'കൂലിവേലക്കാരനായ' ഐക്കണ്‍
കെ വിശ്വനാഥ് Posted on: 09 Mar 2012

സാമാന്യ യുക്തിക്ക് അപ്പുറത്ത് താത്വികമായി വിലയിരുത്തപ്പെടേണ്ട ഒരു ഗെയിം ആണ് ടെസ്റ്റ് ക്രിക്കറ്റ്. അഞ്ചു ദിവസം നീളുന്ന കളി. എന്നാലും രണ്ടിലേതെങ്കിലും ഒരു ടീമിന് വിജയമുണ്ടാവുമെന്ന് ഉറപ്പിക്കാനാവില്ല. മണ്ണിലിറങ്ങുമ്പോളും തൂവെള്ള വസ്ത്രം. കൂട്ടുകാര്‍ പവലിയനിലിരിക്കെ രണ്ടു പേര്‍ മാത്രം ബാറ്റുമായി കളത്തിലിറങ്ങുന്നു... അങ്ങനെ നോക്കുമ്പോള്‍ പ്രായോഗിക തലത്തില്‍ ഇത് ഒരു കളിയേ അല്ലാതെയായി മാറുന്നു. ലോകത്ത് നിലവിലുള്ള മറ്റേതെങ്കിലും വിനോദോപാധി(കായിക, കലാ രൂപവു)മായി ഇതിനെ താരതമ്യം ചെയ്യാമെങ്കില്‍ അത് നമ്മുടെ കഥകളിയുമായി മാത്രമാവും. കഥകളിയെ പോലെ മനുഷ്യ ജീവിതങ്ങളുടെ വിസ്തരിച്ചുള്ള മറുകാഴ്ച്ചയായി ടെസ്റ്റ് ക്രിക്കറ്റിനെ ആസ്വദിക്കാം. ഇവിടെ നായകന്‍ ബാറ്റ്‌സ്മാനാണ്. പ്രതികൂല സാഹചര്യത്തില്‍ വലിയൊരു സംഘം ശത്രുക്കള്‍ക്കിടയില്‍ പെട്ടുപോയ മനുഷ്യന്‍. അതിജീവനത്തിനു വേണ്ടിയുള്ള അവന്റെ തത്രപ്പാടുകള്‍, ഉഴച്ചിലുകള്‍. ശത്രുക്കള്‍ ഒരുക്കുന്ന പ്രലോഭനങ്ങളില്‍ പെട്ടുപൊകാതെ കലി തീണ്ടാതെ അല്ലെങ്കില്‍ തീണ്ടിയ കലിയെ കീഴ്‌പ്പെടുത്തി വേണം അവന് ലക്ഷ്യത്തിലെത്താന്‍.
ഇത് ടെസ്റ്റ് മാച്ചുകളുടെ കാര്യം മാത്രമാണ്. നിയന്ത്രിത ഓവര്‍ മല്‍സരങ്ങളുടെ കാര്യം മറിച്ചാണ്. അവിടെ ബാറ്റ്‌സ്മാന്‍രെ റോള്‍ ഇരയില്‍ നിന്ന് വേട്ടക്കാരനിലേക്ക് മാറുന്നുണ്ട്. ബൗളര്‍മാരെ അസ്ത പ്രജ്ഞരാക്കി അവന്‍ റണ്ണടിച്ചുകൂട്ടുന്നു. അങ്ങനെ നോക്കുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിലും നിയന്ത്രിത ഓവര്‍ മാച്ചുകളിലും ബാറ്റ്‌സ്മാന്റെ മഹത്വത്തിന്റെ അളവുകോല്‍ ഭിന്നമാണെന്നു കാണാം. ടെസ്റ്റില്‍ ബൗണ്ടറിക്കപ്പുറത്തേക്ക് അടിച്ചു പറത്തിയ പന്തുകളേക്കാള്‍ ബുദ്ധിപൂര്‍വം കളിക്കാതെ ഒഴിഞ്ഞ(well Left) പന്തുകളാവും ബാറ്റ്‌സ്മാന്റെ മഹത്വം നിശ്ചയിക്കുന്നത്. രാഹുല്‍ ദ്രാവിഡിനെ ലോകം കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ വാഴ്ത്തുന്നതിലെ ന്യായവും ഇതുതന്നെ. 