Mathrubhumi Logo
  soumya

പ്രതിക്കുനേരെ കല്ലേറ്, ചെരിപ്പേറ്‌

Posted on: 12 Nov 2011

തൃശ്ശൂര്‍: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി വിധി വരുന്ന ദിവസം ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം ആഴ്ചകള്‍ക്ക് മുമ്പുതന്നെ പോലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കോടതിവളപ്പിലും പുറത്തും ശക്തമായ സുരക്ഷാസംവിധാനങ്ങളാണ് വെള്ളിയാഴ്ച പോലീസ് ഒരുക്കിയത്. എന്നാല്‍, ഇവയെല്ലാം മറികടന്ന് പ്രതിക്കെതിരെ കല്ലേറും ചെരിപ്പേറും ഉണ്ടായി. ഏറെ പ്രയാസപ്പെട്ടാണ് കോടതിക്കകത്തേയ്ക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച ജനക്കൂട്ടത്തെ പോലീസ് നിയന്ത്രിച്ചത്.
പ്രതിയെ വിട്ടുതരണമെന്ന് കോടതിവളപ്പില്‍ തടിച്ചുകൂടിയ ജനക്കൂട്ടം അലറിവിളിച്ചു. പ്രതിയുടെ രക്ഷയ്ക്കുവേണ്ടി പോലീസ് സുരക്ഷ ഒരുക്കുന്നതിനെതിരെ അമര്‍ഷത്തോടെയാണ് ജനക്കൂട്ടം പ്രതികരിച്ചത്. ജീവിക്കാന്‍ അര്‍ഹനല്ലാത്തവനെ ഉടന്‍ കൊന്നുകളയണമെന്ന് മതില്‍ക്കെട്ടിനു പുറത്തുനിന്ന് പലരും വിളിച്ചുപറഞ്ഞിരുന്നു.

വിധിപ്രഖ്യാപനം കഴിഞ്ഞ് ഒന്നരമണിക്കൂറിനുശേഷമാണ് പ്രതിയെ കോടതിമുറിയില്‍നിന്ന് പുറത്തേയ്ക്ക് കൊണ്ടുവന്നത്. അതിവേഗ കോടതിയുടെ പ്രധാന കവാടത്തോടു ചേര്‍ന്ന് പോലീസ് ബസ് നിര്‍ത്തിയിട്ട്, ബസ്സിനും കോടതിക്കും ഇടയിലുള്ള ഭാഗത്ത് പോലീസുകാര്‍ കൈവിലങ്ങുകള്‍ തീര്‍ത്താണ് പ്രതിയെ വാഹനത്തില്‍ കയറ്റിയത്. വാഹനത്തിലേയ്ക്ക് കയറുന്ന ഞൊടിയിടയില്‍തന്നെ പ്രതിക്കുനേരെ ചെരിപ്പേറുണ്ടായത് പോലീസിനെ ഞെട്ടിച്ചു.

ഗോവിന്ദച്ചാമിയെയുംകൊണ്ട് പോലീസിന്റെ സുരക്ഷാവാഹനം കോടതിവളപ്പ് പിന്നിടുമ്പോഴെല്ലാം വാഹനത്തിനുനേരെ കല്ലേറ് വന്നുകൊണ്ടിരുന്നു. ബസ്സിന്റെ ജനലുകളുള്‍പ്പെടെ പ്രധാനഭാഗങ്ങളെല്ലാം കമ്പിവലയംകൊണ്ട് മൂടിയതിനാല്‍ വാഹനത്തിനകത്ത് ഉണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റില്ല. ഗോവിന്ദച്ചാമിയെ വഹിച്ച ബസ് കോടതിയില്‍നിന്ന് ജയിലിലേയ്ക്ക് പോയതിനു തൊട്ടുപിന്നാലെ കോടതിക്കു ചുറ്റും തമ്പടിച്ചുനിന്നവരെ പോലീസ് വിരട്ടിയോടിച്ചു. പ്രതി സഞ്ചരിച്ച വാഹനത്തിനുനേരെ കല്ലേറിഞ്ഞ ചിലരെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ പിടികൂടിയെങ്കിലും ഇവരെയെല്ലാം പിന്നീട് വിട്ടയച്ചു.
രണ്ട് ഡിവൈ.എസ്.പി.മാര്‍, ഒരു അസി. കമ്മീഷണര്‍, അഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, എട്ട് എസ്.ഐ.മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറുപതോളം പോലീസുകാരാണ് കോടതിവളപ്പിനകത്തെയും പുറത്തെയും സുരക്ഷാകാര്യങ്ങള്‍ നിയന്ത്രിച്ചത്.സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി കെ.ബി. സുരേഷ് കോടതിക്കു പുറത്തും ഡിവൈഎസ്പി പി. വാഹിദ് ഇന്റേണല്‍ സെക്യൂരിറ്റിക്കും നേതൃത്വം നല്‍കി. അസി. കമ്മീഷണര്‍ ടി.കെ. തോമസ്സും വെസ്റ്റ് സി.ഐ. രാമചന്ദ്രനും ചേര്‍ന്നാണ് ഗോവിന്ദച്ചാമിയുടെ സുരക്ഷാകാര്യങ്ങള്‍ നോക്കിയത്. എമര്‍ജന്‍സി കമാന്‍ഡോയുടെ വാഹനം പ്രതിയുടെ റോഡിലെ സുരക്ഷയ്ക്ക് അകമ്പടിയായി.
ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ ഒക്ടോബര്‍ 31നും പ്രതിക്കുനേരെ ആക്രമണമുണ്ടായിരുന്നു. എന്നാല്‍, അന്ന് ആക്രമണത്തിന് മുതിര്‍ന്നുവന്ന യുവജനസംഘടനകളെയെല്ലാം കബളിപ്പിച്ചുകൊണ്ട് കോടതിയുടെ മറ്റൊരു കവാടം വഴി പോലീസ് പ്രതിയുമായി പുറത്തുകടക്കുകയായിരുന്നു. എന്നാല്‍, ശിക്ഷ വിധിച്ച ദിവസം കൂടുതല്‍ പോലീസുകാരെ നിയോഗിച്ചെങ്കിലും സുരക്ഷാകാര്യങ്ങളില്‍ പൂര്‍ണമായി വിജയിക്കാന്‍ ഇത്തവണ പോലീസിനായില്ല.

വിധി വന്നശേഷം കോടതിയില്‍നിന്ന് പുറത്തുവന്ന സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എ. സുരേശനെ സൗമ്യയുടെ നാട്ടില്‍നിന്നെത്തിയവര്‍ ഹാരാര്‍പ്പണം നടത്തി. അഭിഭാഷകസുഹൃത്തുക്കള്‍ പൂച്ചെണ്ടുകളുമായി പൊതിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോടതിപരിസരത്ത് ലഡുവിതരണം നടത്തി കോടതിവിധിയെ സ്വാഗതം ചെയ്തു. ഡോ. ഉന്മേഷിനെതിരെ നടപടി കൈക്കൊള്ളാത്ത സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കോടതിക്കു മുമ്പില്‍ പ്രകടനം നടത്തി.




ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss