അഴീക്കോടിന് നിത്യനിദ്ര
Posted on: 25 Jan 2012

കണ്ണൂര്‍: പയ്യാമ്പലത്തെ കത്തുന്ന ഉച്ചസൂര്യനുകീഴില്‍ അറബിക്കടലിന്റെ നേരിയ ഇരമ്പലില്‍ മലയാളത്തിന്റെ വാഗ്ഭടന്‍ എരിഞ്ഞടങ്ങി.
ആയിരങ്ങളുടെ നെടുവീര്‍പ്പുകള്‍ക്കിടയില്‍ സുകുമാര്‍ അഴീക്കോടിന്റെ ഭൗതിക ശരീരം അഗ്‌നിനാളങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ സാക്ഷികളായി രാഷ്ട്രീയ, സാംസ്‌കാരിക കേരളമാകെ പയ്യാമ്പലം കടപ്പുറത്ത് ഒത്തുചേര്‍ന്നു. കണ്ണൂരിന്റെ മഹാപ്രതിഭകള്‍ പലരും അന്ത്യവിശ്രമംകൊള്ളുന്ന പയ്യാമ്പലത്തെ പ്രശസ്തമായ കടല്‍ത്തീരം അഴീക്കോടിനെയും ഏറ്റുവാങ്ങി. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു ശവസംസ്‌കാരം. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകള്‍. എന്നാല്‍, പോലീസിന്റെ ഉപചാരവെടികള്‍ മുഴക്കിയില്ല. പോലീസ് കമാന്‍ഡോകള്‍ ചേര്‍ന്ന് വഹിച്ചുകൊണ്ടുവന്ന ഭൗതിക ശരീരം ചിതയില്‍ വെച്ചപ്പോള്‍ മരുമക്കളായ എം.ടി.രാജേഷും എം.ടി.മനോജും സന്തത സഹചാരിയായ സുരേഷും ചേര്‍ന്ന് തീകൊളുത്തി. തുടര്‍ന്ന് പയ്യാമ്പലത്തുതന്നെ അനുശോചന യോഗവും ചേര്‍ന്നു. രാവിലെ ഏഴരയോടെയാണ് കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍നിന്ന് മൃതദേഹം തൊട്ടടുത്ത ടൗണ്‍ സ്‌ക്വയറില്‍ പൊതുദര്‍ശനത്തിനായി പ്രത്യേകം സജ്ജമാക്കിയ വേദിയിലേക്ക് കൊണ്ടുവന്നത്. ജനനേതാക്കളും സാമൂഹിക-സാംസ്‌കാരിക നായകരും ഉള്‍പ്പെടെ ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിക്കാനായി ടൗണ്‍ സ്‌ക്വയറിലേക്ക് ഒഴുകി. 11 മണിയോടെ വിലാപയാത്രയ്ക്കുള്ള ഒരുക്കങ്ങളായി. 11.20ന് നഗരവീഥികളിലൂടെ വിലാപയാത്ര പ്രയാണമാരംഭിച്ചു.
അലങ്കരിച്ച തുറന്ന വാഹനത്തില്‍ ഒരുക്കിയ ശവമഞ്ചത്തിന് പിന്നാലെ നേതാക്കളും ജനങ്ങളും നടന്നുനീങ്ങി. പോലീസ് ബാന്‍ഡ്‌സംഘത്തിന്റെ പതിഞ്ഞ താളത്തിന്റെ പശ്ചാത്തലത്തില്‍ അഴീക്കോടിന്റെ ഒട്ടേറെ പ്രഭാഷണങ്ങള്‍ക്ക് വേദിയായ ടൗണ്‍ഹാളും സ്റ്റേഡിയം കോര്‍ണറും കടന്ന് വിലാപയാത്ര പയ്യാമ്പലം കടപ്പുറത്തെത്തുമ്പോള്‍ സമയം 12.20. തുടര്‍ന്നായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍.കേന്ദ്ര മന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി.വേണുഗോപാല്‍, സംസ്ഥാന മന്ത്രിമാരായ കെ.സി.ജോസഫ്, എ.പി.അനില്‍കുമാര്‍, ഡോ. എം.കെ.മുനീര്‍, സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍, ഉപ നേതാവ് കോടിയേരി ബാലകൃഷ്ണന്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാര്‍, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍, കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍, എം.പി.മാരായ കെ.സുധാകരന്‍, എം.കെ.രാഘവന്‍, പി.കരുണാകരന്‍, എം.എല്‍.എ.മാരായ ഇ.പി.ജയരാജന്‍, എ.പി.അബ്ദുള്ളക്കുട്ടി, കെ.എം.ഷാജി, കെ.കെ.നാരായണന്‍, സി.കൃഷ്ണന്‍, ജെയിംസ് മാത്യു, ടി.വി.രാജേഷ്, കെ.കുഞ്ഞിരാമന്‍, പുരുഷന്‍ കടലുണ്ടി, മുന്‍ മന്ത്രിമാരായ എം.വി.രാഘവന്‍, എം.എ.ബേബി, എന്‍.രാമകൃഷ്ണന്‍, കെ.പി.നൂറുദ്ദീന്‍, എ.കെ.ബാലന്‍, എഴുത്തുകാരായ ടി.പത്മനാഭന്‍, എം.മുകുന്ദന്‍, വാണിദാസ് എളയാവൂര്‍, കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. മൈക്കിള്‍ തരകന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.സരള, നഗരസഭാധ്യക്ഷ എം.സി.ശ്രീജ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് പുഷ്പചക്രം അര്‍പ്പിച്ചു. തിരുവനന്തപുരത്ത് മന്ത്രിസഭാ യോഗം നിശ്ചയിച്ചിരുന്നുവെങ്കിലും ചടങ്ങില്‍ പങ്കെടുക്കാനായി കെ.സി.ജോസഫ്, എ.പി.അനില്‍കുമാര്‍, എം.കെ.മുനീര്‍ എന്നിവരെ മുഖ്യമന്ത്രി പ്രത്യേകമായി കണ്ണൂരിലേക്ക് അയക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നിര്‍ത്തിവെച്ചാണ് സി.പി.എം. നേതാക്കളും കണ്ണൂരിലെത്തിയത്.ചൊവ്വാഴ്ച കാലത്ത് തൃശ്ശൂരില്‍ അന്തരിച്ച സുകുമാര്‍ അഴീക്കോടിന്റെ മൃതദേഹം വിലാപയാത്രയായി കണ്ണൂരില്‍ എത്തുമ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു. അഴീക്കോട്കൂടി മുന്നിട്ടിറങ്ങി നിര്‍മിച്ച മഹാത്മാ മന്ദിരത്തിലായിരുന്നു ഭൗതിക ശരീരം ബുധനാഴ്ച കാലത്തുവരെ സൂക്ഷിച്ചത്. ഗാന്ധിസ്മൃതികളുറങ്ങുന്ന മഹാത്മാ മന്ദിരത്തില്‍ പുലരുംവരെയും അനേകംപേര്‍ അഴീക്കോടിന് പ്രണാമമര്‍പ്പിക്കാന്‍ എത്തിയിരുന്നു.