Mathrubhumi Logo
  TM JCACOB

കിഴക്കിന്റെ ലീഡര്‍

കെ.കെ. വിശ്വനാഥന്‍ Posted on: 31 Oct 2011

മാളയ്ക്ക് കെ. കരുണാകരനും പാലായ്ക്ക് കെ.എം. മാണിയും പോലെ നിയോജകമണ്ഡലത്തിനൊപ്പം ചേര്‍ത്തെഴുതാവുന്ന ചുരുക്കം പേരുകളിലൊന്നാണ് ടി.എം. ജേക്കബിന്റേത്. അക്ഷരാര്‍ത്ഥത്തില്‍ കിഴക്കിന്റെ ലീഡറായിരുന്നു അദ്ദേഹം.

1977ല്‍ പിറവിയെടുത്ത പിറവം മണ്ഡലം, കന്നി പ്രതിനിധിയായി നിയമസഭയിലേക്കയച്ച ടി.എം. ജേക്കബ്ബിനൊപ്പം വളരുകയായിരുന്നു. രാഷ്ട്രീയ രംഗത്ത് ജേക്കബിന്റെ വളര്‍ച്ചയ്‌ക്കൊപ്പം പിറവവും വളര്‍ന്നു. പിറവത്തിന്റെ വികസന മുന്നേറ്റത്തിനൊപ്പം ജേക്കബും കേരള രാഷ്ട്രീയത്തില്‍ ശക്തനായി മാറി.
മാളയ്ക്ക് കെ. കരുണാകരനും പാലായ്ക്ക് കെ.എം. മാണിയും പോലെ നിയോജകമണ്ഡലത്തിനൊപ്പം ചേര്‍ത്തെഴുതാവുന്ന അപൂര്‍വം മണ്ഡലങ്ങളിലൊന്നായി പിറവം മാറിയതങ്ങനെയാണ്.
ഓണക്കാലത്ത് പിറവത്ത് നടന്ന വള്ളംകളി മത്സരത്തിന്റെ ഉദ്ഘാടന വേദിയില്‍ സിനിമാതാരം ലാലു അലക്‌സ് ജേക്കബിനെ ആകാശവാണി കാലാവസ്ഥാ നിരീക്ഷണ വാര്‍ത്തയുമായി ബന്ധിപ്പിക്കുന്നത് കേട്ടു. എറണാകുളം ജില്ലയിലെ ഉള്‍നാടന്‍ പ്രദേശമായ പിറവത്തെ കേരളം മുഴുവന്‍ അറിയപ്പെടുന്ന സ്ഥലമാക്കി മാറ്റിയത് ജേക്കബാണെന്ന് ലാലു അലക്‌സ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഉറക്കെ വിളിച്ചുപറയുകയായിരുന്നു. പിറവത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വര്‍ഷമാപിനി സ്ഥാപിച്ച്, പെയ്ത മഴയുടെ അളവ് ആകാശവാണിയുടെ കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പതിവായി പറയാന്‍ സൗകര്യമൊരുക്കിയ ജേക്കബിന്റെ പ്രായോഗിക ബുദ്ധിയെയാണ് ലാലു പരാമര്‍ശിച്ചത്. 'പിറവം' ആകാശവാണിയിലൂടെ അങ്ങനെ കേരളം മുഴുവന്‍ അറിയുന്ന കേന്ദ്രമായി മാറി.
77ല്‍ പിറവത്ത് കന്നിയങ്കം ജയിച്ച ജേക്കബ് പിന്നീട്, 80 ലും 82 ലും 87 ലും കോതമംഗലത്ത് നിന്നാണ് നിയമസഭയിലെത്തിയത്.
പിറവത്ത് 1991ല്‍ തിരിച്ചെത്തിയ ജേക്കബ് തന്റെ ജൈത്രയാത്ര തുടരുകയായിരുന്നു. 96 ലെ തിരഞ്ഞെടുപ്പ് ആയപ്പോഴേയ്ക്കും നിയോജകമണ്ഡലത്തിന്റെ മുക്കിലും മൂലയിലും അനേകരെ പേരുചൊല്ലി വിളിക്കാന്‍ പോന്ന പരിചയവും സൗഹൃദവും ജേക്കബ് സ്വന്തമാക്കി. ജേക്കബിന്റെ വളര്‍ച്ചയ്‌ക്കൊപ്പം നിയോജകമണ്ഡലത്തിലേയ്ക്ക് വികസന പദ്ധതികളുടെ ഒഴുക്കും തുടങ്ങി.
മൂവാറ്റുപുഴയാറിന് കുറുകെ ഊരമന പെരുവംമുഴിയില്‍ പാലം നിര്‍മിക്കണമെന്നജനകീയാവശ്യം ജേക്കബിലൂടെ യാഥാര്‍ത്ഥ്യമായി. പാലം ഉദ്ഘാടനത്തിനെത്തിയ ജേക്കബിനെ നാട്ടുകാര്‍ എടുത്തുയര്‍ത്തിയ ചിത്രം ഈ നേതാവിന്റെ ജനകീയതയുടെ പ്രതീകമായി.
