പ്രണയം മൂവാറ്റുപുഴയോടും
Posted on: 31 Oct 2011

മൂവാറ്റുപുഴ നിയമസഭാ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആഗ്രഹമാണ് ടി.എം. ജേക്കബിന്റെ രാഷ്ട്രീയ ജീവിതത്തില്‍ സഫലീകരിക്കാതെ പോയത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ടി.എം. ജേക്കബായിരിക്കും മൂവാറ്റുപുഴയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയെന്ന് അവസാന നിമിഷം വരെ കേട്ടിരുന്നതാണ്. കേരള കോണ്‍ഗ്രസിനാണ് സീറ്റെങ്കില്‍ ടി.എം. ജേക്കബ് മത്സരിക്കുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അടുത്ത അനുയായികള്‍ സമ്മതിക്കുന്നു. മൂവാറ്റുപുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കണമെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.
മൂവാറ്റുപുഴ നിയമസഭാ മണ്ഡലത്തില്‍ ജനവിധി തേടാന്‍ ഒരിക്കല്‍ ടി.എം. ജേക്കബ് നാമനിര്‍ദേശ പത്രിക നല്‍കിയതുമാണ്. ആര്‍.ഡി.ഒ. ഓഫീസിലായിരുന്നു പത്രിക സമര്‍പ്പണം. പക്ഷെ, പിന്നീട് ഇദ്ദേഹം കോതമംഗലത്തേക്ക് മാറിയതോടെ മൂവാറ്റുപുഴയില്‍ മത്സരിക്കുക എന്ന ആഗ്രഹം നടന്നില്ല.
കിഴക്കന്‍ മേഖലയുടെ 'ലീഡര്‍' ആയ ടി.എം. ജേക്കബ് മൂവാറ്റുപുഴ ജില്ല രൂപവത്കരിക്കണം എന്ന ആവശ്യത്തിന് ശക്തമായ പിന്തുണ നല്‍കിയ നേതാവായിരുന്നു.
മൂവാറ്റുപുഴയില്‍ കുടുംബക്കോടതി സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നിലും ടി.എം. ജേക്കബിന്റെ പിന്തുണയുണ്ടായിരുന്നുവെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും ടി.എം. ജേക്കബുമായി നല്ല വ്യക്തിബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയുമായ അഡ്വ. എന്‍.പി. തങ്കച്ചന്‍ പറയുന്നു. എറണാകുളം ജില്ലയില്‍ അഡീഷണല്‍ കുടുംബക്കോടതി സ്ഥാപിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇതിനായി മൂവാറ്റുപുഴയെയാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. ഈ നിര്‍ദേശം വന്നപ്പോള്‍ തന്നെ ഇതിന്റെ രേഖകള്‍ പിറ്റേന്ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കാന്‍ ടി.എം. ജേക്കബ് പ്രത്യേക താത്പര്യം കാണിച്ചിരുന്നു.
ആ ക്യാബിനറ്റില്‍ തീരുമാനമുണ്ടായില്ലെങ്കിലും അദ്ദേഹം, മന്ത്രി എന്ന നിലയിലും കിഴക്കന്‍ മേഖലയുടെ പ്രതിനിധിയെന്ന നിലയിലും സ്വീകരിച്ച നിലപാട് എന്നും മൂവാറ്റുപുഴയ്ക്ക് അനുകൂലമായിരുന്നു.
എം.വി.ഐ.പി-40 കുടിവെള്ള വിതരണത്തിനും മറ്റും ഉണ്ടാക്കിയ സൗകര്യങ്ങളും കാര്യാലയങ്ങളുമെല്ലാം മൂവാറ്റുപുഴയ്ക്ക്, ടി.എം. ജേക്കബ് എന്ന അതികായനെ വിസ്മരിക്കാന്‍ കഴിയാത്ത അടയാളങ്ങളാണ്.