Mathrubhumi Logo
  TM JCACOB

ഓര്‍മകളുടെ ചരടില്‍ ഞങ്ങള്‍ Posted on: 31 Oct 2011

അഭിനയത്തിന്റെ ചമയങ്ങള്‍ വേദിയിലഴിച്ചുവെച്ച് ജനങ്ങള്‍ക്കിടയിലേക്ക് നടന്നുപോയ പ്രിയസുഹൃത്തിനെക്കുറിച്ച് ജഗതി ശ്രീകുമാര്‍

മാര്‍ ഈവാനിയോസ് കോളേജില്‍ കലയും സാംസ്‌കാരികപ്രവര്‍ത്തനങ്ങളുമായി നടക്കുമ്പോള്‍ എനിക്കൊപ്പം അന്ന് ടി.എം.ജേക്കബുമുണ്ടായിരുന്നു. ഒരുമിച്ച് നിരവധി സ്റ്റേജുകളില്‍ ഞങ്ങള്‍ നാടകമഭിനയിച്ചു. ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത് ജേക്കബാണ്. ഹാസ്യരസപ്രധാനമായ കഥാപാത്രങ്ങള്‍ അദ്ദേഹത്തിന് ശരിക്കും വഴങ്ങിയിരുന്നു. അസാമാന്യമായ നര്‍മഭാവത്തിനുടമായായിരുന്നു അദ്ദേഹം. ഒരു പക്ഷേ അദ്ദേഹമാണ് എന്നേക്കാള്‍ മികച്ച നടന്‍. സിനിമയില്‍ അദ്ദേഹമായിരുന്നു എത്തേണ്ടിയിരുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ ചരിത്രം ഇങ്ങനെയാകുമായിരുന്നില്ല. കലാലയത്തിന്റെ മധുരസ്മരണകളൊരുക്കുന്ന നിരവധി സംഭവങ്ങളാണ് ഇക്കാലയളവിലുണ്ടായത്. എല്ലാം തുറന്നുപറയാവുന്ന ഒരു ബന്ധം ഒരുപക്ഷേ സൗഹൃദത്തിനല്ലാതെ മറ്റൊന്നിന് സാധ്യമല്ല.
അഭിനയകലയില്‍ അസാമാന്യമായ പ്രതിഭയുണ്ടായിട്ടും ജേക്കബ് പക്ഷേ കലാരംഗത്ത് മനസുറപ്പിച്ചില്ല. അദ്ദേഹത്തിനിഷ്ടം രാഷ്ട്രീയമായിരുന്നു. രാഷ്ട്രീയം മാത്രം. ജനസാമാന്യങ്ങള്‍ക്കിടയില്‍, തിരക്കിനിടയില്‍, രാഷ്ട്രീയത്തിന്റെ ചുട്ടുപൊള്ളുന്ന സമസ്യകള്‍ക്ക് നടുവില്‍ നില്‍ക്കാനായിരുന്നു ജേക്കബ് എന്നുമിഷ്ടപ്പെട്ടിരുന്നത്.
സിനിമയ്ക്കും രാഷ്ട്രീയത്തിനുമിടയിലുണ്ടായിരുന്ന അകലം ഞങ്ങള്‍ക്കിടയിലുമുണ്ടായി. സുഹൃത്തുക്കള്‍ തമ്മിലുള്ള ആത്മബന്ധം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു താനും. ജനസാമാന്യത്തിന് പ്രിയങ്കരനായ നേതാവായി ജേക്കബ് വളര്‍ന്നപ്പോള്‍ ഞാന്‍ സിനിമയുടെയും കലയുടെയും ലോകത്ത് വ്യാപൃതനായി. കലാലയ കാലഘട്ടം നല്‍കിയ നിറവുള്ള ഓര്‍മകളുമായി ഞാന്‍ കലാരംഗത്തും ജേക്കബ് രാഷ്ട്രീയത്തിലും സജീവമായി. ജീവിതത്തിന്റെ അലച്ചിലുകള്‍ക്കിടയില്‍ ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടാതായി. എങ്കിലും ഓര്‍മകളുടെ ചരട് ഞങ്ങളെ ബന്ധിപ്പിച്ചിരുന്നു.
സ്‌നേഹത്തിന്റെ തീക്ഷ്ണതയ്ക്ക് ഒരിക്കലും ബന്ധങ്ങളെ വേര്‍പെടുത്താന്‍ കഴിയില്ല. അത് ഞാനും ജേക്കബും തിരിച്ചറിഞ്ഞത് ഒരു അവാര്‍ഡ്ദാനച്ചടങ്ങിലാണ്. ജേക്കബ് സാംസ്‌കാരികവകുപ്പ് മന്ത്രിയായിരുന്ന കാലത്തായിരുന്നു അത്. ഏറ്റവും മികച്ച സഹനടനുള്ള അക്കൊല്ലത്തെ സംസ്ഥാനസര്‍ക്കാരിന്റെ അവാര്‍ഡ് എനിക്കായിരുന്നു. സഹപാഠിയില്‍ നിന്ന് ആ അവാര്‍ഡ് കൈപ്പറ്റുന്ന സുവര്‍ണമുഹൂര്‍ത്തമായിരുന്നു എനിക്കായി ജീവിതം കല്‍പിച്ചുതന്നിരുന്നത്. ഒരിക്കലും മറക്കാനാകാത്ത സുന്ദരമുഹൂര്‍ത്തം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സ്റ്റേജില്‍ പരസ്പരം ഡയലോഗുകള്‍ ഉരുവിട്ട കാലമായിരുന്നു പെട്ടെന്ന് ഓര്‍മയിലേക്ക് ഓടിയെത്തിയത്. ആ മുഹൂര്‍ത്തം എനിക്കും ജേക്കബിനുമായി ദൈവം കരുതി വെച്ചിരുന്നതാകണം. ഇതിനേക്കാള്‍ ഒരു ഭാഗ്യം ആര്‍ക്കു ലഭിക്കും. ഞങ്ങള്‍ പരസ്പരം ചോദിച്ചതും ഇതേ ചോദ്യം.
ടി.എം. ജേക്കബ് എന്ന രാഷ്ട്രീയനേതാവിനെയും ജഗതിശ്രീകുമാര്‍ എന്ന നടനെയും ഈ നാട് തിരിച്ചറിയും മുമ്പ് ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. എന്റെ കുടുംബാംഗമാണ് എനിക്കിപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത്. എന്റെ സുവര്‍ണമുഹൂര്‍ത്തങ്ങളുടെ നേര്‍പകുതിയെയാണ് എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. 17-ാം വയസുമുതല്‍ എനിക്കൊപ്പം നടന്നവനാണ് ജേക്കബ്. എങ്ങനെ ഞാന്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കും. ഒരിക്കല്‍ ജീവിതമാണ് ഞങ്ങളെ വേറിട്ടപാതയില്‍ എത്തിച്ചതെങ്കില്‍ ഇപ്പോള്‍ മരണം ഞങ്ങളെ വേര്‍പെടുത്തിയിരിക്കുന്നു.





ganangal TM JACOB ADARANJALI


മറ്റു വാര്‍ത്തകള്‍

  12 3 »
T.M JACOB PHOTOGALLERY T.M.JACOB PHOTOGALLERY2
Discuss