മാഷെ കാണാന്‍ മോഹന്‍ലാലുമെത്തി Posted on: 24 Jan 2012

തൃശ്ശൂര്‍: രാഗദ്വേഷം സ്‌നേഹത്തിന് മുന്നില്‍ വഴിമാറിയ ദിവസമായിരുന്നു ഇന്നലെ. അഴീക്കോടിന്റെ രോഗനില അതീവ ഗുരുതരമായി തുടരുകയാണെന്നറിഞ്ഞ് തിങ്കളാഴ്ച ഉച്ചയ്ക്ക് മാഷെ കാണാന്‍ എത്തിയവരില്‍ പ്രമുഖ നടന്‍ മോഹന്‍ലാലുമുണ്ടായിരുന്നു. രഹസ്യമായാണ് ലാല്‍ അമല ആസ്പത്രിയിലെത്തിയതെങ്കിലും വിവരമറിഞ്ഞ് മാധ്യമങ്ങളും ആള്‍ക്കൂട്ടവുമൊക്കെ അവിടേക്കൊഴുകി.
ആസ്പത്രിമുറിയിലെത്തിയ ലാല്‍ മാഷിന്റെ കൈകളില്‍ തലോടി. സെക്രട്ടറി സുരേഷ് ചെവിയില്‍ മോഹന്‍ലാല്‍ വന്ന കാര്യം ഉറക്കെ പറഞ്ഞു. അതു കേട്ടപോലെ മാഷിന്റെ ശിരസ്സ് അനങ്ങി. ഏറെ നേരം ദുഃഖത്തോടെ ലാല്‍ അരികിലിരുന്നു. അഴീക്കോടിന്റെ കാല്‍ തൊട്ടുവണങ്ങിയാണ് ലാല്‍ മുറിവിട്ടത്. താന്‍ വന്നത് മാഷ് അറിഞ്ഞിട്ടുണ്ടാകുമെന്ന് ലാല്‍ പിന്നീട് പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് മോഹന്‍ലാലെത്തിയത്.
കഴിഞ്ഞമാസം 10-നാണ് അഴീക്കോടിനെ ഇവിടെ ചികിത്സയ്ക്കായി കൊണ്ടുവന്നത്. അന്നുതന്നെ ലാലുമായുണ്ടായിരുന്ന നഷ്ടപരിഹാരക്കേസ് ഇരുകൂട്ടരുടെയും അഭിഭാഷകര്‍ ചേര്‍ന്ന് രാജിയാക്കി. വിദേശത്തായിരുന്ന മോഹന്‍ലാല്‍ ഇടയ്ക്കിടെ ഫോണിലൂടെ അഴീക്കോട് മാഷിന്റെ രോഗവിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. പല ദിവസങ്ങളിലും ലാലിന്റെ അമ്മ മാഷിനെ ഫോണിലൂടെ വിളിച്ച് രോഗശാന്തിക്കായി പ്രാര്‍ത്ഥിക്കുന്ന വിവരം അറിയിക്കുകയും ചെയ്തു.
അഴീക്കോടിന്റെ നില അതീവ ഗുരുതരമാണെന്ന് മെഡിക്കല്‍ ബുള്ളറ്റിനിലൂടെ ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കൊച്ചിയിലുണ്ടായിരുന്ന മോഹന്‍ലാല്‍ തൃശൂരിലെത്തിയത്. നടന്‍ മമ്മൂട്ടി, തിലകന്‍, ഇന്നസെന്റ്, സുരേഷ്‌ഗോപി എന്നിവരും ആസ്പത്രിക്കിടക്കയിലായിരുന്ന മാഷിനെ കാണാന്‍ പല ദിവസങ്ങളിലുമെത്തിയിരുന്നു. അമ്മ സംഘടനയും നടന്‍ തിലകനും തമ്മിലുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അഴീക്കോടും മോഹന്‍ലാലും തമ്മില്‍ വഴക്കുണ്ടായത്. കോടതി വരെ നീണ്ട തര്‍ക്കം രോഗവിവരത്തോടെ തീരുകയായിരുന്നു.