Mathrubhumi Logo
  rahul_dravid

എല്ലാം കോര്‍ത്തിണക്കുന്ന ചരട്‌

Posted on: 09 Mar 2012

ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയിലെ യുദ്ധ സ്മാരകത്തില്‍
ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ് നടത്തിയ സര്‍ ഡോണ്‍ ബ്രാഡ്മാന്‍ അനുസ്മരണ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍. കളിയും സമൂഹവും ജീവിതവുമായുള്ള ബന്ധം വിശകലനം ചെയ്ത ദ്രാവിഡ്, ഈ പ്രഭാഷണത്തിന് നിയോഗിക്കപ്പെടുന്ന ആദ്യ വിദേശികൂടിയായിരുന്നു




നമ്മള്‍ ഒത്തുചേര്‍ന്നിട്ടുള്ള ഈ വേദി എന്നെ എളിയവനാക്കുന്നു. എന്റെ മുന്നില്‍ ഇപ്പോള്‍ ഒരു പിച്ചോ സ്റ്റമ്പുകളോ ബാറ്റോ ബോളോ ഇല്ല. എന്നാലും ഒരു ക്രിക്കറ്റ് കളിക്കാരന്‍ എന്ന നിലയില്‍ ഈ രാത്രി വിശുദ്ധമായ ഒരു ഗ്രൗണ്ടില്‍ നില്‍ക്കുന്ന അനുഭൂതിയിലാണ് ഞാന്‍. ദേശീയ യുദ്ധ സ്മാരകത്തില്‍ വെച്ചാണ് ബ്രാഡ്മാന്‍ സ്മാരക പ്രഭാഷണം എന്നറിഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ക്കുകയായിരുന്നു 'യുദ്ധം', 'പോരാട്ടം', 'ഏറ്റുമുട്ടല്‍' തുടങ്ങിയ പദങ്ങള്‍ എത്ര നിരര്‍ഥകമായാണ് നമ്മള്‍ ക്രിക്കറ്റില്‍ ഉപയോഗിക്കുന്നതെന്ന്. ഈ പദങ്ങളെല്ലാം അതിന്റെ വാച്യാര്‍ഥത്തില്‍ തന്നെ ജീവിത യാഥാര്‍ഥ്യമായി അനുഭവിച്ച് രാജ്യത്തിനുവേണ്ടി ജീവന്‍ ബലി നല്‍കിയവര്‍ക്കുള്ള ആദരവാണ് ഈ സ്മാരക മന്ദിരം.

ഇന്ത്യയെയും ഓസ്‌ട്രേലിയയെയും ഒന്നിപ്പിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ് ക്രിക്കറ്റെന്നത് ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ ഒരുപോലെ അംഗീകരിക്കുന്ന ഒരു വസ്തുതയാണ്. രണ്ടു രാജ്യങ്ങളെയും ഒരൊറ്റ ചരടില്‍ കോര്‍ക്കുന്ന പൊതുവായ മാനബിന്ദുവാണത്.

സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യ ആദ്യമായി ഒരു ടെസ്റ്റ് പരമ്പര കളിച്ചത് ഓസ്‌ട്രേലിയയിലാണ്- 1947-ല്‍; സ്വാതന്ത്ര്യം നേടി വെറും മൂന്നു മാസത്തിനുള്ളില്‍. എന്നാല്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രം അതിനും എത്രയോ പിറകിലേക്ക് നീണ്ടുകിടക്കുന്നു. ക്രിക്കറ്റിന് പുറമെ ഇരു രാജ്യങ്ങളും പൊതുവായി പങ്കുവെക്കുന്ന മറ്റൊരുപാട് ഘടകങ്ങളുണ്ട്. ഒരേ ചേരിയില്‍ നിന്ന് ഒന്നിച്ച് യുദ്ധംചെയ്തവരാണ് നമ്മള്‍. ഒന്നാം ലോകമഹായുദ്ധത്തില്‍ ഗേലിപ്പെളിയില്‍ ആയിരക്കണക്കിന് ഓസ്‌ട്രേലിയക്കാരെപ്പോലെ ഏതാണ്ട് 1300-ഓളം ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വടക്കന്‍ ആഫ്രിക്കയിലെ എല്‍ അലാമെയ്‌നിലും ബര്‍മയിലുമെല്ലാം നമ്മുടെ സൈനികര്‍ തോളോടു തോള്‍ ചേര്‍ന്നാണ് പൊരുതിയത്. പരസ്പരം മത്സരിക്കുന്നതിനു മുന്‍പുതന്നെ നമ്മള്‍ ഉത്തമ സുഹൃത്തുക്കളായിരുന്നു എന്ന് സാരം. ഓസ്‌ട്രേലിയന്‍ യുദ്ധ സ്മാരകത്തില്‍ വെച്ച് ഇത്തരമൊരു പ്രഭാഷണത്തിന് അവസരം ലഭിച്ചത് എന്തുകൊണ്ടും ഉചിതമായി. ക്രിക്കറ്റിനെയും ക്രിക്കറ്റര്‍മാരെയും ആഘോഷിക്കുന്നതിനോടൊപ്പം തന്നെ ഇരുരാജ്യങ്ങളിലെയും അറിയപ്പെടാത്ത സൈനികരെ ഓര്‍ക്കാനുള്ള അസുലഭാവസരം കൂടിയാണ് ഇതുവഴി നമുക്ക് കൈവന്നിരിക്കുന്നത്.



ഡോണ്‍ എന്ന വിഗ്രഹം


ക്രിക്കറ്റിലേക്ക് വരികയാണെങ്കില്‍, ഒരിക്കല്‍പ്പോലും ഇന്ത്യയില്‍ വന്ന് കളിച്ചിട്ടില്ലെങ്കിലും ഇന്ത്യയില്‍ ഇന്നും ഏറ്റവും അധികം ആദരിക്കപ്പെടുന്ന ക്രിക്കറ്റ് താരമാണ് സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍. അദ്ദേഹം തന്റെ വിരമിക്കല്‍ സീസണില്‍ നാട്ടില്‍ വെച്ച് ഏറ്റവും അവസാനമായി കളിച്ചത് ഇന്ത്യയ്‌ക്കെതിരെയാണ് എന്നത് അനുസ്മരിക്കപ്പെടേണ്ട ഒരു വസ്തുതയാണ്. 1947-'48-ലെ പരമ്പരയില്‍ വെറും അഞ്ച് ടെസ്റ്റുകള്‍ മാത്രമാണ് സര്‍ ഡോണ്‍ ഇന്ത്യയ്‌ക്കെതിരെ കളിച്ചത്. ആഷസ് പരമ്പര റിപ്പോര്‍ട്ട് ചെയ്യാനായി ഇംഗ്ലണ്ടിലേക്ക് പോകുംവഴി 1953-ല്‍ അദ്ദേഹം ഇന്ത്യയിലെത്തിയ കാര്യം നമുക്കറിയാം. അദ്ദേഹത്തെ ഒരുനോക്കു കാണാനായി ആയിരത്തോളം ആളുകളാണ് അന്ന് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ തടിച്ചുകൂടിയത്. സ്വകാര്യതയ്ക്ക് അങ്ങേയറ്റം വില കല്പിക്കുന്ന അദ്ദേഹം ഒരു സൈനിക ജീപ്പില്‍ രഹസ്യമായി രക്ഷപ്പെടുകയും പിന്നീട് തന്റെ യാത്രാവിവരങ്ങള്‍ പുറത്തുവിട്ട വിമാനക്കമ്പനിയോട് ക്ഷോഭിക്കുകയും ചെയ്ത വിവരം നമുക്ക് അറിവുള്ളതാണ്.



ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ കഴിഞ്ഞിരുന്ന 1930-കളില്‍ തലമുറയ്ക്ക് ബ്രാഡ്മാന്‍ എല്ലാ അര്‍ഥത്തിലും ഇംഗ്ലണ്ടിന് പുറത്തെ ഒരു ക്രിക്കറ്റ് വിഗ്രഹം തന്നെയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലേക്ക് കാലൂന്നാന്‍ ഒരുങ്ങുന്ന ഒരു രാജ്യത്തിന് ഇംഗ്ലണ്ടിനെതിരെ ബ്രാഡ്മാന്‍ കൈവരിച്ച നേട്ടങ്ങള്‍ സ്വന്തം നേട്ടങ്ങള്‍ തന്നെയായിരുന്നു. നമുക്കുവേണ്ടിക്കൂടിയായിരുന്നു പൊതുശത്രുവായ ഇംഗ്ലണ്ടിനെതിരെ ബ്രാഡ്മാന്‍ ബാറ്റേന്തിയതെന്ന് അന്നത്തെ തലമുറ ഉറച്ചുവിശ്വസിച്ചു.

ബ്രാഡ്മാനെയും ഇന്ത്യയെയും കുറിച്ച് പറയുമ്പോള്‍ രണ്ടു കാര്യങ്ങള്‍ ഓര്‍മപ്പെടുത്തേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. ഒന്ന് ബ്രാഡ്മാന്‍ ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ വെച്ച് 254 റണ്‍സടിച്ച അതേദിവസമാണ് നമ്മുടെ ജവാഹര്‍ലാല്‍ നെഹ്രു അറസ്റ്റ് ചെയ്യപ്പെട്ടത്. സ്വാതന്ത്ര്യസമരസേനാനിയും കറകളഞ്ഞ ക്രിക്കറ്റ് ആരാധകനും പില്‍ക്കാലത്ത് വിഖ്യാതനായ ക്രിക്കറ്റ് എഴുത്തുകാരനുമായി മാറിയ കെ. എന്‍. പ്രഭുവാണ് ചരിത്രത്തിലെ ഈ യാദൃച്ഛികത വെളിച്ചത്തുകൊണ്ടുവന്നത്. '30 കളില്‍ നെഹ്രു ജയിലില്‍ വന്നുംപോയുമിരുന്നപ്പോള്‍, കെ. എന്‍. പ്രഭു നിരീക്ഷിക്കുംപോലെ ബ്രാഡ്മാന്‍ ഇംഗ്ലീഷ് ബൗളിങ്ങിനെ വേട്ടയാടിക്കൊണ്ട് ഇന്ത്യയ്ക്കുവേണ്ടി ഒരുതരത്തില്‍ പകവീട്ടുകയായിരുന്നു.

ഞാന്‍ കേട്ട മറ്റൊരു കഥ 334 റണ്‍സ് എന്ന ബ്രാഡ്മാന്റെ ടെസ്റ്റ് റെക്കോഡ് 1933-ല്‍ വാല്ലി ഹാമണ്ട് ഭേദിച്ചതിന്റേതാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ അത്ര സന്തോഷത്തോടെയല്ലത്രെ ആ വാര്‍ത്തയെ സ്വീകരിച്ചത്. ഓസ്‌ട്രേലിയയ്ക്കും അതുവഴി ഇന്ത്യയ്ക്കും അവകാശപ്പെട്ട ആ റെക്കോഡ് ഭേദിക്കപ്പെട്ടപ്പോള്‍ ചില ഇന്ത്യന്‍ ആരാധകര്‍ കൈയില്‍ കറുത്ത പട്ടകെട്ടിയിരുന്നുവെന്ന വാര്‍ത്തയും അക്കാലത്ത് പ്രചരിച്ചിരുന്നു. ഈ കഥയുടെ നിജസ്ഥിതി അറിയാന്‍ ഇപ്പോള്‍ ഒരു നിര്‍വാഹവുമില്ലെങ്കിലും അതിന്റെ നല്ല വശങ്ങള്‍ പരിഗണിക്കുമ്പോള്‍ എന്തിന് വസ്തുതകള്‍ക്ക് പിറകെ പോകണം എന്തു ചിന്തിച്ചുപോകുന്നു.

മറ്റേത് ഇന്ത്യക്കാരനെയും പോലെ എനിക്കും ബ്രാഡ്മാനെക്കുറിച്ച് പുസ്തകങ്ങളില്‍ നിന്നും പഴയ വീഡിയോ ഫൂട്ടേജുകളില്‍ നിന്നും അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നുമുള്ള അറിവ് മാത്രമാണുള്ളത്. ഞങ്ങളുടെ റെക്കോഡുകളും സ്‌ട്രൈക്ക് റേറ്റും താരതമ്യം ചെയ്യാനാവില്ലെങ്കിലും ഞങ്ങള്‍ തമ്മില്‍ സുപ്രധാനമായ ഒരു സമാനതയുമുണ്ട്. എന്നെപ്പോലെ അദ്ദേഹവും മൂന്നാമനായാണ് ബാറ്റിങ്ങിനിറങ്ങിയിരുന്നത്. കടുപ്പമേറിയ ഒരു ജോലിയാണിതെന്ന കാര്യം പറയേണ്ടതില്ലല്ലോ. പിറകെവരുന്ന മിഡില്‍ ഓര്‍ഡറിലെ ബാറ്റിങ് രാജാക്കന്മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുക്കുന്നത് ഞങ്ങളാണ്.ഇക്കാര്യത്തില്‍ എന്നേക്കാളും ഫലപ്രദമായും മനോഹരമായും കാര്യങ്ങള്‍ ചെയ്തത് ബ്രാഡ്മാനാണ്. '80-കളില്‍ പൊതുജീവിതത്തില്‍ നിന്ന് നിഷ്‌ക്രമിക്കുംമുന്‍പ് സുനില്‍ ഗാവസ്‌കറുടെ തലമുറ ഓസ്‌ട്രേലിയയില്‍ ഒരു പരമ്പര കളിക്കുന്നതിന് ബ്രാഡ്മാന്‍ സാക്ഷ്യംവഹിച്ചിരുന്നുവെന്ന കാര്യം എനിക്കറിയാം. അതുപോലെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ബാറ്റ് ചെയ്യുന്നത് താന്‍ ടി. വി. യില്‍ കണ്ടിട്ടുണ്ടെന്ന ബ്രാഡ്മാന്റെ വെളിപ്പെടുത്തല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന് പകര്‍ന്ന ആവേശവും ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. താന്‍ ബാറ്റ് ചെയ്തതുപോലെയാണ് സച്ചിന്‍ ബാറ്റ് ചെയ്യുന്നതെന്ന ബ്രാഡ്മാന്റെ വാക്കുകളേക്കാള്‍ വലിയൊരു ബഹുമതി ഇനി സച്ചിനെ തേടിയെത്താനില്ല. ബ്രാഡ്മാന്‍ തന്റെ പാരമ്പര്യത്തിന്റെ ദീപശിഖ കൈമാറിയ പ്രതീതിയാണ് ഈ പ്രസ്താവന ജനിപ്പിച്ചത്. അതൊരു ഓസ്‌ട്രേലിയക്കാരനോ ഇംഗ്ലീഷുകാരനോ വെസ്റ്റിന്‍ഡീസുകാരനോ ആയിരുന്നില്ല, മറിച്ച് ഒരു ഇന്ത്യക്കാരനായിരുന്നുവെന്ന കാര്യം നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്.



