ഡോ. ഉന്മേഷിന്റെ ഓഫീസ്എ.ഐ.വൈ.എഫുകാര്‍ തകര്‍ത്തു
Posted on: 31 Oct 2011

എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ തകര്‍ത്ത ഡോ. ഉന്മേഷിന്റെ ഓഫീസ് മുറി
മുളങ്കുന്നത്തുകാവ്: എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിലേക്ക് അതിക്രമിച്ചുകയറി ഡോ. ഉന്മേഷിന്റെ ഓഫീസ്മുറി അടിച്ചുതകര്‍ത്തു. സൗമ്യ വധക്കേസില്‍ പ്രതിഭാഗം സാക്ഷിയായി ചേര്‍ന്ന ഡോ. ഉന്മേഷിനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന കോടതിയുടെ പരാമര്‍ശത്തെത്തുടര്‍ന്ന് ഡോക്ടറെ സര്‍വീസില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അക്രമം.
പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ എ.ഐ.വൈ.എഫ്. പ്രവര്‍ത്തകരായ ഏഴുപേരെ പേരാമംഗലം സിഐ സി. സുന്ദറിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് 12 പേരുടെ സംഘം മെഡിക്കല്‍ കോളേജിലെത്തിയത്. പ്രിന്‍സിപ്പല്‍ ഓഫീസ് പരിസരത്തുനിന്ന് ഡോ. ഉന്മേഷിനെതിരെ മുദ്രാവാക്യം വിളിച്ചെത്തിയ സംഘം നേരെ ഫോറന്‍സിക് വിഭാഗത്തിലേക്ക് കടന്നു. ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് പോലീസെത്തി ഇവരെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
എ.ഐ.വൈ.എഫ്. ജില്ലാ പ്രസിഡന്റ് എടത്തിരുത്തി സ്വദേശി മണി (39), കൊണ്ടാഴി വിശ്വനാഥന്‍ (28), മണലൂര്‍ രാഗേഷ് (33), ഇയ്യാല്‍ സ്വദേശി എം.പി. റഫീഖ് തങ്ങള്‍ (32), വിയ്യൂര്‍ അജിത്കുമാര്‍ (39), തൈക്കാട് സാഫിര്‍ (26), കാറളം ബൈജു (38) എന്നിവരെയാണ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.
ഡോ. ഉന്മേഷിന്റെ മുറിയുടെ വാതില്‍, കസേരകള്‍, മേശ തുടങ്ങിയവ ഇവര്‍ തകര്‍ത്തു. 15,000 രൂപയുടെ നഷ്ടമുണ്ടായതായി പ്രിന്‍സിപ്പല്‍ ഡോ. കെ. പ്രവീണ്‍ലാല്‍ പറഞ്ഞു.