Mathrubhumi Logo
  rahul_dravid

റോള്‍ മോഡല്‍

റോബിന്‍ ഉത്തപ്പ Posted on: 09 Mar 2012

ചെറുപ്പത്തിലേ രാഹുല്‍ ദ്രാവിഡെന്ന ക്രിക്കറ്ററെക്കുറിച്ച് ഞാന്‍ ഏറെ കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. ഞങ്ങളുടെ നഗരത്തിലാണ് രാഹുലിന്റെ വീടെന്നത് മാത്രമല്ല അതിനു കാരണം. ഞാന്‍ പഠിച്ച സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലായിരുന്നു രാഹുലും മുമ്പ് പഠിച്ചിരുന്നത്. ഞങ്ങളുടെ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി ഇന്ത്യക്കു വേണ്ടി റണ്ണടിച്ചുകൂട്ടുന്നതും വിജയങ്ങള്‍ നേടുന്നതും സ്വാഭാവികമായും ഞങ്ങള്‍ക്ക് വലിയ വാര്‍ത്തയായിരുന്നു. അങ്ങനെയിരിക്കെ ഒരുദിവസം രാഹുല്‍ ഞങ്ങളുടെ സ്‌കൂളില്‍ വന്നു. സ്‌പോര്‍ട്‌സിലെ വിജയികള്‍ക്കു വേണ്ടിയുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യാനായിരുന്നു അത്. എനിക്ക് നാലഞ്ച് സമ്മാനങ്ങള്‍ ഉണ്ടായിരുന്നു. ഓരോ തവണയും രാഹുലിന്റെ കൈയില്‍നിന്ന് ട്രോഫി ഏറ്റുവാങ്ങുമ്പോള്‍ വലിയ സന്തോഷം തോന്നി.

പിന്നീട് കര്‍ണാടകയുടെ രഞ്ജി ടീമിലേക്ക് സെലക്ഷന്‍ കിട്ടിയപ്പോള്‍ കൂടുതല്‍ നേരം അദ്ദേഹവുമായി അടുത്തിടപഴകാന്‍ അവസരം കിട്ടി. ട്രെയിനിങ് സമയത്ത് ഒരുപാടുനേരം ഞാന്‍ സംസാരിച്ചു. എന്റെ സംശയങ്ങള്‍ ശ്രദ്ധാപൂര്‍വം കേട്ട് മറുപടി തന്നു. അന്നും ഇന്നും രാഹുല്‍ അങ്ങനെയാണ്. മറ്റുള്ളവരെ, പ്രത്യേകിച്ചും വളര്‍ന്നുവരുന്ന കളിക്കാരെ സഹായിക്കാനും ഉപദേശങ്ങള്‍ നല്‍കാനും സദാ സന്നദ്ധന്‍.

മിക്കവാറും പൂര്‍ണനായ വ്യക്തിയാണ് രാഹുല്‍. അല്ലെങ്കില്‍ പൂര്‍ണതയോട് വളരെ അടുത്തുനില്‍ക്കുന്ന വ്യക്തിത്വം. ഓരോ കാര്യത്തിലും വളരെ ശരിയായ തീരുമാനങ്ങളെടുക്കും. ഏതു സാഹചര്യവും വളരെ ശാന്തനായി നേരിടും. ഒരിക്കലും വിവാദങ്ങള്‍ ഉണ്ടാക്കില്ല. എത്ര ഉയരത്തിലെത്തിയിട്ടും സാധാരണക്കാരനെപ്പോലെ പെരുമാറുന്നു. ശരിക്കും ഡൗണ്‍ ടു എര്‍ത്ത്. ഇതെല്ലാമാണ് രാഹുലിന്റെ വ്യക്തിത്വത്തില്‍ ആരെയും ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. തീര്‍ച്ചയായും നല്ലൊരു മാതൃകയാണ് അദ്ദേഹം.

