ദ 'ഡി'മാന്‍
സയിദ് കിര്‍മാനി Posted on: 09 Mar 2012

Dravid എന്നതില്‍ രണ്ടു Dയേ കാണൂ. പക്ഷേ മൂന്നുണ്ടെന്ന് ഞാന്‍ പറയും. Determina-tion (ദൃഢനിശ്ചയം), Dedication (അത്മാര്‍പ്പണം), Discipline (അച്ചടക്കം) എന്നിവയാണത്. അതാണ് രാഹുലിനെ വലിയൊരു സ്‌പോര്‍ട്‌സ്മാനാക്കി തീര്‍ക്കുന്നത്. കര്‍ണാടകത്തിനുവേണ്ടി ഞാന്‍ രാഹുലിനൊപ്പം കളിച്ചിരുന്നു. അന്ന് തൊട്ടുള്ള രാഹുലിന്റെ വളര്‍ച്ച വളരെ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുകയും ചെയ്യുന്നു.
കരിയറിന്റെ തുടക്കം തൊട്ടേ ആത്മാര്‍പ്പണത്തോടെ, സത്യസന്ധമായ സമീപനം കളിയോട് പുലര്‍ത്തിയിരുന്നു. കഠിനാധ്വാനിയാണ്. നന്നായി ചിന്തിച്ച് തീരുമാനമെടുത്ത് കളിക്കുകയും ചെയ്തിരുന്നു. ജൂനിയര്‍ ക്രിക്കറ്റോ ക്ലബ് ക്രിക്കറ്റോ കളിക്കുന്നിടത്തൊക്കെ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ അപൂര്‍വം കളിക്കാരില്‍ ഒരാളാണ് രാഹുല്‍. വളരെ പെട്ടെന്ന് കാര്യങ്ങള്‍ പഠിച്ചെടുക്കുകയും ചെയ്യും.
ക്രിക്കറ്റിലെ ടെക്‌നിക്കുകള്‍, കളിയുടെ സാങ്കേതികത ഏത് കോച്ചിനും നിങ്ങളെ പഠിപ്പിക്കാം. എന്നാല്‍ നല്ല ക്രിക്കറ്ററാവാന്‍ അത് മാത്രം പോരാ. ആദ്യം നല്ല മനുഷ്യനാവാന്‍ പഠിക്കണം. എന്നാലേ നല്ല ക്രിക്കറ്ററും ആവാനാവൂ. അതാണ് എന്റെ വിശ്വാസം. ഇക്കാര്യത്തില്‍ രാഹുലിന് നല്ല ബാക്ക്ഗ്രൗണ്ട് ഉണ്ട്. ഓരോ കുട്ടിയും അവരുടെ മാതാപിതാക്കളുടെ നിഴലാണ്. മാതാപിതാക്കളുടെ സ്വഭാവം, വ്യക്തിത്വം കുട്ടികള്‍ക്കും പകര്‍ന്നുകിട്ടും. അതേപോലെ നല്ല സ്വഭാവം, പെരുമാറ്റം, ശീലങ്ങള്‍ ഇതെല്ലാം മാതാപിതാക്കളില്‍നിന്നു പഠിക്കണം. ഓരോ മാതാപിതാക്കളും സ്വന്തം രീതിയില്‍ മക്കളെ പഠിപ്പിക്കും. ഇക്കാര്യത്തില്‍ രാഹുല്‍ ഭാഗ്യവാനാണ്. അയാളുടെ അച്ഛനും അമ്മയും ഒരുപാട് നല്ല ഗുണങ്ങള്‍, നല്ല വ്യക്തിത്വം രാഹുലിന് പകര്‍ന്നുനല്‍കി. രാഹുല്‍ നല്ല മനുഷ്യനും ക്രിക്കറ്ററുമായി. രാഹുലിന്റെ ബാക്ക്ഗ്രൗണ്ട് നന്നായി അറിയുന്നതുകൊണ്ടാണ് ഞാനിത്രയും പറഞ്ഞത്.
രാഹുല്‍ കളിയില്‍ പുലര്‍ത്തുന്ന സ്ഥിരത അവിശ്വസനീയമാണ്. നിരന്തരമായ പരിശീലനവും കഠിനാധ്വാനവുംകൊണ്ട് നേടിയെടുത്തതാണ് ഇത്. അത്രവേഗം അത് നഷ്ടമാവില്ലതാനും. വളരെ കാപ്പബിള്‍ ആയ ക്യാപ്റ്റനാണ് രാഹുല്‍. ടീമംഗങ്ങളെ പിന്തുണയ്ക്കുന്നു. തിരിച്ച് അവരുടെ പിന്തുണയും നന്നായി ലഭിക്കുന്നുണ്ട്. അടുത്ത ലോകകപ്പിലേക്ക് നമ്മുടെ ടീമിനെ വിജയപ്രദമായി നയിക്കാന്‍ രാഹുല്‍ എന്ന ക്യാപ്റ്റന് കഴിയും. അത് കാണാന്‍ നിങ്ങളെപ്പോലെ ഞാനും കാത്തിരിക്കുന്നു.
പ്രതിസന്ധിഘട്ടത്തില്‍ ടീമിന്റെ വിക്കറ്റ് കീപ്പറുടേയും ഓപ്പണറുടേയും എല്ലാം റോളുകള്‍ രാഹുല്‍ ഏറ്റെടുത്തിട്ടുണ്ട്. പ്രതിസന്ധിഘട്ടത്തില്‍ വലിയ ഉത്തരവാദിത്വങ്ങള്‍, അധികം ജോലി ഏറ്റെടുത്ത് വിജയകരമാക്കാന്‍ കഴിയുന്നവരാണ് വലിയ കളിക്കാര്‍. രാഹുലിന് അതിനു കഴിഞ്ഞു. അതുവഴി മറ്റു കളിക്കാര്‍ക്ക് മാതൃകയാവാനും അവരെ ഉത്തേജിപ്പിക്കാനും അവന് കഴിഞ്ഞിട്ടുണ്ട്.