Mathrubhumi Logo
  soumya

അച്ഛന്റെ രോഷം; അമ്മയുടെ വിലാപം

Posted on: 31 Oct 2011


വിധിപ്രഖ്യാപനത്തിനുശേഷം കോടതിപരിസരത്ത് ഗോവിന്ദച്ചാമിക്കുനേരെ രോഷാകുലനായി എത്തുന്ന സൗമ്യയുടെ അച്ഛന്‍ ഗണേശ്

തൃശ്ശൂര്‍: സമ്മിശ്രവികാരങ്ങളാണ് സൗമ്യ കൊലക്കേസിന്റെ വിധി പറഞ്ഞ അതിവേഗ കോടതിയുടെ മുന്നില്‍ തിങ്കളാഴ്ച പകല്‍ നിറഞ്ഞുനിന്നത്. കോടതി വിധി പറഞ്ഞുവെങ്കിലും പുറത്തുനിന്നവര്‍ക്ക് അത് ആദ്യം വ്യക്തമായിരുന്നില്ല. അന്നുതന്നെ ശിക്ഷയും ഉണ്ടാകുമെന്ന് കരുതിയാണ് ആളുകള്‍ പലരും എത്തിയത്.

വിധി കഴിഞ്ഞ് പോലീസുകാര്‍ പുറത്തുവന്നപ്പോള്‍ സൗമ്യയുടെ അച്ഛന്‍ ഗണേശ് അവര്‍ക്കുനേരെ ആക്രോശിച്ചു. 'എന്റെ സ്വത്താണ് അവള്‍. അവനെ ഇറക്കിവിടൂ...' എന്നു പറഞ്ഞ് ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച അദ്ദേഹത്തെ മകന്‍ സന്തോഷ് എത്തി തടയുകയായിരുന്നു. ഇതിനിടെ കോടതിയില്‍ പ്രോസിക്യൂട്ടറെ കണ്ട് വിവരം തേടിയശേഷം പുറത്തുവന്ന അമ്മ സുമതി കുഴഞ്ഞുവീണു. അവരെ അടുത്തുള്ള പോലീസ് ടെലികമ്യൂണിക്കേഷന്‍ ഓഫീസിലേക്ക് മാറ്റി. ഇതിനിടെ പ്രതിയെ പുറത്തേക്കിറക്കി. അവനെ വെറുതെ വിടരുതെന്ന് ആക്രോശിച്ച് ആളുകള്‍ വളഞ്ഞു. എ.ആര്‍. ക്യാമ്പില്‍നിന്നുള്ള ഒരു ജീപ്പ് പോലീസുകാരാണ് പ്രതിയുമായി വന്നത്. നാട്ടുകാരുടെ കയ്യില്‍പ്പെടാതെ ഗോവിന്ദച്ചാമിയെ കൊണ്ടുപോകാന്‍ പാടുപെടേണ്ടിവന്നു. ജീപ്പിനു പിന്നാലെ ആളുകള്‍ ഭീഷണികളുമായി ഓടി. പുറത്തിറങ്ങിയപ്പോള്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ജീപ്പ് തടഞ്ഞ് പ്രതിയെ ആക്രമിക്കാന്‍ വിഫലശ്രമം നടത്തി.

കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഡോ. ഉന്മേഷിനെതിരെയും രോഷപ്രകടനങ്ങള്‍ ഉണ്ടായി. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ കൗണ്‍സില്‍ അംഗം സുനില്‍ ലാലൂരിന്റെയും ജിതേഷ് ബലറാമിന്റെയും നേതൃത്വത്തില്‍ നഗരത്തില്‍ പ്രവര്‍ത്തകര്‍ ഉന്മേഷിന്റെ കോലം കത്തിച്ചു. വലിയ ജനാവലിയാണ് കോടതിപരിസരത്ത് വിധി കേള്‍ക്കാന്‍ എത്തിയിരുന്നത്.



ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss