അന്ന്, ആഴിക്കും അസ്തമയത്തിനുമരികെ...
Posted on: 24 Jan 2012

കൊച്ചി: അഴീക്കോടും ആഴിയും ഒരുപോലെ തന്നെയായിരുന്നു, അന്നും. അസ്തമയത്തിന്റെ ശാന്തത. സൂര്യനെ വിഴുങ്ങിയ നാവ് വല്ലാത്തൊരു ആലസ്യത്തെ അനുഭവിപ്പിച്ചു. ആ നിശബ്ദതയിലും കേള്‍ക്കാമായിരുന്നു ''അടങ്ങില്ല ഞാന്‍'' എന്ന വാക്കുകള്‍.
കടലെന്ന് പേരുകേട്ട കൃശഗാത്രന്റെ കൊച്ചിയിലെ അവസാനത്തെ പ്രസംഗം അറബിക്കടലിന്റെ കാതുകള്‍ക്കരികെയായിരുന്നു. കഴിഞ്ഞവര്‍ഷം ഡിസംബര്‍ അഞ്ചിന് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം നാളില്‍ എറണാകുളത്തപ്പന്‍ ഗ്രൗണ്ടിലേക്ക് തകഴി ജന്മശതാബ്ദി സെമിനാര്‍ ഉദ്ഘാടനം ചെയ്യാനായി അഴീക്കോടെത്തുമ്പോള്‍ ഒരു വാക്കിന്റെ അകലത്തിലും സായാഹ്നത്തിന്റെ തിരയടക്കത്തിലും കടല്‍ ഉണ്ടായിരുന്നു.
അഴീക്കോടിന്റെ അസുഖവിവരം അന്ന് അധികമാരും അറിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ പതിവുപോലെ തിരമാലകള്‍ക്ക് കാത്തു, സദസ്സ്. അവര്‍ക്കിടയിലേക്ക് വെണ്മയോടെ നടന്നുവന്നപ്പോള്‍ അദ്ദേഹം ഇടയ്‌ക്കൊന്ന് വേച്ചു. എന്നും അഗ്‌നിയുടെ ആവരണമായിരുന്ന വെളുത്ത ജൂബയ്ക്കുള്ളില്‍ ക്ഷീണിതനായ അഴീക്കോട് നനഞ്ഞുപോയ അപ്പൂപ്പന്‍താടിയെ ഓര്‍മിപ്പിച്ചു. സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍, ഡോ. സുനില്‍ പി. ഇളയിടം, എം.കെ. ഹരികുമാര്‍ എന്നിവരായിരുന്നു വേദിയില്‍. ''അസുഖമായതിനാല്‍ അധികം വയ്യ'' എന്ന ക്ഷമാപണത്തോടെയാണ് അഴീക്കോട് തുടങ്ങിയത്. എങ്കിലും കേട്ടിരുന്നവരുടെ ചിന്ത ഒരു പനിച്ചൂടിനപ്പുറം പോയില്ല. അലകടലിന് അര്‍ബുദം എന്നത് ആലോചിക്കാന്‍ പോലുമാകുമായിരുന്നില്ല.