31189 പന്തുകളാണ് ടെസ്റ്റ് ക്രിക്കറ്റില്‍ രാഹുല്‍ നേരിട്ടത്, ദൈവമേ! (ദൈവത്തെ വിളിച്ചു പോവാതിരിക്കുന്നത് എങ്ങിനെ ! )ബാറ്റിങ് ഓഡറില്‍ ഒന്നു മുതല്‍ എട്ടു വരെയുള്ള പൊസിഷനുകളില്‍ രാഹുല്‍ കളിച്ചിട്ടുണ്ട്. ടീമിന്റെ ആവശ്യത്തിനനുസരിച്ച് ഏത് റോളും സ്വീകരിക്കാനുള്ള സന്നദ്ധതയുടെ തെളിവാണിത്. ടീം ആവശ്യപ്പെട്ടാല്‍ ക്യാപ്റ്റനാവും, വൈസ് ക്യാപ്റ്റനാവും, വിക്കറ്റ് കീപ്പറാവും , ബൗള്‍ ചെയ്യും . ടീം തോറ്റമ്പി നില്‍ക്കുമ്പോള്‍ പത്രസമ്മേളനങ്ങള്‍ക്ക് ഹാജരാവും. ഇങ്ങനെ എന്തും ചെയ്യാന്‍ തയ്യാറാവുന്ന ഒരു കളിക്കാരനെ ഇനിയെന്നെങ്കിലും കാണാനാവുമോ ? ഏത് മേഖലയിലായാലും ഐക്കണ്‍ ആയി മാറിക്കഴിഞ്ഞാല്‍ പിന്നെ വലിയൊരു സിംഹാസനത്തില്‍ ഇരിക്കുക എന്നതാണ് നാട്ടുനടപ്പ്. മറിച്ച് രാഹുല്‍ ആവട്ടെ കൂലിവേലക്കാരന്റെ റോളെടുത്ത ഐക്കണായിരുന്നു...

സുനില്‍ ഗാവസ്‌കര്‍ ഇന്ത്യക്കാര്‍ക്ക് വലിയൊരു അവതാരമാണ്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒരു ഇതിഹാസവും. ഡോണ്‍ ബ്രാഡ്മാനെയും വിവിയന്‍ റിച്ചാര്‍ഡ്‌സിനെയും വെല്ലുവിളിക്കാന്‍ ഈ രണ്ടു പേരുകളും യഥേഷ്ടം നമ്മള്‍ ഉപയോഗിക്കുന്നുമുണ്ട്. ഡോണ്‍ ബ്രാഡ്മാന്റെ ടെസ്റ്റ് സെഞ്ച്വറികളുടെ റെക്കോഡ് തകര്‍ത്തതും പതിനായിരം റണ്‍സ് തികച്ചതുമായിരുന്നു സുനിലിനെ അമരനാക്കി മാറ്റിയ സംഭവങ്ങള്‍. സച്ചിന്‍ കൗമാരപ്രായത്തിലേ വലിയൊരു ബിംബമായി മാറി. ടെസ്റ്റ് ക്രിക്കറ്റിനേക്കാള്‍ പുതിയ ട്രെന്‍ഡായിരുന്ന, നിയന്ത്രിത ഓവര്‍ ക്രിക്കറ്റിലാണ് സച്ചിന്‍ നിറഞ്ഞുനിന്നത്. തന്റെ പ്രതിരൂപമായി ബ്രാഡ്മാന്‍ സച്ചിനെ വാഴ്ത്തി. രണ്ടു പതിറ്റാണ്ടോളമായി ഇന്ത്യന്‍ സ്‌പോര്‍ട്‌സിലെ തിളക്കമുറ്റ നക്ഷത്രമായി സച്ചിന്‍ നമുക്കിടയില്‍ ഉണ്ട്. ഇങ്ങനെ ഗാവസ്‌കറും സച്ചിനും നിറഞ്ഞുനില്‍ക്കുന്ന (കപില്‍ദേവിനെ വിസ്മരിക്കുകയല്ല, ബൗളിങ്ങിനേക്കാള്‍ ഇന്ത്യക്കാരുടെ തനതു കലയായ ബാറ്റിങ്ങാണ് ഇവിടെ പ്രതിപാദ്യം എന്നതുകൊണ്ട് പൊറുക്കുക). ഇന്ത്യന്‍ ക്രിക്കറ്റിന്റെ വീരചരിത്രചിന്തകളിലേക്ക് രാഹുല്‍ദ്രാവിഡ് കടന്നുവന്നത് എപ്പോഴാണ്? അധികം കൊട്ടിഘോഷിക്കപ്പെടാതെ ബഹളം സൃഷ്ടിക്കാതെ രാഹുല്‍ അവിടെ എത്തി.
