Mathrubhumi Logo
SukumarAzhikode
Sukumar_azhikode

'മാതൃഭൂമിയും ഞാനും'

Posted on: 24 Jan 2012

മാതൃഭൂമി പുരസ്‌കാരം എന്നത് ഹൃദ്യമായ ഒരനുഭവമാണെനിക്ക്. തത്ത്വമസിയുടെ മുഖവുരയില്‍ എഴുതിയതുപോലെ പത്രം വായിക്കുക എന്നു പറഞ്ഞാല്‍ മാതൃഭൂമി പത്രം വായിക്കുക, പത്രത്തില്‍ എഴുതുക എന്നു പറഞ്ഞാല്‍ മാതൃഭൂമിയിലെഴുതുക, ആഴ്ചപ്പതിപ്പ് എന്നു പറഞ്ഞാല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് എന്നൊക്കെയായിരുന്നു ഞങ്ങള്‍ക്കറിയാവുന്ന അര്‍ഥം. 1945 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിക്കൊണ്ടാണ് ഞാനെന്റെ എഴുത്തു ജീവിതം ആരംഭിക്കുന്നത്. നാലുരൂപയാണ് അന്നെനിക്ക് പ്രതിഫലം കിട്ടിയിരുന്നതെങ്കില്‍ ഈയിടെ പ്രസിദ്ധീകരിച്ച എന്റെ ആത്മകഥയുടെ ഒരു ലക്കത്തിന് 5000 രൂപയാണ് മാതൃഭൂമി എനിക്ക് തന്നത്. എന്റെ എഴുത്തില്‍ ഇന്നെന്തെല്ലാം പ്രവണതകള്‍ ഉണ്ടോ അതിന്റെയെല്ലാം പ്രഥമാങ്കുരങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് മാതൃഭൂമിയിലാണ്. സി.എച്ച്. കുഞ്ഞപ്പ എന്ന പ്രഗല്ഭനായ എഡിറ്ററും കുട്ടികൃഷ്ണമാരാരെപ്പോലെയുള്ള അതിപ്രഗല്ഭനായ പ്രൂഫ് റീഡറും ഉണ്ടായിരുന്ന മാതൃഭൂമിയാണ് എന്നെ പോറ്റി വലുതാക്കിയത്. മാരാരെ വിമര്‍ശിച്ചുകൊണ്ട് ഞാനെഴുതിയ ലേഖനം പോലും ആഴ്ചപ്പതിപ്പ് അന്ന് പ്രസിദ്ധീകരിച്ചിരുന്നു. തുടക്കക്കാരനായ ഇവനെയങ്ങ് അവഗണിച്ചുകളയാമെന്ന് കരുതുന്നവരായിരുന്നില്ല മാരാരെപ്പോലുള്ളവര്‍. സാഹിത്യത്തിലെ മുടിചൂടാമന്നനായി വിരാജിച്ചിരുന്ന ജി. ശങ്കരക്കുറുപ്പിനെ വിമര്‍ശിച്ചുകൊണ്ടെഴുതിയ എന്റെ ലേഖനം പ്രസിദ്ധീകരിച്ചത് മാതൃഭൂമി വാരാന്തപ്പതിപ്പായിരുന്നു. കേശവമേനോനെപ്പോലെയുള്ള ഒരു പത്രാധിപര്‍ സ്വന്തമായുള്ള മാതൃഭൂമിക്ക് മാത്രമേ അന്നത് സാധിക്കുമായിരുന്നുള്ളൂ. ജി. യുടെ 'സാഗരസംഗീതം', അരവിന്ദഘോഷിന്റെ 'സാഗര്‍ഗീഥ്' എന്ന കൃതിയുടെ തനി പകര്‍പ്പാണെന്നായിരുന്നു എന്റെ വിമര്‍ശനത്തിന്റെ കാതല്‍. ജനാധിപത്യപരമായ ആശയവിനിമയത്തിനും ആശയപ്രതിരോധത്തിനുമുള്ള സാഹചര്യം മാതൃഭൂമി നല്‍കിയിരുന്നു. ഇന്നാണെങ്കില്‍ പത്രാധിപര്‍ക്ക് അഹിതമായത് പ്രസിദ്ധീകരിക്കാതിരിക്കുക എന്നതാണ് പല പത്രങ്ങളുടെയും രീതി. പോയകാലത്തിന്റെ അത്തരം ഉദാരതയും മാധുര്യവും ഓര്‍മിപ്പിക്കുന്നതിനുള്ള സാഹചര്യം കൂടിയാണ് ഈ പുരസ്‌കാരം എനിക്കു സമ്മാനിച്ചിട്ടുള്ളത്.

മാതൃഭൂമിയെ ഒഴിച്ചുനിര്‍ത്തിയാല്‍ എഴുത്തു ജീവിതത്തിലെ പകുതിയിലധികവും നഷ്ടപ്പെട്ടുപോകുന്നവനാണ് ഞാന്‍. എം.ടി. പത്രാധിപരായിരിക്കുമ്പോഴാണ് സാഹിത്യരചനകള്‍ക്കുപുറമെ ഗാന്ധിയന്‍ ആശയങ്ങളുമായി ബന്ധപ്പെട്ട എന്റെ രചനകളധികവും ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചത്.




ganangal Azhikode


മറ്റു വാര്‍ത്തകള്‍

  12 3 »

പ്രഭാഷണം

ormachithrangal jeevitha chithrangal Discuss