രാഹുല്‍ ദ്രാവിഡിനെപ്പോലെ മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല. മറ്റൊരാളെ ആ നിലയിലേക്ക് താരതമ്യപ്പെടുത്താനുമാവില്ല. ഇനി കളിക്കാനിറങ്ങുമ്പോഴൊക്കെ ദ്രാവിഡിനെ ക്രീസിലും ഡ്രസിങ് റൂമിലും എനിക്ക് 'മിസ്' ചെയ്യും. എന്റെ കരിയറിലെ ഒട്ടേറെ സുവര്‍ണമുഹൂര്‍ത്തങ്ങള്‍ ഞാന്‍ പങ്കുവെച്ചത് ദ്രാവിഡിനൊപ്പമാണ്. ഞങ്ങള്‍ പടുത്തുയര്‍ത്തിയ സെഞ്ച്വറി കൂട്ടുകെട്ടുകള്‍ ആ സൗഹൃദത്തിന്റെ അടയാളങ്ങളാണ്.
* സച്ചിന്‍ തെണ്ടുല്‍ക്കര്‍
ഇരുപതുവര്‍ഷമായി എനിക്കടുത്തറിയാവുന്ന സുഹൃത്താണ് ദ്രാവിഡ്. ക്രിക്കറ്റിനോടുള്ള ആവേശവും സമര്‍പ്പണവും സമന്വയിപ്പിച്ച കരിയറാണ് അദ്ദേഹത്തിന്റേത്. പ്രതിഭയും ദീര്‍ഘനേരം ക്ഷമാപൂര്‍വം പിടിച്ചുനില്‍ക്കാനുള്ള ഏകാഗ്രതയും വളരെക്കുറച്ചുപേര്‍ക്കുമാത്രം കിട്ടുന്ന അനുഗ്രഹമാണ്. ക്രിക്കറ്റിന്റെ ഏറ്റവും മികച്ച അംബാസഡര്‍ മാത്രമല്ല, കണ്ടു പഠിക്കേണ്ട വ്യക്തിത്വത്തിന് ഉടമയുമാണ് ദ്രാവിഡ്
* അനില്‍ കുംബ്ലെ
ഇന്ത്യന്‍ ക്രിക്കറ്റില്‍ മാറ്റത്തിന് സമയമായി എന്ന് സെലക്ടര്‍മാരെ ഓര്‍മിപ്പിക്കുന്നതാണ് ദ്രാവിഡിന്റെ പ്രഖ്യാപനം. ദ്രാവിഡ് ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞപ്പോള്‍ത്തന്നെ വിരമിക്കേണ്ടതായിരുന്നു. ഏതുവിധത്തിലായാലും ഇത് ശരിയായ തീരുമാനം തന്നെയാണ്. ഇന്ത്യന്‍ ടീം അടുത്ത തലമുറയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ദ്രാവിഡ് ക്രീസിലെത്തിയത്. പോകുന്നത് മാറ്റത്തിന്റെ അടുത്തഘട്ടത്തിലും
* സൗരവ് ഗാംഗുലി
പകരംവെക്കാനാവാത്ത ക്രിക്കറ്ററാണ് രാഹുല്‍ ദ്രാവിഡ്. ഇന്ത്യ ജന്മം നല്‍കിയ ഏറ്റവും മികച്ച ക്രിക്കറ്ററെയാണ് നമുക്ക് നഷ്ടമാകുന്നത്. ദ്രാവിഡ് ഒരു കളിക്കാരന്‍ മാത്രമായിരുന്നില്ല. യുവതലമുറയ്ക്ക് മാതൃക കൂടിയായിരുന്നു. മികച്ചരീതിയില്‍ കളിച്ചുകൊണ്ടിരിക്കെ പടിയിറങ്ങുന്നത് എളുപ്പമുള്ള കാര്യമല്ല. ഇന്ത്യന്‍ ക്രിക്കറ്റിന് ഇതൊരു നിരാശാജനകമായ ദിവസമാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് ദ്രാവിഡ് നല്‍കിയ എല്ലാ സേവനങ്ങള്‍ക്കും നന്ദി
*എന്‍. ശ്രീനിവാസന്‍