ഒരേയൊരു ദ്രാവിഡ്
Posted on: 10 Mar 2012

ബാംഗ്ലൂര്‍: എന്തിനെയും ക്ഷമയോടെ നേരിടാനുള്ള കഴിവ്. അധ്വാനിച്ചാല്‍ എന്തും നേടാമെന്ന ആത്മവിശ്വാസം. ക്രിക്കറ്റ് ഗെയിമിനെ ആനന്ദമായി മനസ്സാല്‍വരിച്ച ദ്രാവിഡ് ഉയരങ്ങള്‍ കീഴടക്കിയത് വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ടുള്ള കഠിനാധ്വാനത്തിലൂടെയായിരുന്നു. സഹജീവികളോടുള്ള സ്‌നേഹവും പ്രതിബദ്ധതയും എല്ലാവരുടെയും ആദരം പിടിച്ചുപറ്റുന്ന കളിക്കാരനാക്കി അദ്ദേഹത്തെ മാറ്റി. ഒപ്പം വിശാലമായ കാഴ്ചപ്പാടുമുണ്ടായിരുന്നു.
സ്വന്തം ടീമംഗങ്ങള്‍ മാത്രമല്ല എതിര്‍ ടീമിലുള്ളവരും ദ്രാവിഡിന്റെ ചങ്ങാതിമാരായിരുന്നു. പോരായ്മകള്‍ തിരിച്ചറിഞ്ഞ് നിശ്ചയദാര്‍ഢ്യത്തോടെ പരിശീലനം ചെയ്ത അദ്ദേഹത്തിന് പ്രതിസന്ധികളില്‍ പതറാതെ നിലയുറപ്പിക്കാനായി. വിദേശ പിച്ചുകളില്‍ ഫാസ്റ്റ്ബൗളര്‍മാരെ ക്ഷമയോടെ എതിരിടാന്‍ രാഹുലിനു കഴിഞ്ഞു. ബൗളര്‍മാരുടെ വീര്യംകെടുത്തി റണ്‍ വാരാനായതോടെ വിദേശത്ത് ഏറ്റവും മികച്ച റെക്കോഡുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാനായി മാറുകയും ചെയ്തു.
ദ്രാവിഡിനെക്കാള്‍ ടെസ്റ്റ് കളിച്ചിട്ടുള്ള കളിക്കാര്‍ ഏറെയുണ്ട്. എന്നാല്‍ ടെസ്റ്റില്‍ ഏറ്റവുമധികം പന്ത് നേരിട്ടതിന്റെ റെക്കോഡ് ദ്രാവിഡിന്റെ പേരിലാണ് -31,258 പന്തുകള്‍. മറ്റൊരു ബാറ്റ്‌സ്മാനും 29,000ലധികം ടെസ്റ്റ് പന്തുകള്‍ നേരിടാനായിട്ടില്ല. ദ്രാവിഡിനെക്കാള്‍ പ്രതിഭയും ആക്രമണോത്സുകതയുമുള്ള ധാരാളം കളിക്കാരുണ്ട്. എന്നാല്‍, പ്രതിഭാസ്പര്‍ശത്തിന്റെ പോരായ്മകള്‍ കഠിനാധ്വാനംകൊണ്ടും ആത്മസമര്‍പ്പണംകൊണ്ടും മറികടക്കാമെന്ന് സ്വന്തം കരിയറിലൂടെ തെളിയിക്കാന്‍ ഈ കര്‍ണാടകക്കാരന് കഴിഞ്ഞു. ടെസ്റ്റില്‍ നിര്‍ണായക സ്ഥാനക്രമമായ മൂന്നാം നമ്പറില്‍ 53 റണ്‍സ് ശരാശരിയില്‍ പതിനായിരത്തിലേറെ റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. ക്ഷമാപൂര്‍വം നിന്ന് വമ്പന്‍ കൂട്ടുകെട്ടുകളിലൂടെ ടീമിനെ കരകയറ്റാന്‍ നിരവധി സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 88 സെഞ്ച്വറി കൂട്ടുകെട്ടുകളും 126 അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുകളും ഇതില്‍പെടും. ലോര്‍ഡ്‌സില്‍ 95 റണ്‍സ് നേടി അരങ്ങേറ്റം കുറിച്ച്, ഒന്നരപ്പതിറ്റാണ്ടിനുശേഷം ക്രിക്കറ്റിന്റെ ചെങ്കോലും കിരീടവും അഴിച്ചുവെക്കുമ്പോള്‍ ടെസ്റ്റ് റണ്‍ നേട്ടക്കാരുടെ പട്ടികയില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് തൊട്ടുപിന്നിലെത്താന്‍ സാധിച്ചത് ഗെയിമിനുവേണ്ടി സ്വയം സമര്‍പ്പിച്ചതുകൊണ്ടാണ്. ടെസ്റ്റ് ക്രിക്കറ്ററെന്ന പേരിലാണ് ദ്രാവിഡ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയതെങ്കിലും ഏകദിനത്തിലും അദ്ദേഹത്തിന്റെ പ്രകടനം ഒട്ടുമോശമായിരുന്നില്ല. 2008-ല്‍ തീര്‍ന്നുവെന്ന് പറയാവുന്ന ഏകദിന കരിയറിലും പതിനായിരത്തിലേറെ (10,889) റണ്‍സ് അദ്ദേഹം നേടി.
