സുകുമാര്‍ അഴീക്കോടിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ പഴയ സഹപാഠിയുമെത്തി. അഴീക്കോട് പൂതപ്പാറയിലെ വി. വേണുഗോപാലാണ് രാവിലെ ടൗണ്‍സ്‌ക്വയറിലെത്തി പ്രിയ സുഹൃത്തിന് അന്ത്യോപചാരമര്‍പ്പിച്ചത്. അധ്യാപികയായ മകള്‍ അരുണയോടൊപ്പമാണ് അദ്ദേഹം എത്തിയത്. ഒന്നാം ക്ലാസ് മുതല്‍ കോളേജ് വരെ അഴീക്കോടിന്റെ സഹപാഠിയായിരുന്നു വേണുഗോപാല്‍. അഴീക്കോട് സെക്രട്ടറിയായി 1948-ല്‍ പ്രവര്‍ത്തനം തുടങ്ങിയ പൂതപ്പാറ ഗാന്ധി മന്ദിരം ഗ്രന്ഥാലയത്തിന്റെ നിര്‍വ്വാഹക സമിതിയില്‍ അംഗമായിരുന്നു വേണുഗോപാലും. അഴീക്കോടിനൊപ്പം നിര്‍വ്വാഹക സമിതിയില്‍ പ്രവര്‍ത്തിച്ചവരില്‍ വേണുഗോപാല്‍ മാത്രമേ ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളു. പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസറായി വിരമിച്ച അദ്ദേഹം ഇപ്പോള്‍ വിശ്രമജീവിതത്തിലാണ്.