അഴീക്കോട് സമൂഹത്തിന് മാതൃക - വി.എസ്
Posted on: 26 Jan 2012

കണ്ണൂര്‍: കഷ്ടപ്പെടുന്നവര്‍ക്കും ദുരിതം അനുഭവിക്കുന്നവര്‍ക്കുമൊപ്പം ജീവിതാവസാനംവരെ ആത്മാര്‍ഥമായി അടിപതറാതെ ഉറച്ചുനിന്ന വ്യക്തിയാണ് സുകുമാര്‍ അഴീക്കോടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. മാതൃകാപരമായ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ജനങ്ങള്‍ പിന്തുടരണം. സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനും ചൂഷക വ്യവസ്ഥയ്ക്കുമെതിരെ പോരാടി ജീവന്‍ ത്യജിച്ച ധീരരുറങ്ങുന്ന പയ്യാമ്പലത്തിന്റെ മണ്ണില്‍ വാഗ്ഭടാനന്ദന്റെയും ശ്രീനാരായണ ഗുരുവിന്റെയും ഗാന്ധിജിയുടെയും ശിഷ്യത്വം സ്വീകരിച്ച് സമൂഹത്തെ പുരോഗതിയിലേക്ക് നയിച്ചും അനീതിക്കെതിരെ ധീരമായി പോരാടിയും ജീവിച്ച അഴീക്കോടും ലയിച്ചുചേര്‍ന്നു -അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ പയ്യാമ്പലത്ത് അഴീക്കോടിന്റെ ശവസംസ്‌കാരച്ചടങ്ങിന് ശേഷം ചേര്‍ന്ന അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു വി.എസ്.
നന്മയ്ക്കുവേണ്ടി തിന്മയ്‌ക്കെതിരെ പോരാടിയ വ്യക്തിയാണ് അഴീക്കോടെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ പറഞ്ഞു. അഴിമതിക്കെതിരെ പോരാടിയ നവോത്ഥാന നായകനായിരുന്നു അഴീക്കോട് മാഷ്. അദ്ദേഹം എതിര്‍ത്തത് വ്യക്തികളെയല്ല, നിലപാടുകളെയായിരുന്നു. അതില്‍ ചിലപ്പോള്‍ വ്യക്തികള്‍ പെട്ടുപോയിട്ടുണ്ടാകാം. പക്ഷേ, വ്യക്തിപരമായ വിദ്വേഷം പുലര്‍ത്തിയിരുന്നില്ല. ഈ ചെറിയ മനുഷ്യന്റെ വാക്കുകള്‍ക്കായി നാട്ടിന്‍പുറങ്ങള്‍ കൊതിച്ചിരുന്നു. പല സാംസ്‌കാരിക നേതാക്കള്‍ക്കും ചിലപ്പോഴൊക്കെ സന്ധിചെയ്യേണ്ടിവന്നിട്ടുണ്ട്. എന്നാല്‍, ഒരിക്കല്‍പോലും സന്ധിചെയ്യാതെ പോരാടിയ വ്യക്തിയായിരുന്നു അഴീക്കോട് -അദ്ദേഹം പറഞ്ഞു.
ആരുടെമുന്നിലും തലകുനിക്കാതെ നിലപാടുകളില്‍ ഉറച്ചുനിന്ന വ്യക്തിത്വമായിരുന്നു അഴീക്കോട് മാഷിന്‍േറതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സമൂഹത്തിന് ചേരാത്തതിനെ അദ്ദേഹം ശക്തമായി എതിര്‍ത്തുപോന്നു. അവസാനകാലത്ത് ഇടതുപക്ഷത്തിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ പല നിലപാടുകളും. എന്നാല്‍, ഇടതുപക്ഷക്കാരനായിരുന്നില്ല അദ്ദേഹം. അതുകൊണ്ടുതന്നെ ചിലപ്പോഴൊക്കെ ശക്തമായ വിമര്‍ശനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. അത് പരിശോധിക്കാനും ഉള്‍ക്കൊള്ളാനും ഞങ്ങള്‍ തയ്യാറായിട്ടുണ്ട്. ഇരുട്ടുവീണ വഴികളില്‍ ഒരു പ്രകാശഗോപുരമായിരുന്നു അഴീക്കോട് -അദ്ദേഹം പറഞ്ഞു.
അഴീക്കോട് എന്നും അദ്ദേഹത്തിന്റെ പക്ഷത്തായിരുന്നു എന്നും സമൂഹത്തിന് ദോഷമാണെന്ന് തോന്നിയ എല്ലാ കാര്യങ്ങളെയും അദ്ദേഹം വിമര്‍ശിച്ചുവെന്നും സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്‍റ് എം.പി.വീരേന്ദ്രകുമാര്‍ പറഞ്ഞു. എതിരഭിപ്രായം പറയുമ്പോഴും വ്യക്തിപരമായ പ്രശ്‌നങ്ങളായി അതിനെ കണ്ടിരുന്നില്ല. വിമര്‍ശിച്ചവരെ പിന്നീട് കാണുമ്പോഴും പഴയ സ്‌നേഹം അതേപോലെ അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. ശബരിമല മേല്‍ശാന്തി മുതല്‍ മുല്ലപ്പെരിയാര്‍ വരെ സമൂഹത്തിലെ എല്ലാ കാര്യങ്ങളും അദ്ദേഹത്തിന്റെ വിമര്‍ശനത്തിന് വിധേയമായി. ആ വിമര്‍ശനങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ചാവിഷയങ്ങളുമായി. ഒരു പ്രശ്‌നത്തെ സമൂഹത്തില്‍ ജീവനോടെ നിലനിര്‍ത്താന്‍ കഴിവുള്ള അപൂര്‍വം ചിലരില്‍ ഒരാളായിരുന്നു അഴീക്കോട്. മരണംപോലും അദ്ദേഹത്തിനുമുമ്പില്‍ കീഴ്‌പ്പെട്ടുപോയിട്ടുണ്ട്. കാലം കഴിയുന്തോറും സമൂഹത്തില്‍ അഴീക്കോടിന്റെ ശൂന്യത നമുക്ക് അനുഭവപ്പെട്ടുകൊണ്ടേയിരിക്കും -അദ്ദേഹം പറഞ്ഞു.
