക്ഷത്തോളം വരുന്നവര്‍ക്ക് പിഴയൊന്നുമില്ലാതെ പൊതുമാപ്പു നല്‍കി കുടിശ്ശിക പിരിക്കാനുള്ള നിര്‍ദേശം പൊതുവേ പ്രശംസിക്കപ്പെടുന്നു.