കണ്ണീര്‍പ്രണാമം
കെ.പി. പ്രവിത Posted on: 31 Oct 2011

വഴികളെല്ലാം നഗരത്തിലേക്ക്് നീണ്ടു കിടന്നു. ഇപ്പോള്‍ വിതുമ്പുമെന്ന് തോന്നിച്ച ആകാശത്തിന് കീഴില്‍ ടൗണ്‍ഹാളും കണ്ണീരടക്കി. നഗര തിരക്കിനെ പിന്തള്ളി ജനനേതാവ് എത്തുമ്പോള്‍ പതിനൊന്ന് മണി. ജനക്കൂട്ടം ഒന്ന് ഇരമ്പിയാര്‍ത്ത് പെട്ടെന്ന് നിശ്ശബ്ദമായി.
വെള്ള വിരിപ്പില്‍ അതിര് തിരിച്ച് ചുവന്ന പരവതാനിയില്‍ വഴിത്താര ഒരുങ്ങിക്കിടന്നു. ചമയങ്ങളൊന്നുമില്ലാത്ത പെട്ടിയില്‍ കണ്ണടച്ച് ടി.എം.ജേക്കബ്ബ്. ഒരു നോക്ക്് കാണാന്‍ തിരക്ക് കൂട്ടിയവരെ നിയന്ത്രിക്കാന്‍ പോലീസ് നന്നേ പണിപ്പെടുന്നുണ്ടായിരുന്നു. മൃതദേഹം ടൗണ്‍ഹാളിനകത്തേക്ക് എടുത്തതോടെ പുറത്തെ ആള്‍ക്കൂട്ടം അകത്തേക്ക് കടക്കാനുള്ള ശ്രമമായി.
അണികളിലൊരാളായി കഴിയാന്‍ ഇഷ്ടപ്പെട്ട നേതാവിന് ചുറ്റും പ്രിയപ്പെട്ടവര്‍ എല്ലാവരുമുണ്ടായിരുന്നു. ഭാര്യ ഡെയ്‌സി, മകന്‍ അനൂപ്, മകള്‍ അമ്പിളി, മരുമക്കളായ അനില, ദേവ്... പിന്നെ മന്ത്രിസഭയിലെയും രാഷ്ട്രീയത്തിലെയും സഹപ്രവര്‍ത്തകര്‍, അടുത്ത സുഹൃത്തുക്കള്‍ അങ്ങനെ എല്ലാവരും. മന്ത്രി കെ.ബാബുവും ബെന്നിബഹനാന്‍ എം.എല്‍.എ.യുമെല്ലാം തിരക്ക് നിയന്ത്രിക്കാന്‍ നന്നേ പണിപ്പെടുന്നുണ്ടായിരുന്നു. പതിവ് വിടാതെ നേതാവിന് ചുറ്റും തിക്കി തിരക്കി നിന്നവരോട് ' അല്‍പ്പമൊന്ന് ഒതുങ്ങി നില്‍ക്കൂ, എല്ലാവര്‍ക്കും കാണണ്ടേ ' എന്ന് കെ.ബാബു അഭ്യര്‍ത്ഥിക്കുന്നുണ്ടായിരുന്നു.
ജനനായകനെ കാണാന്‍ അണികള്‍ വളര്‍ന്ന് കൊണ്ടിരുന്നു. ഹാളിനകത്ത് നിര മൂന്നായി പിരിഞ്ഞപ്പോള്‍ പുറത്തെ നിര പലപ്പോഴും ഗേറ്റും പിന്നിട്ട് പുറത്തേക്ക് നീണ്ടു.
പൂമാലകളും പുഷ്പചക്രവും റോസാപ്പൂക്കളുമെല്ലാം ടൗണ്‍ഹാളില്‍ കുമിഞ്ഞ് കൂടുമ്പോള്‍ പുറത്ത് അവസാന യാത്രയ്ക്കായി ജെ.എന്‍.കെ.-1 ഒരുങ്ങുകയായിരുന്നു. പിറവത്തിന്റെ മണ്ണിലേക്കുള്ള അവസാന യാത്ര ഇനി എറണാകുളത്തിന്റെ ആദ്യ ലോ ഫ്ലോര്‍ ഏ.സി.ബസ്സില്‍. ആദ്യ യാത്രയിലെന്ന പോലെ മുല്ലപ്പൂക്കള്‍ കൊണ്ട് തന്നെ ലോ ഫ്ലോറിന് അലങ്കാരം. വിടര്‍ന്ന് ചിരിക്കുന്ന മുഖത്തോടെ നാല് വശത്തും ടി.എം.ജേക്കബ്ബിന്റെ ചിത്രം. വഴിത്താരയുടെ ഡിസ്‌പ്ലേയില്‍ തെളിയുന്നു ടി.എം.ജേക്കബ്ബിന് ആദരാഞ്ജലിയെന്ന കണ്ണീര്‍ വാക്കുകള്‍.
പുറത്ത് മഴ പെയ്തു തുടങ്ങിയിരുന്നു. മഴ കനത്തിട്ടും ടൗണ്‍ഹാള്‍ നിറഞ്ഞ് തന്നെ നില്‍ക്കുന്നു. രാഷ്ട്രീയത്തിലെയും സാമൂഹ്യ സാംസ്‌ക്കാരിക മേഖലയിലെയുമെല്ലാം പ്രമുഖര്‍ യാത്രാമൊഴി ചൊല്ലാന്‍ കാത്ത് നിന്നു.
ഒരു മണിയോടെ മൃതദേഹം പിറവത്തേക്ക് കൊണ്ടു പോകാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിയമസഭയിലെ സഹപ്രവര്‍ത്തകര്‍ എത്താന്‍ വൈകിയതോടെ വിലാപ യാത്ര ഒരു മണിക്കൂര്‍ കൂടി വൈകി. കേരള നിയമസഭ കണ്ട ഏറ്റവും മികച്ച സാമാജികന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എം.എല്‍.എ.മാരുടെ 31 അംഗ സംഘം ഒരുമിച്ചാണ് എത്തിയത്. തിരുവനന്തപുരത്ത് നിന്നും എം.എല്‍.എ. സംഘം എത്തി ആദരാഞ്ജലി അര്‍പ്പിച്ചതോടെ മൃതദേഹം ടൗണ്‍ഹാളിന് പുറത്തേക്കെടുത്തു.
ടൗണ്‍ഹാള്‍ മുറ്റത്ത് നിന്നും പിറവം ലക്ഷ്യമാക്കി ജെ.എന്‍.കെ.-1 ലോ ഫ്ലോര്‍ ബസ്സ് പുറപ്പെടുമ്പോള്‍ സമയം രണ്ടര കഴിഞ്ഞിരുന്നു. ഫോര്‍ട്ട്‌കൊച്ചി-എയര്‍പോര്‍ട്ട് എന്ന പതിവ് വഴി വിട്ട് ജെ.എന്‍.കെ.- ഒന്നിനിത് ആദ്യയാത്ര. ടി.എം.ജേക്കബ്ബിനിത് ജന്‍മനാട്ടിലേക്കുള്ള അവസാനയാത്ര. ജനനായകനെയും വഹിച്ച് കടവന്ത്രയും വൈറ്റിലയും തൃപ്പൂണിത്തുറയും തിരുവാങ്കുളവും ചോറ്റാനിക്കരയും മുളന്തുരുത്തിയും ആരക്കുന്നവുമെല്ലാം പിന്നിട്ട് യാത്ര നീളുകയാണ്. മഴയില്‍ നനഞ്ഞ്, പൂക്കള്‍ വീണ് നിറഞ്ഞ വഴിത്താരയിലൂടെ പിറവത്തിന്റെ ഹൃദയത്തിലേക്ക്.