Mathrubhumi Logo
  soumya

വികലാംഗനെന്ന വിവരത്തില്‍ തുടങ്ങിയ തിരച്ചില്‍

Posted on: 31 Oct 2011

പ്രതിയെ കുടുക്കിയ പോലീസ്‌വഴികളിലൂടെ
തൃശ്ശൂര്‍: പ്രതി ഒറ്റക്കയ്യനായ വികലാംഗനാണെന്ന് പോലീസിന് കിട്ടിയ ആദ്യവിവരമായിരുന്നു ഗോവിന്ദച്ചാമിയെ കുടുക്കിയത്. ഷൊറണൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ച് തീവണ്ടിയിലെ ഗാര്‍ഡ് ജോബിയാണ് പോലീസിന് സംഭവദിവസം രാത്രിതന്നെ വിവരം കൈമാറിയത്. രണ്ട് യാത്രക്കാരാണ് തനിക്ക് ഈ വിവരം നല്‍കിയതെന്നു പറഞ്ഞ് അവരുടെ ഫോണ്‍ നമ്പറും നല്‍കി. തീവണ്ടിയില്‍ യാത്രചെയ്തിരുന്ന ടോമിയെയും ഷുക്കൂറിനെയും അപ്പോള്‍തന്നെ പോലീസ് സംഘം ബന്ധപ്പെട്ടു. ഇവരുടെ മൊഴികള്‍ കേസ് തെളിയിക്കുന്നതില്‍ നിര്‍ണായകവുമായി.

ചെറുതുരുത്തിയില്‍ സംഭവസ്ഥലത്തിനടുത്തുനിന്ന് പ്രതിയെ കണ്ട യുവാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അടുത്ത ദിവസം രേഖാചിത്രം തയ്യാറാക്കി. ഇതിനിടെ പാലക്കാട്ടുനിന്ന് പിടിയിലായ പ്രതിയും രേഖാചിത്രവും തമ്മില്‍ സാമ്യവും തെളിഞ്ഞു.
ആ മൊബൈല്‍ ശബ്ദിക്കുന്നു

സൗമ്യയുടെ മൊബൈല്‍ ഫോണ്‍ സംഭവസ്ഥലത്തുണ്ടായിരുന്നില്ല. അത് മോഷ്ടിച്ചുവെന്ന് ഗോവിന്ദച്ചാമിയൊട്ട് സമ്മതിച്ചുമില്ല. ആ തെളിവ് അനിവാര്യവുമായിരുന്നു. പാലക്കാട്ടുവെച്ച് ഫോണ്‍ പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് നിശ്ശബ്ദമായി. പ്രതി അറസ്റ്റിലായി മൂന്നുദിവസം കഴിഞ്ഞ് ഏഴാം തീയതി രാത്രിയിലാണ് വീണ്ടും വയനാട് മേഖലയില്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നതായി മൊബൈല്‍ കമ്പനിയില്‍നിന്ന് വിവരം കിട്ടിയത്. അപ്പോള്‍തന്നെ സംഘം ചുരം കയറി. ഫോണ്‍ ഗോവിന്ദച്ചാമിയില്‍നിന്ന് വാങ്ങിയ മാണിക്കനെയും കൈമാറിയ ബേബിയെയും അയാള്‍ സിംകാര്‍ഡ് വാങ്ങിയ കടയുടമയെയും പോലീസ് കണ്ടുപിടിച്ചു. ഇവരൊക്കെ പ്രോസിക്യൂഷന് അനുകൂലമായി മൊഴിയും നല്‍കി.

വനിതാ പോലീസ് തിരിച്ചറിയുന്നു

പിടിയിലായപ്പോള്‍ പ്രതി പറഞ്ഞ മറ്റൊരു നുണ 'തന്റെ പേര് ചാര്‍ളിയെന്നാണ്' എന്നായിരുന്നു. യഥാര്‍ത്ഥ പേരും വിവരങ്ങളും കിട്ടാന്‍ പ്രതിയുമായി പോലീസ് സംഘം തമിഴ്‌നാട്ടിലെത്തി. അവിടത്തെ റെയില്‍വേ പോലീസ് സ്റ്റേഷനിലെത്തിയപ്പോഴേ ഒരു വനിതാ പോലീസ് വിളിച്ചു. എന്താടാ ഗോവിന്ദച്ചാമീ... അതോടെ പേരും ഊരും കിട്ടി. അതിനുശേഷം തമിഴ്‌നാട്ടിലെ പത്തോളം പോലീസ് സ്റ്റേഷനുകളില്‍നിന്ന് ഇയാളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം അന്വേഷകസംഘത്തിന് കിട്ടി.

പിന്നീട് ശാസ്ത്രീയതെളിവുകള്‍ ശേഖരിക്കുന്നതിലായിരുന്നു സംഘം ശ്രദ്ധിച്ചത്. റെയില്‍വേ പോലീസിന്റെയും ആര്‍.പി.എഫിന്റെയും സഹകരണത്തോടെ നടത്തിയ തിരച്ചിലില്‍ കമ്പാര്‍ട്‌മെന്റില്‍നിന്ന് പ്രതിയുടെ ബട്ടണുകളും മറ്റും ശേഖരിച്ചിരുന്നു.
സാക്ഷികളെ യഥാസമയം ഹാജരാക്കുന്നതിലും മറ്റും ഒരു പഴുതും വരാത്ത സൂക്ഷ്മത അന്വേഷകസംഘം കാണിക്കുകയുണ്ടായി. പ്രതിഭാഗം വക്കീലിനെപ്പറ്റി ചില ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അതേപ്പറ്റി അന്വേഷിക്കാന്‍ പോലീസുകാര്‍ മുംബൈയിലും പോവുകയുണ്ടായി. എങ്കിലും ശിക്ഷ കൂടി അറിഞ്ഞിട്ടേ തങ്ങളുടെ ശ്രമം പൂര്‍ണ്ണവിജയമായോയെന്ന് പറയാനാകൂ എന്നാണ് അവരുടെ പക്ഷം.



ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss