ദേവഗിരിയിലെ വസന്തം
Posted on: 24 Jan 2012

ചേവായൂരിനപ്പുറത്തുള്ള കുന്നിന്‍പുറത്ത് പുതിയ കോളേജിന്റെയും അനുബന്ധ മന്ദിരങ്ങളുടെയും നിര്‍മാണം തകൃതിയായി നടക്കുന്ന ഒരു മഴക്കാലത്താണ് ഞങ്ങള്‍ - കോളേജിലെ ആദ്യത്തെ അധ്യാപകരും വിദ്യാര്‍ഥികളും - അവിടെ എത്തുന്നത്. പൂര്‍ത്തിയാകാത്തതും മഴയില്‍ കുതിര്‍ന്നതുമായ കെട്ടിടത്തിന്റെ ഭംഗിയെപ്പറ്റി പറയാത്തതാണല്ലോ ഭേദം. പോരെങ്കില്‍ ഞങ്ങളുടെ മുമ്പില്‍ വെച്ചു മേലത്തെ ഒരു ചുമരിന്റെ ഭാഗം തകര്‍ന്നുവീഴുകയും ചെയ്തു.
പക്ഷേ, ഞങ്ങളുടെ മനസ്സില്‍ ഒന്നും തകര്‍ന്നില്ല. ദേവഗിരിക്കു വലിയ ഉയര്‍ച്ചകള്‍ ഞങ്ങള്‍ ഉള്ളില്‍ പൊക്കിവെച്ചിരുന്നു. അവ നേടുമെന്ന ശുഭവിശ്വാസവും ധാരാളം. എനിക്ക് 30 വയസ്സ്. പലതും നേടണമെന്ന അഭിലാഷം സ്വകാര്യമായി മനസ്സില്‍ നിറഞ്ഞുനിന്ന കാലം, ദേവഗിരിയിലൂടെ വേണം അതൊക്കെ തുടങ്ങിവെക്കാന്‍.
'ദേവഗിരി' എന്ന പേര്‍ ശരിക്കും ചേരുന്നു. സെന്റ്‌ജോസഫ്‌സ് കോളേജുകള്‍ പലതുണ്ട്. പക്ഷേ, ദേവഗിരി ഒന്നുമാത്രം. ഗിരിനാമധാരികളായ പല എണ്ണപ്പെട്ട കോളേജുകളും കോഴിക്കോട്ട് ഉണ്ട്. പക്ഷേ, ദേവഗിരി എന്നതുപോലെ സര്‍വരും അംഗീകരിച്ച പേര് മറ്റൊരു കോളേജിനും കിട്ടിയിട്ടില്ല.
ഞാന്‍ ഇതിനിടെ ദേവഗിരി സ്വന്തമായ ഒരാവശ്യത്തിന് സന്ദര്‍ശിച്ചിരുന്നു. ഒഴിവുദിനമാണെങ്കിലും അധ്യാപകരും വിദ്യാര്‍ഥികളും കുറച്ചുപേര്‍ എനിക്ക് സ്‌നേഹംനിറഞ്ഞ സ്വാഗതം നല്‍കി.
എന്നാല്‍, എന്റെ കണ്ണുകള്‍ ഉഴറിയത് പഴയ സുഹൃത്തുക്കളുടെ മുഖങ്ങള്‍ കാണാനായിരുന്നു. ചിലരെ പടങ്ങളിലൂടെ കണ്ടു. തിയോഡോഷ്യസ് അച്ചന്റെ മധുരമായ പുഞ്ചിരി നിറഞ്ഞ മുഖത്തിന്റെ ശ്യാമസൗന്ദര്യം ആ പഴയ ദിനങ്ങളിലേക്ക് എന്നെ പിടിച്ചുകൊണ്ടുപോയി.
ഒരിക്കലും മറക്കാനാവാത്ത സഹപ്രവര്‍ത്തകര്‍, അല്ല സുഹൃത്തുക്കള്‍, അതുമല്ല സഹോദരര്‍. അന്നത്തെ അധ്യാപകര്‍ ഞങ്ങള്‍ക്ക് അങ്ങനെയായിരുന്നു. മലയാളം വകുപ്പിന്റെ തലവന്‍ പ്രൊഫ. ദേവസ്യ തകിടിയേല്‍ സര്‍വശങ്കാലു ആണെങ്കിലും ഞങ്ങള്‍ പെട്ടെന്ന് അടുത്തു. സ്വതേ എല്ലാവരോടും സൈനികരീതിയില്‍ത്തന്നെ പെരുമാറിയിരുന്ന സെബാസ്റ്റ്യന്‍ പോലും ആ കുടുംബത്തിലെ പ്രിയപ്പെട്ട അംഗമായിരുന്നു. പ്രൊഫസര്‍മാരായ എം.ഒ. ദേവസ്സി (ഗണിതം എം.ഒ.ഡി. എന്ന ചുരുക്കപ്പേരില്‍ പ്രസിദ്ധന്‍), പി.കെ. അച്ചന്‍ (ഫിസിക്‌സ്), പി.സി. സ്‌കറിയ (കെമിസ്ട്രി) തുടങ്ങിയവര്‍ ഏറ്റവും അടുത്ത ചങ്ങാതിമാരായിരുന്നു. ഇംഗ്ലീഷിലെ ഇമ്മാനുവല്‍, ചരിത്രത്തിലെ ജിമ്മി ആന്‍ഡ്രൂസ്, കെമിസ്ട്രിയിലെ ഇട്ടൂപ്പ്, എം.കെ. മത്തായി, ഗണിതത്തിലെ വേണുഗോപാല മേനോന്‍ തുടങ്ങി പലരും കുടുംബാംഗങ്ങളെപ്പോലെ കഴിഞ്ഞവരാണെന്ന് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും സുഖം തോന്നുന്നു. ആ സുഖം ഇന്നില്ലല്ലോ എന്ന നേരിയ ഒരു ദുഃഖത്തിന്റെ സ്പര്‍ശവും.