രാഹുലിനെ സച്ചിനെപ്പോലെ അത്ര ഉയരത്തില്‍ നിങ്ങള്‍ പ്രതിഷ്ഠിച്ചില്ലായിരിക്കാം. എങ്കിലും ടെസ്റ്റ്മാച്ചുകളില്‍ രാഹുലിന്റെ റെക്കോഡ് ആരേയും അമ്പരപ്പിക്കുന്നതാണ്. യഥാര്‍ഥ ക്രിക്കറ്റിന്റെ അല്ലെങ്കില്‍ കളിക്കാരന്റെ പ്രതിഭയുടെ ഉരക്കല്ല് ടെസ്റ്റ് ക്രിക്കറ്റാണെന്നു വിശ്വസിക്കുന്ന പാരമ്പര്യവാദികള്‍ എന്നും രാഹുലിനൊപ്പം നില്‍ക്കും. ഇന്ത്യയുടെ ഏറ്റവും മികച്ച ക്രിക്കറ്റര്‍ എന്ന ചോദ്യത്തിന് മറുപടിയായി രാഹുല്‍ എന്നു പറയാന്‍ പലരും ധൈര്യം കാണിച്ചുതുടങ്ങിയിരിക്കുന്നു. താരതമ്യം ചെയ്ത് മാര്‍ക്കിടുകയല്ല. ഇന്ത്യന്‍ ക്രിക്കറ്റിന്റെയും ലോകക്രിക്കറ്റിന്റെയും ചരിത്രത്തില്‍ രാഹുലിന് വ്യക്തമായ ഒരിടം ഉണ്ടെന്നു സമര്‍ഥിക്കുക മാത്രമാണ്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന പ്രതിഭാശാലിയായ ബാറ്റ്‌സ്മാന്റെ അതേകാലത്തുതന്നെ കളിച്ചു എന്നതുകൊണ്ടാണ് രാഹുല്‍ പലപ്പോഴും ക്രിക്കറ്റിന്റെ ചരിത്രമെഴുത്തുകാരുടെയും സ്റ്റാറ്റിറ്റീഷ്യന്മാരുടെയും സജീവ ശ്രദ്ധയില്‍പ്പെടാതെ പോയത്.

ടെസ്റ്റ് ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും രാഹുല്‍ പതിനായിരം റണ്‍സ് തികച്ചിട്ടുണ്ട്. ടെസ്റ്റില്‍ അത് പലരും എന്നേ പ്രവചിച്ചതാണ്, പ്രതീക്ഷിക്കപ്പെട്ടതാണ്. പക്ഷേ, കരിയറിന്റെ തുടക്കത്തില്‍ രാഹുല്‍ എന്ന ബാറ്റ്‌സ്മാന്‍ ഏകദിന മത്സരങ്ങള്‍ക്കു യോഗ്യനല്ലെന്നു വ്യാപകമായി വിലയിരുത്തപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ രാഹുലിന്റെ ഏകദിനങ്ങളിലെ പ്രകടനം തെല്ല് അത്ഭുതത്തോടെയേ നോക്കിക്കാണാനാവൂ.
