ടീമിനൊപ്പം, കുടുംബത്തിനൊപ്പം
ശരദ് ദ്രാവിഡ് Posted on: 09 Mar 2012

രാഹുലിന്റെ ഏകാഗ്രതയെക്കുറിച്ച് എല്ലാവരും പറയാറുണ്ട്. ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ അവന്റെ വലിയ കരുത്താണത്. സത്യത്തില്‍ അവന് അത് അവന്റെ അമ്മയില്‍നിന്ന് പകര്‍ന്നുകിട്ടിയതാണ്. അധ്യാപിക എന്നതിനുപരി നല്ലൊരു കലാകാരിയാണ് പുഷ്പ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പുഷ്പയുടെ പെയ്ന്റിങ്ങുകള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. വളരെ ശ്രദ്ധയോടെ സമയമെടുത്ത് ഉണ്ടാക്കുന്നതാണ് പുഷ്പയുടെ ഓരോ ചിത്രവും. ശില്പങ്ങളും ഉണ്ടാക്കും. അതിന് അതിലേറെ ശുശ്രൂഷയും അധ്വാനവും വേണം. പുഷ്പയുടെ ഈ സൃഷ്ടികള്‍ ചെറുപ്പംതൊട്ടേ വളരെ അടുത്തുനിന്ന് രാഹുല്‍ നിരീക്ഷിച്ചിരുന്നു. ചിത്രരചനയ്ക്ക് അമ്മ പുലര്‍ത്തുന്ന ഏകാഗ്രതയും ക്ഷമയും സ്വാഭാവികമായും രാഹുലിലേക്കും പകര്‍ന്നു.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഞാന്‍ പലപ്പോഴും യാത്രയിലായിരിക്കും. രാഹുലിന്റെ ചെറുപ്പത്തില്‍ അവന്‍ കൂടുതല്‍ ഇടപഴകിയത് അമ്മയുമായാണ്. അമ്മയുടെ പല നല്ല ഗുണങ്ങളും അവന്‍ നിരീക്ഷിച്ച് പഠിച്ചിരിക്കണം. ഒരു നിമിഷംപോലും അവര്‍ രണ്ടുപേരും വെറുതെ ഇരിക്കില്ല. അല്പംപോലും സമയം പാഴാക്കില്ല. കൊച്ചുനാള്‍ തൊട്ടേ രാഹുല്‍ അങ്ങനെയാണ്. പഠനം, കളി, പഠനം, കളി... അങ്ങനെ. ഒന്നുകില്‍ ഗ്രൗണ്ടിലായിരിക്കും അല്ലെങ്കില്‍ പഠനമുറിയിലോ ക്ലാസിലോ ആയിരിക്കും. മറ്റു കുട്ടികളെപ്പോലെ വെറുതെ ചുറ്റിക്കറങ്ങുന്ന ശീലവും ഇല്ലായിരുന്നു.
എങ്കിലും യാത്രകള്‍ അവന് ഇഷ്ടമാണ്. പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്നുള്ള യാത്രകള്‍. വൈല്‍ഡ് ലൈഫ് അവന്റെ ഇഷ്ടവിഷയമാണ്. മൃഗങ്ങളെ എത്രനേരം വേണമെങ്കിലും നിരീക്ഷിച്ചിരിക്കും. അവന്റെ കുഞ്ഞുനാളില്‍ വീട്ടില്‍ വളര്‍ത്തുമൃഗങ്ങള്‍ ഏറെയുണ്ടായിരുന്നു. അന്നേ അവയ്‌ക്കൊപ്പം കളിക്കാനും ഇഷ്ടമായിരുന്നു. മറ്റു കളിപ്പാട്ടങ്ങള്‍ ഒന്നും ഇഷ്ടമാവില്ല. നായും പൂച്ചയും എല്ലാം കളിക്കൂട്ടുകാര്‍. നന്നേ കുഞ്ഞായിരിക്കുമ്പോള്‍ മൃഗങ്ങളുടെ ശബ്ദം അനുകരിക്കും. അതു കേട്ട് ഞങ്ങള്‍ ചിരിക്കും. മൃഗശാല കാണാന്‍ പോകാനും വലിയ താല്‍പര്യം. ആ ഇഷ്ടങ്ങള്‍ ഇന്നുമുണ്ട്. അവധി ദിവസങ്ങളില്‍ ഇന്നും സുഹൃത്തിന്റെ ഫാം ഹൗസ് സന്ദര്‍ശിക്കും. മൃഗങ്ങളെ നിരീക്ഷിക്കും. ഇടയ്ക്കിടയ്ക്ക് കാട്ടിലേക്കും യാത്രകളുണ്ട്. ഒരിക്കല്‍ ഞങ്ങള്‍ അവനോട് ചോദിച്ചിരുന്നു. ദീര്‍ഘനേരം ഒറ്റയ്ക്ക് കാട്ടില്‍ ചെന്ന് മൃഗങ്ങളെ കണ്ടിരുന്നാല്‍ അവ ഉപദ്രവിക്കില്ലേ എന്ന്. അങ്ങോട്ട് ഉപദ്രവിക്കാതെ ഒരു മൃഗവും ഉപദ്രവിക്കില്ല. നമ്മള്‍ അവയെ നോക്കിനിന്നാല്‍ അവയും തിരിച്ചങ്ങനെ നോക്കും - ഇതായിരുന്നു രാഹുലിന്റെ മറുപടി. വന്യജീവികളെക്കുറിച്ച് നല്ല അറിവും ധാരണയും ഉണ്ടവന്. വൈല്‍ഡ് ലൈഫ് സിഡികളും കാസറ്റുകളും എത്രവേണമെങ്കിലും കാണും.
വായന ചെറുപ്പത്തിലേ ഉണ്ട്. ടീച്ചര്‍മാരോടും മറ്റും ചോദിച്ച് നല്ല പുസ്തകങ്ങള്‍ വാങ്ങും. ഇന്നും കളിക്കാന്‍ പോവുമ്പോള്‍ അവന്റെ കിറ്റില്‍ നല്ല പുസ്തകങ്ങള്‍ ഉണ്ടാവും. എന്നുവെച്ച് ഒരിക്കലും പുസ്തകപ്പുഴുവായിരുന്നില്ല. ഏതുകാര്യവും ഏറ്റെടുക്കാനും മുന്നിട്ടിറങ്ങാനുമുള്ള സന്നദ്ധത അന്നേ ഉണ്ട്. അതുകൊണ്ടാവണം, പാകിസ്താനെതിരെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനും ഇന്ത്യയ്ക്കുവേണ്ടി വിക്കറ്റ് കീപ്പ് ചെയ്യാനുമെല്ലാം അവന്‍ തയ്യാറായത്. ആരും പറഞ്ഞുകൊടുക്കാതെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് മുന്നിട്ടിറങ്ങി കാര്യങ്ങള്‍ ചെയ്യും. ടീമിനായാലും കുടുംബത്തിനായാലും രാഹുല്‍ അങ്ങനെതന്നെയാണ്.