ആപ്പീസിലായാലും ലൈബ്രറിയിലായാലും എല്ലാവരും എന്ത് സഹായവും ചെയ്യാന്‍ സന്നദ്ധരായ സുഹൃത്തുക്കള്‍. എല്ലാ അച്ചന്‍മാരും കുടുംബാംഗങ്ങള്‍ക്കുള്ള സ്‌നേഹം നല്‍കി. കൊളംബസ്സച്ചനേയും മറ്റും എങ്ങനെ മറക്കും? ഡോ. ശിവരാമസുബ്രഹ്മണ്യയ്യരുടെ എം.എ. ഇംഗ്ലീഷ് ക്ലാസ്സുകള്‍ അടുത്തുള്ള അധ്യാപക മുറിയിലിരുന്ന് പാതിച്ചെവിയില്‍ കേള്‍ക്കുന്നതിലെ രസം ഒന്നു വേറെ!
അവിസ്മരണീയമായ കോളേജ് യാത്ര. ഞാന്‍ നാലാം ഗെയ്റ്റിനടുത്തുള്ള ക്ലിഫ്ടണ്‍ കോട്ടേജിലാണ് പാര്‍പ്പ്. ബസ് തുടങ്ങുന്നതും യാത്ര അവസാനിപ്പിക്കുന്നതും അവിടെ നിന്ന്. അധ്യാപകരെയും വിദ്യാര്‍ഥികളെയും കുടുംബത്തിന്റെ കെട്ടുറപ്പില്‍ നിര്‍ത്തിയ ഒരു ഘടകം ഡ്രൈവര്‍ കോമന്‍ നായര്‍ ഓടിച്ചിരുന്ന കോളേജ് ബസ്സായിരുന്നു.
പിന്നെ പലേടത്തും അധ്യാപകനായി ജോലിചെയ്തു. ട്രെയിനിങ് കോളേജില്‍, യൂണിവേഴ്‌സിറ്റിയില്‍. എല്ലാം നല്ല അനുഭവങ്ങള്‍. പക്ഷേ, ദേവഗിരിക്ക് സമം ദേവഗിരി മാത്രം. ആ കുന്നില്‍ ഞങ്ങളുടെ യുവജീവിതത്തില്‍ വിടര്‍ത്തിത്തന്ന വസന്തത്തിന്റെ പരിമളം എന്നെ ഇന്നും തുടര്‍ന്നുവരുന്നത് ഞാന്‍ ചാരിതാര്‍ഥ്യപൂര്‍ണിമയില്‍ അനുഭവിച്ചുവരുന്നു.
1962-ല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. കോണ്‍ഗ്രസ് അന്ന് നെഹ്രുവിന്റെ തണലില്‍ പുഷ്ടിപ്പെട്ടുകഴിയുകയായിരുന്നു. പക്ഷേ, കേരളത്തില്‍ കോണ്‍ഗ്രസ്സിനൊപ്പം കൂട്ടുകൂടിയത് മുസ്‌ലിംലീഗ് മാത്രം. ആ നിര്‍ഭാഗ്യഘട്ടത്തിലാണ് എനിക്ക് സ്ഥാനാര്‍ഥിത്വം ലഭിക്കുന്നത്. പ്രിന്‍സിപ്പല്‍ തൊട്ട് തൂപ്പുകാരന്‍വരെ സന്തോഷിച്ചു.
പക്ഷേ, ജയിക്കാനുള്ള വോട്ട് അന്ന് കിട്ടാനുണ്ടായിരുന്നില്ല. നല്ലവണ്ണം തോറ്റു. പക്ഷേ, എനിക്കപ്പോള്‍ തൊഴിലില്‍ വലിയൊരു വിജയം കിട്ടി. മൂത്തകുന്നം ട്രെയിനിങ് കോളേജില്‍ പ്രിന്‍സിപ്പലായി നിയമിച്ചുകൊണ്ട് മാനേജര്‍ അഡ്വ. കെ.കെ. നരേന്ദ്രന്‍ (ഇപ്പോഴത്തെ നരേന്ദ്രന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ മുന്‍ ഹൈക്കോടതി ജസ്റ്റിസ്) ഒപ്പിട്ട കടലാസ് എനിക്ക് വന്നത് അപ്പോഴായിരുന്നു.
അങ്ങനെ തോറ്റുജയിച്ച ഒരാളാണ് നിങ്ങള്‍ക്ക് ഇപ്പോള്‍ പരിചയമുള്ള ഡോ. സുകുമാര്‍ അഴീക്കോട്.