നാടിനിന്നും കണ്ണീരുണങ്ങാത്ത ഓര്‍മ
Posted on: 31 Oct 2011

സൗമ്യവധക്കേസിലെ കോടതിവിധി വന്നശേഷം കവളപ്പാറയിലെ വീട്ടില്‍ തിരിച്ചെത്തിയ അമ്മ സുമതിയെ ആശ്വസിപ്പിക്കാനെത്തിയ നാട്ടുകാര്‍
ഷൊറണൂര്‍: ഷൊറണൂരിന്റെ മനസ്സില്‍നിന്ന് ആ പെണ്‍കുട്ടിയുടെ ചിത്രം മാഞ്ഞിട്ടില്ല. ഷൊറണൂരിലെ മഞ്ഞക്കാട് ബാലഭദ്രാദേവി ക്ഷേത്രത്തിലെ നടവഴികളിലൂടെ നടന്നിരുന്ന സൗമ്യയുടെ ഓര്‍മച്ചിത്രം. വിവാഹസ്വപ്നവുമായി വീട്ടിലേക്ക് യാത്ര ചെയ്യവേ അരുംകൊലചെയ്യപ്പെട്ട സൗമ്യ നാടിനിന്നും കണ്ണീരുണങ്ങാത്ത ഓര്‍മയാണ്. സൗമ്യയെ ജീവിതസൗഭാഗ്യങ്ങളില്‍നിന്ന് പുറത്തേക്കെറിഞ്ഞ് പിച്ചിച്ചീന്തിയ നരാധമന്‍ കുറ്റക്കാരനാണെന്ന് കോടതിവിധി ജനങ്ങളുടെ മാസങ്ങള്‍നീണ്ട ആശങ്കകള്‍ക്ക് അറുതിവരുത്തുന്നതായി.
ഷൊറണൂരിന്റെ തിങ്കളാഴ്ചത്തെ പകല്‍ വിധിപ്രഖ്യാപനം അറിയാനാണ് കണ്ണും കാതും അര്‍പ്പിച്ചിരുന്നത്. വിധിപ്രഖ്യാപനത്തെത്തുടര്‍ന്ന് നിരവധിപേര്‍ സൗമ്യയുടെ വീട്ടിലെത്തി. ചുഡുവാലത്തൂരിലെ വാടകവീട്ടില്‍നിന്ന് അടുത്തിടെയാണ് സൗമ്യയുടെ കുടുംബം ആര്യങ്കാവിലെ പണിതീരാത്ത വീട്ടിലേക്ക് മാറിയത്. കോടതിവിധിയറിഞ്ഞശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ സൗമ്യയുടെ അമ്മ സുമതി തൃശ്ശൂരില്‍നിന്ന് തിരിച്ചെത്തി. ചാനല്‍ കാമറകള്‍ക്കുമുന്നില്‍ അമ്മ വിതുമ്പി. ഷൊറണൂര്‍ നഗരസഭാചെയര്‍മാന്‍ എം.ആര്‍. മുരളിയും വീട്ടിലെത്തിയിരുന്നു.
വിചാരണവേളയില്‍ വിവാദമുണ്ടാക്കിയ ഫോറന്‍സിക് വിഭാഗം ഡോക്ടറും പ്രതിഭാഗത്തിനുവേണ്ടി ഹാജരായ മലയാളി അഭിഭാഷകനും കേരളത്തിന് അപമാനമാണെന്ന് എം.ആര്‍. മുരളി പറഞ്ഞു.
നാടിനെ നടുക്കിയ അരുംകൊല നടത്തിയ പ്രതിക്ക് കോടതി പരമാവധിശിക്ഷ നല്‍കുമെന്ന പ്രതീക്ഷയിലാണ് ഷൊറണൂര്‍ നിവാസികള്‍. സൗമ്യ ആക്രമിക്കപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ പ്രതി പിടിയിലായെങ്കിലും പിന്നീടുണ്ടായ വിവാദങ്ങള്‍ നാട്ടുകാരില്‍ ആശങ്കയുണര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന്, പ്രതിയെ നേരിട്ട് കൈകാര്യംചെയ്യാനായി നാട്ടുകാര്‍ സംഘടിച്ച് ചെറുതുരുത്തി പോലീസ്‌സ്റ്റേഷനില്‍വരെ എത്തിയിരുന്നു. ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനെത്തിച്ചപ്പോഴായിരുന്നു ഇത്. ജനരോഷത്തില്‍ ഷൊറണൂരില്‍ ആര്‍.പി.എഫ്. സ്റ്റേഷന്‍ തകര്‍ക്കപ്പെട്ട സംഭവവും അരങ്ങേറി.