മൂവാറ്റുപുഴ വാലി നദീതട പദ്ധതിയുടെ നിര്‍വഹണ ഓഫീസുകള്‍ നിയോജകമണ്ഡലത്തില്‍ എമ്പാടും തുറന്നു.
പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ എത്തിയാല്‍ പോലും താമസിക്കാനുതകുന്ന അത്യാധുനിക സൗകര്യങ്ങളുള്ള അതിഥിമന്ദിരം പിറവത്ത് ഉണ്ടായത് എം.വി.ഐ.പി.ക്ക് കീഴിലാണ്. എം.വി.ഐ.പി.ക്കും 'കാഡ' യ്ക്കും കീഴില്‍ നിയോജകമണ്ഡലത്തിലെമ്പാടും ഗ്രാമീണ റോഡുകളുമുണ്ടായി.
ജേക്കബ് ജലസേചന വകുപ്പ് മന്ത്രിയായിരിക്കെ കൊണ്ടുവന്ന പദ്ധതികളാണ് പിറവം നിയോജകമണ്ഡലത്തെ കുടിവെള്ളത്തിന്റെ കാര്യത്തില്‍ സമ്പന്നമാക്കിയത്. കടുത്ത വേനലില്‍ നാടൊട്ടുക്കും കുടിവെള്ളക്ഷാമം നേരിടുമ്പോഴും പിറവം മണ്ഡലത്തിലെമ്പാടും കുടിവെള്ളം സുലഭമാക്കിയത് അദ്ദേഹത്തന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ്. ജല അതോറിട്ടിക്ക് കീഴില്‍ പിറവം ടൗണില്‍ അതിഥിമന്ദിരം നിര്‍മിച്ചത് ഒരു വിദ്യാലയം അപ്പാടെ പറിച്ചുനട്ടുകൊണ്ടാണ്. സ്‌കൂള്‍ മാറ്റി സ്ഥാപിക്കുന്നതില്‍ ആദ്യകാലത്ത് ചിലരൊക്കെ നീരസം പ്രകടിപ്പിച്ചുവെങ്കിലും ജല അതോറിട്ടി ഫണ്ട് ഉപയോഗിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ കുന്നുംപുറത്ത് പുതിയ സ്‌കൂള്‍ കെട്ടിടം ഉയര്‍ന്നപ്പോള്‍ ആദ്യം നെറ്റി ചുളിച്ചവരും കൈയ്യടിച്ചുപോയി.
മണിമലക്കുന്ന് ഗവ. കോളേജും പിറവം ബി.പി.സി. കോളേജും ടി.എം. ജേക്കബിന്റെ സംഭാവനകളാണ്. കൂത്താട്ടുകുളം റൂറല്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയ്ക്ക് കീഴിലാണ് മണിമലക്കുന്നില്‍ സര്‍ക്കാര്‍ കലാലയം സ്ഥാപിതമായത്. അന്നും ഇന്നും സൊസൈറ്റിയുടെ പ്രസിഡന്റ് ടി.എം. ജേക്കബ് തന്നെയാണ്. നാട്ടുകാരനും രാഷ്ട്രീയ എതിരാളിയുമായ എം.ജെ. ജേക്കബാണ് സൊസൈറ്റിയുടെ സെക്രട്ടറിയെന്നതും വികസനകാര്യങ്ങളില്‍ രാഷ്ട്രീയത്തിന്നതീതമായ കാഴ്ചപ്പാടും സൗഹൃദവും അദ്ദേഹം പുലര്‍ത്തിയിരുന്നുവെന്നതിന് തെളിവാണ്. കഴിഞ്ഞദിവസം എം.ജെ. ജേക്കബ് ഇക്കാര്യം അനുസ്മരിച്ചിരുന്നു.
സംസ്ഥാനത്ത് തന്നെ ആദ്യമായി പഞ്ചായത്ത് ഫയര്‍ സ്റ്റേഷന്‍ ഉണ്ടായത് പിറവത്താണ്. 1979ല്‍ ജേക്കബ് പിറവത്തിന്റെ പ്രതിനിധിയായിക്കെയാണ് അത്.
പെരുവംമുഴി പാലത്തിന് പിന്നാലെ മൂവാറ്റുപുഴയാറിന് കുറുകെ പിന്നെയും പാലങ്ങളുണ്ടായി. നിര്‍മാണം പൂര്‍ത്തിയായ നെച്ചൂര്‍ക്കടവ് പാലം, നിര്‍മാണത്തിലിരിക്കുന്ന കളമ്പൂര്‍ പാലം മാറാടിയിലെ തടയണയും പാലവും. അങ്ങനെ പോകുന്ന പാലങ്ങളുടെ പട്ടികയില്‍ ആമ്പല്ലൂരിലും തിരുമാറാടിയിലും പാമ്പാക്കുടയിലും നാട്ടുതോടുകള്‍ക്ക് കുറുകെയുള്ള ഒട്ടേറെ പാലങ്ങളുമുണ്ട്.