''ജീവിതത്തില്‍ ഒരുപാട് അസ്തമയങ്ങളുടെ കാലമാണിത്. ചിന്തയുടെയും സാഹിത്യത്തിന്റെയും അസ്തമയം'' -പ്രസംഗത്തിലെ ആദ്യവാചകത്തിന് അറംപറ്റലിന്റെ ധ്വനിയുണ്ടായിരുന്നുവോ...? പുസ്തകോത്സവ സാരഥി ഇ.എന്‍. നന്ദകുമാറുമായുള്ളഅടുപ്പംകൊണ്ടു മാത്രമാണ് വയ്യാതിരുന്നിട്ടും ചടങ്ങിനെത്തിയതെന്ന് പലവട്ടം ആവര്‍ത്തിച്ചു അഴീക്കോട്. പതിയെ തുടങ്ങുകയും പ്രചണ്ഡമാകുകയും ചെയ്യുന്ന ശൈലിയിലേക്ക് ഇപ്പോള്‍ പ്രവേശിക്കുമെന്ന് കാത്തിരുന്നവര്‍, പിന്നീടുള്ള നിമിഷങ്ങളില്‍ അവിശ്വസനീതയെ കേട്ടു. 'അസുഖമാണ്' എന്ന ഇടയ്ക്കിടെയുള്ള ഏറ്റുപറച്ചിലിനിടെ ആശയങ്ങളുടെ എതൊക്കെയോ അവ്യക്ത ശൃംഗങ്ങളിലേക്ക് നടന്നുപോകുകയായിരുന്നു അദ്ദേഹം. കൈവിട്ട വാക്കുകളില്‍ അഴീക്കോട് കടലിനരികെ പട്ടം പറത്തുന്ന കുട്ടിയെപ്പോലെയായി. പക്ഷേ, 'നിനക്കും തോല്‍പ്പിക്കാനാകില്ല' എന്ന് അര്‍ബുദത്തോട് പറഞ്ഞുകൊണ്ട് അപ്പോഴും നട്ടെല്ല് നിവര്‍ത്തിപ്പിടിച്ചുതന്നെ നിന്നു അദ്ദേഹം.
''നമ്മുടെ നാടിന് ഇനിയും പരിണതപ്രജ്ഞരാകാന്‍ കഴിഞ്ഞിട്ടില്ല. വിദേശരാജ്യങ്ങളില്‍ നിന്ന് കടം വാങ്ങുന്നതിനപ്പുറം വളര്‍ന്നിട്ടില്ല നമ്മുടെ നയം. അത് അരാജകത്വത്തിന്റെ അവസ്ഥയിലേക്കെത്തിയിരിക്കുന്നു'' -അന്ന് അഴീക്കോട് പറഞ്ഞു. ഉപമകളും ഉരകല്ലില്‍ തെളിച്ചെടുത്ത പ്രയോഗങ്ങളും ഒന്നുപോലുമുണ്ടായില്ല. ഹസാരെയുടെ ചെറുവിരലുയര്‍ന്നപ്പോള്‍, പുതിയ മാര്‍ഗമാണ് കണ്ടെത്തപ്പെട്ടതെന്നും ഒന്നുമില്ലാത്ത മരുഭൂമികളില്‍ അലഞ്ഞുതിരിയുമ്പോള്‍ അതൊരു രക്ഷാമാര്‍ഗമായെന്നുമുള്ള വാചകം കെടാന്‍ പോകുന്ന സ്ഫുലിംഗമായി. ''അണ്ണാറക്കണ്ണനും തന്നാലായത്' എന്നതാകണം മനോഭാവം. പക്ഷേ, നമുക്കിപ്പോള്‍ 'അണ്ണാറക്കണ്ണനും' എന്ന വിചാരം മാത്രമേയുള്ളൂ. 'തന്നാലായത്' എന്ന ഭാഗം മറക്കുന്നു.'' -ഈ വാചകം പറഞ്ഞു നിര്‍ത്തിയശേഷം അഴീക്കോട് അവസാനമായി പറഞ്ഞത് ''പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുന്നു'' എന്നാണ്.
വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു അത്. തകഴി ജന്മശതാബ്ദി സെമിനാറിന്റെ ഉദ്ഘാടകന്‍ തകഴിയെക്കുറിച്ചൊന്നും പറയാതെ വിടവാങ്ങുന്നു. ''തകഴിയെ കാത്ത കാത്ത'' എന്ന ഒറ്റവാചകം മതി അഴീക്കോടും 'കയറി'ന്റെ കഥാകാരനുമായുള്ള ഇഴയടുപ്പം അറിയാന്‍. അവിടെ, ഉറങ്ങാത്ത പ്രജ്ഞയ്ക്ക് മീതെ കാലമൊരു കരിമ്പടമിടുകയായിരുന്നു.