വൈലാലിലെ ബന്ധുക്കാരന്‍
രജി ആര്‍. നായര്‍ Posted on: 24 Jan 2012
ഹൃദയവും മസ്തിഷ്‌കവും പരസ്പരം മിണ്ടിയും പറഞ്ഞുമിരിക്കുമ്പോലെയായിരുന്നു സുകുമാര്‍ അഴീക്കോടും വൈക്കം മുഹമ്മദ് ബഷീറും തമ്മിലുള്ള പങ്കുവെക്കല്‍. ആദ്യം മുതലേ അവര്‍ നല്ല സുഹൃത്തുക്കളായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രൊ-വൈസ് ചാന്‍സലറായി അഴീക്കോട് എത്തിയതോടെ ബഷീറിന്റെ കുടുംബത്തിന്റെ കൂടി കൂട്ടുകാരനായി അദ്ദേഹം. അടുത്ത ബന്ധുക്കളില്ലാത്ത അഴീക്കോടിന് ഹൃദയബന്ധുവായിരുന്നു ബഷീര്‍. ''ഞങ്ങള്‍ക്ക് എത്ര ബന്ധുക്കളുണ്ടെങ്കിലും അദ്ദേഹമായിരുന്നു ഉറ്റ ബന്ധു.'' ഫാബിയുടെ വാക്കുകളില്‍ ആ ബന്ധുത്വത്തിന്റെ ഇഴമുറിയാത്ത ഓര്‍മകള്‍.
''എല്ലാ ആഴ്ചയും വീട്ടില്‍ വരും. ടാറ്റയ്ക്ക് ചെയ്യാന്‍ മടിയുള്ള കാര്യങ്ങളെല്ലാം ഏറ്റെടുത്തു ചെയ്യും. മകന്‍ അനീസ് ബഷീറിനെ സ്‌കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയത് അഴീക്കോടാണ്. കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ കൊണ്ടുവരിക പതിവായിരുന്നു. കഴിഞ്ഞ പിറന്നാളാഘോഷത്തിന് എല്ലാവരെയും കാര്‍ഡയച്ചു ക്ഷണിച്ചപ്പോള്‍ എന്നെ കത്തയച്ചു വിളിച്ചു. മാതൃഭൂമി പുരസ്‌കാരം ഏറ്റു വാങ്ങാനെത്തിയപ്പോഴും അദ്ദേഹം പറഞ്ഞു. ''ഞാന്‍ അങ്ങോട്ടു വരുന്നുണ്ട്. പഴയതുപോലെ നമുക്ക് ഒന്നിച്ചു കൂടണം.' ഒരാഴ്ച മുമ്പ് ഞങ്ങള്‍ ആസ്പത്രിയില്‍ പോയി കണ്ടു. വിട്ടു പോയല്ലോ എന്നാലോചിക്കുമ്പോള്‍ വല്ലാത്ത സങ്കടം.'' ഫാബി നിശ്ശബ്ദയായി.
ബഷീറിന് മാത്രം സൃഷ്ടിക്കാനാവുന്ന ജീവിത സന്ദര്‍ഭങ്ങള്‍ വീണ്ടും ഫാബിയുടെ ഓര്‍മകളില്‍ നിറഞ്ഞു. ബഷീറിനോടൊപ്പം ചേരുമ്പോള്‍ അഴീക്കോട് ഗൗരവം മറന്നുപോവുമായിരുന്നു. ആ കൂട്ടുകെട്ട് സൃഷ്ടിച്ച ലാളിത്യത്തിന് ഏറെയാണ് ഉദാഹരണങ്ങള്‍. വാഹനങ്ങള്‍ വാട്ടര്‍ സര്‍വീസ് ചെയ്തുകൊടുക്കുന്ന ഷോപ്പിന്റെ ഉദ്ഘാടകനായി ബഷീറും ചടങ്ങിന്റെ അധ്യക്ഷനായി അഴീക്കോടും പങ്കെടുത്തത് അങ്ങനെയാണ്. ദീര്‍ഘകാലം അഴീക്കോടിന്റെ ഡ്രൈവറായിരുന്ന അയ്യപ്പന്റേതായിരുന്നു കട. വിശ്വസാഹിത്യകാരനും വാക്കിന്റെ കുലപതിയും തമ്മിലുള്ള ചങ്ങാത്തത്തിന്റെ വേദിയായിരുന്നു അത്.
