Mathrubhumi Logo
SukumarAzhikode
Sukumar_azhikode

ജന്മാന്തരബന്ധംപോലെ കോഴിക്കോടന്‍ മധുരം

Posted on: 24 Jan 2012



ജന്മദേശം കണ്ണൂരാണെങ്കിലും കോഴിക്കോട്ടുകാരനെന്ന് അറിയപ്പെടാനാണ് സുകുമാര്‍ അഴീക്കോട് ആഗ്രഹിച്ചിരുന്നത്. കോഴിക്കോടിന് അദ്ദേഹത്തോട് ഉപാധികളില്ലാത്ത സ്‌നേഹമായിരുന്നു. തിരിച്ചും അങ്ങനെത്തന്നെ.

കോഴിക്കോട്ടെ പൗരസമൂഹം അഴീക്കോടിന്റെ ശതാഭിഷേകം ആഘോഷമാക്കിയപ്പോള്‍ ആ സ്‌നേഹത്തിലലിഞ്ഞ് അദ്ദേഹം പറഞ്ഞു- ''കഴിഞ്ഞ ഏതോ ഒരു ജന്മത്തില്‍ ഞാന്‍ കോഴിക്കോട്ട് ജനിച്ചിട്ടുണ്ട്. ഇത്രയധികം അടുപ്പം എനിക്ക് ഒരു പ്രദേശവുമായിട്ടും ഉണ്ടായിട്ടില്ല. നിങ്ങളുടെ സ്‌നേഹം ഇത്ര അഗാധമാണെന്ന് നേരത്തേ മനസ്സിലായിരുന്നുവെങ്കില്‍ ഞാന്‍ ഇവിടം വിട്ട് തൃശ്ശൂരിലേക്ക് പോവില്ലായിരുന്നു. ഇവിടെത്തന്നെ ചാകാന്‍ സാധിച്ചേനേ...''

വിദ്യാര്‍ഥി, അധ്യാപകന്‍, പ്രഭാഷകന്‍, പത്രാധിപര്‍, വിമര്‍ശകന്‍-ആ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളുമായും ആഴത്തില്‍ ചേര്‍ന്നുനില്‍ക്കുന്നു കോഴിക്കോട് നഗരം. ബി. എഡിന് പ്രവേശനം കിട്ടി കോഴിക്കോട്ടെത്തുന്നതിനുമുമ്പുതന്നെ അഴീക്കോടിന്റെ പട്ടണപ്രവേശം സംഭവിച്ചുകഴിഞ്ഞിരുന്നു. ആത്മവിദ്യാസംഘവുമായി ബന്ധപ്പെട്ടാണ് 1947-ലെ ആ വരവ്.

''പല യോഗങ്ങളിലും എം.ടി. കുമാരന്‍ മാസ്റ്റര്‍ എന്റെ കൈപിടിച്ചു സംസാരിപ്പിച്ചിരുന്നു'' എന്നാണ് അക്കാലത്തെക്കുറിച്ച് പിന്നീട് അഴീക്കോട് പറഞ്ഞത്.

ബി. എഡ്. വിദ്യാര്‍ഥിയായപ്പോള്‍ നാലാംഗേറ്റിലെ ഒരുവീട്ടില്‍ സുകുമാരന്‍ പൊറ്റെക്കാട്ടിന്റെ കൂടെയാണ് താമസിച്ചത്. പിന്നെ ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജിലെ അധ്യാപനകാലം. ആറുകൊല്ലമാണ് അഴീക്കോട് അവിടെ മലയാളം അധ്യാപകനായിരുന്നത്. കണ്ണൂര്‍റോഡിലെ 'ക്ലിഫ്റ്റന്‍ കോട്ടേജി'ലായിരുന്നു അക്കാലത്ത് താമസം.

എസ്.എന്‍.എം. ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പലായി മൂത്തകുന്നത്തേക്കുപോയപ്പോഴും കോഴിക്കോടുമായുള്ള ബന്ധം മുറിഞ്ഞില്ല. മാസത്തില്‍ പത്തുതവണയെങ്കിലും അക്കാലത്ത് അഴീക്കോട് കോഴിക്കോട്ടെത്താറുണ്ടായിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ മലയാളം വകുപ്പധ്യക്ഷനായും പ്രോ. വൈസ്ചാന്‍സലറായും പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ വീണ്ടും ഈ നഗരത്തിന്റെ സാംസ്‌കാരികവേദികളില്‍ അദ്ദേഹം പതിവുകാരനായി. ഔദ്യോഗികജീവിതത്തില്‍ നിന്ന് വിരമിച്ചശേഷവും കോഴിക്കോടുമായുള്ള പ്രണയത്തിന് ഭംഗമുണ്ടായില്ല. വെറുതേയല്ല, ''എന്റെ രണ്ടാം ജന്മദേശമെന്നു പറയാവുന്ന പ്രദേശമാണ് കോഴിക്കോട് '' എന്ന് അഴീക്കോട് പറഞ്ഞത്.

സൗഹൃദങ്ങളാല്‍ ധന്യമാണ് അഴീക്കോടിന്റെ കോഴിക്കോടന്‍ ജീവിതം. ബഷീര്‍, ഉറൂബ്, എന്‍.പി. മുഹമ്മദ്, തിക്കോടിയന്‍, കെ.എ. കൊടുങ്ങല്ലൂര്‍, എസ്. കെ. പൊറ്റെക്കാട്ട്, എം.ടി. വാസുദേവന്‍നായര്‍ എന്നിവരൊക്കെ ആ സൗഹൃദസദസ്സുകളെ സമ്പന്നമാക്കി. സാഹിത്യവും രാഷ്ട്രീയവുമൊക്കെ വിഷയങ്ങളാവുന്ന സായാഹ്നചര്‍ച്ചകള്‍, പിന്നെ മാനാഞ്ചിറയ്ക്കുചുറ്റുമുള്ള ചെറുസഞ്ചാരങ്ങള്‍... തായാട്ട് ശങ്കരന്‍, ആര്‍. രാമചന്ദ്രന്‍, എം.ജി.എസ്. നാരായണന്‍, എം.എ. ഉണ്ണീരിക്കുട്ടി എന്നിവരും കോഴിക്കോടന്‍ സൗഹൃദങ്ങളില്‍ മറക്കാനാവാത്തവരാണെന്ന് അഴീക്കോട് അനുസ്മരിച്ചിട്ടുണ്ട്. ഉണ്ണീരിക്കുട്ടിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ രാമാശ്രമം അവാര്‍ഡ് കമ്മിറ്റിയുടെ ചെയര്‍മാനും അഴീക്കോടായിരുന്നു.

ഉറൂബും തായാട്ട് ശങ്കരനും ആര്‍. രാമചന്ദ്രനുമൊക്കെ ആളുകളെ തമാശയാക്കുന്നതില്‍ വിരുതുകാട്ടിയിരുന്നതിനെപ്പറ്റിയും അഴീക്കോട് പറഞ്ഞിട്ടുണ്ട്.

ഉറൂബിനെക്കുറിച്ചുള്ള അഴീക്കോടിന്റെ ഓര്‍മ- ''എനിക്ക് കോഴിക്കോട്ട് നടക്കാന്‍ കഴിയാത്തവിധത്തില്‍ പരിഹസിക്കുന്ന വാക്ക് വീട്ടിലായാലും ആള്‍ക്കൂട്ടത്തിലായാലും പറയാന്‍ മടിയില്ലാത്ത ആളായിരുന്നു ഉറൂബ്. ക്ഷുബ്ധന്‍മാഷ് എന്നാണ് പറയുക. വലിയ ആള്‍ക്കൂട്ടത്തിനിടയില്‍വെച്ച് അദ്ദേഹം അങ്ങനെ പറഞ്ഞാല്‍ എനിക്ക് സന്തോഷമാണ്. ഉറൂബിനും സന്തോഷം. കേള്‍ക്കുന്നവര്‍ക്കും സന്തോഷം. ഇന്നാണെങ്കില്‍ അതുമതി അടിപിടിയുണ്ടാവാന്‍. സാഹിത്യകാരന്മാര്‍ തമ്മില്‍ പരിശുദ്ധമായ മമതാബന്ധം നിലനിന്നിരുന്ന കാലമാണത്.''

അഴീക്കോടിന്റെ പ്രസംഗത്തെ 'സാഗരഗര്‍ജനം' എന്ന് വിശേഷിപ്പിച്ചത് ബഷീറാണ്. സ്ഥാപകപത്രാധിപര്‍ കെ.പി. കേശവമേനോന്റെ കാലംമുതലേ മാതൃഭൂമിയുമായി അടുത്ത ബന്ധമാണ് അഴീക്കോട് സൂക്ഷിച്ചിരുന്നത്. 1945-ലാണ് അദ്ദേഹത്തിന്റെ ലേഖനം ആദ്യമായി മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചത്. ആത്മകഥ വരെ ഒട്ടേറെ രചനകള്‍ പിന്നീട് മാതൃഭൂമിയില്‍വന്നു. തന്റെ സാഹിത്യവിമര്‍ശത്തിന് പൂര്‍ണരൂപം വന്നത് മാതൃഭൂമിയിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ മാതൃഭൂമി സാഹിത്യപുരസ്‌കാരം അഴീക്കോടിനായിരുന്നു.

