'വന്മതില്‍' വഴിമാറി
ഷിജു സ്‌കറിയ Posted on: 09 Mar 2012

ബാംഗ്ലൂര്‍: ലോക ക്രിക്കറ്റിലെ 'ദ്രാവിഡ യുഗ'ത്തിന് വിട. പതിനാറുവര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ വന്മതിലായി നിലകൊണ്ട രാഹുല്‍ ദ്രാവിഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.
ലോര്‍ഡ്‌സില്‍ 1996 ജൂണിലെ അരങ്ങേറ്റം മുതല്‍ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യഘടകമായിരുന്നു ദ്രാവിഡ്. 164 ടെസ്റ്റില്‍ നിന്ന് 36 സെഞ്ച്വറികളും 63 അര്‍ധ സെഞ്ച്വറികളുമായി 13,288 റണ്‍സാണ് സമ്പാദ്യം. ശരാശരി 52.31, ഉയര്‍ന്ന സ്‌കോര്‍ 270. സ്ലിപ്പില്‍ ചോരാത്ത കൈകളുമായി നിന്ന ദ്രാവിഡിന്റെ പേരില്‍ 210 ക്യാച്ചുകളുണ്ട്. അതുമൊരു റെക്കോഡാണ്. ഏകദിനത്തിലും ദ്രാവിഡിന്റെ ഗ്രാഫ് മികച്ചതു തന്നെ. 344 ഏകദിനങ്ങളില്‍ നിന്നായി 10,889 റണ്‍സ്. ഇതില്‍ 12 സെഞ്ച്വറികളും 83 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു. ശരാശരി 39.16, ഉയര്‍ന്ന സ്‌കോര്‍ 153. 1996 ഏപ്രിലില്‍ സിംഗപ്പൂരില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു അരങ്ങേറ്റം.
അടുത്തിടെ വിദേശത്തുനടന്ന ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യയുടെ മോശം പ്രകടനം സീനിയര്‍ താരങ്ങള്‍ വഴിമാറണമെന്ന ആവശ്യത്തിന് ശക്തിപകര്‍ന്നിരുന്നു. സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍ ത്രയത്തില്‍നിന്ന് രാഹുല്‍ പടിയിറങ്ങുന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ സുവര്‍ണയുഗത്തിനാണ് തിരശ്ശീല വീഴുന്നത്. തുടര്‍ച്ചയായി വിദേശത്ത് എട്ടുടെസ്റ്റുകള്‍ ഇന്ത്യ പരാജയപ്പെട്ടത് വിരമിക്കലിന് വഴിയൊരുക്കിയെങ്കിലും ഈ എട്ട് ടെസ്റ്റുകളില്‍ മൂന്ന് സെഞ്ച്വറികള്‍ ദ്രാവിഡിന്റെ പേരില്‍ കുറിക്കപ്പെട്ടു. വിദേശ പിച്ചിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പോരാളിക്ക് ഈ തോല്‍വികള്‍ യോജിച്ച വിടനല്‍കലായില്ല. എങ്കിലും കാവ്യനീതി പോലെ കരിയറില്‍ വിദേശത്തെ അവസാന വിജയത്തില്‍ മാന്‍ ഓഫ് ദ മാച്ചായിത്തന്നെയാണ് ദ്രാവിഡ് വിടപറയുന്നത്. കിങ്സ്റ്റണില്‍ കഴിഞ്ഞ ജൂണില്‍ വിന്‍ഡീസിനെതിരെയായിരുന്നു ആ ജയം.
ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കു വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. ബി.സി.സി.ഐ. അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്‍, മുന്‍ ഇന്ത്യന്‍ നായകനും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ അനില്‍ കുംബ്ലെ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പിതാവ് ശരദ് ദ്രാവിഡ്, ഭാര്യ വിചേത, മക്കളായ സമിത്, അന്‍വെ എന്നിവരും അടുത്ത ബന്ധുക്കളും വിരമിക്കല്‍ പ്രഖ്യാപനത്തിന് സാക്ഷികളായി.