വൈലാലില്‍ വീട്ടില്‍ മുറ്റത്ത് തെങ്ങിന്‍ ചോട്ടിലിരിക്കുകയായിരുന്ന അന്നത്തെ കളക്ടര്‍ കെ ജയകുമാറിനോട് ബഷീര്‍ പറഞ്ഞു. 'അവിടെനിന്ന് മാറിയിരിക്കൂ.' എന്തിനാണ് മാറുന്നതെന്ന് ജയകുമാര്‍ ചോദിച്ചു. ബഷീര്‍ പറഞ്ഞു. ''ആ തെങ്ങില്‍ ഒരു ഉണങ്ങിയ തേങ്ങയുണ്ട്. ഞാന്‍ അത് അഴീക്കോടിന് വേണ്ടി കരുതി വെച്ചതാണ്. ജയകുമാര്‍ മാറിയിരുന്നതും തേങ്ങ നിലം പതിച്ചു! ബഷീറിന്റെ വീട്ടില്‍ സഹായിയായിരുന്ന രാമനെ വഴിയരികില്‍ മൂത്രമൊഴിച്ചതിന് ടൗണില്‍വെച്ച് പോലീസ് പിടിച്ചു. ആരെങ്കിലും പരിചയക്കാരുണ്ടോ എന്നു ചോദിച്ചപ്പോള്‍ രാമന്‍ ബഷീറിന്റെ പേര് പറഞ്ഞു. പോലീസ് വൈലാലില്‍ വീട്ടില്‍ വിളിച്ചു. ആദ്യം ബഷീര്‍ പോലീസിനോട് സംസാരിച്ചു. പിന്നെ ഫോണ്‍ വാങ്ങി സംസാരിച്ചത് അഴീക്കോട്. ഇതെല്ലാം കേട്ട് പോലീസ് രാമനോട് ചോദിച്ചു. 'അല്ല, ഇങ്ങനെ മുഷിഞ്ഞ വേഷത്തില്‍ നടക്കുന്ന നിന്റെ ആള്‍ക്കാര്‍ സുകുമാര്‍ അഴീക്കോടും ബഷീറുമൊക്കെയാണോ?
അഴീക്കോടിന്റെ ഗസല്‍ കാറും അതിന്റെ ഡ്രൈവറുമെല്ലാം ബഷീറിന്റെ വീട്ടുകാരുടേതുകൂടിയായിരുന്നു. ''എനിക്കൊരു വല്യുമ്മച്ചിയുണ്ടായിരുന്നു. വൈലാലില്‍ വീട്ടില്‍ വരണമെന്ന് വല്ല്യുമ്മച്ചിക്ക് വലിയ ആഗ്രഹം. ബസ്സിനൊന്നും വരാനുള്ള ആരോഗ്യമില്ല. അന്ന് കാര്‍ അത്ര പേര്‍ക്കൊന്നുമില്ല. ഒരിക്കല്‍ ഞാന്‍ ടാറ്റയോടുപറഞ്ഞു. 'വല്യുമ്മച്ചിയെ ഒന്ന് ഇങ്ങോട്ടു കൊണ്ടു വരണമായിരുന്നു.' അതിനെന്താ നമ്മുടെ അയ്യപ്പനോട് പറഞ്ഞാല്‍ മതിയല്ലോ എന്ന് ടാറ്റ. അങ്ങനെ സാക്ഷാല്‍ സുകുമാര്‍ അഴീക്കോടിന്റെ കാറില്‍ ഞങ്ങള്‍ കയറി. 'ഇതെന്താ കഥ! ഇതുവരെ പെണ്ണൊരുത്തിയും കയറാത്ത കാറാണ് ഇത്.' എന്ന് ഡ്രൈവര്‍ അയ്യപ്പന്‍ അത്ഭുതം പ്രകടിപ്പിച്ചത് ഇപ്പോഴുമോര്‍ക്കുന്നു.''