Mathrubhumi Logo
  TM JCACOB

ദുഃഖത്തിലാണ്ട് താണിക്കുന്നേല്‍ തറവാട്

വിജയകുമാര്‍ കൂത്താട്ടുകുളം Posted on: 31 Oct 2011

തിരുമാറാടി പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ 305-ാം നമ്പര്‍ വീട്. സ്വീകരണ കവാടത്തില്‍ കറുത്ത കൊടി. സുരക്ഷാവലയം തീര്‍ത്ത് പോലീസ് സംഘം. പതിറ്റാണ്ടുകളായി തിരുമാറാടി, മണ്ണത്തൂര്‍ പ്രദേശത്തുകാര്‍ക്ക് അത്താണിയായി മാറിയ താണിക്കുന്നേല്‍ തറവാട് ദുഃഖത്തിലമര്‍ന്ന കാഴ്ച.
'ഗ്രാമത്തിന്റെ വികസന നായകന്‍, ഞങ്ങളുടെ ജേക്കബ് സാര്‍' എന്നെഴുതിയ വര്‍ണ പോസ്റ്ററുകളില്‍ ടി.എം. ജേക്കബിന്റെ ചിരിക്കുന്ന മുഖം. ഗ്രാമത്തിന്റെ മുക്കിലും മൂലയിലും കറുത്ത കൊടികളുയരുകയാണ്. ഞായറാഴ്ചകളില്‍ പതിവായി കൂത്താട്ടുകുളത്തിനടുത്ത് വാളിയപ്പാടത്തെ തറവാട്ട് വീട്ടില്‍ എത്താറുള്ള തങ്ങളുടെ പ്രിയ നേതാവിന്റെ വിയോഗം എല്ലാവരേയും ഒരുപോലെ തളര്‍ത്തി.
ടി.എം. ജേക്കബിന്റെ സഹോദരന്‍ ഡോ. ടി.എം. ജോണ്‍, അമ്മ അന്നമ്മ മാത്യു, ടി.എം. ജോണിന്റെ മകന്‍ അര്‍ജുന്‍ എന്നിവരാണ് താണിക്കുന്നേല്‍ തറവാട്ടിലെ അംഗങ്ങള്‍. പിതാവ് ടി.എസ്. മാത്യു 1974ല്‍ അന്തരിച്ചു.
സഹോദരന്‍ ഡോ. ജോണ്‍ രോഗാവസ്ഥയിലാണ്. കഴിഞ്ഞ ഇരുപത് വര്‍ഷമായി പാര്‍ക്കിന്‍സണ്‍ രോഗം പിടിപെട്ട ജോണ്‍ വീട്ടില്‍ കഴിയുന്നു. വാളിയപ്പാടത്ത് മാത്യു മെമ്മോറിയല്‍ ആസ്പത്രി നടത്തിയിരുന്ന ജോണിനെ നാട്ടുകാര്‍ 'ഞങ്ങളുടെ ഡോക്ടര്‍ സാര്‍' എന്നാണ് വിളിക്കുന്നത്. ഡോ. ജോണിന്റെ മകന്‍ അര്‍ജുന്‍ ആകട്ടെ കഴിഞ്ഞവര്‍ഷമുണ്ടായ ഒരപകടത്തെ തുടര്‍ന്ന് ചികിത്സയിലാണ്.
ടി.എം. ജേക്കബിന്റെ അച്ഛന്‍ മാത്യു ആദ്യകാലത്ത് 'ചന്ദ്ര സര്‍ക്കസ്' കമ്പനി നടത്തിയിരുന്നു. തുടര്‍ന്ന് താണിക്കുന്നേല്‍ തറവാട്ടിലെ കാരണവരായതോടെ കാര്‍ഷിക രംഗത്തും പൊതുപ്രവര്‍ത്തനത്തിലും ശ്രദ്ധചെലുത്തി. ടി.എം. ജേക്കബിന്റെ ഭാര്യ ഡെയ്‌സി മണ്ണത്തൂര്‍ കൊച്ചുപറമ്പില്‍ കുടുംബാംഗമാണ്. ഡെയ്‌സിയുടെ അമ്മ പെണ്ണമ്മ ജേക്കബ് മൂവാറ്റുപുഴയെ പ്രതിനിധീകരിച്ച് എം.എല്‍.എ. ആയിരുന്നു. വടകര സെന്റ് ജോണ്‍സ് സ്‌കൂളില്‍ ജേക്കബും ഡെയ്‌സിയും ഒരുമിച്ചാണ് പഠിച്ചിരുന്നത്. ജേക്കബിന്റെ സഹോദരന്‍ ഡോ. മാത്യുവും വടകര സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു.