രാഹുലിന്റെ സ്വഭാവവും വ്യക്തിത്വവും വെച്ചുനോക്കുമ്പോള്‍ അഗ്രസ്സീവായ ക്യാപ്റ്റനാണെന്ന് ആരും കരുതില്ല. പക്ഷേ, കുറച്ചുകാലമായി അദ്ദേഹത്തോടൊപ്പം കളിക്കാനും അടുത്തിടപഴകാനും കഴിഞ്ഞതുകൊണ്ട് എനിക്ക് തോന്നിയിരുന്നു, രാഹുല്‍ അഗ്രസ്സീവ് ക്യാപ്റ്റനായിരിക്കുമെന്ന്. അത് ശരിയാണ്. തികച്ചും ക്രിയാത്മകമായ തീരുമാനങ്ങളാണ് കളിയില്‍ രാഹുല്‍ കൈക്കൊള്ളുന്നത്.

ഒരു ബാറ്റ്‌സ്മാന്‍ എന്നനിലയിലും രാഹുലില്‍നിന്ന് ഏറെ പഠിക്കാനുണ്ട്. സാധാരണ ബാറ്റ്‌സ്മാന്‍മാര്‍ രണ്ടു മാച്ചില്‍ സെഞ്ച്വറി നേടിക്കഴിഞ്ഞാല്‍ മൂന്നാമത്തെ മാച്ച് അല്പം ലാഘവത്തോടെ എടുത്തെന്നു വരും. പക്ഷേ, രാഹുല്‍ ഒരിക്കലും അങ്ങനെയല്ല. ഓരോ മാച്ചിലും പൂര്‍ണ തയ്യാറെടുപ്പോടെ, ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ദൃഢനിശ്ചയത്തോടെയാണ് കളിക്കാനിറങ്ങുന്നത്. ഒരുനിമിഷംപോലും ഏകാഗ്രത ഇല്ലാതിരിക്കില്ല.

പുതിയ കളിക്കാരെ സംബന്ധിച്ചിടത്തോളം ലഭിക്കാവുന്ന ഏറ്റവും മികച്ച ക്യാപ്റ്റനാണ് രാഹുല്‍. നന്നായി പ്രോത്സാഹിപ്പിക്കും. ധൈര്യം കൊടുക്കും. ഞാന്‍ ഇന്ത്യക്കുവേണ്ടി അരങ്ങേറ്റം കുറിച്ചത് രാഹുലിനൊപ്പം ഓപ്പണറായാണ്. അവിസ്മരണീയമായ അനുഭവം. ബാറ്റ് ചെയ്യാന്‍ തുടങ്ങുമ്പോഴേ പറഞ്ഞു, 'പരിഭ്രമിക്കരുത്. എന്തു സംഭവിക്കും, എന്താവും ഫലം എന്ന് ആലോചിച്ച് വിഷമിക്കേണ്ട. കളി ആസ്വദിക്കുക, സ്വാഭാവിക ശൈലിയില്‍ കളിക്കുക.' രാഹുലിന്റെ പിന്തുണകൊണ്ട് അരങ്ങേറ്റം മികച്ചതാക്കാന്‍ എനിക്കു കഴിഞ്ഞു. പുറത്തായപ്പോള്‍, ഞാന്‍ പുറത്തായ രീതിയെക്കുറിച്ച് പറഞ്ഞ് ശാസിച്ചു. അതിനുശേഷം പറഞ്ഞു. 'നീ നന്നായി കളിച്ചു. ഇതേപോലെ മുന്നോട്ടു പോവുക. കഠിനാധ്വാനം ചെയ്യണം. വലിയ സ്‌കോറുകള്‍ മുന്നിലുണ്ട്.' ആ വാക്കുകള്‍ ഒരു തുടക്കക്കാരന് നല്‍കുന്ന പ്രചോദനം, ആവേശം, അത് വലുതാണ്.



ganangal sports mathrubhumi
Discuss