ഒന്നും പറയാനാവാതെ വിലാസിനി ടീച്ചര്‍
Posted on: 24 Jan 2012

അഞ്ചല്‍: ഡോ.സുകുമാര്‍ അഴീക്കോടിന്റെ മരണത്തില്‍ പ്രതികരിക്കാനാകാതെ വിലാസിനി ടീച്ചര്‍. അഞ്ചല്‍ കോമളത്തുള്ള ഗുരുപ്രസാദം വീട്ടില്‍ ആരെയും അഭിമുഖീകരിക്കാതെ ഒതുങ്ങിക്കൂടുകയാണ്. മാധ്യമ പ്രവര്‍ത്തകരോട് ടീച്ചര്‍ക്ക് പറയാന്‍ ഒന്നുമാത്രം. അഴീക്കോട് മാഷിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.
അഴീക്കോടിനെക്കുറിച്ചുള്ള ചിന്തകളിലാണ് ആ വീടും പരിസരവും എന്ന് തോന്നും. എങ്ങും മൂകതമാത്രം. ചൊവ്വാഴ്ച രാവിലെ 6.35 നാണ് ടീച്ചര്‍ അഴീക്കോടിന്റെ മരണവാര്‍ത്ത അറിഞ്ഞത്. സുകുമാര്‍ അഴീക്കോടിന്റെ ഡ്രൈവര്‍ സുരേഷിന്റെ ഭാര്യ ഫോണില്‍ അറിയിച്ചു. മാഷ് കടന്നുപോയി.
സുകുമാര്‍ അഴീക്കോടിന്റെ ഭൗതീകശരീരം കാണാന്‍ തൃശ്ശൂരിലേക്ക് പോകണമെന്ന് ടീച്ചര്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നു. വിവാദങ്ങള്‍ ഉണ്ടാക്കാതെ മാറി നില്‍ക്കാനാണ് അവര്‍ ആഗ്രഹിച്ചത്. വര്‍ഷങ്ങളോളം നീണ്ടുനിന്ന പ്രണയത്തിന്റെ ഓര്‍മ്മകള്‍ നുകര്‍ന്ന് എല്ലാം മനസ്സിലൊതുക്കി മൗനം പാലിക്കുകയാണ് ടീച്ചര്‍.
ചൊവ്വാഴ്ച വെളുപ്പിന് നാലുമണിക്ക് എന്തോ മനസ്സിനൊരു അസ്വാസ്ഥ്യം അനുഭവപ്പെട്ടതായി ടീച്ചര്‍ പറഞ്ഞു. പിന്നീട് ഉറങ്ങാന്‍ കഴിഞ്ഞില്ല.
കുറച്ചു സമയം കഴിഞ്ഞപ്പോഴാണ് അഴീക്കോടിന്റെ മരണം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ എത്തിയത്. കഴിഞ്ഞ ഡിസംബര്‍ 25ന് അഴീക്കോടുമായി ടെലിഫോണില്‍ സംസാരിച്ചതും അതിനുശേഷം നേരില്‍ക്കണ്ടതും ടീച്ചര്‍ ഓര്‍ക്കുന്നു.