ദുഃഖമുണ്ട്, ഒപ്പം അഭിമാനവും
സ്‌പോര്‍ട്‌സ് ലേഖകന്‍ Posted on: 10 Mar 2012

ബാംഗ്ലൂര്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആമുഖങ്ങളും മുഖവുരയുമില്ലാതെ രാഹുല്‍ ദ്രാവിഡ് ഇത് പറയുമ്പോള്‍, ഒന്നര പതിറ്റാണ്ടിലേറെക്കാലം ലോകം നമിച്ച പ്രതിഭയുടെ പടിയിറങ്ങലായി അത്. സാങ്കേതികത്തികവിലും ശൈലിയിലും തന്റെ തലമുറയിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിലൊരാളായി നിന്ന രാഹുല്‍ ദ്രാവിഡിന്റെ മുഖത്ത് വിരമിക്കല്‍ പ്രഖ്യാപനത്തിലും നിറഞ്ഞുനിന്നത് ക്രീസില്‍ എക്കാലത്തും പ്രദര്‍ശിപ്പിച്ച അക്ഷോഭ്യത തന്നെ
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടീമിനും സീനിയര്‍ താരങ്ങള്‍ക്കും നേരിട്ട തിരിച്ചടിയല്ല വിരമിക്കല്‍ തീരുമാനത്തിന് പിന്നിലെന്ന് ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയ ദ്രാവിഡ്, തന്റെ വികാരങ്ങള്‍ പങ്കുവെച്ചതിങ്ങനെ. ദുഃഖമുണ്ട്, എന്നാല്‍ അഭിമാനത്തോടെ പടിയിറങ്ങുന്നു. ഐ.പി.എല്‍. അഞ്ചാം സീസണിനുശേഷം ജൂണില്‍ ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്നും ദ്രാവിഡ് പറഞ്ഞു.
ദ്രാവിഡിന്റെ വിരമിക്കല്‍ പ്രസംഗം ദീര്‍ഘകാലത്തെ കരിയറിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കുമുള്ള സമര്‍പ്പണം കൂടിയായിരുന്നു. എല്ലാ കുട്ടികളെയും പോലെ ദേശീയടീമില്‍ കളിക്കുകയെന്നത് ഒരു കാലത്തു സ്വപ്നമായിരുന്നു. സ്വപ്നം പൂവണിയുമെന്നോ ഇത്രയും കാലം രാജ്യത്തിനുവേണ്ടി കളിക്കാന്‍ കഴിയുമെന്നോ കരുതിയിരുന്നില്ല. സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കിയത് ഒറ്റയ്ക്കല്ല. ഒരു പാടു പേര്‍ സഹായിച്ചിട്ടുണ്ട്. ബാംഗ്ലൂരിലെ ജൂനിയര്‍ ക്യാമ്പുകളില്‍ എന്നിലെ ക്രിക്കറ്ററെ കണ്ടെത്തിയ പരിശീലകര്‍ മുതല്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകര്‍ വരെ. ഈ പ്രായത്തിലും ശാരീരികക്ഷമത നിലനിര്‍ത്തി ടീം ഇന്ത്യയുടെ ഭാഗമാകന്‍ സഹായിച്ച ഫിസിയോമാര്‍, ട്രെയിനര്‍മാര്‍. എന്നില്‍ എന്നേക്കാള്‍ വിശ്വാസമര്‍പ്പിച്ച ടീമിന്റെ ഭാഗമായി നിലനിര്‍ത്തിയ സെലക്ടര്‍മാര്‍, ക്യാപ്റ്റന്മാര്‍, കളിക്കാനായി വേദികള്‍ ഒരുക്കി ത്തന്ന കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍, ബി.സി.സി.ഐ. അങ്ങനെ ഓരോരുത്തരോടും ദ്രാവിഡ് കടപ്പാട് രേഖപ്പെടുത്തി.
ഐ.പി.എല്ലിനുശേഷം ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്ന് പറഞ്ഞ ദ്രാവിഡ്, വീട്ടില്‍ കൂടുതല്‍ സമയം ചെലവിടുകയാണ് ഇനിയുള്ള ലക്ഷ്യമെന്നും സൂചിപ്പിച്ചു. ''ചെറിയ ഒരു കുടുംബത്തിന്റെ നായകന്‍ കൂടിയാണ്. അവരോടൊപ്പം കുറച്ചു കാലം ചെലവഴിക്കണം. സമിത്തിനെയും അന്‍വെയെയും സ്‌കൂളില്‍ കൊണ്ടാക്കണം. സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി കുടുംബത്തിന് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങണം. കഴിഞ്ഞ ഇരുപതു വര്‍ഷത്തെ ദിനചര്യയില്‍ വ്യത്യാസം വരുന്നതിനോട് പൊരുത്തപ്പെടാന്‍ തയ്യാറെടുക്കുകയാണ്. പരിശീലനവും ക്രിക്കറ്റ അക്കാദമിയുമായി ആരംഭിച്ച പ്രഭാതങ്ങള്‍ക്ക് ഇനി വിട''.