2002ല്‍ ജേക്കബിന്റെ നിയമസഭാംഗത്വ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിര്‍മാണം തുടങ്ങിവച്ചതാണ് പിറവത്തെ കെ.എസ്.ആര്‍.ടി.സി. ഡിപ്പോ. പിറവത്തിന്റെ മുഖച്ഛായ മാറ്റിയ വന്‍കിട പദ്ധതിക്ക് വേണ്ടി അക്കൊല്ലം ജേക്കബ് തന്റെ എം.എല്‍.എ. ഫണ്ട് പൂര്‍ണമായി നീക്കിവച്ചു.
ആര്‍ക്കും വേണ്ടാതെ കിടന്ന സാംസ്‌കാരിക വകുപ്പിനെ ആരും കൊതിക്കുന്ന വകുപ്പാക്കി മാറ്റിയത് ജേക്കബാണ്. സാംസ്‌കാരിക വകുപ്പിന് കീഴില്‍ വരുന്ന പുരാവസ്തു വകുപ്പിന്റെ പ്രവര്‍ത്തനം നാട്ടിലെ ഒട്ടേറെ പുരാതന ക്ഷേത്രങ്ങള്‍ക്ക് രക്ഷയായത് ടി.എമ്മിന്റെ മറ്റൊരു പ്രധാന നേട്ടമാണ്. ചരിത്രമുറങ്ങുന്ന പാഴൂര്‍ പെരുംതൃക്കോവിലും ഊരമന ക്ഷേത്രവും തിരുമാറാടി ശ്രീമഹാദേവ ക്ഷേത്രവും മുരിയമംഗലം നരസിംഹസ്വാമി ക്ഷേത്രവുമെല്ലാം പുരാവസ്തു വകുപ്പിന്റെ സഹായത്തോടെ വീണ്ടും ശ്രദ്ധേയമായി. ടി.എം. ജേക്കബിന്റെ മതേതര കാഴ്ചപ്പാട് ഇവയ്‌ക്കെല്ലാം തുണയാവുകയും ചെയ്തു.



ganangal TM JACOB ADARANJALI


മറ്റു വാര്‍ത്തകള്‍

  12 3 »
T.M JACOB PHOTOGALLERY T.M.JACOB PHOTOGALLERY2
Discuss