അക്ഷരനാളങ്ങളുടെ പ്രഭയില്‍
കെ.കെ.ശ്രീരാജ് Posted on: 24 Jan 2012

അഴീക്കോടിന്റെ ഭാഷയില്‍ത്തന്നെ പറഞ്ഞാല്‍ പതിറ്റാണ്ടുകളായി നടത്തിവന്ന അക്ഷരകൃഷിയുടെ കന്നിവിളയാണ് 'ആശാന്റെ സീതാകാവ്യം'. മകരവിള 'തത്ത്വമസി'യും. 'ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു' എന്ന ഗ്രന്ഥമാണെങ്കില്‍ ആരും വിമര്‍ശനത്തിന് അതീതരല്ല എന്നതരത്തിലുള്ള ഒരു പൊളിച്ചെഴുത്തായിരുന്നു. എല്ലാം സുകുമാര്‍ അഴീക്കോടിന്റെ എഴുത്തുവിളക്കിലെ കൂടുതല്‍ പ്രഭയുള്ള അക്ഷരനാളങ്ങളായി.
ആശാന്റെ സീതാകാവ്യമാണ് ഏറ്റവും പ്രിയപ്പെട്ട കൃതിയെന്ന് അഴീക്കോട് തന്നെ എഴുതിയിട്ടുണ്ട്. ഇതെഴുതുമ്പോള്‍ ഇരുപത്തിയെട്ടു വയസ്സാണെങ്കില്‍ തത്ത്വമസി എഴുതുമ്പോള്‍ വയസ്സ് 58 ആണ്. മറ്റേത് ഗ്രന്ഥത്തേക്കാളും പണവും പ്രശസ്തിയും സന്തോഷവും നല്‍കിയ തത്ത്വമസിയെ വിലമതിക്കുന്നത് ഉപനിഷത് ജ്ഞാനത്തിന്റെ ശക്തമായ നവോത്ഥാനം കേരളത്തില്‍ സൃഷ്ടിക്കാന്‍ സാധിച്ചു എന്നതിനാലാണ് എന്നും അദ്ദേഹം പറയുന്നു. നാല്‍പ്പത് വര്‍ഷത്തെ ഇളവില്ലാത്ത ഉപനിഷത്ത് പ്രേമപൂജയുടെ പരിണതഫലമാണ് തത്ത്വമസി എന്ന ഗ്രന്ഥം. എന്‍.പി. മുഹമ്മദും എം.ടി.യും പ്രേരണ നല്‍കിയില്ലായിരുന്നെങ്കില്‍ ഈ ആശയങ്ങളെല്ലാം തന്നില്‍ത്തന്നെ ജീര്‍ണിച്ചു നശിച്ചുപോയേനെ എന്നും അഴീക്കോട് പറഞ്ഞിരുന്നു.
തുടക്കത്തില്‍ എന്തിനെക്കുറിച്ചും എഴുതിയിരുന്നു. ഉപനിഷത്തിനെക്കുറിച്ച് ആദ്യം പഠിച്ച് എഴുതിയത് 1948ലാണ്. ഇരുപതാം വയസ്സിലാണ് ഉപനിഷത്തുകള്‍ സ്വന്തമാക്കാന്‍ സാധിച്ചത്- അഴീക്കോട് കൂട്ടിച്ചേര്‍ക്കുന്നു.
ആശാന്റെ സീതാകാവ്യം തന്നിലെ എഴുത്തുകാരന്റെ ആദ്യ കാല്‍വെപ്പായിരുന്നു എന്ന് അഴീക്കോട് വിലയിരുത്തുന്നു. ആദികവിയുടെ വയലില്‍ ആ ഋഷി കൃഷിചെയ്യാതെ വിട്ട നിലത്ത് വിത്തിറക്കിയതിന്റെ സമൃദ്ധമായ വിളവാണ് 'ചിന്താവിഷ്ടയായ സീത' എന്നും അഴീക്കോട് പറയാറുണ്ടായിരുന്നു.
കവി വിമര്‍ശിക്കപ്പെടുന്നു എന്നത് ഇവിടെ പ്രക്ഷോഭജനകമായ വാര്‍ത്തയാണ്. സ്തുതിയാണെങ്കില്‍ എത്രയുമാകാം. ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന കൃതിയുടെ രചനയെപ്പറ്റി അഴീക്കോട് വ്യക്തമാക്കുന്നു. കുട്ടികൃഷ്ണമാരാരാണ് ഇതിന് പേരിട്ടത്. പുസ്തകം എഴുതിക്കഴിഞ്ഞിട്ടും പേരുകിട്ടാതെ വലഞ്ഞസമയത്ത് ഇത് മാരാര്‍ക്ക് വായിക്കാന്‍ നല്‍കുകയായിരുന്നു. ഒരു ബസ് യാത്രയ്ക്കിടയിലാണ് ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന പേര് മാരാര്‍ നിര്‍ദേശിക്കുന്നത്. വാഗ്ഭടാനന്ദഗുരുദേവനാണ് തത്ത്വമസി സമര്‍പ്പിച്ചിരിക്കുന്നത്. ഉപനിഷത്തിന്റെ ദിവ്യ വ്യോമത്തിലേക്ക് കുഗ്രാമബാലനെ മെല്ലെ ഉയര്‍ത്തിയെത്തിച്ച ആത്മവിദ്യയുടെ പ്രവാചകന്‍ വാഗ്ഭടാനന്ദഗുരുദേവന് എന്ന് ഇതില്‍ എഴുതിയിരിക്കുന്നു. ഇതിന് ഹിന്ദി, തമിഴ് പതിപ്പുകളും പുറത്തിറങ്ങി. പത്തിലധികം പതിപ്പുകള്‍ പുറത്തിറങ്ങി. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ഉള്‍പ്പെടെ ഇരുപത്തിനാലോ മറ്റോ അവാര്‍ഡുകള്‍ ലഭിച്ചു.
ഉപനിഷത്ത് ഇന്ത്യയുടേതെന്നപോലെ ലോകത്തിന്റേതുമാണ്. പഴയകാലത്തിന്റേതെന്നപോലെ പുത്തന്‍കാലത്തിന്റേതുമാണ്. ഉപനിഷത്തിന്റെ സാമ്രാജ്യം വ്യാപിച്ചിരിക്കുന്നത് പുറത്തല്ല, ഉള്ളിലാണ്. ഉപനിഷത്തിന്റെ ഉപദേശം മറക്കാന്‍ ഇന്ത്യക്കു സാധിക്കുമെന്നു തോന്നുന്നില്ല എന്ന് അഴീക്കോട് ഇതില്‍ അഭിപ്രായപ്പെടുന്നു. എങ്കിലും ഇന്ത്യയുടെ ഹൃദയത്തിന്റെ ഭൂഗര്‍ഭത്തില്‍ ഏതോ കടല്‍ത്തീ പോലെ എരിഞ്ഞുനില്‍ക്കുന്ന ഈ വെളിച്ചം പടുതിരി കത്തിത്തീരുകയാണോ എന്ന സന്ദേഹവും അഴീക്കോട് ഇതില്‍ ഉന്നയിക്കുന്നു. ഇത്തരത്തില്‍ എഴുത്തിലൂടെ നിരവധി അക്ഷരജ്വാലകള്‍ ഇദ്ദേഹം തീര്‍ത്തു.