Mathrubhumi Logo
SukumarAzhikode
Sukumar_azhikode

വാഗ്ഭടന്‍

Posted on: 24 Jan 2012

വാക്കുകളാണ് എപ്പോഴും അഴീക്കോട് മാഷ് അന്വേഷിച്ചത്. വാക്കുകള്‍ക്കുവേണ്ടിയായിരുന്നു ആ ജീവിതം. പ്രസംഗവേദിയിലെത്തുമ്പോള്‍ മാഷ് ശരിക്കും വാഗ്ഭടനായി മാറുന്നു.

ഡല്‍ഹിയില്‍ ലോക ബാങ്ക് പ്രസിഡന്റ് റോബാര്‍ട്ട് മക്‌നമാറ പങ്കെടുത്ത ചടങ്ങില്‍ ലോകത്തെ അറുപത് പ്രമുഖ വ്യക്തികളുണ്ടായിരുന്നു. അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവു ഉദ്ഘാടനത്തില്‍ ലോകമാണ് തറവാടെന്ന് പറയുകയുണ്ടായി.

അഴീക്കോട് മാഷിന്റെ ഊഴം വന്നപ്പോള്‍ ആ വാദത്തെ അരിഞ്ഞുതള്ളി. അഴീക്കോട് തൊടുത്തുവിട്ട വാചകത്തില്‍ സദസ്സ് ആദ്യം സ്തബ്ധമായി. പിന്നെ പൊട്ടിച്ചിരിച്ചു. 'ഇന്നത്തെ രാഷ്ട്രീയക്കാര്‍ക്ക് സ്വന്തം കുടുംബമാണ് തറവാട്' എന്നായിരുന്നു ആ വാചകം.

അഴീക്കോടിന്റെ ആത്മപ്രകാശനമാണ് പ്രസംഗം. അദ്ദേഹം ഒരിക്കലും മൈക്കില്‍ പിടിക്കാറില്ല. തന്റെ ചെറിയ ശരീരത്തെ വായുവില്‍ പ്രകമ്പനം കൊള്ളാന്‍ വിട്ട് എന്തോ അന്വേഷിച്ചുകൊണ്ടിരിക്കുന്ന വിരലുകളിലൂടെ വാക്കുകളെ ആവാഹിച്ച്, വിളംബ കാലത്തില്‍ ഒരു കൃതി പാടുന്നതുപോലെ തന്നോടുതന്നെയാണ് ആ പ്രഭാഷണം. വളരെ അപൂര്‍വമായി മാത്രമേ, അത് മേല്‍സ്ഥായിയിലേക്ക് പോകാറുള്ളൂ. അപ്പോള്‍ സ്വയം വായുവില്‍ ഉയര്‍ന്ന് വാക്കുകളെ വികാരവത്താക്കി, തല ചെരിച്ചുപിടിച്ച് അദ്ദേഹം ആ ലോകത്തേക്ക് കയറും.

പ്രഭാഷണം വലിയ കോപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. വാക്കുകള്‍ അതിനെ ശ്രേഷ്ഠമാക്കുന്നു. ''ഓരോ പ്രസംഗത്തില്‍നിന്നും എനിക്ക് കിട്ടുന്ന ഊര്‍ജമാണ് എന്റെ ആരോഗ്യം. പ്രസംഗം കേട്ടിരിക്കുന്നവരുടെ മുഖഭാവം കാണുമ്പോള്‍ എനിക്കുണ്ടാകുന്ന അനുഭൂതിയില്‍ നിന്നാണ് ഞാന്‍ കൂടുതല്‍ കരുത്തനാകുന്നത്''- ഒരഭിമുഖത്തില്‍ മാഷ് പറഞ്ഞു. പതിനൊന്നോ പന്ത്രണ്ടോ വയസ്സില്‍ അച്ഛന്റെ കൂടെ പ്രസംഗമണ്ഡപങ്ങളിലേക്കുള്ള യാത്രയിലൂടെയാണ് ഈ ജ്വരം അകത്തുകയറിയത്. പിന്നെ വാഗ്ഭടാനന്ദന്‍, സ്വാമി ബ്രഹ്മവ്രതന്‍, എം.ടി. കുമാരന്‍, പാമ്പന്‍ മാധവന്‍ എന്നിവരുടെ പ്രസംഗങ്ങള്‍ പ്രചോദനമായി.

വാഗ്ഭടാനന്ദന്റെ ആഴം, ബ്രഹ്മവ്രതന്റെ വികാരം, എം.ടി. കുമാരന്റെ പരിഹാസം, പാമ്പന്‍ മാധവന്റെ രോഷം എന്നിവയുടെ കലര്‍പ്പ് അങ്ങനെയാണ് ഊറിക്കൂടിയത്. ഒരുവര്‍ഷം 328 പ്രസംഗം വരെ മാഷ് നടത്തിയിട്ടുണ്ട്. പിന്നീട് സ്വയം ചുരുക്കി. മാഷ് പ്രസംഗിക്കാന്‍വേണ്ടിമാത്രം യോഗം സംഘടിപ്പിക്കുന്നവരുണ്ട്.

''എഴുത്തുകാരനാകും മുമ്പ് ഞാന്‍ പ്രഭാഷകനായി''. 'അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍' എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ അഴീക്കോട് എഴുതി.എന്നും നിലനില്‍ക്കുന്ന എഴുത്തുവിട്ട്, കാറ്റില്‍ പാറിപ്പോകുന്ന പ്രസംഗത്തിന്റെ പിന്നാലെ പോകുന്നത് ശരിയല്ലെന്ന് പലര്‍ക്കും അഭിപ്രായമുണ്ടായിരുന്നതായി അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.

വേദവും വിദ്യാഭ്യാസവും കേസരിയും വിവേകാനന്ദനും ഉപനിഷത്തും പുരോഗമന സാഹിത്യവും തുടങ്ങി സമസ്ത മേഖലകളും സ്പര്‍ശിക്കുന്ന വാക്പ്രവാഹം അക്ഷരത്താളുകളിലാവാഹിച്ചപ്പോള്‍ അദ്ദേഹം വെളിപ്പെടുത്തി, ''ഇത് പ്രഭാഷണസാഹിത്യമാകുന്നു''.
1945 ഏപ്രില്‍ 14 ന് ആശാന്‍ദിനത്തിലായിരുന്നു പ്രഭാഷണകലയിലെ അരങ്ങേറ്റം. ''കണ്ണൂര്‍ ടൗണിലുള്ള ഒരു മാടക്കടയുടെ മറവില്‍ പത്തുപതിനെട്ട് ആളുകള്‍ ഉള്ള ഒരു സദസ്സിലായിരുന്നു എന്റെ ആദ്യപ്രസംഗം. ഞാന്‍ അക്കാലത്ത് ഫുള്‍കൈ ഷര്‍ട്ടാണ് ധരിച്ചിരുന്നത്. അതിനാല്‍ കൈ വിറയ്ക്കുന്നതൊന്നും ആരും കണ്ടിരിക്കാന്‍ ഇടയില്ല.''- അസുരനീതികളെ വിറപ്പിച്ച അശ്വമേധത്തിന്റെ തുടക്കം അഴീക്കോട് വിലയിരുത്തുന്നത് അങ്ങനെയാണ്.

ഒരു പ്രഭാഷണത്തില്‍ അദ്ദേഹം തന്നെ താരതമ്യപ്പെടുത്താന്‍ ആഗ്രഹിച്ചത് നചികേതസുമായാണ്. യമന്റെ പ്രലോഭനങ്ങള്‍ക്ക് വശംവദനാകാത്ത ബാലന്റെ നിഴലെങ്കിലും തന്റെ ഉള്ളില്‍ ഉണ്ടെന്ന് അദ്ദേഹം വിനയപൂര്‍വം വെളിപ്പെടുത്തി. പ്രലോഭനങ്ങളില്‍ വീണുപോകുന്ന പൊതുപ്രവര്‍ത്തകര്‍ക്ക് ഉപനിഷത്ത് വെളിച്ചമാകുന്നതെങ്ങനെയെന്ന് നിര്‍ദേശിക്കാന്‍ അദ്ദേഹത്തിന് ഇത്തരം ഉദാഹരണങ്ങള്‍കൊണ്ട് സാധിച്ചു.

പന്ത് വിട്ടൊഴിയാത്ത മാറഡോണയുടെ കാലും തെണ്ടുല്‍ക്കറുടെ കോളാപ്രേമവും തുടങ്ങി, യാഗത്തിന്റെ നിരര്‍ഥകതവരെ വ്യക്തമാക്കുന്ന വാക്പ്രവാഹം. യാഗം നടത്തിയാല്‍ കൊതുക് ചാകുമെന്നല്ലാതെ വേറെ പ്രയോജനമില്ലെന്ന് പ്രഖ്യാപിക്കുന്ന അഴീക്കോട് അനാചാരങ്ങള്‍ക്ക് നേരെ വാള്‍ വീശുകയായിരുന്നു.

ശ്രീരാമനില്‍നിന്ന് രാഷ്ട്രം സുഖ്‌റാമിലേക്ക് പോകുന്നുവെന്നത് അഴിമതിക്കാലത്തെ ചാട്ടുളിപ്രയോഗമായി. സ്വന്തം സുഖത്തില്‍ സന്തോഷിക്കുന്ന സുഖരാമന്മാരായി രാഷ്ട്രീയക്കാരെ വിശേഷിപ്പിച്ച അഴീക്കോട് ഗ്രൂപ്പ് വഴക്കില്‍ മുങ്ങിയ കോണ്‍ഗ്രസ്സിനെ കണക്കറ്റ് കളിയാക്കി.

'മദ്യജലസേചന'മെന്ന് പറഞ്ഞ് മദ്യനയത്തെ ആക്രമിക്കുന്ന അഴീക്കോട് നാടിന്റെ ചലനങ്ങള്‍ക്ക് നേരെ ജാഗ്രതയോടെ കാവലാളായി. കെ.പി. വിശ്വനാഥന്‍ മന്ത്രിയായപ്പോള്‍, അദ്ദേഹത്തിന് സ്വീകരണം നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ്സ് ഒരുക്കിയ വേദിയിലുമെത്തി അഴീക്കോട്. ഇടതുസഹയാത്രികനെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴായിരുന്നു അത്. ''ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രം പറയുന്ന വിശ്വനാഥനെപ്പോലെയാണ് കോണ്‍ഗ്രസ്സുകാരെങ്കില്‍ ഇന്ത്യ മുഴുവന്‍ കോണ്‍ഗ്രസ്സ് ഭരിച്ചേനെ''- അവിടെ അഴീക്കോട് പറഞ്ഞു.

പക്ഷങ്ങള്‍ക്കപ്പുറം ഹൃദയത്തിന്റെ പക്ഷം സ്വീകരിക്കുകയും വാക്കുകള്‍ക്ക് സത്യത്തിന്റെ ശക്തിപകരുകയും ചെയ്ത അഴീക്കോടിന്റെ വൈഭവം തലമുറകള്‍ക്കിപ്പുറവും ആരാധകരെ സൃഷ്ടിച്ചു. ഒരിക്കല്‍ കോഴിക്കോട്ട് ഗ്രന്ഥശാലാ സംഘത്തിന്റെ പരിപാടി കഴിഞ്ഞ് വേദിയില്‍ നിന്നിറങ്ങിവന്ന അഴീക്കോടിന്റെ പാദങ്ങള്‍ പ്രണമിക്കാന്‍ ഒരു സംഘം വിദ്യാര്‍ഥികള്‍ എത്തിയത് അതിന്റെ തെളിവായി; കാലാതീതമായ വാക്കിന്‍ മന്ത്രശക്തിയുടെ തെളിവ്.

പ്രസംഗത്തില്‍ ലഭിച്ച ഏറ്റവും വലിയ ബഹുമതി വൈക്കം മുഹമ്മദ് ബഷീറിന്റേതാണ്. സാഗരഗര്‍ജനം എന്നാണ് ആ പ്രഭാഷണത്തെ ബഷീര്‍ വിശേഷിപ്പിച്ചത്. ഒരിക്കല്‍ യേശുദാസ് പങ്കെടുത്ത ചടങ്ങില്‍, ദാസിനെപ്പോലെ പാടാന്‍ കഴിയണേ എന്നദ്ദേഹം പ്രാര്‍ഥിച്ചു. യേശുദാസ് തന്നെയാണ് അതിന് മറുപടി പറഞ്ഞത്. മാഷ് പാടേണ്ട മാഷിന്റെ പ്രഭാഷണത്തില്‍ സംഗീതമുണ്ട്. ഒരിക്കല്‍ നിരൂപകന്‍ വി. രാജകൃഷ്ണന്‍ മൈതാന പ്രാസംഗികന്‍ എന്ന് അഴീക്കോട് മാഷെ വിശേഷിപ്പിക്കുകയുണ്ടായി. അതിനുള്ള മറുപടി ഇങ്ങനെയായിരുന്നു. ''ഞാന്‍ മൈതാന പ്രാസംഗികന്‍ തന്നെ. എന്റെ പ്രസംഗം കേള്‍ക്കാന്‍ മൈതാനത്ത് ആളുകളുണ്ടാകും. രാജകൃഷ്ണന്‍ പ്രസംഗിക്കുമ്പോള്‍ ആളുണ്ടാവില്ല, മൈതാനം മാത്രം കാണും.''





ganangal Azhikode


മറ്റു വാര്‍ത്തകള്‍

  12 3 »

പ്രഭാഷണം

ormachithrangal jeevitha chithrangal Discuss