Mathrubhumi Logo
  railbudget2013

ഭക്ഷ്യധാന്യം ഒഴികെയുള്ളവയുടെ കടത്തുകൂലി കൂടും

Posted on: 25 Feb 2013

ന്യൂഡല്‍ഹി: ഭക്ഷ്യധാന്യങ്ങള്‍ ഒഴിച്ചുള്ള ചരക്കുകളുടെ കടത്തുകൂലി റെയില്‍വേ ബജറ്റില്‍ കൂടും. പുതിയ തീവണ്ടികള്‍ക്ക് പുറമെ, സ്റ്റേഷനുകളുടെയും റെയില്‍വേ ഭൂമിയുടെയും വികസനവും കാറ്ററിങ് സംവിധാനം മെച്ചപ്പെടുത്തലും ചൊവ്വാഴ്ചത്തെ റെയില്‍വേ ബജറ്റില്‍ ഉണ്ടാകും. യാത്രാക്കൂലി വീണ്ടുംകൂട്ടുമോ എന്ന ചോദ്യത്തിനാണ് ഇനി ഉത്തരം ലഭിക്കേണ്ടത്.

ഡീസലിന്റെ വിലനിയന്ത്രണം എടുത്തുകളഞ്ഞ സാഹചര്യത്തില്‍, ജനവരിയില്‍ നടപ്പാക്കിയ വിലവര്‍ധനയുടെ ഗുണം റെയില്‍വേക്ക് പൂര്‍ണമായി ലഭിക്കില്ല. ഇത് കണക്കിലെടുത്ത് യാത്രക്കാരെ തൊടാതെത്തന്നെ പണം കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ക്കാണ് റെയില്‍വേമന്ത്രി മുന്‍ഗണന നല്‍കുന്നത്.

എന്നാല്‍, പ്രധാനമന്ത്രിയോടും ധനമന്ത്രിയോടും യാത്രാനിരക്ക് കൂട്ടുന്നകാര്യം റെയില്‍വേമന്ത്രി പി.കെ. ബന്‍സല്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായും ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. 21 ശതമാനം യാത്രാനിരക്ക് വര്‍ധനയില്‍നിന്ന് പ്രതീക്ഷിച്ച 6,600 കോടി രൂപയില്‍ പകുതിയോളം ഡീസലിന്റെ വിലവര്‍ധനകാരണം ഇല്ലാതാകുമെന്ന് മന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമെ ഉപ്പ്, ഉള്ളി, ഉരുളക്കിഴങ്ങ്, പഞ്ചസാര, വനസ്പതി, ശര്‍ക്കര, കാലിത്തീറ്റ തുടങ്ങിയവയുടെ കടത്തുകൂലി കൂട്ടില്ലെന്ന സൂചനയാണുള്ളത്. സിമന്‍റ്, ഇരുമ്പയിര്, കല്‍ക്കരി തുടങ്ങിയ വ്യവസായമേഖലയ്ക്ക് ആവശ്യമായ ചരക്കുകളുടെ കൂലി കൂട്ടിയേക്കും. കഴിഞ്ഞ മാര്‍ച്ചില്‍ ചരക്കുകൂലിയില്‍ 20 ശതമാനം വര്‍ധന വരുത്തിയിരുന്നു. റോഡ് മാര്‍ഗമുള്ള ചരക്കുകടത്തിനെക്കാള്‍ റെയില്‍വഴിയുള്ള കടത്ത് ആകര്‍ഷകമാക്കുന്നതിന് ചില നൂതന പദ്ധതികളും റെയില്‍വേ ബജറ്റില്‍ ഉണ്ടാകും.

കഴിഞ്ഞകൊല്ലം ചരക്കുകൂലി കൂട്ടിയെങ്കിലും ഇതില്‍ നിന്ന് പ്രതീക്ഷിച്ച 89,339 കോടി രൂപ റെയില്‍വേക്ക് ലഭിക്കില്ല. ഏപ്രില്‍ മുതലുള്ള കഴിഞ്ഞ പത്തുമാസത്തിനിടയില്‍ റെയില്‍വേക്ക് ആകെലഭിച്ചത് 70,067 കോടി രൂപ മാത്രമാണെന്ന് റെയില്‍വേവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. 1,025 ദശലക്ഷം ടണ്‍ ചരക്ക് കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

നൂറോളം പുതിയ തീവണ്ടികള്‍ക്കു പുറമേ, പുതിയ 4,200 കോച്ചുകള്‍ നിര്‍മിക്കാനുള്ള നിര്‍ദേശവും ഉണ്ടാവും. 16,000 പുതിയ വാഗണുകള്‍ നിര്‍മിക്കുന്നതിനുള്ള നിര്‍ദേശം ബജറ്റില്‍ പ്രതീക്ഷിക്കാം. 670 പുതിയ എന്‍ജിനുകള്‍ക്കുള്ള ശുപാര്‍ശയുമുണ്ട്.

യാത്രക്കാര്‍ക്ക് വൃത്തിയുള്ള കമ്പിളിയും ഷീറ്റും ലഭ്യമാക്കും. സ്റ്റേഷനുകളും കോച്ചുകളും മറ്റും വൃത്തിയായി സൂക്ഷിക്കുന്നതിന് നടപടികളുണ്ടാകും. 543 തീവണ്ടികളെ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. 'ഓണ്‍ ബോര്‍ഡ് ഹൗസ് കീപ്പിങ് സ്‌കീം' എന്ന പേരില്‍ ടോയ്‌ലറ്റുകളും കോച്ചുകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. കാഴ്ചയില്ലാത്തവരെ സഹായിക്കുന്നതിന് ബ്രെയിലി സ്റ്റിക്കറുകള്‍ തീവണ്ടിക്കുള്ളില്‍ പതിക്കുന്ന പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിക്കും.



ganangal