ഓണം കഴിഞ്ഞു - ഉറൂബ് എഴുതിയ കഥ
Posted on: 27 Sep 2012

''ഒറ്റയ്ക്കിരുന്നു മുഷിഞ്ഞു''
''എന്തു ചെയ്യാനാണ് അച്ഛാ? എനിക്കിവിടെ നില്‍ക്കാന്‍ പറ്റുമോ?''
''ഇല്ല. ഞാന്‍ നിന്റെ കൂടെ പോന്നാലോ?''
അപ്പു ഒന്നും പറഞ്ഞില്ല. ഭാര്യയാണ് ഉത്തരം പറഞ്ഞത്.
''അച്ഛന്‍ ഇതിലധികം വിഷമിക്കും. ഒരു ഫ്ലാറ്റില്‍ ഇടുങ്ങിക്കഴിഞ്ഞു കൂടുകയാണ് ഞങ്ങള്‍. ആകെ ഒരു ബെഡ്‌റൂം. ഒരു സിറ്റിങ് റൂം കൂടിയുണ്ട്. അച്ഛന് ശ്വാസം മുട്ടിപ്പോകും. വീട്ടിലാരുമുണ്ടാകില്ല. ഞങ്ങള്‍ കാലത്തു പോയാല്‍ തിരിച്ചു വരുന്നതു രാത്രി. കുട്ടികള്‍ കോണ്‍വെന്റിലാണ്...''.
വനജയ്ക്കും വിഷമമുണ്ട്. അവളുടെ ഭര്‍ത്താവിന് അടുത്ത് തന്നെ റൂര്‍ക്കലയില്‍ നിന്ന് മാറ്റമുണ്ടാകും. ഇനി എവിടേക്കാണെന്നറിയില്ല.
അച്ഛനെ കൊണ്ടുപോയാല്‍ അച്ഛനും ഞങ്ങളും വിഷമത്തിലാവും. വനജ തീര്‍ത്തു പറഞ്ഞു.
ശ്രീധരനോട് ചോദിക്കാനേ പറ്റില്ല. സന്ദര്‍ശനങ്ങളുടെ തിരക്കായിരുന്നു അയാള്‍ക്ക്. അല്ലെങ്കിലും അവന്റെ കൂടെ പോയിട്ടും കാര്യമില്ല. മാസത്തില്‍ ഇരുപത്തഞ്ച് ദിവസവും സര്‍ക്കീട്ടാണ്. കുടംബത്തോടെ പോകുമ്പോള്‍ ഒന്ന് പറയാന്‍ അവന്‍ മറന്നില്ല ''അച്ഛന് എന്തു വേണമെങ്കിലും എഴുതിയറിയിക്കാന്‍ മടിക്കരുത്.''
അച്ഛനു വേണ്ടത് ഇത്തിരി ജീവിതമാണ്. അത് ബാംഗ്ലൂര്‍ അങ്ങാടിയില്‍ വാങ്ങാന്‍ കിട്ടുമോ എന്നു ചോദിക്കണമെന്നു തോന്നി. പക്ഷേ, പറഞ്ഞതിങ്ങനെയാണ്.
''അറിയിക്കാം.''
തങ്ങളുടെ ധൃതിപിടിച്ച ജീവിതത്തിനിടയില്‍ കൊണ്ടുപോയിരുത്തി അച്ഛനെ കഷ്ടപ്പെടുത്തരുതെന്ന് എല്ലാ മക്കളും വിചാരിക്കുന്നു. നല്ല വിചാരം.
തന്റെ ഉദ്യോഗജീവിതത്തിലെ അനുഭവത്തെപ്പറ്റി അയാളോര്‍ത്തു. അന്നു മറിച്ചായിരുന്നു സ്ഥിതി. എന്നും വൃദ്ധരായ അച്ഛനും അമ്മയും കൂടെ ഉണ്ടായിരുന്നു. പതുക്കെപ്പതുക്കെ നീങ്ങുകയും സ്‌നേഹപൂര്‍വ്വം സംസാരിക്കുകയും ചെയ്തിരുന്ന അവര്‍ കുടുംബാന്തരീക്ഷത്തിന് എന്ത് പ്രശാന്തിയാണ് നല്‍കിയത്. നെറ്റി നിറയെ ചന്ദനം പൂശിയാലുള്ള സുഖം.