കത്തിജ്ജ്വലിച്ച ഒരു മഹാമനസ്സ്
കെ.പി.സുധീര Posted on: 24 Jan 2012

പ്രശ്‌നങ്ങള്‍ നമ്മില്‍ നിന്ന് ആവശ്യപ്പെടുന്ന വളര്‍ച്ചയെ അവഗണിക്കരുത് എന്ന ഒരു പാഠം നമുക്ക് അഴീക്കോട് മാഷില്‍ നിന്നും പഠിക്കുവാന്‍ കഴിഞ്ഞു. ധര്‍മബോധത്തേയും മാനുഷിക മൂല്യങ്ങളെയും മുറുകെപ്പിടിച്ചുകൊണ്ടുള്ള ഒരു ജീവിതമാണ് അഴീക്കോട് നയിച്ചത്. വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലും കാണുന്ന ജീര്‍ണതകളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചത് മനുഷ്യന്‍ മനുഷ്യനായി ജീവിക്കണം എന്ന ഏകാഗ്ര ജാഗ്രതയാലായിരുന്നു.
മനുഷ്യവര്‍ഗത്തിന്റെ ശോഭനമായ ഭാവി സ്വപ്നംകണ്ട ഒരെഴുത്തുകാരന്റെ, അഥവാ വിമര്‍ശകന്റെ ധാര്‍മികമായ ക്രോധമായിരുന്നു അദ്ദേഹത്തില്‍ നിന്നും നാം കേട്ട പരിഹാസ വചസ്സുകള്‍. മൈക്കിനുമുമ്പില്‍നിന്ന്, വള്ളിച്ചൂരല്‍ പോലുള്ള ആ മനുഷ്യന്‍ കടലിന്റെ ഗര്‍ജനം പോലെ സംസാരിക്കുന്നത് മലയാളി ശ്രദ്ധാപൂര്‍വം കേട്ടിരുന്നു. നിഷ്‌ക്രിയതയ്‌ക്കെതിരെ, ജീര്‍ണതയ്‌ക്കെതിരെയുള്ള പോരാട്ടമായിരുന്നു ആ ജീവിതം.
എന്റെ കുട്ടിക്കാലത്തിന്റെ കളിമുറ്റത്ത് ചിതറിക്കിടപ്പുണ്ട് ഓര്‍മകളുടെ ആ വളപ്പൊട്ടുകള്‍. എത്രയോ തവണ എഴുത്തുകാരനും കൂടിയായ എന്റെ അച്ഛനെക്കാണാന്‍ അദ്ദേഹം കോഴിക്കോട് പുതിയറയിലുള്ള ഞങ്ങളുടെ വീട്ടിലെത്തി- അമ്മയ്ക്കും വലിയ ബഹുമാനമായിരുന്നു.
വ്യക്തിയായിരുന്നില്ല, സമൂഹമായിരുന്നു അദ്ദേഹത്തിന് മാനദണ്ഡം. സമൂഹമനസ്സിനെ സ്പര്‍ശിക്കുമ്പോള്‍ കാലത്തിന്റെ ആത്മാവിനെ സ്പര്‍ശിക്കലായി എന്ന് നമ്മെ ബോധ്യപ്പെടുത്തിയ മഹാത്മാവാണ് അദ്ദേഹം. മഹാത്മാഗാന്ധിയെ, വാഗ്ഭടാനന്ദനെ, ആശാനെ, ശ്രീനാരായണ ഗുരുവിനെക്കുറിച്ചെല്ലാം അദ്ദേഹം നിരന്തരം നമ്മെ ഓര്‍മപ്പെടുത്തി. അനീതിയ്‌ക്കെതിരെ, തിന്മയ്‌ക്കെതിരെ, ഗര്‍ജിക്കുന്ന, കത്തുന്ന ഒരു മനസ്സ് അദ്ദേഹത്തിനുണ്ട്. ജ്വലിക്കുന്ന ഈ മനസ്സിനെ തളര്‍ത്താന്‍ ഒരു രോഗത്തിനും ആവില്ല എന്ന് എനിക്ക് ബോധ്യം വന്നത്, രോഗകാലത്ത് കൂടെ നിന്നപ്പോഴാണ്. ഒരേ സമയം ചൂടും വെളിച്ചവും തരുന്ന ആ മനസ്സ് സകല തെറ്റുകള്‍ക്കും സകലര്‍ക്കും മാപ്പുകൊടുക്കുന്നതും ഞങ്ങള്‍ കണ്ടു. ''ഞാനാണ് വലിയവന്‍'' എന്ന മിഥ്യാഗര്‍വിനാല്‍ തലയുയര്‍ത്തിപ്പിടിച്ച് നടക്കുന്നവര്‍ തന്നത്താന്‍ ലജ്ജിക്കട്ടെ- രാത്രിയില്‍ ആസ്പത്രിക്കട്ടിലില്‍ മോര്‍ഫിന്‍ ഗുളിക കഴിച്ച് ഉറങ്ങുന്ന അദ്ദേഹത്തെ ഉറങ്ങാതെയിരിക്കുന്ന ഞങ്ങള്‍ നോക്കിയിരിക്കും. ഉറക്കത്തിലും പ്രസംഗവേദിയിലെത്തിനില്‍ക്കുംപോലെ അദ്ദേഹത്തിന്റെ ഇരുകരങ്ങളും വായുവില്‍ ചലിക്കുന്നത്, ശരീരം സ്വയം പ്രസംഗഭാഷയായിത്തീരുന്നത് ഞാന്‍ നിശ്ചേഷ്ഠയായി നോക്കിനിന്നിട്ടുണ്ട്. ശരീരവേദനകളെ അദ്ദേഹം കരുത്തുറ്റ ആത്മചൈതന്യത്താല്‍ നേരിടുന്നത് ഞങ്ങള്‍ ആശ്ചര്യത്തോടെ കണ്ടു. തന്നെ കാണാനെത്തിയ ചെറിയവനെയും വലിയവനെയും വിനയവാനായി തൊഴുകൈയോടെ സ്വീകരിക്കുന്നത് ആദരവോടെ കണ്ടുനിന്നു. ആ മഹാത്മാവിന്റെ ഹൃദയവിശാലത, സ്ഥൈര്യം, ധൈര്യം, ദയ, കാരുണ്യം- അങ്ങനെയെന്തെന്ത് ഭാവങ്ങള്‍!
മരണത്തിന്റെ തലേന്ന്, പുലര്‍ച്ചെ ഞങ്ങള്‍, അതായത് പ്രൊഫ. എം.പി. മത്തായിയും ഞാനും അദ്ദേഹത്തിന്റെ രോഗപീഡയാല്‍ എരിപിരികൊള്ളുന്ന ആ ശരീരത്തെ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഗുജറാത്തില്‍ ഗാന്ധി സര്‍വകലാശാലയിലെ പ്രൊഫസറായി ജോലിചെയ്യുന്ന അഴീക്കോട് മാഷിന്റെ ഉറ്റസുഹൃത്ത് മത്തായി സാര്‍, ഗാന്ധിജിയോടുള്ള മാഷിന്റെ ആത്മബന്ധം പറയുകയായിരുന്നു. ഗാന്ധിജിയുടെ 125-ാം പിറന്നാളിന് 125 പ്രഭാഷണങ്ങള്‍ ആര് നടത്തുമെന്ന് ചോദിച്ചപ്പോള്‍ ഞാനുണ്ട് എന്നുദ്‌ഘോഷിച്ച് അഴീക്കോട് മാഷ് ഏറ്റെടുത്തതും കേരളത്തിലെ ഗ്രാമങ്ങളില്‍ 126 പ്രസംഗങ്ങള്‍ നടത്തി കോട്ടയത്തുവെച്ച് 127-ാമത് സമാപനസമ്മേളനത്തില്‍ പ്രസംഗ പരമ്പര അവസാനിപ്പിച്ചതും വിവരിച്ചു. ആത്മപ്രഭയാല്‍, അന്ധകാരത്തില്‍ ഉദയം സൃഷ്ടിക്കുവാന്‍ അഴീക്കോടല്ലാതെ മറ്റാരാണ് നമുക്ക്!
വിമര്‍ശനങ്ങളിലൂടെ ഉണ്ടായിവന്ന വിയോജിപ്പുകള്‍ എല്ലാം രാജിയായിട്ടാണ്, അഴീക്കോട് മാഷിന്റെ ഇറങ്ങിപ്പോക്ക്. ഒരെഴുത്തുകാരന്റെ അവസാനിക്കാത്ത സന്ദേശം, രാജ്യാതിര്‍ത്തിയില്‍ ഒതുങ്ങുന്നതല്ലെന്നും അത് ലോക ഹൃദയത്തിലേക്ക് വ്യാപിപ്പിക്കേണ്ടതാണെന്നും അദ്ദേഹം നമ്മെ പഠിപ്പിച്ചു.
സ്‌നേഹം സത്യമാണെന്നും അത് കാലഭേദമില്ലാത്ത ഭാഷയാണെന്നും മനുഷ്യന്റെ സകല സമസ്യകള്‍ക്കുമുള്ള ഉത്തരമാണെന്നും ഈ മഹാമനുഷ്യനല്ലാതെ, മറ്റാരാണ് നമ്മെ പഠിപ്പിക്കുവാന്‍!