പതിനഞ്ച് ഭാഷകള്‍


പുറംലോകത്തിന്റെ കണ്ണില്‍ ഇന്ത്യന്‍ ക്രിക്കറ്റ് രണ്ടു കാര്യങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഒന്ന് പണം. മറ്റൊന്ന് അധികാരം. ഇവ രണ്ടും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗം തന്നെ. എന്നാല്‍, ഈയൊരു കാഴ്ചപ്പാട് നമുക്ക് ഇന്ത്യന്‍ ക്രിക്കറ്റിന്റെ സമ്പൂര്‍ണ ചിത്രം തരുന്നില്ല എന്നതാണ് വാസ്തവം. ഇന്ത്യന്‍ ടീമിലെ ഒരംഗം എന്ന നിലയില്‍ എനിക്ക് പറയാനാകും; ഇന്ത്യന്‍ ക്രിക്കറ്റ് എന്നാല്‍, തീര്‍ച്ചയായും ആവര്‍ത്തനവിരസമായ, ഈ ഏകമുഖ ഇമേജേയല്ല.

നിങ്ങളെയെല്ലാവരെയും ഞങ്ങളുടെ താരങ്ങള്‍ വരുന്ന ഗ്രാമങ്ങളിലേക്ക് കൊണ്ടുപോകാനും അവരെ അന്താരാഷ്ട്ര താരങ്ങളാക്കിമാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അവരുടെ കുടുംബാംഗങ്ങളെയും അധ്യാപകരെയും പരിശീലകരെയും ഗുരുകാരണവന്മാരെയും കളിക്കൂട്ടുകാരെയുമെല്ലാം പരിചയപ്പെടുത്താനും എനിക്കാവില്ല. ഇന്ത്യയില്‍ ക്രിക്കറ്റിനെ നിലനിര്‍ത്തുന്ന നൂറുകണക്കിന് ആളുകളുടെ വിശ്വാസങ്ങളും പോരാട്ടങ്ങളും കഠിനപ്രയത്‌നങ്ങളും ആത്മസമര്‍പ്പണങ്ങളും കാണിച്ചുതരാനും എനിക്ക് കഴിയില്ല. എങ്കിലും ഇന്ത്യയിലെ ക്രിക്കറ്റിന്റെ അവിസ്മരണീയമായ ചരിത്രത്തെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുക എന്നൊരു ഉത്തരവാദിത്വം എനിക്കുണ്ടെന്ന് തോന്നുന്നു. ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങള്‍ പരസ്പരം മനസ്സിലാക്കാനും ഓരോ രാജ്യത്തും കളിക്കാര്‍ വഹിക്കുന്ന പങ്ക് തിരിച്ചറിയാനും ശ്രമിക്കണം. നമ്മുടേത് ഒരു വളരെ ചെറിയ ലോകമാണ് എന്നതു തന്നെ കാരണം.

ഇന്ത്യയിലിപ്പോള്‍ ക്രിക്കറ്റ്, ലോകത്ത് മറ്റൊരിടത്തും ഇല്ലാത്തവണ്ണം വളരെ സജീവമായ, നിര്‍ണായകമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ചരിത്രത്തില്‍ മുന്‍പൊന്നും ദൃശ്യമാകാത്ത രീതിയില്‍ രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക, മത, ഭാഷാ, വര്‍ഗവൈവിധ്യത്തെ മുഴുവനായി പ്രതിനിധാനം ചെയ്യാന്‍ ഇന്ത്യന്‍ ടീമിന് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ കഴിഞ്ഞിട്ടുണ്ട്. നമ്മുടെ ഡ്രസ്സിങ് റൂമില്‍ എത്ര ഭാഷ സംസാരിക്കുന്നുണ്ട് എന്നന്വേഷിച്ച എനിക്ക് ലഭിച്ച ഉത്തരം പതിനഞ്ച് എന്നായിരുന്നു. ഇതില്‍ ഷോനയും ആഫ്രിക്കാന്‍സും ഉള്‍പ്പെടും എന്നും അറിയേണ്ടതുണ്ട്.

