അസന്ദിഗ്ധമായ കാല്‍വെയ്പുകള്‍
കെ.എം.സുധീര്‍ Posted on: 09 Mar 2012

അസന്ദിഗ്ധമായ കാല്‍വെയ്പുകളാണ് രാഹുല്‍ ദ്രാവിഡ് എന്ന ക്രിക്കറ്ററെ 'മാര്‍ക്ക്' ചെയ്ത് വേര്‍തിരിച്ചു നിര്‍ത്തുന്ന ഘടകം. 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോര്‍ഡ്‌സിലെ ഹാഫ് ഡോര്‍ തുറന്ന് മൈതാനത്തേക്ക് നടന്നുവന്ന ഇരുപത്തിമൂന്നു വയസ്സുകാരനില്‍ അന്ന് നാം കണ്ടതൊക്കെ ഇന്നും അതേ പടി നിലനില്‍ക്കുന്നുണ്ട്. പക്വതയും നിശ്ചിതത്വവുമൊക്കെ കാലം കൊണ്ട് പ്രൗഢവും ദീപ്തവുമായിട്ടുണ്ടാകാം എന്നല്ലാതെ ഒന്നിനും ഒരു കുറവും സംഭവിച്ചിട്ടില്ല. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രം എന്ന പരിമിതവൃത്തത്തിനകത്ത് ഒതുങ്ങാത്ത ഒരു മഹദ് അധ്യായമാണ് രാഹുല്‍ ദ്രാവിഡിന്റെ ക്രിക്കറ്റ് ജീവിതം. അത്യധ്വാനത്തിന്റെയും അര്‍പ്പണമനോഭാവത്തിന്റെയും ആത്മാര്‍ഥതയുടെയും അനുകരണീയമായ മിശ്രണം. സച്ചിന്‍ തെണ്ടുല്‍കര്‍ ചൂണ്ടിക്കാട്ടിയതു പോലെ, ഇതുപോലൊന്ന് മറ്റൊരിടത്ത് കാണാനാവില്ല, തീര്‍ച്ച.
ബെംഗലൂരുവിലെ സെന്റ് ജോസഫ് സ്‌കൂള്‍ മൈതാനത്തും മല്ലേശ്വരത്തെ ചെറു മൈതാനങ്ങളിലും നിറഞ്ഞാടിയ ബാല്യത്തിന്റെ കഥകള്‍ അക്കാലത്തെ ഡെക്കണ്‍ ഹെറാള്‍ഡ് പത്രത്തിന്റെ സ്‌പോര്‍ട്‌സ് പേജുകള്‍ പരിശോധിക്കുന്നവര്‍ക്ക് ഇന്നും കാണാന്‍ സാധിക്കും. കുലനാമത്തിന്റെ പ്രത്യേകത കൊണ്ടാണ് പലരും ആ പേര് ആദ്യം ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പിന്നീടത് അവഗണിക്കാനാവാത്ത സാന്നിധ്യമായി. ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ഒരു വ്യക്തിത്വമായി അത് വളര്‍ന്ന് വലുതാകുന്നത് അത്ഭുതാദരങ്ങളോടെ നോക്കിക്കാണാനേ പിന്നീടങ്ങോട്ട് സാധിച്ചിട്ടുള്ളൂ.

നാളെ ഉച്ചക്ക് ഒരു പത്രസമ്മേളനം നടത്തുന്നു എന്ന ദ്രാവിഡിന്റെ പ്രസ്താവനയില്‍ അന്തസ്സ് മുഖമുദ്രയാക്കിയ ഒരു കായികതാരത്തിന്റെ ദൃഢചിത്തതയുണ്ടായിരുന്നു. അതിനേക്കാളേറെ സുദീര്‍ഘമായ മറ്റൊരു ഇന്നിങ്‌സ് ആരംഭിക്കാന്‍ പോകുന്നതിന്റെ മുന്നൊരുക്കമാണ് അതെന്ന് മനസ്സിലാക്കുവാന്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ അവരാരും ദ്രാവിഡ് എന്ന ക്രിക്കറ്ററെയോ വ്യക്തിയെയോ അറിഞ്ഞിട്ടില്ല എന്നുവേണം കരുതാന്‍. തീര്‍ച്ചയായും വ്യസനകരമായ ചുറ്റുപാടുകളിലാണ് ഈ വിരമിക്കല്‍ തീരുമാനം എടുക്കാന്‍ രാഹുല്‍ നിര്‍ബന്ധിതനായത്. അതില്‍ വിഷമിച്ചതുകൊണ്ടോ കെട്ടിയിട്ട കുറ്റിയ്ക്കു ചുറ്റും കുറച്ചുകാലം കൂടി തിരിഞ്ഞതു കൊണ്ടോ നഷ്ടങ്ങള്‍ നികത്താനാവില്ല എന്ന ബോധ്യമാണ് ഈ തീരുമാനത്തെ വേഗത്തിലാക്കിയത്. സമയത്തെപ്പറ്റിയുള്ള സ്പഷ്ടമായ ബോധ്യമാണ് ഒരു ബാറ്റ്‌സ്മാന്റെ നിലനില്‍പിന്റെ അടിസ്ഥാനം. ആ സമയബോധം തന്നെയാണ് ഇനിയങ്ങോട്ട് തുടര്‍ന്ന് പോകുന്നതില്‍ അര്‍ഥമില്ല എന്ന ഉറച്ച തീരുമാനത്തിലേക്ക് ദ്രാവിഡിനെ നയിച്ചതും. ഇനിയും തുടരുകയാണെങ്കില്‍ അത് വ്യര്‍ഥമായ ഒരു യാത്രയായിരിക്കും എന്ന് ഒരു മാധ്യമപ്രവര്‍ത്തകനോട് സ്വകാര്യമായിട്ട് അദ്ദേഹം മനസ്സ് തുറന്നിരുന്നു.

ഒരു അളവുകോലിനും പിടി തരാത്ത ഒരു ക്രിക്കറ്ററായിരുന്നു രാഹുല്‍ ദ്രാവിഡ്. പ്രതിഭയുടെ മാനദണ്ഡം ഉപയോഗിച്ച് പരിശോധിച്ചാല്‍ വെറുമൊരു സാധാരണ ബാറ്റ്‌സ്മാന്‍. പട്ടുപോലെ മൃദുലമായ ഡ്രൈവുകളോ കരുത്തുറ്റ ഷോട്ടുകളോ ഒന്നും ദ്രാവിഡിന്റെ ബാറ്റിന്റെ വഴികളായിരുന്നില്ല. ആകര്‍ഷണീയതയേക്കാള്‍ ഫലപ്രാപ്തിക്ക് മുന്‍തൂക്കം കൊടുക്കുമ്പോഴും 'ക്ലാസ്' എന്ന് പൊതുവില്‍ അറിയപ്പെടുന്ന വിശിഷ്ടശൈലി ധാരാളമായിട്ട് പ്രകടിപ്പിച്ചിരുന്ന ബാറ്റ്‌സ്മാന്‍ തന്നെയായിരുന്നു ദ്രാവിഡ്. ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്‌ട്രോക്കുകളില്‍ ഒന്നായിട്ട് ഗണിക്കപ്പെടുന്ന ഓണ്‍-ഡ്രൈവുകളില്‍ ദ്രാവിഡിനുണ്ടായിരുന്ന ആധിപത്യം തെണ്ടുല്‍കര്‍ക്ക് പോലും മാതൃകയാക്കാവുന്നതായിരുന്നു. മികതും സൂക്ഷ്മതയുമൊക്കെ കൈമോശം വന്നുതുടങ്ങിയ അവസാന ഇന്നിങ്‌സുകളില്‍പ്പോലും അതിന്റെ നിഴലുകള്‍ ധാരാളമായിട്ട് കാണാനുണ്ടായിരുന്നു.

ഒരു ബാറ്റ്‌സ്മാന്‍ എന്നതിനേക്കാള്‍ ദ്രാവിഡ് ലോകത്തെ അത്ഭുതപ്പെടുത്തിയത് ഒരു ഫീല്‍ഡര്‍ എന്ന നിലയിലാണ്. കുറച്ചുകൂടി കൃത്യമായിട്ട് പറഞ്ഞാല്‍ ഒരു 'ക്യാച്ചര്‍' എന്ന നിലയില്‍. ടെലിവിഷന്‍ യുഗത്തില്‍ നാം കണ്ട ഏറ്റവും മികച്ച സ്ലിപ്പ് ഫീല്‍ഡര്‍മാരായ മാര്‍ക്ക് ടെയ്‌ലറെയും മാര്‍ക് വോയെയും ബ്രയന്‍ മെക്മില്ലനെയുമൊക്കെ പിന്തള്ളുന്ന ഒരു പ്രത്യേകതയും രാഹുലിന്റെ കാര്യത്തില്‍ കാണാന്‍ സാധിക്കുകയില്ല. മറിച്ച്, അവരുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവുകള്‍ ദ്രാവിഡിനാണ് ഏറെ കൂടുതലും. എന്നിട്ടും ഇവരെയൊക്കെ കടത്തിവെട്ടുന്ന വിധത്തിലേക്ക് ദ്രാവിഡ് എന്ന ഫീല്‍ഡര്‍ വളര്‍ന്നത് ബാറ്റ്‌സ്മാന്‍ എന്ന നിലയിലുള്ള ദ്രാവിഡിന്റെ പദവിയുടെ ഒരു തുടര്‍ച്ച പോലെയാണ്.
ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാന്മാരുടെ പല മികച്ച പ്രകടനങ്ങളുടെയും ആധാരം രാഹുല്‍ ദ്രാവിഡിന്റെ സാന്നിധ്യമായിരുന്നു. ഒരുപക്ഷേ, വീരെന്ദര്‍ സെവാഗ് എന്ന ഒരു ടെസ്റ്റ് ഓപ്പണിംഗ് ബാറ്റ്‌സ്മാനെ ഇന്ത്യക്ക് ലഭിച്ചതില്‍ പോലും രാഹുല്‍ ദ്രാവിഡ് എന്ന മൂന്നാമന്റെ അദൃശ്യ സാന്നിധ്യമുണ്ട്. 'ഡ്രോപ്പിംഗ് ആങ്കര്‍' (അിരവീൃ) എന്നണ് ദ്രാവിഡിനെപ്പോലുള്ളവരുടെ ബാറ്റിംഗ് ശൈലി വിശേഷിപ്പിക്കപ്പെടുന്നത്. ഫലത്തില്‍ ഇത് ഡ്രോപ്പിംഗ് ആംഗെര്‍ (അിഴലൃ)-കോപതാപങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള നിലനില്‍പു തന്നെയല്ലേ എന്ന് ദ്രാവിഡിന്റെ ഇന്നിങ്‌സുകളിലൂടെ കടന്നു പോകുമ്പോള്‍ തോന്നിപ്പോകും. നിസ്സംഗമായ നിലപാടുകളാണ് രാഹുല്‍ ദ്രാവിഡിന്റെ ഇന്നിങ്‌സുകളെ മുമ്പോട്ട് നയിച്ചത്. അസഹിഷ്ണുതകള്‍ പ്രകടമായിരുന്നത് പിഴവുകളിലൂടെ പുറത്താകുമ്പോള്‍ മാത്രമായിരുന്നു. ദൗര്‍ഭാഗ്യങ്ങളെപ്പോലും ദ്രാവിഡ് ഒരിക്കലും പഴിച്ച ഓര്‍മ്മയില്ല.

ഇത്രയേറെ പ്രത്യക്ഷ വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാകേണ്ടി വന്നിട്ടുള്ള മറ്റൊരു ക്രിക്കറ്റര്‍ ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ത്തന്നെയുണ്ടോ എന്ന് സംശയമാണ്. പതിമൂവ്വായിരത്തിലേറെ ടെസ്റ്റ് റണ്ണുകളുള്ള, തെണ്ടുല്‍കര്‍ എന്ന മഹാ സാന്നിധ്യമുള്ളതുകൊണ്ട് മാത്രം രണ്ടാം സ്ഥാനത്തേക്ക് മാറിയിരിക്കേണ്ടി വന്ന ഒരു ബാറ്റ്‌സ്മാന്‍ ഏകദിനക്രിക്കറ്റില്‍ ഒരു അധികപ്പറ്റാണെന്ന് വിധിയെഴുതിയ സമൂഹമാണ് നമ്മുടേത്. പതിനായിരത്തിലധികം റണ്ണുകള്‍ക്ക് പ്രാപ്തനായിരുന്നിട്ട് പോലും അത് തെളിയിക്കാന്‍ നിരവധി തവണ ഇന്ത്യയുടെ ക്രിക്കറ്റ് സമൂഹം ദ്രാവിഡിനോട് ആവശ്യപ്പെട്ടു. വിക്കറ്റ്-കീപ്പറാവാന്‍ നിര്‍ബന്ധിക്കപ്പെട്ടതും ഏറ്റെടുത്ത് സ്‌പെഷ്യലിസ്റ്റുകളെപ്പോലും പിന്നിലാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചതുമൊക്കെ ഒരുപാട് പറഞ്ഞു തേഞ്ഞ കാര്യങ്ങള്‍ മാത്രം. അതൊന്നും ആ യന്ത്രത്തിന്റെ ആവിശക്തിയെ ഒരുതരത്തിലും ബാധിച്ചതേയില്ല.

മികച്ചൊരു ഇന്നിങ്‌സ് കളിച്ച് ടീമിനെ വിജയിപ്പിച്ച് മതിയാക്കാന്‍ സാധിക്കുക എന്നത് ഏതൊരു ബാറ്റ്‌സ്മാന്റെയും അഭിലാഷം തന്നെയാവും. മികച്ച ഒരു തുടക്കത്തേക്കാള്‍ അവര്‍ക്ക് സംതൃപ്തി നല്‍കുക അവിസ്മരണീയമായ ഒരു വിടവാങ്ങലായിരിക്കാം. ആ അര്‍ഥത്തില്‍ തുടക്കം പോലെ നിറമുള്ള ഓര്‍മ്മകളല്ല ദ്രാവിഡിന്റെ അവസാനത്തെ ഇന്നിങ്‌സിനെ ചുറ്റിപ്പറ്റി ഉള്ളത്. അതിനെയൊക്കെ നിസ്സാരമാക്കി മാറ്റി നിര്‍ത്താവുന്ന മഹത്വമുള്ള ഒരു ക്രിക്കറ്റ് കരിയറായിരുന്നു രാഹുല്‍ ദ്രാവിഡിന്‍േറത്.
രാഹുല്‍, നിങ്ങള്‍ തന്നതൊന്നും വിലയിരുത്താനുള്ള പാടവം ഞങ്ങള്‍ക്കില്ല. പക്ഷേ, അതിന്റെ വില മനസ്സിലാക്കാനുള്ള വലിപ്പം ഞങ്ങളുടെ മനസ്സുകള്‍ക്കുണ്ട്. അതിന്റെ 'ഹാള്‍ ഓഫ് ഫെയി'മില്‍ ഞങ്ങള്‍ താങ്കളുടെ ചിത്രം ചില്ലിട്ട് സൂക്ഷിക്കും. ഓര്‍മ്മകള്‍ നിലനില്‍ക്കുവോളം.