Mathrubhumi Logo
  soumya

ആ ചങ്ങല ഒന്നു വലിച്ചെങ്കില്‍...

Posted on: 12 Nov 2011

തൃശ്ശൂര്‍:സൗമ്യ വധക്കേസില്‍ പ്രതിക്ക് കോടതി നല്‍കിയത് പരമാവധി ശിക്ഷതന്നെയാണ്. സാക്ഷികളെല്ലാം നൂറുശതമാനവും കേസിന്റെ വിജയത്തിന് സഹകരിച്ചു. എങ്കിലും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ ബാക്കി.
തീവണ്ടിയിലെ അപായച്ചങ്ങല ഒന്നു വലിച്ചിരുന്നെങ്കില്‍ ആ പെണ്‍കുട്ടിയെ രക്ഷിക്കാമായിരുന്നില്ലേ? യാത്രക്കാരില്‍ ഒരാള്‍പോലും അപ്പോള്‍ പ്രതികരിക്കാതിരുന്നത് എന്തുകൊണ്ട്? ബൈസ്റ്റാന്‍ഡര്‍ ഇഫക്ട് എന്ന പ്രതിഭാസമാണ് ഇതിനുത്തരമായി മനഃശാസ്ത്രവിദഗ്ധര്‍ പറയുന്നത്. അപകടഘട്ടങ്ങളില്‍ സഹായാഭ്യര്‍ത്ഥന കേള്‍ക്കുന്നവരിലുണ്ടാകുന്ന പ്രത്യേക മാനസികാവസ്ഥയാണത്.
വര്‍ഷങ്ങള്‍ക്കുമുമ്പ് 28 വയസ്സുള്ള കിറ്റിജൗ എന്ന അമേരിക്കക്കാരിയെ മാന്‍ഹട്ടനിലെ ഓസ്റ്റിന്‍ സ്ട്രീറ്റില്‍വെച്ച് വിന്‍സ്റ്റന്‍ മോസ്‌ലി എന്ന 29 കാരന്‍ കുത്തിവീഴ്ത്തുകയും പിന്നീട്, വീടിനരികത്തേക്ക് വേച്ചുനടന്നുപോയ കിറ്റിയെ പിന്‍തുടര്‍ന്നുചെന്ന് പീഡിപ്പിക്കുകയും പലതവണ കുത്തി മരണം ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. ആ സംഭവമാണ് സൈക്കോളജി പഠനങ്ങള്‍ക്ക് വഴിതുറക്കുകയും ബൈസ്റ്റാന്‍ഡര്‍ ഇഫക്ടിനെക്കുറിച്ച് ധാരണ രൂപവത്കരിക്കാന്‍ ഇടയാക്കുകയും ചെയ്തത്. അരമണിക്കൂര്‍ നീണ്ട അനക്രമം തൊട്ടടുത്തുള്ളവര്‍ അറിഞ്ഞില്ല. ആരും ഫോണ്‍ ചെയ്ത് പോലീസിനെ അറിയിച്ചില്ല. ഇടപെട്ടതുമില്ല.
നിലവിളി കേട്ട ആരോ പോലീസിനെ അറിയിച്ചിരുന്നുവെന്ന് വര്‍ഷങ്ങള്‍ക്കു ശേഷമുണ്ടായ വെളിപ്പെടുത്തലില്‍ പറയുന്നു. എന്നാല്‍ കിറ്റിയെ സഹായിക്കാനോ മോസ്‌ലിയെ തടയാനോ ആരും ധൈര്യപ്പെട്ടില്ല എന്നുതന്നെയാണ് പുതിയ വെളിപ്പെടുത്തലിലുമുള്ളത്. ഒന്നിലേറെപ്പേരുടെ സാന്നിധ്യം ഈ അവസരങ്ങളില്‍ ഒരാളുടെ സഹായമനസ്‌കതയെ ഇല്ലാതാക്കുന്നതാണ് ബൈസ്റ്റാന്‍ഡര്‍ ഇഫക്ട്. കൂടെയുള്ളവരിലാരെങ്കിലും പ്രശ്‌നത്തിലിടപെടട്ടെ എന്നു കരുതി ഓരോരുത്തരും ഒഴിഞ്ഞുമാറും. ബൈസ്റ്റാന്‍ഡര്‍ ഇഫക്ടും മരവിച്ച മാനസികാവസ്ഥയും ചേര്‍ന്നാകാം സൗമ്യ സംഭവത്തിന്റെ സമയത്ത് യാത്രക്കാരുടെ പ്രതികരണശേഷി നഷ്ടപ്പെടുത്തിയതെന്നാണ് തിരുവനന്തപുരം ഊളമ്പാറ മാനസികാരോഗ്യകേന്ദ്രത്തിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. സതീഷിന്റെ അഭിപ്രായം.




ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss