ദ്രാവിഡ്, ആ കടം പെരുകുകയാണല്ലോ....
കെ.എം.സുധീര്‍ Posted on: 09 Mar 2012

ദ്രാവിഡ്, ക്രിക്കറ്റിന്റെ ഈ ചെറിയ ലോകം താങ്കള്‍ക്ക് കടപ്പെട്ടുകൊണ്ടേയിരിക്കുന്നു. തന്നു തീര്‍ക്കാനാവാത്ത വിധം ആ കടമങ്ങനെ പെരുകുകയാണ്. റണ്ണായും ക്യാച്ചുകളായും സാന്നിധ്യമായും അര്‍പ്പണബോധത്തിന്റെ ആള്‍രൂപമായും താങ്കള്‍ ഈ ഗെയിമിനു നല്‍കിയതിനേക്കാള്‍ മൂല്യവത്തായി മറ്റൊന്നും തന്നെയില്ല എന്ന് ഞങ്ങള്‍ വിശ്വസിക്കാന്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. തിരിച്ചറിവിന്റെ കാര്യത്തില്‍ ഞങ്ങള്‍ എത്ര പിന്നിലാണെന്ന് താങ്കള്‍ ഒരിക്കല്‍ക്കൂടി ബോധ്യപ്പെടുത്തിത്തന്നിരിക്കുന്നു-കാന്‍ബെറയിലെ നാഷണല്‍ വാര്‍ മെമ്മോറിയലില്‍ നടത്തിയ ബ്രാഡ്മന്‍ അനുസ്മരണത്തിലൂടെ-വികാരങ്ങള്‍ക്ക് കീഴ്‌പ്പെടാതെ വിവേകിയായി നിലകൊണ്ടതിന് താങ്കള്‍ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം തന്നെയായിരുന്നു ഈ അവസരം. ഇതിനുമേല്‍ മറ്റൊരു പുരസ്‌കാരവും ആവശ്യമില്ല.
'ഡോണ്‍ നിങ്ങളെ ഉന്മാദത്തിലേക്ക് തള്ളിവിട്ടപ്പോള്‍ എന്റെ ഇന്നിങ്ങ്‌സുകള്‍ പലപ്പോഴും നിങ്ങള്‍ക്ക് ഉറങ്ങാനുള്ള അവസരങ്ങളായിരുന്നു' എന്നതിലെ വിനയവും ആര്‍ജ്ജവവും ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നു. മെല്ലെപ്പോക്ക് എന്ന് പരിഹസിക്കുന്നവരുടെ സങ്കല്പങ്ങളോട് ഞങ്ങള്‍ക്ക് വെറുപ്പല്ല, അനുകമ്പ മാത്രമാണുള്ളത്. ഒരു കാലഘട്ടത്തിന്റെ കാവലാളായിരുന്നു താങ്കള്‍. സ്വയം ഉണര്‍ന്നിരുന്നു കൊണ്ട് മറ്റുള്ളവരെ ഉറങ്ങാന്‍ അനുവദിച്ച മഹത്തായ ത്യാഗം. അതിനെ സ്‌ട്രൈക്ക്-റെയ്റ്റിന്റെ വികലമായ കണക്കുകള്‍ കൊണ്ട് അളക്കാന്‍ ശ്രമിച്ചവരുടെ അജ്ഞതയോട് താങ്കള്‍ പൊറുക്കുക. സഹിക്കാനും പൊറുക്കാനും താങ്കളെപ്പോലെ ശീലിച്ചവര്‍ കുറവാണല്ലോ.

ഇന്ത്യക്ക് ഏകദിന ക്രിക്കറ്റിനു മാത്രമായി ഒരു വിക്കറ്റ്കീപ്പറെ വേണം എന്നത് ഒരു പരസ്യവാചകമായിരുന്നില്ലെന്നും രാഹുല്‍ ദ്രാവിഡ് എന്ന ബാറ്റ്‌സ്മാന്‍ ഏകദിന ക്രിക്കറ്റില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ഇങ്ങനെയൊരു ഡബിള്‍ റോളില്‍ മാത്രമായിരിക്കും എന്ന അസന്ദിഗ്ധമായ ഒരു പ്രസ്താവനയായിരുന്നുവെന്നും ഞങ്ങളേക്കാള്‍ എത്രയോ മുമ്പ് തിരിച്ചറിഞ്ഞ ആളായിരുന്നു താങ്കള്‍. ലായത്തില്‍ കെട്ടിയിടണോ അതോ റെയ്‌സ് കോഴ്‌സില്‍ കുതിക്കണോ എന്ന ചോദ്യത്തിന്റെ ഉത്തരം അശ്വമുഖത്തുനിന്നു തന്നെ കേള്‍ക്കണം എന്നതായിരുന്നു ചോദ്യം ചോദിച്ചവരുടെ ആവശ്യം. ഇന്ത്യയിലെ മികച്ച നാലാമത്തെ വിക്കറ്റ്കീപ്പര്‍ എന്ന, നിലവിലുള്ള ആ റെക്കോഡ് ചോദ്യകര്‍ത്താക്കള്‍ക്കുള്ള മറുപടിയായി ഇന്നും വിളങ്ങി നില്‍ക്കുന്നു. ക്രിക്ഇന്‍ഫോ എന്ന വെബ്‌സൈറ്റില്‍ താങ്കളുടെ പ്രൊഫൈലില്‍ 'ഒക്കേഷണല്‍' വിക്കറ്റ്കീപ്പര്‍ എന്ന് കാണുമ്പോള്‍ ഞങ്ങള്‍ക്ക് ചിരി വരുന്നു. ഒരു കാലത്ത് താങ്കള്‍ക്കത് ഒരു 'വൊക്കേഷന്‍' തന്നെയായിരുന്നു എന്ന് അറിയാവുന്നതു കൊണ്ട്.

ക്രിക്കറ്റ് എന്ന 'യുദ്ധം' കണ്ട് ശീലിച്ചവര്‍ക്ക് ആ പ്രയോഗത്തിലെ അര്‍ഥശൂന്യതയെക്കുറിച്ച് താങ്കള്‍ നടത്തിയ പരാമര്‍ശം ഉള്‍ക്കൊള്ളാനാവുമോ എന്ന് ഞങ്ങള്‍ക്ക് സന്ദേഹമുണ്ട്. മുപ്പത്തിയൊമ്പത് പിറന്നാളുകള്‍ കണ്ട താങ്കള്‍ക്കും ആ സന്ദേഹമുണ്ടാവും എന്നും ഞങ്ങള്‍ക്കറിയാം. സ്‌പോര്‍ട്‌സും ഗെയിംസുമൊന്നും സര്‍ഗാത്മകതയുടെ നിര്‍വചനങ്ങളില്‍ ഉള്‍പ്പെടുത്താവുന്നവയല്ല എന്ന പൊതു ധാരണയില്‍ ഒരു ക്രിക്കറ്ററുടെ ആത്മാവിഷ്‌കാരം എന്നൊക്കെ പറഞ്ഞാല്‍ ആളുകള്‍ ഒരുപക്ഷേ, പുച്ഛിച്ച് തള്ളും. അവര്‍ക്ക് ക്രിക്കറ്റ് എന്നാല്‍ എതിരാളികളെ കീഴ്‌പ്പെടുത്തുന്നതിനുള്ള ഒരു മാധ്യമം മാത്രമാണ്. ക്രിക്കറ്റ് കളിക്കുന്നവന് എന്ത് പ്രതിഭയാണ് എന്ന് ചോദിക്കുന്നവരുടെ ലോകമാണ്. അവിടെ സൗന്ദര്യം, അനുഭൂതി എന്നൊക്കെയുള്ള വാക്കുകളുടെ പ്രസക്തിയൊക്കെ എന്നേ നഷ്ടപ്പെട്ടിരിക്കുന്നു.
ഒരു ധ്യാനം പോലെ ശാന്തമായ താങ്കളുടെ ക്രിക്കറ്റ് ചിന്തകളില്‍ ഓരോ റണ്ണും ബൗണ്ടറിയും സെഞ്ച്വറിയും ക്യാച്ചും നൈരന്തര്യങ്ങളായി പിന്തുടരുന്നതു പോലെ ക്രിക്കറ്റ് പ്രേമത്തിനും തുടര്‍ച്ചകള്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ഞങ്ങള്‍ ആശിച്ചുപോകുന്നു. അള്‍ഷിമേഴ്‌സ് ബാധിച്ച ക്രിക്കറ്റ് പ്രണയത്തിന്, ഇന്നലെകളെ കാണാനും തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെട്ടിരിക്കുന്നു. എന്താണ് പ്രതിവിധി എന്ന് ഞങ്ങള്‍ക്കറിയില്ല. ഒറ്റമൂലികള്‍ അന്വേഷിച്ച് കാടു കയറിയാലും ഫലമുണ്ടാകുമെന്ന് തോന്നുന്നില്ല. കുളവാഴകളും പായലുമെല്ലാം കാണുമ്പോള്‍ പച്ചപ്പ് എന്ന് ധരിക്കുന്ന സമൂഹമായി ഞങ്ങള്‍ മാറിപ്പോയിരിക്കുന്നു.ഓരോ മത്സരവും ചരിത്രത്തിന്റെ ഇടനാഴികളിലൂടെയുള്ള മുന്നേറ്റമാണെന്ന താങ്കളുടെ ദര്‍ശനം, ചരിത്രബോധം തന്നെ നഷ്ടപ്പെട്ടവര്‍ക്കിടയില്‍ എന്ത് ചലനമാണുണ്ടാക്കുക എന്നും അറിയാനാവുന്നില്ല.

'ക്രിക്കറ്റ് എന്ന് ഗെയിം നമ്മളേക്കാളൊക്കെ വലുതായതിനാല്‍'-പ്രിയ രാഹുല്‍, നമ്മുടെ ഈ ഇന്ത്യാ മഹാരാജ്യത്ത് അങ്ങനെ വിചാരിക്കുന്ന ആരെങ്കിലും അവശേഷിക്കുന്നുണ്ടെന്ന് താങ്കള്‍ പോലും കരുതുന്നുണ്ടാവില്ലല്ലോ. ഇവിടെ ക്രിക്കറ്റ് എന്ന ഗെയിമിനെ ചലിപ്പിക്കുന്നത് ഞങ്ങളാണെന്ന് ഊറ്റംകൊള്ളുന്ന അധികാരി വര്‍ഗവും അത്തരം അധികാരങ്ങള്‍ ഞങ്ങളുടെ പണക്കൊഴുപ്പിന്റെ നിയന്ത്രണത്തിനു മാത്രം വിധേയമാണെന്ന് വിശ്വസിക്കുകയും അത് ആവര്‍ത്തിച്ച് തെളിയിക്കുകയും ചെയ്യുന്ന സംഘടനകള്‍ക്കിടയില്‍ എവിടെയാണ് ക്രിക്കറ്റിനും ക്രിക്കറ്റര്‍ക്കുമൊക്കെ സ്ഥാനം? അത് നിലനിര്‍ത്തേണ്ടവര്‍ ഞങ്ങള്‍ കാണികളായിരുന്നു. അവരുടെ കണ്‍കെട്ടുകളില്‍ ഞങ്ങളും മയങ്ങിപ്പോയി, അല്ലെങ്കില്‍ മയക്കം നടിച്ച് കിടന്നു. മൂന്ന് വിഭാഗങ്ങള്‍ക്കും ഒരുപോലെ നിലനില്‍ക്കാനാവില്ല എന്ന താങ്കളുടെ തുറന്നു പറച്ചില്‍ ഒരു സത്യപ്രസ്താവന പോലെ ഇവിടെയൊക്കെ നിലനില്‍ക്കുമെന്നേയുള്ളൂ. ക്രിക്കറ്റ് ഇനിയും ചുരുങ്ങിച്ചുരുങ്ങി വളര്‍ന്നുകൊണ്ടേയിരിക്കും.അത് താങ്കള്‍ക്കുമറിയാം. പൊതുവില്‍ അപ്രിയസത്യങ്ങള്‍ പറയാന്‍ ഇഷ്ടപ്പെടാത്ത താങ്കള്‍ പോലും ഈ ഘട്ടത്തില്‍ ഇത് തുറന്ന് പറയാന്‍ നിര്‍ബന്ധിതനായിരിക്കുന്നു.
പാരമ്പര്യങ്ങള്‍ നിലനിര്‍ത്തപ്പെടുന്നതു പോലെത്തന്നെ കാലഘട്ടത്തിന് അനുയോജ്യമായ വിധത്തില്‍ എല്ലാം പരിഷ്‌കരിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി താങ്കള്‍ നടത്തിയ നിരീക്ഷണങ്ങളാണ് ഏറ്റവും ശ്രദ്ധേയം. നല്ലൊരു ഭരണാധികാരിയുടെ ചിന്തകള്‍ക്ക് നിര്‍മ്മാണ പ്രക്രിയയിലുള്ള സ്വാധീനം എത്ര വലുതാണെന്ന് അത് ഓര്‍മ്മിപ്പിക്കുന്നു. 25 വര്‍ഷങ്ങള്‍ക്കപ്പുറത്ത് ക്രിക്കറ്റ് എന്ന ഗെയിം എങ്ങനെയിരിക്കണമെന്നതിന്റെ ഉള്‍ക്കാഴ്ച്ച ഇപ്പോഴേ ഉണ്ടായിരിക്കണം എന്ന താങ്കളുടെ വീക്ഷണം ക്രിക്കറ്റര്‍മാരെ മാത്രം ബാധിക്കുന്നതല്ല. രാഷ്ട്രപുനര്‍നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും തിരിച്ചറിയേണ്ട ഒരു വസ്തുത തന്നെയാണത്.
താരപ്പകിട്ടും പണക്കൊഴുപ്പും പ്രശസ്തിയും വന്‍വീഴ്ച്ചകളും മാത്രം കേട്ടുശീലിച്ചവര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നേര്‍ചിത്രം വരച്ച് നല്‍കിയ ആ വാക്കുകള്‍ക്ക് ഈഡന്‍ ഗാര്‍ഡെന്‍സിലെ ഇന്നിങ്‌സിനേക്കാള്‍ വിലയുണ്ട്. ഓരോ ക്രിക്കറ്റര്‍ക്കും സഹനത്തിന്റെയും അതിജീവനത്തിന്റെയും പിന്‍ചരിത്രമുണ്ട് എന്ന ഓര്‍മ്മിപ്പിക്കലുകള്‍ ഓണ്‍-ഡ്രൈവുകള്‍ പോലെ ഞങ്ങളുടെ പ്രതിരോധങ്ങളിലേക്ക് തുളഞ്ഞ് കയറുന്നു.

രാഹുല്‍, നന്ദി പറഞ്ഞാല്‍ തീരുന്നതല്ല താങ്കള്‍ ചെയ്തുപോന്നതും ചെയ്തുകൊണ്ടിരിക്കുന്നതുമായ ഒന്നും.എങ്കിലും ഞങ്ങളുടെ കൈയ്യില്‍ തേഞ്ഞുപഴകിയ ആ വാക്ക് മാത്രമേയുള്ളൂ. പൊറുത്തുകൊണ്ട് സദയം സ്വീകരിക്കുക. ഓസ്‌ട്രേലിയയിലെ താങ്കളുടെ ഇന്നിങ്ങ്‌സുകള്‍ക്ക് വാക്കുകളേക്കാള്‍ മൂര്‍ച്ഛയും ലക്ഷ്യപ്രാപ്തിയും ആശംസിക്കട്ടെ!
എല്ലാം കോര്‍ത്തിണക്കുന്ന ചരട്