Mathrubhumi Logo
  soumya

തൂക്കുകയര്‍ കാക്കുന്ന പതിനൊന്നാമന്‍

Posted on: 12 Nov 2011

തൃശ്ശൂര്‍: ഗോവിന്ദച്ചാമിയുടെ വധശിക്ഷ നടപ്പാക്കണമെങ്കില്‍ വിധി ഹൈക്കോടതി ശരിവെയ്ക്കണം. പ്രതി അപ്പീല്‍ പോയില്ലെങ്കിലും ഹൈക്കോടതി സ്വമേധയാ കീഴ്‌ക്കോടതിയുടെ തൂക്കിക്കൊല്ലാനുള്ള വിധി പരിശോധിക്കും.
ഹൈക്കോടതി ഇത് ശരിവെച്ചാല്‍ 90 ദിവസത്തിനുള്ളില്‍ തൂക്കിക്കൊല്ലാം. പ്രതി സുപ്രീം കോടതിയെ സമീപിക്കുകയോ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കുകയോ ചെയ്താല്‍ വീണ്ടും വൈകും. ഗോവിന്ദച്ചാമിയാവട്ടെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് തൂക്കുകയര്‍ കാത്തിരിക്കുന്ന പതിനൊന്നാമനായാണ് ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തുക. കൊലക്കേസ് പ്രതികളായി തൂക്കാന്‍ വിധിക്കപ്പെട്ട 10 പേര്‍ നിലവില്‍ തിരുവനന്തപുരം, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലുണ്ട്. മാള ഇരട്ടക്കൊലക്കേസില്‍ കഴിഞ്ഞാഴ്ച വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ജയാനന്ദന്‍ തിരുവനന്തപുരത്തുണ്ട്. ഇയാള്‍ ഒരു മോഷണക്കേസില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്.

പുത്തൂര്‍ ഷീല വധക്കേസില്‍പ്പെട്ട കനകരാജനടക്കം മറ്റ് ഒമ്പതുപേരില്‍ എട്ട് പേര്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയവരാണ്. ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി ആന്റണിയാവട്ടെ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി കാത്തിരിക്കുക യാണ്.
ഒറീസയിലെ വ്യാപാരിയെയും ഭാര്യയെയും കൊന്ന അസം സ്വദേശി പ്രദീപ്‌ബോറ, ആമയൂര്‍ കൂട്ടക്കൊലക്കേസിലെ റജികുമാര്‍, കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസിലെ ഉണ്ണി, വൃദ്ധ ദമ്പതിയെ കൊന്ന ജോമോന്‍ എന്നിവര്‍ വധിശക്ഷ കാത്ത് കഴിയുന്നുണ്ട്. കൂടാതെ ഭാര്യയെ കൊന്ന കേസില്‍ പെരുമ്പാവൂര്‍ സാജു, വട്ടിയൂര്‍ക്കാവ് ലോറന്‍സ്, വണ്ടൂര്‍ രാമചന്ദ്രന്‍ എന്നിവരും തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ടിട്ടുണ്ട്. കനകരാജന്‍, ഉണ്ണി, രാമചന്ദ്രന്‍ എന്നിവരാണ് കണ്ണൂര്‍ ജയിലിലുള്ളത്.
സംസ്ഥാനത്ത് ഏറ്റവും ഒടുവില്‍ തൂക്കിക്കൊന്നത് റിപ്പര്‍ ചന്ദ്രനെയായിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 1991 ജൂലായ് ആറിനായിരുന്നു ഇത്. നിലവില്‍ ജയില്‍ വകുപ്പില്‍ ആരാച്ചാര്‍മാരില്ല.

പ്രതിഫലം നല്‍കി ആളെ നിയോഗിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ജയില്‍ വകുപ്പിലെ ഉദ്യോഗസ്ഥന്മാരുണ്ടെങ്കില്‍ അവര്‍ക്ക് അവസരം നല്‍കും. അല്ലാത്തപക്ഷം പുറത്തുനിന്നുള്ളവരെ നിയോഗിക്കും. റിപ്പര്‍ ചന്ദ്രനെ കണ്ണൂര്‍ സ്വദേശിയാണ് തൂക്കിയത്. 1500 രൂപ അന്ന് പ്രതിഫലം നല്‍കിയതായി രേഖകള്‍ പറയുന്നു.



ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss