Mathrubhumi Logo
  rahul_dravid

മാറാത്ത വ്യക്തിത്വം

പുഷ്പാദ്രാവിഡ്‌ Posted on: 09 Mar 2012

പഴയതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ തോന്നുന്നു രാഹുലിന് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന്. വളര്‍ന്നു, വലുതായി ലോകമറിയുന്ന കളിക്കാരനായി. അതിനപ്പുറം രാഹുലിന്റെ സ്വഭാവത്തിലോ ജീവിത രീതിയിലോ വലിയ മാറ്റമില്ല. ഇന്ന് അവനില്‍ കാണുന്ന ക്വാളിറ്റികളൊക്കെ അന്നേ ഉണ്ടായിരുന്നു.

ഒന്നാംക്ലാസിലും രണ്ടാംക്ലാസിലും എല്ലാം പഠിക്കുമ്പോള്‍ എന്തായിരുന്നുവോ അതേ വ്യക്തിയാണ് അടിസ്ഥാനപരമായി ഇന്നും രാഹുല്‍. എല്ലാ കളികളോടും വളരെയധികം താല്‍പര്യം. ബാംഗ്ലൂരിലെ സെന്റ് ആന്റണീസ് സ്‌കൂളിലായിരുന്നു അവനെ ചേര്‍ത്തത്. സ്‌കൂളില്‍ അത്‌ലറ്റിക്‌സിലും ഹോക്കിയിലും ബാഡ്മിന്റണിലും ക്രിക്കറ്റിലുമെല്ലാം രാഹുല്‍ കളിക്കാനിറങ്ങും. മറ്റു കുട്ടികളെ അപേക്ഷിച്ച് എല്ലാത്തിലും മിടുക്കുണ്ടായിരുന്നു. ശരിക്കും ഓള്‍ റൗണ്ടര്‍. മൂന്നാംക്ലാസില്‍ പഠിക്കുമ്പോള്‍ സെന്റ് ജോസഫ്‌സ് സ്‌കൂളിനെതിരായ ഒരു ക്രിക്കറ്റ് മാച്ചില്‍ അവന്‍ ബൗള്‍ ചെയ്ത് സ്റ്റംപ് മുറിച്ചു. സെഞ്ച്വറിയും അടിച്ചു. അവന്റെ ഈ മിടുക്ക് അധ്യാപകരെയും അത്ഭുതപ്പെടുത്തി. അവനുവേണ്ടി അവര്‍ പ്രത്യേകമൊരു ട്രോഫിയുണ്ടാക്കി മൂന്നുദിവസത്തിനുശേഷം അസംബ്ലിയില്‍വെച്ച് സമ്മാനിച്ചു.

അങ്ങനെ ഞങ്ങളും ചിന്തിച്ചുതുടങ്ങി. അവന്റെ വിദ്യാഭ്യാസം എങ്ങനെയാവണം? സ്‌പോര്‍ട്‌സിന് പരമാവധി പ്രാധാന്യം നല്‍കിക്കൊണ്ട് പഠനത്തില്‍ മോശമാവാതെ രാഹുലിനെ വളര്‍ത്തുന്നത് എങ്ങനെ? സ്‌പോര്‍ട്‌സിലാണ് അവന്റെ ഭാവിയെന്നും അതിനുള്ള പൊട്ടന്‍ഷ്യല്‍ അവനുണ്ടെന്നും ഞങ്ങള്‍ തിരിച്ചറിഞ്ഞു.

സെന്റ് ജോസഫ്‌സ് സ്‌കൂളിലായിരുന്നു പിന്നീട് അവനെ ചേര്‍ത്തത്. ആറാം ക്ലാസ്‌തൊട്ട് സ്‌കൂളിന്റെ ക്രിക്കറ്റ്, ഹോക്കി, ബാഡ്മിന്റണ്‍, ബാസ്‌കറ്റ്‌ബോള്‍ ടീമുകളിലെല്ലാം രാഹുല്‍ കളിക്കാന്‍ തുടങ്ങി. കളിയുടെ തിരക്കിനിടെ പഠനം തീരെ മോശമായിപ്പോവുമെന്ന ഭയം ഉണ്ടായിരുന്നു. അന്ന് ഞാനവനോട് ഇത്രയേ പറഞ്ഞുള്ളൂ. ''നീ ഏതു ഗെയിം വേണമെങ്കിലും കളിച്ചോളൂ. പക്ഷേ, നിന്റെ പഠനം മോശമാവരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ഫസ്റ്റ് ക്ലാസ് ഒരിക്കലും നഷ്ടമാവരുത്.''

ഞാനന്ന് എഞ്ചിനിയറിങ് കോളേജില്‍ പഠിപ്പിക്കുകയാണ്. ഞാനും രാഹുലും അവന്റെ അനിയന്‍ വിജയും രാവിലെ ആറരയ്ക്ക് വീട്ടില്‍ നിന്നിറങ്ങും. ബസ് സ്റ്റോപ്പ്‌വരെ ഞങ്ങള്‍ ഒരുമിച്ചായിരിക്കും. പിന്നെ ഞാന്‍ കോളേജിലേക്കും അവര്‍ സ്‌കൂളിലേക്കും പോവും. സ്‌കൂളിലെ ക്ലാസുകള്‍ കഴിഞ്ഞാലും മക്കള്‍ അവിടെ നില്‍ക്കും. ഹോക്കി, ക്രിക്കറ്റ്, ബാസ്‌കറ്റ്‌ബോള്‍, ബാഡ്മിന്റണ്‍ ഇങ്ങനെ ഓരോന്നിന്റെയും പ്രത്യേകം ട്രെയ്‌നിങ്. തിരിച്ച് വീട്ടിലെത്തുമ്പോള്‍ സമയം വൈകിയിരിക്കും. ആറര-ഏഴ് മണിയാവും. പിന്നീടാണ് പഠിക്കാനിരിക്കുക. ഇങ്ങനെ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളോട് ക്ലാസില്‍ ഒന്നാമതാവണമെന്ന് നിര്‍ബന്ധിക്കാനാവില്ല. ഫസ്റ്റ് ക്ലാസ് നഷ്ടമാവരുതെന്ന് ഞാന്‍ പറഞ്ഞു. അതവന്‍ പാലിക്കുകയും ചെയ്തു.

ഏഴാംക്ലാസിലെത്തുമ്പോഴേക്കുതന്നെ അവന്‍ കര്‍ണാടകയുടെ ജൂനിയര്‍ ടീമുകള്‍ക്കുവേണ്ടി കളിച്ചുതുടങ്ങിയിരുന്നു. പലപ്പോഴും മത്സരങ്ങള്‍ക്കായി ബാംഗ്ലൂരിനു പുറത്തുപോവേണ്ടിവരും. ദിവസങ്ങളോളം ക്ലാസ് മിസ്സാവും. തിരിച്ചെത്തിയാല്‍ ഉടന്‍ ഞാന്‍ പറയാതെതന്നെ ക്ലാസിലെ കൂട്ടുകാരെ ഫോണില്‍വിളിച്ച് ക്ലാസില്‍ പിന്നിട്ട പാഠങ്ങളെക്കുറിച്ച് തിരക്കും. ഇരുന്നു പഠിക്കും. ഞാന്‍ ഒരു അധ്യാപികയായതുകൊണ്ടുതന്നെ മാസത്തില്‍ ഒരിക്കല്‍ സ്‌കൂളില്‍ ചെന്ന് മക്കളുടെ പഠനത്തെക്കുറിച്ച് തിരക്കും. രാഹുലിന് വല്ല സ്‌പെഷല്‍ കോച്ചിങ്ങും വേണോ എന്നു തിരക്കും. ടീച്ചര്‍മാര്‍ക്ക് പക്ഷേ, ഒരു പരാതിയും അവനെക്കുറിച്ച് ഉണ്ടായിരുന്നില്ല. എല്ലാവരും നൂറുശതമാനം സംതൃപ്തരായിരുന്നു. ഞാന്‍ രാഹുലിനോട് പറഞ്ഞിരുന്നു. 'ഏകാഗ്രതയോടെ പഠിച്ചാല്‍ നിനക്ക് ദിവസം അരമണിക്കൂറോ ഒരുമണിക്കൂറോ മതിയാവും. എന്നാല്‍ ഏകാഗ്രത ഇല്ലെങ്കില്‍ ആറുമണിക്കൂര്‍ പഠിച്ചാലും മതിയാവില്ല.' അവതവന്‍ ശരിക്കും ഉള്‍ക്കൊണ്ടിരുന്നു എന്നുതോന്നുന്നു. ഒരു കാര്യം ചെയ്യുമ്പോള്‍ അതില്‍ മാത്രമേ അവന് ശ്രദ്ധയുണ്ടാവൂ. അതില്‍ പൂര്‍ണമായും മുഴുകും. ഇന്ന് കളിക്കുമ്പോഴും അവന്റെ ഏകാഗ്രതയെക്കുറിച്ച് മറ്റുള്ളവര്‍ പറയുമ്പോള്‍ ഞാനത് ഓര്‍ക്കും.

സ്‌കൂള്‍ കഴിഞ്ഞപ്പോഴായിരുന്നു വലിയ തലവേദന. നന്നായി പഠിക്കുന്ന കുട്ടിയാണ്. അതിലും നന്നായി കളിക്കുകയും ചെയ്യും. എഞ്ചിനിയറിങ്ങിനയയ്ക്കാം, മെഡിസിനയയ്ക്കാം, എല്ലാറ്റിനും അഡ്മിഷന്‍ കിട്ടും. പക്ഷേ, എഞ്ചിനിയറിങ്ങും മെഡിസിനുമെല്ലാം സെമസ്റ്റര്‍ സിസ്റ്റത്തിലാണ്. അതിനിടയില്‍ കളിക്കാനും ട്രെയ്ന്‍ ചെയ്യാനും ഒന്നും സമയം കിട്ടില്ല. ഞാന്‍ പഠിപ്പിച്ചിരുന്നത് എഞ്ചിനിയറിങ് കോളേജില്‍ ആണല്ലോ. ഗെയിംസില്‍ മിടുക്കരായ പല കുട്ടികളും എന്റെ ക്ലാസില്‍ ഉണ്ടായിരുന്നു. പഠനത്തിന്റെ തിരക്കിനിടയില്‍ അവര്‍ക്കത് ഉപേക്ഷിക്കേണ്ടിവന്നു. രാഹുലാവട്ടെ അപ്പോഴേക്ക് കര്‍ണാടകത്തിനുവേണ്ടി രഞ്ജിട്രോഫിയില്‍ കളിച്ചുതുടങ്ങിയിരുന്നു. അവന് ക്രിക്കറ്റില്‍ വലിയ ഭാവിയുണ്ടെന്നും അത് നശിപ്പിക്കരുതെന്നുമായിരുന്നു ഞങ്ങളുടെ സുഹൃത്തുക്കളുടെയെല്ലാം അഭിപ്രായം. ഞാന്‍ രാഹുലുമായി ചര്‍ച്ചചെയ്തു. അവന്‍ പറഞ്ഞു: 'ഞാന്‍ അക്കൗണ്ടന്‍സി പഠിക്കാം'. അത് ഇയര്‍ലി സിസ്റ്റത്തിലാണ്. കളിക്കാനും സമയം കിട്ടും. അക്കൗണ്ടന്‍സി കഴിഞ്ഞാല്‍ എം.ബി.എ.യ്ക്കു പോകാം. കളികൊണ്ട് നല്ല കരിയര്‍ കണ്ടെത്താനാവില്ലെങ്കില്‍ എം.ബി.എ. കൊണ്ട് കഴിയും.
കൃത്യമായ പ്ലാനിങ് ആയിരുന്നു അത്. എംബി.എ.യുടെ ആദ്യ രണ്ടു വര്‍ഷത്തെ പരീക്ഷയും അവന്‍ പൂര്‍ത്തിയാക്കിയതാണ്. മൂന്നാംവര്‍ഷത്തെ പരീക്ഷ എഴുതാനായില്ല. കാരണം, അപ്പോഴേക്കും അവന്‍ ഇന്ത്യന്‍ ടീമിലെത്തി. 'രാജ്യത്തിനുവേണ്ടി കളിച്ചതുകൊണ്ടല്ലേ പരീക്ഷ എഴുതാന്‍ കഴിയാഞ്ഞത്. അവന് എപ്പോള്‍ വേണമെങ്കിലും പരീക്ഷ എഴുതാം. കോഴ്‌സ് പൂര്‍ത്തിയാക്കാം' - വൈസ് ചാന്‍സലര്‍ ഉറപ്പുനല്‍കിയിരുന്നു. പക്ഷേ, ഇന്ത്യയ്ക്ക് കളിക്കാന്‍ തുടങ്ങിയതിനുശേഷം ഒരിക്കലും പരീക്ഷയ്ക്ക് പഠിച്ച് എഴുതാന്‍ മാത്രമുള്ള ഇടവേള ലഭിച്ചില്ല. എം.ബി.എ. പൂര്‍ത്തിയാക്കാതെതന്നെ കിടന്നു.

രാഹുലിന്റെ വ്യക്തിത്വത്തെക്കുറിച്ച് നിങ്ങള്‍ക്കെല്ലാം ധാരണയുണ്ടാകും. എന്നാല്‍ വീട്ടിനകത്തെ രാഹുലിനെക്കുറിച്ച് എനിക്ക് ചിലതുകൂടി പറയാനുണ്ട്. എപ്പോഴും അച്ഛനെയും അമ്മയെയുംകുറിച്ച് ചിന്തിച്ച് വേവലാതിപ്പെടുന്ന പ്രകൃതമാണ് അവന്റേത്. ലോകത്ത് എവിടെയായിരുന്നാലും വീട്ടിലേക്ക് വിളിച്ച് കാര്യങ്ങള്‍ തിരക്കും. അച്ഛന്റെ ആരോഗ്യത്തെക്കുറിച്ച് തിരക്കും. എവിടെയാണ്? എന്തുചെയ്യുന്നു? എന്തുകൊണ്ട് അത് ചെയ്തില്ല? അവിടെ പോയില്ല? എന്നെല്ലാം ഓരോ ദിവസത്തെയും കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കും. ഞങ്ങളെച്ചൊല്ലി മാത്രമല്ല കുടുംബത്തെക്കുറിച്ച് മുഴുവന്‍ കണ്‍സേണ്‍ഡ് ആണ് അവന്‍.

ഏതാനും മാസം മുമ്പ് ഞങ്ങളുടെ അടുത്ത ബന്ധു മരിച്ചപ്പോള്‍ സമയം കണ്ടെത്തി അവന്‍ ഇന്‍ഡോറില്‍ ചെന്നു. അവിടെയാണ് ഞങ്ങളുടെ ബന്ധുക്കള്‍. അരദിവസമേ സമയം ഉണ്ടായിരുന്നുള്ളൂ. കാറെടുത്ത് എല്ലാ ബന്ധുവീട്ടിലും ചെന്നു. അവരുടെ കാര്യങ്ങള്‍ അറിഞ്ഞ് തിരിച്ചുവന്നു. അനിയന്‍, അനിയന്റെ ഭാര്യ, മുത്തച്ഛന്‍ ഇങ്ങനെ എല്ലാവരെയും വിളിക്കും, പോയി കാണും. ഏതു തിരക്കിനിടയിലും സുഹൃത്തുക്കള്‍ക്കുവേണ്ടി സമയം ചെലവഴിക്കും. അര്‍ജുന്‍ ഉണ്ണികൃഷ്ണനെപ്പോലുള്ള സുഹൃത്തുക്കള്‍ക്കൊപ്പം രാത്രിയിലായാലും പോയി കാപ്പി കുടിക്കും. കഴിഞ്ഞവര്‍ഷം 283 ദിവസവും അവന്‍ ഗ്രൗണ്ടിലായിരുന്നു. മത്സരങ്ങള്‍, ക്യാമ്പുകള്‍, ഷൂട്ടിങ്... ഈ തിരക്കുകള്‍ക്കിടയില്‍ സമയം കണ്ടെത്താന്‍ ശരിക്കും ബുദ്ധിമുട്ടുന്നുണ്ട്. എങ്കിലും അവന്‍ നന്നായി മാനേജ് ചെയ്യുന്നു. അതിനു കാരണം അത്ര സിസ്റ്റമാറ്റിക്കാണ് രാഹുല്‍ എന്നതാണ്.

മിസ്റ്റര്‍ കൂള്‍ ആണ് രാഹുലെന്ന് മറ്റുള്ളവര്‍ പറയുന്നു. ശരിയാണ്. അവനെ എളുപ്പം പ്രകോപിപ്പിക്കാനാവില്ല. അത് ഞങ്ങളുടെ കുടുംബാന്തരീക്ഷത്തില്‍നിന്ന് ലഭിച്ച ഗുണമാണെന്നു ഞാന്‍ പറയും. എന്റെയും ശരദിന്റെയും കുടുംബത്തില്‍ എല്ലാവരും അങ്ങനെയാണ്. ആരും ദേഷ്യപ്പെടില്ല. ഉച്ചത്തില്‍ സംസാരിക്കില്ല. മറ്റുള്ളവരെ ചീത്ത പറയില്ല. ഇനി കുട്ടികള്‍ ആരെങ്കിലും ഉച്ചത്തില്‍ സംസാരിച്ചാല്‍ മുതിര്‍ന്നവര്‍ പറഞ്ഞുകൊടുക്കും. ഇതെല്ലാം കണ്ടാണവന്‍ പഠിച്ചത്, വളര്‍ന്നത്.

ചെറുപ്പത്തിലേ ഉള്ള ശീലമാണ് വായന. മറ്റുള്ളവര്‍ വായിക്കുന്നത് കണ്ടാല്‍ ആ പുസ്തകത്തെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കും. വാങ്ങി വായിക്കും. ടിവി കാണുന്നത് അന്നേ വിരളമായിരുന്നു. കാണുകയാണെങ്കില്‍ ഡിസ്‌കവറി ചാനലോ സ്‌പോര്‍ട്‌സ് ചാനലുകളോ ആവും. ആരെങ്കിലും സിനിമയോ മറ്റോ കാണുകയാണെങ്കില്‍ അപ്പോള്‍ പറയും എനിക്ക് ഡിസ്‌കവറി കാണണം എന്നെല്ലാം. സംഗീതം ഇഷ്ടമായിരുന്നു. ഈ സ്വഭാവവിശേഷങ്ങളും സാഹചര്യങ്ങളും എല്ലാം അവന്റെ വളര്‍ച്ചയെ സ്വാധീനിച്ചിരുന്നു, തീര്‍ച്ച. ഇന്ന് അവന്‍ വളരെ ഉത്തരവാദിത്വമുള്ള ഭര്‍ത്താവാണ്. സ്‌നേഹസമ്പന്നനായ അച്ഛനാണ്. ഞങ്ങള്‍ സന്തുഷ്ടരായ മാതാപിതാക്കളും.



ganangal sports mathrubhumi
Discuss