എങ്ങനയേയും റണ്ണടിക്കുക എന്നതാണ് ടി20 യുഗത്തിന്റെ ബാറ്റിങ് തിയറി. പക്ഷെ ആരൊക്കെ അതുമായി പൊരുത്തപ്പെട്ടാലും രാഹുലിന് അതിനു കഴിയില്ല. സമകാലീന ക്രിക്കറ്റിലെ അപൂര്‍വം ക്ലാസിക് സ്‌റ്റൈല്‍ ബാറ്റ്‌സ്മാന്‍മാരില്‍ രാഹുല്‍ മുന്നില്‍ നിന്നു. കോപ്പീബുക്ക് ഷോട്ടുകള്‍ അവയുടെ തനിമയില്‍ തന്നെ കളിച്ചാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ രാഹുല്‍ 32000ല്‍ അധികം വരുന്ന റണ്‍ സമ്പാദ്യമുണ്ടാക്കിയത്. അവസാനമായി കളിച്ച ഏകദിന അന്താരാഷ്ട്ര ഏകദിന മാച്ചുകളിലും ചില ഐ പി എല്‍ മല്‍സരങ്ങളിലും ചില 'ജഗപൊക' ഷോട്ടുകള്‍ക്ക് രാഹുലും തുനിഞ്ഞു കണ്ടിട്ടുണ്ട്. സാഹചര്യത്തിന്റെ സമ്മര്‍ദത്തില്‍ ഇങ്ങനെ കളിക്കാന്‍ നിര്‍ബന്ധിതനായ രാഹുല്‍ ആത്മനിന്ദയോട, അര്‍ദ്ധമനസ്സോടെയാണ് അങ്ങിനെചെയ്യുന്നത് എന്ന തോന്നിപ്പോവാറുണ്ട്. അതുകൊണ്ടു തന്നെയാവാം അത്തരം ഷോട്ടുകള്‍ കളിക്കുന്നതില്‍ മറ്റുള്ളവരെ പോലെ വിജയം കാണാറുമില്ല.

ഇന്ത്യന്‍ ക്രിക്കറ്റില്‍ പാരമ്പര്യമുള്ള ക്ലാസിക്കല്‍ ബാറ്റിങ് സ്‌കൂളുകള്‍ മുംബൈയും ബാംഗ്ലൂരുമാണ്. സുനില്‍ ഗാവസ്‌കറും ദിലീപ് വെങ്‌സര്‍ക്കാറും സഞ്ജയ് മഞ്ചരേക്കറും മുംബൈ സ്‌കൂളിന്റെ സൃഷ്ടികളായിരുന്നു. ബാംഗ്ലൂര്‍ സ്‌കൂളിന്റെ ഏറ്റവും വിലകൂടിയ പ്രൊഡക്റ്റ് ഗുണ്ടപ്പ വിശ്വനാഥും. വിശ്വനാഥിന്റെ പിന്‍ഗാമിയായ രാഹുല്‍, കേകി താരാപ്പൂര്‍ എന്ന പരിശുദ്ധ ക്ലാസിക്കല്‍ ഗുരുവിന്റെ ശിക്ഷണത്തിലാണ് ഉരുവം കൊണ്ടത്. ചെറുപ്പംതൊട്ടേ നിരവധി തവണ പരിശീലിച്ചും പിഴവുകള്‍ തീര്‍ത്ത് വീണ്ടും കളിച്ചും മൂര്‍ച്ചകൂട്ടിയെടുത്തതാണ് രാഹുലിന്റെ ഷോട്ടുകള്‍. അവയില്‍ പിഴവുകള്‍ ഉണ്ടാവുക പ്രായേണ വിരളമാവും. ഷോട്ടുകളിലെ കൃത്യതയും ക്ഷമാശീലവുമാണ് ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ രാഹുലിന്റെ പ്രധാന ആയുധങ്ങള്‍. എത്രതന്നെ ബൗളര്‍മാരും ഫീല്‍ഡര്‍മാരും ശ്രമിച്ചാലും രാഹുലിനെ പ്രകോപിപ്പിക്കാനോ ഏകാഗ്രത നഷ്ടമാക്കാനോ സാധിക്കാറില്ല. കംഗാരുകള്‍ക്കെതിരെ കൊല്‍ക്കത്തയിലും അഡ്‌ലെയ്ഡിലും കളിച്ചതുപോലുള്ള ഇന്നിങ്‌സുകള്‍ക്ക് രാഹുലിനെ പ്രാപ്തനാക്കിയത്് ഇതുകൊണ്ടെക്കെ തന്നെ.