തിരുവനന്തപുരത്ത് എല്‍.എല്‍.ബി. പഠനത്തിനായി ജേക്കബ് എത്തി. ലയോള കോളേജില്‍ എം.എസ്.ഡബ്ല്യു.വിന് പഠിക്കാന്‍ ഡെയ്‌സിയും തിരുവനന്തപുരത്തെത്തി. ജേക്കബിന്റെ സഹോദരി അമ്മിണിയും ഡെയ്‌സിയും ഒരേ ഹോസ്റ്റലിലായിരുന്നു താമസം. സൗഹൃദം പ്രണയത്തിന് വഴിമാറി. പിന്നീട് വിവാഹത്തിലുമെത്തി.
ഡെയ്‌സി കൂത്താട്ടുകുളത്ത് കേരള എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ കീഴിലുള്ള ബാപ്പുജി പ്രീ-പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് സ്‌കൂള്‍ പ്രിന്‍സിപ്പലായി മൂന്നുവര്‍ഷം സേവനമനുഷ്ഠിച്ചിരുന്നു. കേരള എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ രക്ഷാധികാരി കൂടിയാണ് ജേക്കബ്. പിന്നീട്, ഡെയ്‌സി ഫെഡറല്‍ ബാങ്കില്‍ ഉദ്യോഗസ്ഥയായി. നന്ദന്‍കോട് താമസമാക്കി. മക്കളായ അനൂപും അമ്പിളിയും തിരുവനന്തപുരത്താണ് പഠനം നടത്തിയത്.
നിയമ ബിരുദം പൂര്‍ത്തിയാക്കിയ അനൂപ് വക്കീലായി പ്രാക്ടീസ് നടത്തുന്നു. കേരള യൂത്ത് ഫ്രണ്ട് (ജേക്കബ്) വിഭാഗം സംസ്ഥാന പ്രസിഡന്റുമാണ്. അനൂപിന്റെ ഭാര്യ അനില പിറവം ബി.പി.സി. കോളേജിലെ അധ്യാപികയാണ്. മകള്‍ അമ്പിളിയും ഭര്‍ത്താവ് ദേവും തിരുവനന്തപുരത്താണ് താമസം. ജേക്കബിന്റെ സഹോദരി ഏലിയാമ്മ തിരുവനന്തപുരത്താണ്. കുടുംബാംഗങ്ങളെല്ലാം ഒന്നിച്ച് താണിക്കുന്നേല്‍ തറവാട്ടിലെത്തിയാല്‍ പിന്നെ ഒരു മേളമാണ്. നാട്ടുകാരെ പേരുചൊല്ലി സ്‌നേഹത്തോടെ അടുത്തുവിളിച്ച് നിര്‍ത്തുന്ന ജേക്കബ് നാട്ടുകാര്‍ക്ക് ഇനി ദീപ്തസ്മരണകളില്‍ മാത്രം.
മകള്‍ അമ്പിളിയുടെ രോഗവിവരമറിഞ്ഞ ജേക്കബ് ഏറെ അസ്വസ്ഥനായിരുന്നുവെന്ന് അടുത്ത ബന്ധുക്കള്‍ പറയുന്നു. ലണ്ടനില്‍ നിന്ന് ചികിത്സയ്ക്ക് ശേഷം മടങ്ങിയെത്തിയ ജേക്കബ് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നെങ്കിലും രാവിലെയും വൈകീട്ടും തിരുവനന്തപുരത്തെ അനന്തപുരി ആസ്പത്രിയില്‍ എത്തി പരിശോധന നടത്തിയിരുന്നു. ഇതിനിടയ്ക്ക് ഗുരുതരമായി മഞ്ഞപ്പിത്തം ബാധിച്ച അമ്പിളിയെ എറണാകുളത്തെ ലേക്‌ഷോര്‍ ആസ്പത്രിയിലേക്ക് മാറ്റി.
നിയമസഭാ സമ്മേളനത്തിനിടയില്‍ ജേക്കബ്, മകളുടെ രോഗവിവരം തിരക്കി ലേക്‌ഷോറില്‍ ഓടിയെത്തുകയായിരുന്നു. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ജേക്കബിനെ ലേക്‌ഷോറില്‍ ഡോ. ഫിലിപ്പ് അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. തുടര്‍ന്ന്, അടിയന്തര ചികിത്സയ്ക്ക് വിധേയനാക്കുകയായിരുന്നു.





ganangal TM JACOB ADARANJALI


മറ്റു വാര്‍ത്തകള്‍

  12 3 »
T.M JACOB PHOTOGALLERY T.M.JACOB PHOTOGALLERY2
Discuss