ഗുരുനാഥന്‍
കെ.ആര്‍.പ്രഹ്ലാദന്‍ Posted on: 24 Jan 2012

ആണ്ടവസാന പരീക്ഷകളല്ല, ജീവിതമെന്ന വലിയ പരീക്ഷ നേരിടാന്‍ പഠിപ്പിക്കുന്നതായിരുന്നു ആ ക്ലാസുകള്‍. ഒരിക്കലും പരീക്ഷയെക്കുറിച്ച് വേവലാതിപ്പെടാത്ത, മാര്‍ക്കുകളെക്കുറിച്ച് ആധിയുണ്ടാക്കാത്ത വാക്കുകള്‍. ഒരിക്കല്‍ ആ ക്ലാസില്‍ ഇരുന്ന വ്യക്തിക്കുപോലും മനസ്സില്‍ ബാക്കിവെക്കാന്‍ എന്തെങ്കിലും കിട്ടിയിട്ടുണ്ടാകും.
പോയവര്‍ഷം പുതുതലമുറയ്ക്ക് ഒരു ഭാഗ്യം കിട്ടി. തൃശ്ശൂര്‍ ശ്രീകേരളവര്‍മ കോളേജിലെ ക്ലാസ് മുറിയില്‍ അഴീക്കോട് വീണ്ടുമൊരിക്കല്‍ക്കൂടി അധ്യാപകനായി. പ്രഭാഷകനായി മാത്രം അടുത്തറിഞ്ഞ ഒട്ടേറെപ്പേര്‍ക്കായി അഴീക്കോടിലെ അധ്യാപകനെ പരിചയപ്പെടുത്തുകയായിരുന്നു വിക്ടേഴ്‌സ് ചാനലിന്റെ ലക്ഷ്യം. ജീവിതമെന്ന വലിയ പാഠപുസ്തകത്തിലേക്ക് വാക്കുകള്‍കൊണ്ട് വഴിവെട്ടുന്ന വിദ്യകണ്ട് പുതുതലമുറക്കാര്‍ അമ്പരന്നു. ഒതുക്കമുള്ള, പതിഞ്ഞ വാക്കുകള്‍. ഉറപ്പിക്കേണ്ടത് ഉറപ്പിച്ച്, നര്‍മം മേമ്പൊടിയാക്കി, മെല്ലെമെല്ലെ മനസ്സ് പിടിച്ചെടുക്കുന്ന രസവിദ്യ.
പ്രിയശിഷ്യന്‍ എം.എന്‍. കാരശ്ശേരി എഴുതിയപോലെ ക്ലാസിനെ ഒറ്റവ്യക്തിത്വമായി കാണുന്ന സമീപനം.
പ്രഭാഷണവേദിയിലെ അഴീക്കോടല്ല ക്ലാസ് മുറിയിലെ അഴീക്കോട് മാഷ്. കാരശ്ശേരി എഴുതിയപോലെ ആള്‍ അകത്തുണ്ടെന്ന് അറിയണമെങ്കില്‍ കുട്ടികളുടെ പൊട്ടിച്ചിരി കേള്‍ക്കണം. സുതര്‍, മാമുനി, അയോധ്യ... ഈ മൂന്നു വാക്കുകള്‍കൊണ്ട് ഒരു രാമസാമ്രാജ്യംതന്നെ അദ്ദേഹം പടുത്തു. എന്തിനധികം വാക്കുകള്‍. ക്ലാസിന് വിശ്വവിജ്ഞാനകോശം തന്നെ കക്ഷത്തില്‍ വേണമെന്ന് ശഠിക്കുന്ന അധ്യാപകരില്‍നിന്ന് തികച്ചും വിഭിന്നം. തനിക്ക് വേണ്ടതെല്ലാം ഉള്ളില്‍ ഉണ്ടെന്ന ആത്മവിശ്വാസം. അതില്‍നിന്നൊരു കുമ്പിള്‍ വെള്ളമെങ്കിലും കോരിയെടുത്താല്‍ അതിന്റെ ഗുണമറിയാം. വാക്കെന്തിനധികം. രാമായണത്തിന്റെ സാരാംശം ഒരു ശ്ലോകത്തില്‍ ഉണ്ടെന്ന് പഠിപ്പിച്ച ഗുരുനാഥന്‍. അദ്ദേഹത്തിന് മൂന്നുവാക്കു തന്നെ അധികം.
ആശാന്റെ സീതാകാവ്യം വ്യക്തമാക്കുമ്പോള്‍ അതില്‍ സാഹിത്യം മാത്രമല്ല, സമൂഹവും ജീവിതവും രാഷ്ട്രീയവും ഒക്കെ ഒന്നൊന്നായി ഇറങ്ങിവന്നു. ഒരുമണിക്കൂര്‍ ക്ലാസ്, ആ ക്ലാസ് എന്തെന്ന് വ്യക്തമാക്കി.
ഇടയ്ക്ക് ചോദ്യങ്ങള്‍, കുട്ടികളുടെ മറുപടിക്ക് കാത്തുനില്‍പ്പ്. അമിതമായി ക്ഷോഭിക്കലില്ല, മനസ്സിലാവാത്ത വാക്കില്ല. അറിയില്ലങ്കില്‍ ഉടന്‍ അധ്യാപകന്റെ കൃത്യമായ വിശദീകരണം. പഴയ അധ്യാപകരെപ്പോലെ ചിലപ്പോള്‍ പരിഹാസത്തിന്റെ സൂചിമുനകളുമെയ്യും. അത് എല്ലാവര്‍ക്കും ചിരിക്കാനുള്ളതാണ്. ആരെയും കൊച്ചാക്കാനുള്ള രഹസ്യ അജന്‍ഡകള്‍ അതിലില്ല. 86-ാം വയസ്സിലും നിന്നായിരുന്നു ക്ലാസ്. ഒരുഗ്ലാസ് വെള്ളം സംഘാടകര്‍ കരുതിയെങ്കിലും അദ്ദേഹത്തിന് അത് വേണ്ടിവന്നില്ല. ഉള്ളില്‍ കടലിരമ്പുന്നയാള്‍ക്ക് പുറത്തുനിന്നൊരു തുള്ളിയും വേണ്ട.
പക്ഷേ, അദ്ദേഹം ക്ലാസില്‍ ഒരാളെയും ഒഴിവാക്കില്ല. അഭിമതരും അനഭിമതരും അദ്ദേഹത്തിന് മുന്നിലില്ല. അഥവാ ക്ഷോഭം വന്നാല്‍ ആ കുട്ടിയെ ചോദ്യങ്ങളില്‍നിന്നു പോലും അവഗണിക്കുകയായിരുന്നു അക്കാലത്തെ പതിവെന്ന് കാരശ്ശേരി എഴുതിയിട്ടുണ്ട്. ആ ഒഴിവാക്കല്‍ ആര്‍ക്ക് സഹിക്കാനാകും. ഒരുതരം ഗാന്ധിയന്‍ സമീപനം. തെറ്റുകാരന്റെ മനസ്സില്‍ പശ്ചാത്താപം ഉണ്ടാക്കുന്ന വലിയ പാഠം. മനസ്സും മാറ്റലാണല്ലോ പാഠശാലയുടെ ലക്ഷ്യം.
പ്രസംഗത്തിലെന്നപോലെ ജീവിതത്തിലും ക്ലാസിലും ഗാന്ധിയും യേശുദേവനും വഴിയും വെളിച്ചവുമാകുന്ന അഴീക്കോടിന് നല്‍കാനുണ്ടായിരുന്നതും അതേ പ്രഭയായിരുന്നു.