പിഴവുകള്‍ തിരുത്താനുള്ള ശേഷിയിലും രാഹുല്‍ ഒരുപടി മുന്നില്‍ നിന്നു. രാഹുലിനെ പോലെ ബാറ്റിങ് ഏകാഗ്രമായ തപസ്യയാക്കി മാറ്റിയ ഒരു ബാറ്റ്‌സ്മാനെ അന്താരാഷ്ട്ര മല്‍സരങ്ങളില്‍ വിക്കറ്റ് കീപ്പറായി നിയോഗിക്കുന്നത് അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനത്തെ ബാധിക്കുമെന്ന മുന്നറിയിപ്പ് ക്രിക്കറ്റ് പരിശീലകരും പഴയ കളിക്കാരുമെല്ലാം അന്നേ നല്‍കിയിരുന്നു. എന്നാല്‍ പൂര്‍ണ മനസ്സോടെയല്ലെങ്കിലും ടീമിനും തന്റെ സുഹൃത്തായ ക്യാപ്റ്റനും വേണ്ടി രാഹുല്‍ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ആ സമയത്ത് മേല്‍പ്പറഞ്ഞ വിപല്‍സൂചനകള്‍ ശരിയാകാമെന്ന് തോന്നിക്കുന്ന ചില തകരാറുകള്‍ രാഹുലിന്റെ ബാറ്റിങ്ങില്‍ പിന്നീട് കണ്ടു. പ്ലെയ്ഡ് ഓണായി പുറത്താവുന്ന പ്രവണതയായിരുന്നു അതില്‍ മുന്നില്‍ നിന്നത്. ഏറെ അധ്വാനിച്ച് അടിത്തറയിട്ട് വളര്‍ത്തിക്കൊണ്ടുവന്ന പല ഇന്നിങ്‌സുകളും ഇങ്ങനെ അവസാനിപ്പിച്ച് നിരാശനായി ബാറ്റുകൊണ്ട് സ്വന്തം പാഡില്‍ ആഞ്ഞടിച്ച് പവലിയനിലേക്ക് മടങ്ങുന്ന രാഹുലിനെ പലതവണ കണ്ട് നമ്മള്‍ അദ്ഭുതപ്പെട്ടു.എന്തുപറ്റി, രാഹുലിന് ? ഓഫ് സ്റ്റംപിന് പുറത്തുകൂടിയുള്ള പന്തുകള്‍ ഫ്രണ്ട്ഫൂട്ട് വേണ്ടവിധത്തില്‍ ചലിപ്പിക്കാതെ കളിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടായിരുന്നു ഈ കുഴപ്പം.

ഓഫ് സ്റ്റംപിന് പുറത്തുകൂടി പോവുന്ന പന്തുകളില്‍ സ്ലിപ്പില്‍ ക്യാച്ചു നല്‍കുന്ന പ്രവണതയും ഈ സമയത്ത് അധികമായിരുന്നു. എന്നാല്‍ പിന്നീട് ഈ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് തിരുത്താന്‍ കഴിഞ്ഞുവെന്നതാണ് രാഹുലിന്റെ മിടുക്ക്. വിക്കറ്റ്കീപ്പിങ് ഇങ്ങനെയെല്ലാം തന്റെ ബാറ്റിങ്ങിനെ ബാധിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് സമയപരിധി വെച്ച് കീപ്പിങ് കരിയര്‍ അവസാനിപ്പിക്കാനും രാഹുല്‍ തീരുമാനിച്ചു. അതിന്റെ പേരില്‍ രാഹുലിന് ബലി നല്‍കേണ്ടി വന്നത് ഏകദിന കരിയര്‍ തന്നെയാണ്.
ഇപ്പോള്‍ രാഹുല്‍ പാഡഴിക്കുമ്പോള്‍ ക്രിക്കറ്റിന് അന്യമാവുന്നത് വലിയൊരു അളവുവരെ അതിന്റെ സൗന്ദര്യവും കറവീഴാത്ത മാന്യതയുമാണ്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ പ്രകടനം കണ്ടപ്പോള്‍ രാഹുലിന് അവസാനിപ്പിക്കാന്‍ സമയമായില്ലേയെന്ന് നമ്മള്‍ ചോദിച്ചു. സത്യത്തില്‍ സമയമായിരുന്നുവോ ? വരാനിരിക്കുന്ന വിദേശ പര്യടനങ്ങളില്‍ രാഹുലിന് പകരമെത്തുന്ന ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം കണ്ട ശേഷം നമുക്കതിന് ഉത്തരം പറയാം. തല്‍ക്കാലം പറയാനുള്ളത് ഇത്രമാത്രം. രാഹുല്‍ താങ്കള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ച ഭംഗിയുള്ള കാഴ്ച്ചകള്‍ക്കും നിറമുള്ള ഓര്‍മകള്‍ക്കും ഐതിഹാസികമായ വിജയങ്ങള്‍ക്കും ഒരായിരം നന്ദി...