വിദേശത്ത് ഏറ്റവും മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ ബാറ്റ്‌സ്മാനായ ദ്രാവിഡ് തന്റെ കന്നി സെഞ്ച്വറി കുറിച്ചതും വിദേശ മണ്ണില്‍ തന്നെ -ജൊഹാനസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കക്കെതിരായ 148. പിന്നീട് 35 വട്ടം ആ ബാറ്റില്‍ നിന്നും സെഞ്ച്വറികള്‍ പിറന്നു. കഴിഞ്ഞവര്‍ഷത്തെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ഒന്നടങ്കം മുട്ടുമടക്കിയപ്പോള്‍ നാലു ടെസ്റ്റില്‍ മൂന്നു സെഞ്ച്വറി നേടി ദ്രാവിഡ് വേറിട്ടുനിന്നു. ഇന്ത്യക്കാരന്‍ വിദേശത്ത് നേടിയ റണ്ണുകളില്‍ ഏറ്റവും കൂടുതല്‍ ടീമിന്റെ വിജയത്തിനായി ഉപയോഗപ്പെട്ടത് ദ്രാവിഡിന്റേതാണ്. 5131 റണ്‍സ് വിദേശത്ത് നേടിയതില്‍ 1577-ഉം ഇന്ത്യന്‍ വിജയത്തിലേക്ക് മുതല്‍ക്കൂട്ടായി. സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഏറ്റവുമധികം വിദേശ റണ്‍ (5594) നേടിയ താരമെങ്കിലും ഇതില്‍ 1219 റണ്‍സ് മാത്രമേ വിജയത്തിന് ഉപകരിച്ചുള്ളൂ. ടെസ്റ്റ് കരിയറില്‍ ദ്രാവിഡ് 11 വട്ടം മാന്‍ ഓഫ് ദ മാച്ച് പട്ടം കരസ്ഥമാക്കിയതില്‍ എട്ടും വിദേശത്തായിരുന്നു. ഇതില്‍ അഞ്ചെണ്ണം ടീം ജയിച്ചപ്പോള്‍ കിട്ടിയവയാണ്. ഇത്തവണത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടീം ഉറ്റുനോക്കിയത് ദ്രാവിഡിനെയാണെങ്കിലും നിരാശപ്പെടുത്തി.
ഉയര്‍ച്ചകളും താഴ്ചകളും നിറഞ്ഞതാണ് ദ്രാവിഡിന്റെ കരിയര്‍. ആദ്യത്തെ 10 പരമ്പരകളില്‍ ഏഴെണ്ണത്തില്‍ ശരാശരി 40 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്തു. ഒമ്പത് സെഞ്ച്വറികളും 24 അര്‍ധശതകങ്ങളും ഇതില്‍പെടും. 2002-2006 ആണ് സമ്പന്നമായ കാലഘട്ടം. 16 പരമ്പരകള്‍ ഈ സമയത്ത് കളിച്ചു. 13 എണ്ണത്തില്‍ ശരാശരി 49 റണ്‍സിന് മുകളില്‍ നേടി. ഇതില്‍ ശരാശരി 75 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്ത ഒമ്പത് പരമ്പരകളും പെടും. 14 സെഞ്ച്വറികളും 22 അര്‍ധശതകങ്ങളും ഈ സമയത്ത് അടിച്ചുകൂട്ടി. വിദേശത്ത് കളി ജയിക്കാനാവുമെന്ന് ഇന്ത്യ തെളിയിച്ച കാലഘട്ടമാണിത്. ദ്രാവിഡിന്റെ ബാറ്റിങ് കരുത്ത് ടീമിന്റെ പല വിജയങ്ങളിലും നിര്‍ണായകമായി. 2006-08 ആണ് കരിയറിലെ മോശം കാലം. ഫോം നഷ്ടപ്പെട്ട ദ്രാവിഡിനെ ടീമില്‍ നിന്ന് പുറത്താക്കണമെന്ന് മുറവിളിയുയര്‍ന്നു. തന്നേപ്പറ്റിയുയര്‍ന്ന ആക്ഷേപങ്ങള്‍ക്ക് ചെവികൊടുക്കാതെ സ്വന്തം ഗെയിം മെച്ചപ്പെടുത്താന്‍ ദ്രാവിഡ് തീവ്രമായി ശ്രമിച്ചു. അതിന് ഫലവുമുണ്ടായി. 2009ന് ശേഷം 10 സെഞ്ച്വറിയും 10 അര്‍ധസെഞ്ച്വറിയും അദ്ദേഹം നേടി.