Mathrubhumi Logo
  soumya

വിവാദങ്ങളും നാടകീയതയും നിറഞ്ഞ വിചാരണ

Posted on: 31 Oct 2011

തൃശ്ശൂര്‍: സൗമ്യ വധക്കേസില്‍ പ്രതി രക്ഷപ്പെടാതിരിക്കാന്‍ ശക്തമായ കുറ്റപത്രമാണ് പോലീസ് സമര്‍പ്പിച്ചത്.
പ്രതിക്കെതിരെ സാക്ഷി പറഞ്ഞ ഓരോ വ്യക്തിയും അഭിമാനത്തോടെയാണ് കോടതി വിട്ടിറങ്ങിയത്. പ്രതിക്കുവേണ്ടി അഭിഭാഷകരാരും ഹാജരാകില്ലെന്നുപോലും പൊതുസമൂഹം പ്രതീക്ഷിച്ചു. എന്നാല്‍, കേസിന്റെ നാള്‍വഴികളില്‍ അപ്രതീക്ഷിതമായ പലതും നടന്നു. പ്രതിക്കുവേണ്ടി മുംബൈയില്‍നിന്ന് ഒരു അഭിഭാഷകനെത്തിയതും വിചാരണയുടെ അവസാനഘട്ടത്തില്‍ ഒരു ഡോക്ടര്‍ പ്രതിഭാഗത്തിന് അനുകൂലമായ മൊഴി നല്‍കിയതും നടുക്കത്തോടെയാണ് ജനം കണ്ടത്.

പ്രതിക്കുവേണ്ടി മുംബൈ വക്കീല്‍

പ്രതിയുടെ ക്രൂരത കണക്കിലെടുത്ത്, വക്കാലത്ത് ഏറ്റെടുക്കാന്‍ കേരളത്തിലെ ബാര്‍ അസോസിയേഷനുകള്‍ മടിച്ചുനില്‍ക്കുമ്പോഴാണ് മുംബൈയില്‍നിന്ന് അഭിഭാഷകന്‍ എത്തിയത്.
ഗോവിന്ദച്ചാമിയുടെ വക്കീലിനെക്കുറിച്ചുള്ള ദുരൂഹത ഏറെനാള്‍ നീണ്ടു. വക്കീലിന് പണം നല്‍കുന്നതാര് എന്നതായിരുന്നു ആദ്യ സംശയം. ഗോവിന്ദച്ചാമിയെ രക്ഷിക്കാന്‍ മാഫിയാസംഘങ്ങള്‍ ശ്രമിക്കുകയാണെന്ന കഥകള്‍ വന്നു. അഭിഭാഷകന്റെ ബന്ധങ്ങള്‍ തേടി പോലീസ് നാടൊട്ടാകെ അലഞ്ഞു. പ്രതിഷേധപ്രകടനങ്ങളൊക്കെ നടന്നെങ്കിലും ഗോവിന്ദച്ചാമിയെ രക്ഷിക്കാനുള്ള വാദങ്ങള്‍ അഡ്വ. ബി.എ. ആളൂര്‍ ശക്തമായി നടത്തി.

ഗോവിന്ദച്ചാമിയെ ഓടിച്ചിട്ടു തല്ലി

വിചാരണയുടെ ആദ്യദിനത്തില്‍ത്തന്നെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ഗോവിന്ദച്ചാമിയെ കോടതിവളപ്പിനുള്ളില്‍ ഓടിച്ചിട്ടു തല്ലി. തല്ലിയവര്‍ കുടുങ്ങി. പ്രതിയെ തല്ലിയവരെ അഭിനന്ദിക്കാന്‍ നിരവധി പേരുണ്ടായി.
പോലീസ് പ്രതിയുടെ സുരക്ഷാകാര്യത്തില്‍ പാളിച്ച വരുത്തിയെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ പരാതിപ്പെട്ടു. പ്രതിയുടെ സുരക്ഷ ശക്തമാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പിന്നീട് വിചാരണ അവസാനിക്കുന്ന നാള്‍വരെ കനത്ത പോലീസ് ബന്തവസ്സിലാണ് പ്രതിയെ പോലീസ് കൊണ്ടുവന്നതും കൊണ്ടുപോയതും.

പ്രതിക്കുവേണ്ടി ഭാഷാസഹായി

വിചാരണ തുടങ്ങുംമുമ്പ് കോടതിയില്‍വെച്ച് ഗോവിന്ദച്ചാമിയെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. ''തെരിയാത്, മലയാളം തെരിയാത്'' എന്നായിരുന്നു പ്രതിയുടെ മറുപടി. കുറ്റപത്രമുള്‍പ്പെടെ പ്രതിയോട് നടത്തുന്ന ആശയവിനിമയങ്ങളെല്ലാം തമിഴിലാക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. മലയാളവും തമിഴും ഒരുപോലെ അറിയാവുന്ന അഭിഭാഷക രാജിയെയാണ് പരിഭാഷയ്ക്കായി കോടതി നിയോഗിച്ചത്.

സാക്ഷിവിസ്താരം ദിവസങ്ങളോളം

അന്വേഷണോദ്യോഗസ്ഥന്‍ സി.ഐ. ശശിധരന്റെയും ഫോറന്‍സിക് മേധാവി ഷേര്‍ളി വാസുവിന്റെയും വിസ്താരത്തിന് അഞ്ചുദിവസം വീതമെടുത്തു. തീവണ്ടിയില്‍ സൗമ്യയോടൊപ്പം സഞ്ചരിച്ചവരെയും സൗമ്യയെ ആസ്പത്രിയിലെത്തിച്ചവരെയും മൂന്നുദിവസമെടുത്താണ് വിസ്തരിച്ചത്.

വിവാദമൊഴിയും തര്‍ക്കവും

പ്രതിക്കെതിരായി ശക്തമായ തെളിവുകളാണ് മെഡിക്കല്‍ രംഗത്തുനിന്നുള്ളത്. എന്നാല്‍, ഡോ. ഉന്മേഷിന്റെ മൊഴി ഇവയുടെ വിശ്വാസ്യതയില്‍ സംശയം ഉണ്ടാക്കുന്നതായി. വകുപ്പുമേധാവി ഷേര്‍ളി വാസു പോസ്റ്റ്‌മോര്‍ട്ടത്തില്‍ പങ്കെടുത്തിട്ടില്ലെന്നും താനാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്നുമായിരുന്നു ഉന്മേഷിന്റെ മൊഴി. അതില്‍ പ്രതിഷേധിച്ച് പ്രകടനങ്ങളുണ്ടായി. മെഡിക്കല്‍ കോളേജ് ഓഫീസ് പ്രതിഷേധക്കാരില്‍ ചിലര്‍ അടിച്ചുതകര്‍ത്തു. കനത്ത പോലീസ് സുരക്ഷയിലാണ് ഉന്മേഷിനെ പിന്നീട് കോടതിയില്‍ കൊണ്ടുവന്നത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ സാക്ഷികളാരും വിചാരണയുടെ ഒരുഘട്ടത്തിലും കൂറുമാറിയില്ല. 4,000 പേജ് വരുന്ന സാക്ഷിമൊഴികള്‍ ജഡ്ജി നേരിട്ട് എഴുതിയെടുത്തതും സൗമ്യ കൊലക്കേസിനെ സമാനതകളില്ലാത്തതാക്കി.



ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss