Mathrubhumi Logo
  railbudget2013

നിരാശാവണ്ടി

Posted on: 26 Feb 2013


ന്യൂഡല്‍ഹി: പ്രതീക്ഷിച്ച പോലെ ചരക്കുകൂലി കൂട്ടിക്കൊണ്ടുള്ള റെയില്‍വേ ബജറ്റാണ് മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. യാത്രാനിരക്ക് കഴിഞ്ഞമാസം കൂട്ടിയതിനാല്‍ വീണ്ടുമൊരു വര്‍ധനയ്ക്ക് മുതിരാതെ യാത്രക്കാരെ വെറുതെ വിട്ടു.

എന്നാല്‍ സ്ലീപ്പര്‍ ക്ലാസ് ഉള്‍പ്പെടെ എല്ലാ ക്ലാസുകളിലെയും റിസര്‍വേഷന്‍ ഫീസ്, തത്കാല്‍ ചാര്‍ജുകള്‍, സൂപ്പര്‍ഫാസ്റ്റ് വണ്ടികളിലെ സപ്ലിമെന്ററി ചാര്‍ജുകള്‍, ക്യാന്‍സലേഷന്‍ ചാര്‍ജുകള്‍ (വെയിറ്റിങ് ലിസ്റ്റ്, ആര്‍.എ.സി. ടിക്കറ്റുകള്‍ക്ക് ഉള്‍പ്പെടെ) എന്നിവയില്‍ നേരിയ വര്‍ധന വരുത്തി. ഫലത്തില്‍ യാത്രയ്ക്കായി കൂടുതല്‍ പണം കൈയില്‍ കരുതേണ്ടിവരും. ചരക്കുകടത്തുകൂലി 5.8 ശതമാനം വരെ കൂടും. ഇത് വിലക്കയറ്റത്തിന് തന്നെയാവും വഴിവെക്കുക. ഇന്ധനവിലയ്ക്ക് ആനുപാതികമായി ചരക്കുകൂലി വര്‍ഷത്തില്‍ രണ്ടുതവണ കൂട്ടേണ്ടിവരുമെന്ന മുന്നറിയിപ്പും ബജറ്റിലുണ്ട്.

പാര്‍സല്‍, ലഗേജ് നിരക്കുകളില്‍ മാറ്റമില്ല. മറ്റൊരു സ്റ്റേഷനില്‍നിന്ന് യാത്ര തുടങ്ങുന്നതിന് റിസര്‍വേഷന് ഈടാക്കുന്ന 'എന്‍ഹാന്‍സ്ഡ് റിസര്‍വേഷന്‍ ഫീ' ഉപേക്ഷിച്ചു. വര്‍ധിപ്പിച്ച നിരക്കുകള്‍ ഏപ്രില്‍ ഒന്നിന് നിലവില്‍വരും.

പ്രതിപക്ഷ ബഹളത്തിനിടയിലാണ് 75 മിനിറ്റ് നീണ്ട ബജറ്റ് പ്രസംഗം മന്ത്രി ബന്‍സല്‍ പൂര്‍ത്തിയാക്കിയത്. പ്രതീക്ഷ നല്‍കുന്ന ബജറ്റെന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ബജറ്റിനെ വിശേഷിപ്പിച്ചത്. എന്നാല്‍ ജനദ്രോഹപരമെന്ന് പ്രതിപക്ഷകക്ഷികള്‍ കുറ്റപ്പെടുത്തി.

106 പുതിയ വണ്ടികള്‍ പാളത്തിലേക്ക്

*106 പുതിയ തീവണ്ടികള്‍. 67 എക്‌സ്പ്രസ് വണ്ടി, 26 പാസഞ്ചര്‍, 8 ഡെമു, 5 മെമു
*22 പുതിയ പാതകള്‍, 57 വണ്ടികളുടെ ലക്ഷ്യസ്ഥാനം നീട്ടി, 24 എണ്ണത്തിന്റെ സര്‍വീസ് കൂട്ടി

സുരക്ഷയ്ക്ക് മുന്‍ഗണന

*സുരക്ഷയ്ക്കും യാത്രക്കാരുടെ സൗകര്യങ്ങള്‍ക്കും സാമ്പത്തിക ഭദ്രതയ്ക്കും മുന്‍ഗണന
*അടുത്ത പത്തുവര്‍ഷത്തേക്ക് കോര്‍പ്പറേറ്റ് സുരക്ഷാ പദ്ധതി
*അടുത്ത അഞ്ചുകൊല്ലംകൊണ്ട് 10,797 ലെവല്‍ ക്രോസിങ്ങുകള്‍ മാറ്റും
*മണിക്കൂറില്‍ 160/200 കി.മീ. വേഗത്തില്‍ പോകുന്ന 'സെല്‍ഫ് പ്രൊപ്പല്‍ഡ് ആക്‌സിഡന്റ് റിലീഫ് ട്രെയിനു'കള്‍ തുടങ്ങും.
*അപകടാവസ്ഥയിലുള്ള 17 പാലങ്ങള്‍ ഒരുവര്‍ഷത്തിനിടയില്‍ പുനരുദ്ധരിക്കും

സ്ത്രീകള്‍ക്ക് കാവല്‍

*റെയില്‍വേ സുരക്ഷാസേനയുടെ (ആര്‍.പി.എഫ്) എട്ടു കമ്പനി പുതുതായി രൂപവത്കരിക്കും
*ആര്‍.പി.എഫില്‍ 10 ശതമാനം സ്ത്രീ സംവരണം
*സ്ത്രീയാത്രക്കാരുടെ സംരക്ഷണത്തിന് കൂടുതല്‍ വനിതാ ആര്‍.പി.എഫുമാര്‍
*സ്ത്രീയാത്രക്കാര്‍ക്കായി കൂടുതല്‍ കോച്ചുകള്‍

കാലത്തിനൊത്ത് മുഖം മിനുക്കല്‍

* ഇന്റര്‍നെറ്റ് ബുക്കിങ് ദിവസത്തില്‍ 23 മണിക്കൂര്‍ രാത്രി 12.30 മുതല്‍ അര്‍ധരാത്രി 11.30 വരെ
*മൊബൈല്‍ ഫോണ്‍വഴി ഇ-ടിക്കറ്റ്
*ഒരു മിനിറ്റില്‍ 7200 ഇ-ടിക്കറ്റുകള്‍ നല്‍കാന്‍ ശേഷി ഉണ്ടാകും
*യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള വിവിധ സേവനങ്ങളെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കും
*ഒട്ടേറെ വണ്ടികളില്‍ വൈ ഫൈ സൗകര്യം.
*വണ്ടിയിലെ ശുചിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യാത്രയ്ക്കിടയില്‍ത്തന്നെ എസ്.എം.എസ്, ഫോണ്‍, ഇ-മെയില്‍ വഴി പരാതിപ്പെട്ട് ഉടന്‍ പരിഹാരം കാണാന്‍ പദ്ധതി തുടക്കം ചില വണ്ടികളില്‍ മാത്രം

യാത്രാനുഭൂതിക്കായി

*അനുഭൂതി കോച്ചുകള്‍: ശതാബ്ദി, രാജധാനി എക്‌സ്പ്രസ്സുകളിലെ സൗകര്യത്തോടുകൂടിയ ഒരു ബോഗി തിരഞ്ഞെടുത്ത വണ്ടികളില്‍ ഏര്‍പ്പെടുത്തും
*റിസര്‍വേഷന്‍ സ്ഥിതി എസ്.എം.എസ്. വഴി അറിയാനുള്ള പദ്ധതി
*റെയില്‍വേയില്‍ ഇക്കൊല്ലം 1.52 ലക്ഷം പുതിയ നിയമനം. 47,000 ഒഴിവുകള്‍ പിന്നാക്ക വിഭാഗക്കാര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കുമായി സംവരണം ചെയ്യും
*സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പ്രധാനസ്ഥലങ്ങളെ ബന്ധിപ്പിച്ച് പ്രത്യേക പഠന ടൂറിസ്റ്റ്‌വണ്ടി ആസാദ് എക്‌സ്പ്രസ് ആരംഭിക്കും. ഇതില്‍ യാത്രചെയ്യാന്‍ കുറഞ്ഞ ടിക്കറ്റ് നിരക്ക്
* ഭക്ഷണങ്ങളുടെ മേല്‍നോട്ടത്തിന് കേന്ദ്രീകൃത ടോള്‍ഫ്രീ നമ്പര്‍ 1800 111 321



ganangal