അഴീക്കോടിന്റെ സ്വന്തം അഴീക്കോട്
പ്രകാശന്‍ പുതിയേട്ടി Posted on: 24 Jan 2012

സുകുമാര്‍ അഴീക്കോടിന്റെ നാടാണോ?- മറുനാട്ടില്‍ ചെന്നാല്‍, ഈ ചോദ്യം കേള്‍ക്കാത്ത അഴീക്കോട്ടുകാര്‍ ചുരുങ്ങും.
വാഗ്ഭടാനന്ദനിലൂടെ, ബ്രഹ്മവ്രതനിലൂടെ, വേശാല സ്വാമിയിലൂടെ, കൃഷ്ണസ്വാമിയിലൂടെ, എം.ടി.കുമാരന്‍ മാസ്റ്ററിലൂടെ സാംസ്‌കാരിക ഉത്പതിഷ്ണുത്വം നേടിയ അഴീക്കോട്. ആ പ്രദേശത്തിന്റെ വളര്‍ച്ചയേക്കാള്‍ ഉയര്‍ന്നു- കണ്ണൂര്‍ അഴീക്കോട്ടെ പൂതപ്പാറ എന്ന കുഗ്രാമത്തില്‍ ജനിച്ച കെ.ടി. സുകുമാരന്‍. മംഗലാപുരത്തും കോഴിക്കോട്ടും എറണാകുളത്തും തൃശ്ശൂരിലുമൊക്കെയായി താമസം മാറിയെങ്കിലും അദ്ദേഹത്തിന്റെ ഉള്ളില്‍ അഴീക്കോട് നിറഞ്ഞുനിന്നു.
''സത്യം ഞാനിന്നും അഴീക്കോട്ടുകാരനാണ്. ഞാന്‍ പോകുന്നിടത്തെല്ലാം കൂടെ അഴീക്കോട് ഉണ്ട്. മൃത്യുവിനെപ്പോലെ അത് എന്നില്‍ 'നിത്യസന്നിഹിതന്‍' ആണ്. എന്റെ പേരിന്റെ കൂടെ അഴീക്കോട് എന്ന ദേശനാമം ഘടിപ്പിച്ചതുകൊണ്ട് പറയുകയല്ല, ഇന്നെന്റെ ഔദ്യോഗികനാമം തന്നെ 'സുകുമാര്‍ അഴീക്കോട്' എന്നാണ്. കെ.ടി. സുകുമാരന്‍ എന്ന സുകുമാരപദം മാഞ്ഞുപോയിട്ട് കൊല്ലം ഏറെയായി. എന്റെ പേരിന്റെ പ്രാണാംശമായ 'അഴീക്കോട്' എന്നെ ഉണ്ടാക്കിയെടുത്ത ശക്തിയാണെന്ന് തിരിച്ചറിയുമ്പോള്‍ ഈ നാമപരിഷ്‌കരണം ജന്മദേശത്തോടുള്ള എന്റെ കൃതജ്ഞതാസമര്‍പ്പണവും ആരാധനയുമാണെന്ന് തെളിഞ്ഞുവരുന്നു''- ഓര്‍മക്കുറിപ്പുകളില്‍ ഗ്രാമത്തെക്കുറിച്ച് അദ്ദേഹം പറയുന്നു.അഴീക്കോട് ഗ്രാമത്തിന്റെ ചുറ്റുവട്ടത്തില്‍ അക്കാലത്ത് സംസ്‌കൃതം പഠിച്ച ഒരേയൊരാള്‍ സുകുമാരന്റെ അച്ഛന്‍ വിദ്വാന്‍ പി. ദാമോദരന്‍ മാസ്റ്റര്‍ ആയിരുന്നു. അന്ന് നാട്ടിലുണ്ടായിരുന്ന 'സവര്‍ണാവര്‍ണ' ഭേദത്തില്‍നിന്ന് 'വിദ്യാധനത്തിന്റെ ഈ വലിപ്പം' തങ്ങളെ രക്ഷിച്ചതായി അഴീക്കോട് ഓര്‍മിച്ചിരുന്നു.
ഇതോടൊപ്പം സ്‌നേഹത്തിന്റെ ഒരു കടലും അഴീക്കോടിലേക്കൊഴുകിയിരുന്നു; അമ്മയിലൂടെ (കേളോത്ത് തട്ടാരത്ത് മാധവിയമ്മ). ചോറിന് അരി തികയാതെവരുമ്പോള്‍ കഞ്ഞിവെച്ച് മക്കള്‍ക്കു കൊടുക്കുമ്പോഴും ആ ക്ഷാമവണ്ടിയിലേക്ക് പല ബന്ധുക്കളെയും ക്ഷണിച്ചുകയറ്റിയ അമ്മ.
മേലെചൊവ്വയില്‍ കണ്ണൂര്‍- തലശ്ശേരി പാതയുടെ ഇടതുവശത്തായാണ് കേളോത്ത് തട്ടാരത്ത് വീടും പറമ്പും. കുട്ടികളായിരുന്നപ്പോള്‍ സുകുമാരനും സഹോദരങ്ങളും ചൊവ്വയിലേക്കുള്ള യാത്ര ഒരു 'വിനോദസഞ്ചാരയാത്ര' യായാണ് കണ്ടത്. 'താച്ചി'യുടെ മീന്‍കറി അപാര രുചിയുള്ളതായിരുന്നു.
പാരമ്പര്യമായി കിട്ടിയ സ്വത്തുക്കളെക്കുറിച്ച് അഴീക്കോട് പറഞ്ഞിരുന്നത് ഇങ്ങനെയാണ്. അച്ഛനില്‍നിന്ന് മുന്‍കോപവും മൂലക്കുരുവും നിവര്‍ന്ന നട്ടെല്ലും ഒപ്പം അന്തസ്സും ആഭിജാത്യവും ധീരതയും മനക്കരുത്തും ആര്‍ക്കും കീഴടങ്ങായ്കയും ചേര്‍ന്ന ഭാവമിശ്രിതം. അമ്മയില്‍നിന്ന് സ്‌നേഹത്തിന്റെ അനന്തമായ ആര്‍ദ്രത. അമ്മയുടെ വീട്ടുകാരില്‍നിന്ന് ജീവിതത്തില്‍ എന്നും സന്തോഷം കണ്ടെത്തലും.
വായനയില്‍ ഏറ്റവും പ്രയോജനപ്പെട്ടത് വാഗ്ഭടാനന്ദ ഗുരുവിന്റെ 'ആത്മവിദ്യ' ആണ്. ഹിന്ദുമതം എന്താണെന്നും എന്തല്ലെന്നും പഠിപ്പിച്ച ഗ്രന്ഥം. പിന്നീട് 'തത്ത്വമസി' എഴുതാനുണ്ടായ ആദ്യപ്രേരണയും.
ചിറക്കല്‍ രാജാസ് ഹൈസ്‌കൂസിലെ ഫോര്‍ത്ത് ഫോമില്‍ ചേര്‍ന്നപ്പോള്‍ അച്ഛന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സുകുമാര്‍ സംസ്‌കൃതം എടുത്തത്. അന്നത് പഠിപ്പിച്ചത് കൃഷ്ണമാരാര്‍ മാസ്റ്റര്‍. ദാരിദ്ര്യദേവതയുടെ കൂത്തരങ്ങായ വീട്ടില്‍ പാണ്ഡിത്യംകൊണ്ട് വിളങ്ങിയ ഗംഭീരന്‍. ഇവരൊക്കെ സുകുമാരനില്‍ അഴീക്കോടിനെ രൂപപ്പെടുത്തി.
1917-ല്‍ ദാര്‍ശനിക സംശയങ്ങളുള്ള കുറെ ചെറുപ്പക്കാര്‍ മാത്തന്‍ കറുവന്റെ നേതൃത്വത്തില്‍ ആഴ്ചയിലൊരിക്കല്‍ തെക്കുംഭാഗം കരുണാലയം വായനശാലയിലിരുന്ന് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ സംഘത്തിന്റെ ക്ഷണപ്രകാരം വാഗ്ഭടാനന്ദഗുരു അഴീക്കോട്ടെത്തി. പിന്നീടൊരു വ്യാഴവട്ടക്കാലം അഴീക്കോടിന്റെ ഭാഗമായി. വീടിന്റെ തെക്കേ പുല്‍പ്പറമ്പില്‍ കെട്ടിയുയര്‍ത്തിയ വേദിയില്‍വെച്ചാണ്, ആത്മവിദ്യാസംഘത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍, സുകുമാരന്‍ ആദ്യമായി ഗുരുവിനെ കണ്ടത്.
ജീവിത വ്യഗ്രതയുടെ തീക്കുണ്ഡത്തില്‍ പ്രസംഗവും എഴുത്തും നഷ്ടപ്പെടുത്തിയ അച്ഛന് മകന്‍ നല്‍കിയത് അഭിമാനിക്കാവുന്ന വക. മഹാകവികളെപ്പോലും വിമര്‍ശിക്കാനുള്ള പാണ്ഡിത്യത്തിലൂടെ.മൂന്നു പെങ്ങന്മാരും ഏട്ടനും മരിച്ചതിനെപ്പറ്റി ആലോചിക്കുമ്പോള്‍ അഴീക്കോടിന് പേടിയായിരുന്നു. നാലുപേരുടെയും ദേഹവിയോഗത്തിന് കാരണം വീഴ്ച. 'അഞ്ചാമന്റെ അന്ത്യത്തിന് ഒരു മാറ്റം വേണമെന്ന് എനിക്ക് ഒരു വിചാരം'- അനുജന്‍ ദേവദാസന്‍ അടുത്തതായി പോകില്ലെന്നുറപ്പുള്ളതുപോലെ അഴീക്കോട് ആത്മകഥയിലെഴുതി. എന്നാല്‍, അനുജത്തിയെപ്പോലെ മുറതെറ്റിച്ച് കഴിഞ്ഞവര്‍ഷം ദേവദാസനും പോയി-അവരുടെ 'മധ്യമ സഹോദരനെ'മാത്രം ബാക്കിയാക്കി....'
തന്റെ വിചാരം പോലെ അന്ത്യത്തിന് മാറ്റമുണ്ടാക്കി അഴീക്കോടും പോയിരിക്കുന്നു. ഉയര്‍ന്ന ചിന്തയുള്ള വാക്കുകള്‍ ബാക്കിയാക്കി, പ്രിയപ്പെട്ട അഴീക്കോടിനെ ബാക്കിയാക്കി.