ഭൂരിഭാഗം വിദേശ ക്യാപ്റ്റന്മാരും ഇതുകേട്ട് മൂക്കത്ത് വിരല്‍വെച്ചേക്കും. എന്നാല്‍, ടീമിനെ നയിച്ച കാലത്ത് ഈയൊരു അനുഭവം ഞാന്‍ ശരിക്കും ആസ്വദിച്ചിരുന്നു. തീര്‍ത്തും വ്യത്യസ്തമായ പശ്ചാത്തലങ്ങളില്‍ നിന്നുവന്നവര്‍ ഒരു ഡ്രസ്സിങ് റൂം പങ്കിടുകയും ഈ വൈവിധ്യത്തെ തുറന്ന മനസ്സോടെ അംഗീകരിക്കുകയും അത് ഉള്‍ക്കൊള്ളുകയും ചെയ്യുന്നത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കടുത്ത അസഹിഷ്ണുതയിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന ലോകത്ത് ശരിക്കും മാതൃകയാക്കുകയും പിന്തുടരുകയും ചെയ്യേണ്ട മഹനീയമായ ഒരു സവിശേഷ ഗുണം തന്നെയാണിത്. മറ്റുള്ളവരുടെ സവിശേഷതകള്‍ മനസ്സിലാക്കാനും അവരെ ആദരിക്കാനും ഇത് നമ്മളെ കുറച്ചൊന്നുമല്ല സഹായിക്കുന്നത്.



സമ്പത്ത് മാത്രമല്ല കളി


പണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ മറ്റെല്ലാറ്റിനെയും അപ്രസക്തമാക്കുമെങ്കിലും പുറംലോകം കാണാത്ത, എണ്ണിയാല്‍ തീരാത്ത കഥകളുടെ ഒരു കലവറ കൂടിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് എന്നറിയേണ്ടതുണ്ട്. ടെലിവിഷന്‍ സംപ്രേഷണാവകാശത്തെക്കുറിച്ചാണ് ചര്‍ച്ചകള്‍ ഏറെയും ചൂടുപിടിക്കുന്നത്. എന്നാല്‍, ടെലിവിഷന്‍ ഇന്ത്യയില്‍ ക്രിക്കറ്റിനെ എത്തരത്തില്‍ സ്വാധീനിച്ചു എന്ന് ഈ അവസരത്തില്‍ അറിയേണ്ടതുണ്ട്.

മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ, ബറോഡ, ഹൈദരാബാദ്, ഡല്‍ഹി തുടങ്ങിയ വലിയ നഗരങ്ങളില്‍ രാജാക്കന്മാരും ധനാഢ്യരായ വ്യാപാരികളും മാത്രമായിരുന്നു ഒരു കാലത്ത് കളിച്ചിരുന്നതെങ്കില്‍ ഇന്ന് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ക്രിക്കറ്റ്താരങ്ങള്‍ ഉയര്‍ന്നുവരുന്നത് നമുക്ക് കാണാം. ഈയൊരു വളര്‍ച്ചയ്ക്കും വികാസത്തിനുമുള്ള പ്രധാന കാരണം ടെലിവിഷന്‍ സംപ്രേഷണത്തിലുണ്ടായ വളര്‍ച്ച തന്നെയാണ്. ഇതിന്റെ ചുവടുപിടിച്ചാണ് ബോവ്രാളില്‍ നിന്ന് ബ്രാഡ്മാന്‍ ഉയര്‍ന്നുവന്നതുപോലെ ഇന്ത്യയുടെ പിന്നാക്കപ്രദേശങ്ങളില്‍ നിന്നെല്ലാം പ്രതിഭകളുടെ ഒരു നീണ്ടനിര ഉയര്‍ന്നുവരുന്നത്.

ഒരു ടര്‍ഫ് വിക്കറ്റ് പോലുമില്ലാത്ത മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് സഹീര്‍ഖാന്‍ ഉയര്‍ന്നുവന്നത്. ഒരു ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറാകുമായിരുന്ന സഹീറിനെ ക്രിക്കറ്റിലേക്ക് വഴിനടത്തിച്ചത് ടെലിവിഷനാണ്. ടി.വിയില്‍ കളി കണ്ട് കണ്ണാടിക്ക് മുന്നില്‍ നിന്ന് പരിശീലനം നടത്തിയ സഹീര്‍ ഒരു ക്രിക്കറ്റ് പന്ത് ശരിയാംവണ്ണം കൈകൊണ്ട് തൊടുന്നത് പതിനേഴാം വയസ്സിലാണ്.

ഗുജറാത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍നിന്ന് തീര്‍ത്തും അപ്രതീക്ഷിതമായാണ് മുനാഫ് പട്ടേല്‍ എന്ന ഫാസ്റ്റ് ബൗളര്‍ ഇന്ത്യന്‍ ടീമിലെത്തിയത്. മുനാഫ് ഇന്ത്യയ്ക്കുവേണ്ടി അരങ്ങേറ്റം കുറിച്ചതിനുശേഷം മാത്രമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു വരാനായി വീട്ടിലേക്കൊരു വഴി ഉണ്ടായതു തന്നെ.

വിദര്‍ഭയില്‍ നിന്ന് ആദ്യമായി ഇന്ത്യന്‍ ടീമിലെത്തിയ ഉമേഷ് യാദവ് ഒരു പോലീസുകാരനാകാതിരുന്നതും ഒരു വലിയ അത്ഭുതമാണ്. ഡല്‍ഹിയുടെ നഗരപുറമ്പോക്കിലെ താമസക്കാരനായിരുന്ന വിരേന്ദര്‍ സെവാഗ് ക്രിക്കറ്റ് പരിശീലന സൗകര്യമുള്ള കോളേജിലേക്ക് നിത്യവും ബസ്സില്‍ 84 കിലോമീറ്ററാണ് സഞ്ചരിച്ചിരുന്നത്.

ഡ്രസ്സിങ് റൂമില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞിരിക്കുന്ന ഓരോ കളിക്കാരനുമുണ്ട് ഇത്തരത്തിലുള്ള ഹൃദയസ്പൃക്കായ ഒരു കഥ പറയാന്‍. സുഹൃത്തുക്കളേ, ഇവിടെയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ യഥാര്‍ഥ ഹൃദയവും ആത്മാവുമെല്ലാം കുടികൊള്ളുന്നത്.

ഇന്ത്യയ്ക്കുവേണ്ടി കളിക്കുമ്പോള്‍ അത് ഞങ്ങളുടെ ജീവിതത്തെ അടിമുടി മാറ്റിമറിക്കുന്നു. ഞങ്ങളെ മികച്ച ക്രിക്കറ്റര്‍മാരാകാന്‍ അവരുടെ സമയവും ഊര്‍ജവും അര്‍ഥവുമെല്ലാം ചെലവഴിച്ചവര്‍ക്ക് അതെല്ലാം തിരിച്ചുനല്‍കാനുള്ള അവസരമാണ് ഇതുവഴി ഞങ്ങള്‍ക്ക് കൈവന്നിരിക്കുന്നത്. ഞങ്ങള്‍ക്കിപ്പോള്‍ ഞങ്ങളുടെ അച്ഛനമ്മമാര്‍ക്കുവേണ്ടി പുതിയ വീടുകള്‍ പണിയാംകുട്ടികളെ നല്ല നിലയില്‍ കല്യാണം കഴിപ്പിച്ചയ്ക്കാം കുടുംബത്തിന് നല്ലൊരു ജീവിതവും സമ്മാനിക്കാനാവും.



എല്ലാം ആരാധകര്‍


ഒരു കളിക്കാരന്‍ എന്ന നിലയില്‍ ടീം ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ എന്റെ മനസ്സിനെ മഥിക്കുന്ന ഒരു കാഴ്ചയുണ്ട്. നീങ്ങുന്ന ബസ്സിന്റെ കര്‍ട്ടന് പിറകില്‍ കളിക്കാരെ കാണുമ്പോള്‍ റോഡരികിലെ ആരാധകരുടെ മുഖം പ്രകാശമാനമാകുന്നത് കാണുമ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടിട്ടുണ്ട്. അവരുടെ മുഖത്ത് തെളിയുന്ന ചിരി സത്യത്തില്‍ ഞങ്ങള്‍ കളിക്കാര്‍ക്കുനേരേയല്ല നീളുന്നത്, ഞങ്ങള്‍ കളിക്കുന്ന ക്രിക്കറ്റിനു നേരേയാണ്. ജയമോ തോല്‍വിയോ മത്സരഫലം എന്തുതന്നെയുമാകട്ടെ തെരുവില്‍ നിന്നവര്‍ നമുക്ക് നേരെ ചിരിക്കും സന്തോഷത്തോടെ കൈവീശും.

ഇന്ത്യ ലോകകപ്പ് സ്വന്തമാക്കിയപ്പോള്‍ ടീമിന് ഏറ്റവും വലിയ അംഗീകാരം ലഭിച്ചത് ഈ ആരാധകരില്‍ നിന്നു തന്നെയാണ്. നിങ്ങള്‍ ഞങ്ങള്‍ക്ക് എല്ലാം തന്നു. നമ്മളെല്ലാവരുമാണ് വിജയിച്ചിരിക്കുന്നത്. - ആരാധകരുടെ ഈ വാക്കളുകളേക്കാള്‍ വലിയൊരു ബഹുമതി ടീമിന് വേറെ എന്തു ലഭിക്കാന്‍.

ക്രിക്കറ്റ് ഇപ്പോള്‍ ഇന്ത്യയില്‍ ഒരു കായികവിനോദം മാത്രമല്ല, ഒരു സാധ്യതയാണ്, പ്രതീക്ഷയാണ്, അവസരവും. ടീമിലേക്കുള്ള യാത്രയില്‍ പ്രതിഭാധനരായ എത്രയോ കളിക്കാരെ നമ്മള്‍ കണ്ടുമുട്ടിയിട്ടുണ്ട്. അതില്‍ പലരും ഇപ്പോള്‍ ടീമിലുള്ളവരേക്കാള്‍ എത്രയോ മടങ്ങ് മികവുറ്റവര്‍. പക്ഷേ, അവസരങ്ങള്‍ കൈവരാതെ പോയവര്‍. ഇന്ത്യയിലെ യുവതലമുറയെ സംബന്ധിച്ചിടത്തോളം ക്രിക്കറ്റ് ഒരു വലിയ ചൂതാട്ടം കൂടിയാണ്. ഫസ്റ്റ് ക്ലാസ് തലത്തില്‍ പോലും നല്ല പ്രതിഫലം ലഭിക്കുന്ന കളിക്കാരുടെ ഒരു വലിയ പൂളാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശരിയായ സമ്പാദ്യം.

ഇന്ത്യന്‍ ടീമിലെത്തിയ ഞങ്ങളെപ്പോലുള്ളവര്‍ക്ക് ക്രിക്കറ്റ് കേവലമൊരു ജീവിതോപാധി മാത്രമല്ല, ഒരു വരദാനം കൂടിയാണ്. ഈ കളിയില്ലായിരുന്നെങ്കില്‍ മറ്റാരെയും പോലെ ഞങ്ങളും സാധാരണ ജീവിതം നയിക്കുന്നവരായിപ്പോകുമായിരുന്നു. ഞങ്ങള്‍ ക്രിക്കറ്റര്‍മാര്‍ക്ക് ജീവിതംകൊണ്ട് ഫലപ്രദമായി എന്തെങ്കിലും ചെയ്യാനുള്ള ശേഷി ഉണ്ടാക്കിത്തന്നത് ഈ കളി തന്നെയാണ്. ഇത്തരമൊരു ഭാഗ്യം എത്ര പേര്‍ക്കുണ്ടാകും!




ganangal sports mathrubhumi
Discuss