നവഭാരതവേദി എന്നപേരിലുള്ള സാമൂഹിക-സാംസ്‌കാരിക സംഘടനയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്നു അഴീക്കോട്. ദീനബന്ധു, മലയാളഹരിജന്‍, ദേശമിത്രം, നവയുഗം, ദിനപ്രഭ, വര്‍ത്തമാനം എന്നീ പത്രങ്ങളുടെ നായകനെന്ന നിലയിലും സാംസ്‌കാരികലോകത്ത് അദ്ദേഹം പുതിയൊരു വഴിതുറന്നു. കോഴിക്കോട് ടൗണ്‍ഹാളില്‍ ഏറ്റവുമധികം പ്രഭാഷണം നടത്തിയത് സുകുമാര്‍ അഴീക്കോടായിരിക്കുമെന്ന് പറയുന്നത് വെറുതെയല്ല. അദ്ദേഹംതന്നെ അപ്രകാരം അഭിപ്രായപ്പെട്ടിട്ടുണ്ട്. ജീവനുണ്ടായിരുന്നെങ്കില്‍ എത്രയെത്രസാഗരഗര്‍ജനങ്ങളെക്കുറിച്ച് ആ ചുമരുകള്‍ വിവരിച്ചേനേ! തന്റെ പ്രഭാഷണങ്ങള്‍ക്ക് ഏറ്റവും നല്ല ശ്രോതാക്കളുള്ളത് കോഴിക്കോട്ടാണെന്ന് അഴീക്കോട് പറഞ്ഞിട്ടുണ്ട്. പതിഞ്ഞകാലത്തില്‍ തുടങ്ങി മുറുകിമുറുകി ഉച്ചസ്ഥായിയിലെത്തുന്ന ആ ശബ്ദരഥപ്രയാണത്തിന്റെ ലഹരിയറിഞ്ഞവര്‍ അത് വിട്ടുപോകുന്നതെങ്ങനെ?

പ്രഭാഷകനായ അഴീക്കോടും അധ്യാപകനായ അഴീക്കോടും തമ്മിലുള്ള വ്യത്യാസം അദ്ദേഹത്തിന്റെ ശിഷ്യരില്‍ പലരും രേഖപ്പെടുത്തിയിട്ടുണ്ട്. എം.എന്‍. കാരശ്ശേരിയുടെ വാക്കുകള്‍ ഇങ്ങനെ- ''ആ പ്രസംഗവും ക്ലാസ്സും വളരെ വ്യത്യസ്തമാണ്. തീര്‍ത്തും വിരുദ്ധമാണെന്നുവരെ പറയാം. നെടുനെടുങ്കന്‍ വാക്യങ്ങളോ ദീര്‍ഘസമാസങ്ങളോ ക്ഷോഭപ്രകടനമോ ഒന്നും ക്ലാസ്മുറിയിലില്ല. പ്രതീക്ഷിക്കാന്‍ വയ്യാത്തവിധം സ്വരം താഴ്ന്നിരിക്കും. ക്ലാസെടുക്കുന്നത് വരാന്തയില്‍നിന്നാല്‍ കേള്‍ക്കുകപോലുമില്ല. ആള്‍ അകത്തുണ്ടെന്നു മനസ്സിലാവണമെങ്കില്‍ ഇടയ്ക്കിടെ വിദ്യാര്‍ഥികളുടെ പൊട്ടിച്ചിരി കേള്‍ക്കണം. കൊച്ചുകൊച്ചുവാക്യങ്ങള്‍, സ്ഫുടമായ ഉച്ചാരണം.''

അധ്യാപകനെന്ന നിലയ്ക്ക് കിറുകൃത്യമായി, ചിട്ടയില്‍ കാര്യങ്ങള്‍ നടന്നുപോകാന്‍ ഉതകുന്ന ഗാന്ധിയന്‍ അച്ചടക്കം അദ്ദേഹം നടപ്പാക്കിയിരുന്നു. പത്തുമണിയുടെ ക്ലാസിന് ഒമ്പതരയ്‌ക്കേ വിദ്യാര്‍ഥികളെത്തണം. അദ്ദേഹം ഒമ്പതേകാലിനുതന്നെയെത്തും. ഒരു കാരണവശാലും അവധിയെടുക്കരുതെന്നതാണ് മറ്റൊരു നിഷ്ഠ. ക്ലാസ്മുറിയില്‍ പൂര്‍ണനിശ്ശബ്ദത നിര്‍ബന്ധം. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമ്പോള്‍ ശബ്ദം ക്ലാസ്സിനുപുറത്തേക്കുകേള്‍ക്കരുതെന്നാണ് വ്യവസ്ഥ. വലിയ എഴുത്തുകാരനും പ്രഭാഷകനുമായിരുന്നിട്ടും അക്കാര്യമൊന്നും ക്ലാസില്‍ പരമാര്‍ശിച്ചിരുന്നതേയില്ലെന്നും വിദ്യാര്‍ഥികള്‍ ഓര്‍ക്കുന്നു.

എന്നാല്‍, സ്വന്തം അധ്യാപകന്‍ കേരളത്തിലെ ഏറ്റവും വലിയ പ്രഭാഷകനാണെന്ന അഭിമാനം വിദ്യാര്‍ഥികള്‍ക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ അവര്‍ വേദികളില്‍നിന്നുവേദികളിലേക്ക് സഞ്ചരിച്ചു.



ganangal Azhikode


മറ്റു വാര്‍ത്തകള്‍

  12 3 »

പ്രഭാഷണം

ormachithrangal jeevitha chithrangal Discuss