ജാഗ്രതയുടെ മുഖവും ജാഗ്രതയുടെ ശബ്ദവുമായിരുന്ന അഴീക്കോടിന്റെ ജീവിതയാത്ര പയ്യാമ്പലത്ത് അവസാനിച്ചിരിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നിര്‍ഭയത്വത്തെ അദ്ദേഹം കൂടെനിര്‍ത്തി. അഴിമതിക്കും അനീതിക്കും ഉച്ചനീചത്വങ്ങള്‍ക്കുമെതിരെ ഇത്രയേറെ എഴുതിയ മറ്റൊരു മനുഷ്യനില്ല. അഴീക്കോടിന്റെ വിയോഗത്തിലൂടെ ഒരു യുഗം അവസാനിച്ചു -അദ്ദേഹം പറഞ്ഞു.
വര്‍ത്തമാനകാലത്തിന്റെ മനസ്സാക്ഷിയായിരുന്നു അഴീക്കോട് മാഷെന്ന് കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി.വേണുഗോപാല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ തറവാട്ടിലെ കാരണവര്‍ ഇല്ലാതായിരിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളാല്‍ വേദനിച്ചവര്‍പോലും മാഷിന്റെ മഹാമനസ്‌കതയെ അംഗീകരിച്ചിരുന്നു. അതാണ് അവസാനകാലത്ത് കണ്ടത്. സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ ഒരു പ്രസ്ഥാനമായി മാറിയ വ്യക്തിയാണ് അഴീക്കോട് മാഷ് -വേണുഗോപാല്‍ പറഞ്ഞു.
അഴീക്കോടെന്ന സൂര്യതേജസ്സ് പയ്യാമ്പലത്തിന്റെ മണ്ണില്‍ എരിഞ്ഞമര്‍ന്നെങ്കിലും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ സമൂഹത്തില്‍ എന്നും നിലനില്‍ക്കുമെന്ന് മന്ത്രി എം.കെ.മുനീര്‍ പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിനപ്പുറം മനുഷ്യപക്ഷത്ത് നിലയുറപ്പിച്ച വ്യക്തിയായിരുന്നു അഴീക്കോട്. അതുകൊണ്ടാണ് അദ്ദേഹത്തിന് ആരെയും വിമര്‍ശിക്കാന്‍ കഴിഞ്ഞതെന്നും മുനീര്‍ പറഞ്ഞു.
ഭരണകൂടത്തിനും ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും അപ്പുറത്തുള്ള ഒരു ധാര്‍മിക ശക്തിയായിരുന്നു അഴീക്കോട് മാഷെന്ന് ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു.
തെറ്റുകള്‍ക്കെതിരെ നിര്‍ഭയനായി പോരാടിയ വ്യക്തിയായിരുന്നു അഴീക്കോട് മാഷെന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. അതുകൊണ്ടുതന്നെ വിവാദങ്ങളും എന്നും അദ്ദേഹത്തിനൊപ്പം നിന്നു. ആ വിവാദങ്ങള്‍ ശവദാഹംവരെ നിലനിന്നു. പയ്യാമ്പലത്ത് സംസ്‌കാരം നടത്തുന്നതിന് എതിരഭിപ്രായമുണ്ടായിരുന്നെങ്കിലും ബന്ധുക്കളുടെ താത്പര്യം പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. അഴീക്കോടിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി സര്‍ക്കാര്‍ ഉചിതമായ സ്മാരകം പണിയുമെന്നും മന്ത്രി പറഞ്ഞു.
പാവങ്ങളുടെ വാക്കും അവരുടെ ശബ്ദവുമായിരുന്നു അഴീക്കോടെന്ന് സി.പി.ഐ. നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ജീവിതത്തിലും പ്രവൃത്തിയിലും പാലിച്ച, സമൂഹത്തിന്റെ ഉന്നമനത്തിനായി വാക്കും എഴുത്തും ഉപയോഗിച്ച അഴീക്കോട് മാഷ് എല്ലാ മനുഷ്യര്‍ക്കും ഒരു പാഠമാണെന്ന് കോണ്‍ഗ്രസ് എസ് നേതാവും മുന്‍മന്ത്രിയുമായ രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.
മിത്രങ്ങളെയും ശത്രുക്കളെയും കരയിപ്പിച്ചാണ് അഴീക്കോട് മാഷ് വിടവാങ്ങിയതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെ.സുധാകരന്‍ എം.പി പറഞ്ഞു.
എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ, കെ.പി.രമേശ്, വത്സന്‍ തില്ലങ്കേരി, വര്‍ക്കി വട്ടപ്പാറ, പുഴക്കല്‍ വാസുദേവന്‍, ഇല്ലിക്കല്‍ അഗസ്തി എന്നിവരും സംസാരിച്ചു. കണ്ണൂര്‍ നഗരസഭാ മുന്‍ ചെയര്‍മാന്‍ പി.പി.ലക്ഷ്മണന്‍ സ്വാഗതവും നഗരസഭാധ്യക്ഷ എം.സി.ശ്രീജ നന്ദിയും പറഞ്ഞു.