Mathrubhumi Logo
  railbudget2013

റായ്ബറേലി ബജറ്റെന്ന് -ബി.ജെ.പി.

Posted on: 27 Feb 2013

ന്യൂഡല്‍ഹി: റെയില്‍വേ ബജറ്റ് വിവേചനപരവും സാധാരണക്കാരുടെ ഭാരം വര്‍ധിപ്പിക്കുന്നതുമാണെന്ന് പ്രധാന പ്രതിപക്ഷമായ ബി.ജെ.പി. കുറ്റപ്പെടുത്തിയപ്പോള്‍ പ്രതീക്ഷ നല്‍കാത്തതെന്ന് സി.പി.എം. വിമര്‍ശിച്ചു.
യു.പി.എ.യ്ക്ക് പുറത്തുനിന്ന് പിന്തുണ നല്കുന്ന സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍സമാജ് പാര്‍ട്ടിയും ബജറ്റിനോടുള്ള എതിര്‍പ്പ് മറച്ചുവെച്ചില്ല. സാധാരണക്കാര്‍ക്ക് എതിരാണ് ബജറ്റെന്ന വാദവുമായി അവരും രംഗത്തുവന്നു.
സോണിയാ ഗാന്ധിയുടെ മണ്ഡലത്തിന് കൂടുതല്‍ ആനുകൂല്യം പ്രഖ്യാപിച്ച 'റായ്ബറേലി ബജറ്റ്' എന്നാണ് ബി.ജെ.പി. നേതാവ് ഗോപിനാഥ് മുണ്ടെ അഭിപ്രായപ്പെട്ടത്. ബജറ്റ് തയ്യാറാക്കുമ്പോള്‍ രാഷ്ട്രം മുഴുവനായും മന്ത്രിയുടെ മനസ്സിലുണ്ടായിരുന്നില്ല. എന്‍.ഡി.എ. ഭരിക്കുന്ന സംസ്ഥാനങ്ങളോട് വിവേചനം കാണിക്കുന്ന ബജറ്റ് അവയ്ക്കായി പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് മുണ്ടെ പറഞ്ഞു.
വിരസമായ ബജറ്റ് എന്ന് അഭിപ്രായപ്പെട്ട മുന്‍ ധനമന്ത്രിയും ബി.ജെ.പി. നേതാവുമായ യശ്വന്ത് സിന്‍ഹ, റെയില്‍വേയുടെ ഇന്നത്തെ പ്രതിസന്ധിക്ക് കാരണം പ്രധാനമന്ത്രിയാണെന്ന് കുറ്റപ്പെടുത്തി.പിന്‍വാതിലിലൂടെ നിരക്ക് ഉയര്‍ത്താനാണ് റെയില്‍മന്ത്രി ശ്രമിക്കുന്നതെന്ന് ബി.എസ്.പി. നേതാവ് മായാവതി പ്രതികരിച്ചു.
വിലക്കയറ്റത്തിന് കാരണമാകുന്ന ബജറ്റിലെ പദ്ധതികളോരോന്നും പണപ്പെരുപ്പമുയര്‍ത്തുമെന്ന് സി.പി.എം. നേതാവ് സീതാറാം യെച്ചൂരി ആരോപിച്ചു.




ganangal